തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ നടി പാർവതി പോലീസിൽ പരാതി നൽകി.

തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ നടി പാർവതി പോലീസിൽ പരാതി നൽകി.

0
693
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ നടി പാർവതി പോലീസിൽ പരാതി നൽകി. സോഷ്യൽ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചെന്നും, മോശമായ ഭാഷയിൽ അധിക്ഷേപിച്ചെന്നുമാണ് പാർവതിയുടെ പരാതി.
നടിയുടെ പരാതി സ്വീകരിച്ച സൈബർ പോലീസ്, സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അറിയിച്ചു. മമ്മൂട്ടി നായകനായ കസബ സിനിമയ്ക്കെതിരെ വിമർശനമുന്നയിച്ചതായിരുന്നു പാർവതിക്കെതിരായ സൈബർ ആക്രമണത്തിന് കാരണം. നടിയുടെ ഫേസ്ബുക്ക് പേജിലും ഗ്രൂപ്പുകളിലും കേട്ടാലറയ്ക്കുന്ന തെറിവിളികളാണ് നിറഞ്ഞുനിന്നിരുന്നത്.
ചലച്ചിത്രോത്സവ വേദിയിൽ…
തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്. നിർഭാഗ്യവശാൽ തനിക്ക് കസബ കാണ്ടേണ്ടി വന്നു, ആ സിനിമ തന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാൽ അതിനെ നമ്മൾ മഹത്വവൽക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിർവരമ്പ് എന്നുമായിരുന്നു പാർവതി പറഞ്ഞത്.
തെറിവിളിയും…
മമ്മൂട്ടിയെയും കസബയെയും വിമർശിച്ചതിന് പിന്നാലെയാണ് പാർവതിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. മമ്മൂട്ടി ഫാൻസെന്ന് പറയുന്നവരാണ് നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റുകളിട്ടത്. നടിയുടെ ഫേസ്ബുക്ക് പേജിലും മറ്റു ഗ്രൂപ്പുകളിലും കേട്ടാലറയ്ക്കുന്ന തെറിവിളികളുമുണ്ടായി.
ഒരു സ്ത്രീയായതിനാൽ…
അതിനിടെ പാർവതിയെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. വിമർശിച്ചത് ഒരു സ്ത്രീയായതാണ് ആരാധകരെയും മറ്റുള്ളവരെയും ചൊടിപ്പിച്ചതെന്നായിരുന്നു ഇവരുടെ വാദം. വിമർശനത്തെ അതിന്റേതായ രീതിയിൽ കാണണമെന്നും ഇവർ പറഞ്ഞു. വിമൻ ഇൻ സിനിമ കളക്ടീവ് അടക്കമുള്ള സംഘടനകളും പാർവതിയെ പിന്തുണച്ചിരുന്നു.
സംവിധായകർ…
കസബയ വിമർശിച്ചതിന് സിനിമാ മേഖലയിൽ നിന്ന് പോലും പാർവതിക്കെതിരെ അധിക്ഷേപമുണ്ടായി. സംവിധായകൻ ജൂഡ് ആന്റണി, കസബയുടെ നിർമ്മാതാവ്, നടൻ ഹരീഷ് പേരാടി തുടങ്ങിയവർ പാർവതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റുകളിട്ടു. ഇതിൽ ജൂഡ് ആന്റണിയുടെ പോസ്റ്റും അതിനു പാർവതി നൽകിയ മറുപടിയും പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
പരാതി…
സൈബർ ആക്രമണങ്ങൾക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ തന്നെയാണ് പാർവതി പ്രതികരിച്ചിരുന്നത്. എന്നാൽ സൈബർ ആക്രമണം തുടർന്നതോടെയാണ് നടി പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്. സോഷ്യൽമീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്തിയെന്നാണ് പാർവതിയുടെ പരാതി.

Share This:

Comments

comments