‘’തിരുപ്പിറവി’’.. (കഥ)

‘’തിരുപ്പിറവി’’.. (കഥ)

0
538
സിബി നെടുംചിറ.
മനുഷ്യന്‍ പാപമാര്‍ഗ്ഗത്തിലൂടെ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു, പാപം അതിന്‍റെ ഉഗ്രരൂപം പൂണ്ടു കരിനാഗമായി മനുഷ്യവര്‍ഗ്ഗത്തെ ചുറ്റിവരിഞ്ഞിരിക്കുന്നു, നീതിമാന്‍മാര്‍ വളരെ ചുരുക്കം, ആത്മാവു നശിച്ചുകൊണ്ടിരിക്കുന്ന മാനവകുലത്തെയോര്‍ത്ത് കരുണാമയനായ സ്വര്‍ഗ്ഗീയ പിതാവിന്‍റെ മനം നുറുങ്ങി….. അടിയന്തിരമായി എന്തെങ്കിലും ചെയ്തേ പറ്റു….മാനവകുലത്തിന്‍റെ രക്ഷക്കായി കുരിശില്‍ യാഗമാകുന്നതിനു മുന്നോടിയായി, തന്‍റെ പുത്രനു ഭൂമിയില്‍ മനുഷ്യനായി അവതരിക്കാന്‍ സമയമായിരിക്കുന്നു….
സ്വര്‍ഗ്ഗം തുറക്കപ്പെട്ടു, ദൂതന്‍മാരില്‍ പ്രമുഖനായ ഗബ്രിയേല്‍ മാലാഖ സ്വര്‍ഗ്ഗീയദൂതുമായി ഭൂമിയിലേക്കു പുറപ്പെട്ടു…. തന്‍റെ പുത്രനെ ഉദരത്തില്‍ വഹിക്കുവാന്‍ അനാദികാലം മുതലേ, സ്വര്‍ഗ്ഗീയ പിതാവിനാല്‍ തിരഞ്ഞെടുക്കപ്പെട്ട കന്യകയുടെ അടുക്കലേക്കു ഗബ്രിയേല്‍ മാലാഖ ദൂതുമായെത്തി…
അന്നും പതിവുപോലെ പ്രാര്‍ത്ഥനകഴിഞ്ഞു മറിയം വീട്ടിലേക്കു യാത്രതിരിച്ചു, ദൈവസന്നിധിയില്‍ എത്രസമയം ചിലവഴിച്ചാലും അവള്‍ക്ക് മതിവരുമായിരുന്നില്ല, പെട്ടന്നാണതു സംഭവിച്ചത് ഒരഭൌമപ്രകാശം അവളെ വലയം ചെയ്തു…..ആ ദിവ്യപ്രകാശത്തില്‍ നിന്നും ഉത്ഭവിച്ച പ്രകാശകിരണങ്ങള്‍ അവളുടെ കണ്ണുകളിലേക്കു തുളച്ചുകയറി, അവള്‍ മിഴികള്‍ പൂട്ടി, കണ്ണുതുറന്നപ്പോള്‍ തനിക്കുചുറ്റുമുള്ള പ്രകാശവലയത്തിന്‍റെ മദ്ധ്യത്തിലായി നില്ക്കുന്ന തേജസ്വിയായ ഒരുവെള്ളവസ്ത്രധാരി…..
മറിയത്തിനൊന്നും മനസ്സിലായില്ല….അപ്പോള്‍ അവളുടെ കര്‍ണ്ണപുടങ്ങളിലേക്കു ഒഴുകിയെത്തിയ സ്വര്‍ഗ്ഗീയനാദം, ആ സ്വര്‍ഗ്ഗീയലഹരിയില്‍ ലയിച്ചിരുന്ന മറിയത്തെ വണങ്ങിക്കൊണ്ടു, വെള്ളവസ്ത്രധാരിയായ ദൂതന്‍ അരുളിച്ചെയ്തു, ‘’നന്മ നിറഞ്ഞവളെ സ്വസ്തി, ദൈവം നിന്നോടുകൂടെ’’, ‘’ഞാന്‍ സ്വര്‍ഗ്ഗീയ ദൂതന്‍മാരില്‍ പ്രധാനിയായ വിശുദ്ധ ഗബ്രിയേല്‍, മാനവകുലത്തിന്‍റെ രക്ഷയ്ക്കായി ദൈവം മനുഷ്യാനായി അവതരിക്കുവാന്‍ സമയമായിരിക്കുന്നു…’’
‘’നീ ഗര്‍ഭംധരിച്ചു ഒരു പുത്രനെ പ്രസവിക്കും, അവന്‍ ദൈവം നമ്മളോടുകൂടി എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും’’…
.മറിയത്തിനൊന്നും മനസ്സിലായില്ല…..താന്‍ ഗര്‍ഭംധരിച്ചു ഒരു പുത്രനെ പ്രസവിക്കുമെന്നോ…..?? അതും പുരുഷസ്പര്‍ശനമേല്ക്കാത്ത കന്യകയായ താന്‍…..?? അവളുടെ സംശയത്തിനു ഉത്തരമേന്നോണം ഗബ്രിയേല്‍ ദൂതന്‍ വീണ്ടും അരുളിച്ചെയ്തു, ‘’മറിയമേ നീ ഭയപ്പെടേണ്ട. പുരുഷബീജത്തിന്‍റെ രാസമാറ്റം നിമിത്തമല്ല നീ ഗര്‍ഭം ധരിക്കുന്നതു, മറിച്ച് ദൈവചൈതന്യം മനുഷ്യരൂപമെടുത്തു നിന്‍റെ ഉദരത്തില്‍ പ്രവേശിക്കും…’’ പിന്നെ മറുത്തൊന്നും മറിയം ചോദിച്ചില്ല… അന്നേക്ക് ഏഴാം നാള്‍ ജോസഫുമായി വിവാഹം നിശ്ചയിച്ചിരുന്ന പരമഭക്തയായ ആ വിശ്വമനോഹരി ദൈവഹിതത്തിന്‍റെ പൂര്‍ത്തീകരണത്തിനായി തന്നെത്തന്നെ വിട്ടുകൊടുത്തു…
ആ നിമിഷം സ്വര്‍ഗ്ഗം വീണ്ടും തുറക്കപ്പെട്ടു ആ സ്വര്‍ഗ്ഗീയ രാജകുമാരന്‍ ഭൂമിയിലേക്കു യാത്രയായി, തന്‍റെ മനുഷ്യാവതാരത്തിനായി, സ്വര്‍ഗ്ഗീയപിതാവിനാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍വ്വഗുണ സമ്പന്നയായ മറിയത്തിന്‍റെ ഉദരത്തിലേക്ക് ഒരു ശിശുവായി പ്രവേശിച്ചു…, ഒരു നിമിഷം മറിയത്തിന്‍റെ ഉദരമൊന്നു പിടഞ്ഞു… തന്‍റെ ഗര്‍ഭപാത്രത്തിലേക്കു പ്രവേശിച്ച സ്വര്‍ഗ്ഗിയ തേജസ്സ് അവള്‍ തിരിച്ചറിഞ്ഞു…
യഹൂദനിയമപ്രകാരം മറിയവും ജോസഫും തമ്മിലുള്ള വിവാഹം ആര്‍ഭാടമായിത്തന്നെ നടന്നു, ജോസഫ് യൂദാരാജാവായിരുന്ന ദാവീദിന്‍റെ വംശാവലിയില്‍ പെട്ടവനായിരുന്നു, തന്‍റെ പൂര്‍വ്വികരുടെ ചെയ്തികള്‍ നിമിത്തം ചെങ്കോലും കിരീടവും നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍, രാജസിംഹാസനത്തിന് യോഗ്യനാകേണ്ട യുവകോമളന്‍…. യേശുവിന്‍റെ വളര്‍ത്തുപിതാവാകുവാന്‍ ഭാഗ്യം ലഭിച്ച ഉത്തമപുരുഷന്‍, കുലത്തൊഴിലായ മരപ്പണിയിലൂടെ തൊഴിലിന്‍റെ മഹത്വം വാനോളമെത്തിച്ച തൊഴിലാളികളുടെ മദ്ധ്യസ്ഥന്‍….
മഞ്ഞില്‍ കുളിച്ച രാത്രി, ജോസഫിന്‍റെയും മറിയത്തിന്‍റെയും പ്രഥമരാത്രി, പക്ഷിമൃഗാതികളും, വൃക്ഷലതാതികളും, ആനന്ദനൃത്തമാടി, മനുഷ്യരൂപമെടുത്ത ആ ത്രിലോക രാജകുമാരന്‍റെ, ഭൂമിയിലെ മാതാപിതാക്കളായ മറിയത്തിന്‍റെയും, ജോസഫിന്‍റെയും പ്രഥമ സംഗമത്തിനു സാക്ഷ്യം വഹിക്കുവാന്‍, സ്വര്‍ഗ്ഗീയസൈന്യങ്ങള്‍ ആകാശത്ത് അണിനിരന്നു, സര്‍വ്വാഭരണഭൂഷിതയായി മണിയറയിലേക്കു പ്രവേശിച്ച തന്‍റെ പ്രിയപ്പെട്ടവളിലേക്കു അലിഞ്ഞുച്ചേരുവാന്‍ ആ ഭത്തൃഹൃദയം തുടിച്ച നിമിഷത്തില്‍….തന്‍റെ ഉദരരഹസ്യം മറിയം ഭര്‍ത്താവിനോടു ഏറ്റുപറഞ്ഞു…
ജോസഫിനൊന്നും മനസ്സിലായില്ല….തന്‍റെ ഭാര്യ പറഞ്ഞതു സത്യമോ മിഥ്യയോയെന്നറിയാതെ. പകച്ചിരുന്ന നിമിഷങ്ങള്‍…. അവളുടെ ഉദരത്തില്‍ വളരുന്നത്‌ ദൈവപുത്രനാണന്നു പറയുന്നു…ഇതെങ്ങനെ സംഭവിക്കും……? പുരുഷസ്പര്‍ശനമേല്ക്കാതെ ഒരു സ്ത്രീയെങ്ങനെ ഗര്‍ഭിണിയാകും….? സാധാരണ പുരുഷന്‍മാര്‍ക്കുണ്ടാകുന്ന എല്ലാ സംശയങ്ങളും ജോസഫിനുമുണ്ടായി…..
ജോസഫും മറിയത്തെപ്പോലെതന്നെ നീതിമാനായിരുന്നു, പരസ്യമായി ഭാര്യയെ ഉപേക്ഷിക്കാന്‍ അദേഹത്തിന്‍റെ നീതിബോധമുള്ള മനസ്സു തയ്യാറായില്ല, കാരണം യഹൂദനിയമപ്രകാരം ഒരു കന്യക വിവാഹത്തിനു മുന്നേ ഗര്‍ഭിണിയായാല്‍ അവളെ കല്ലെറിഞ്ഞു കൊല്ലുകയെന്ന കിരാതനിയമം യഹൂദ ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു…. വിവാഹത്തിനു മുന്നേ തന്‍റെ പ്രിയപ്പെട്ടവള്‍ ഗര്‍ഭിണിയായിരുന്നുവെന്നു ലോകമറിഞ്ഞാല്‍…..??
അവളുടെ സുന്ദരമേനിയിലേക്കു വന്നുവീഴുന്ന കല്ലുകള്‍…. പ്രാണവേദനയോടെ പിടയുന്ന തന്‍റെ പ്രിയതമയുടെ മുഖം ജോസഫിന്‍റെ മനസ്സില്‍ തെളിഞ്ഞുവന്നു…തന്‍റെ മറിയത്തിനൊന്നും സംഭവിക്കരുത്…ജോസഫിന്‍റെ മനസ്സ് വല്ലാതെ കലുഷിതമായി, കണ്ണുകളില്‍ നിന്നും നിദ്ര വിട്ടൊഴിഞ്ഞ മണിക്കൂറുകള്‍… പിന്നെയെപ്പോഴോ ജോസഫ് നിദ്രയിലേക്ക്‌ വഴുതിവീണു,
വീണ്ടും സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെട്ടു, സംശയത്തിന്‍റെ തിരമാലകള്‍ അഞ്ഞടിച്ച മനസ്സുമായ് രാത്രിയുടെ ഏതോയാമത്തില്‍ നിദ്രയിലേക്കു വഴുതിവീണ ജോസഫിന്‍റെ അടുക്കലേക്കു വീണ്ടും ഗബ്രിയേല്‍ ദൂതനെത്തി, ഉറക്കത്തിലായിരുന്ന ജോസഫിന്‍റെ മനോമുകരത്തിലേക്ക് മറിയം ഗര്‍ഭിണിയാകുവാനുണ്ടായ സംഭവവികാസങ്ങളടങ്ങിയ പുസ്തകത്തിന്‍റെ താളുകളോരോന്നായ് തുറന്നുവെച്ചു, ഒപ്പം തന്‍റെ പുത്രനു നല്കേണ്ട പേരും…. ജോസഫ് നിദ്രയില്‍ നിന്നും ഞെട്ടിയുണര്‍ന്നു, താന്‍ സ്വപ്നത്തില്‍ കണ്ട സംഭവങ്ങളോരോന്നായ്‌, ഒരാവര്‍ത്തികൂടി മനസ്സിലൂടെ മിന്നിമറഞ്ഞു, ജോസഫ് ഭാര്യയെ നോക്കി ശന്തമായുറങ്ങുന്ന മറിയം, ആ മുഖത്തെ അഭൌമ തേജസ്സ്…..!! അവളുടെ നെറ്റിയില്‍ മൃദുവായ് ചുംബിച്ചു…..പിന്നെ നിര്‍മ്മലമായ മനസ്സോടെ മറിയത്തെ ഭാര്യയായി തന്‍റെ ഹൃദയത്തോടു ചേര്‍ത്തു…..
ആഴ്ചകളും മാസങ്ങളും കടന്നുപോയി, മറിയത്തില്‍ വന്ന മാറ്റം ജോസഫ് ശ്രദ്ധിച്ചു, വീര്‍ത്തുന്തിയ ഉദരം ഒപ്പം ശരീരാസ്വസ്ഥതകളും, ആ നാട്ടിലെ അറിയപ്പെടുന്ന തച്ചനായിരുന്നു ജോസഫ്, തന്‍റെ ജോലിതിരക്കിനിടയിലും കൂടുതല്‍ സമയം തന്‍റെ പ്രിയപ്പെട്ടവളുടെ അടുത്തിരുന്നു അവളെ ശുശ്രുഷിക്കാന്‍ ആ ഉത്തമഭര്‍ത്താവ് സമയം കണ്ടെത്തിയിരുന്നു,….
മറിയത്തിന്‍റെ വയറ്റില്‍ മനുഷ്യരൂപം പൂണ്ട ശിശു പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ചുകൊണ്ടിരുന്നു, അങ്ങനെയിരിക്കെയാണു ലോകമാസകലമുള്ള എല്ലാ പ്രജകളും ‘’സെന്‍സെസ്’’ എടുക്കുന്നതിനു അവരവരുടെ സ്വന്തം നാട്ടിലേക്ക് പോകണമെന്നു രാജകല്പ്പനയുണ്ടായത്, ജോസഫ് ദാവീദിന്‍റെ വംശാവലിയില്‍ പെട്ടവനായതിനാല്‍ തങ്ങള്‍ വസിക്കുന്ന നസ്രത്തിലെ പട്ടണമായ യൂദായില്‍ നിന്നും, സ്വന്തം പട്ടണമായ ‘’ബത്ലേഹമിലേക്ക്‌’’ പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയോടൊത്ത് യാത്രയായി….
പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയുമൊത്തു, ദിവസങ്ങള്‍ ദൈര്‍ഘ്യമുള്ള ആ യാത്ര അത്രെയെളുപ്പമായിരുന്നില്ല, യാത്രയിലുടനീളം അവള്‍ക്കനുഭവപ്പെട്ട ശാരീരികാസ്വാസ്ഥ്യങ്ങള്‍ അവരുടെ യാത്ര മന്ദഗതിയിലാക്കി, ഇതിനോടകം തങ്ങളോടൊപ്പം യാത്ര പുറപ്പെട്ടവരെല്ലാം ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു,
ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങിയ യാത്ര, അവര്‍ ബത്ലേഹേമിലെത്തിയപ്പോള്‍ രാത്രി വളരെ ഇരുട്ടിയിരുന്നു, സത്രങ്ങളായ സത്രങ്ങളും വീടുകളും ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു, ഗര്‍ഭാസ്വാസ്ഥതകളും അതിനോടൊപ്പമുള്ള യാത്രാക്ഷീണവും കൂടിയായപ്പോള്‍ മറിയം നന്നേ തളര്‍ന്നിരുന്നു, മഞ്ഞുപെയ്യുന്ന രാത്രി, അസ്ഥിയെ മരവിപ്പിക്കുന്ന കൊടും തണുപ്പ്‌, തന്‍റെ ഗര്‍ഭിണിയായ ഭാര്യയ്ക്ക് തലചായ്ക്കാന്‍ ഒരിടത്തിനായ്, ആ സ്നേഹസ്വരൂപന്‍ സത്രങ്ങളായ സത്രങ്ങളും, വീടുകളും കയറിയിറങ്ങി, എല്ലാ വാതിലുകളും അവര്‍ക്കെതിരേ കൊട്ടിയടയ്ക്കപ്പെട്ടു….
പെയ്തിറങ്ങുന്ന മഞ്ഞുകണങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ വഴികണ്ടെത്തുവാനാകാതെ പൂര്‍ണ്ണഗര്‍ഭിണിയായ ഭാര്യയെ മാറോടണച്ചുകൊണ്ടു ജോസഫ് പാതയോരത്തിരുന്നു, പെട്ടന്നാണതു സംഭവിച്ചത്, കൈകൊണ്ടു വയര്‍ പോത്തിപ്പിടിച്ചുകൊണ്ടു മറിയം ഞരങ്ങാന്‍ തുടങ്ങി, വേദനകൊണ്ടവള്‍ പുളഞ്ഞു, തന്‍റെ പ്രിയപ്പെട്ടവള്‍ക്ക് പ്രസവസമയമായിരിക്കുന്നു…..’’ഒരു ഗര്‍ഭിണിയെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ പരിചരണം അവശ്യമായ സമയം’’ തലചായ്ക്കാന്‍ ഒരിടമില്ല, നിസ്സഹായനായ ആ ഭര്‍ത്താവിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു….
പെട്ടന്നാണ് അവര്‍ക്ക് സ്വാഗതമരുളാനെന്നവണ്ണം ഒരു പൈക്കുട്ടിയുടെ കരച്ചില്‍ കേട്ടത്, കരച്ചില്‍ കേട്ട ദിക്കിലേക്ക്‌ മറിയത്തെയും താങ്ങിയെടുത്തുകൊണ്ടു, ജോസഫ് നടന്നുനീങ്ങി, അവരുടെ ആഗമനത്തില്‍ ആനന്ദ സൂചകമായ് പൈക്കള്‍ എന്തോ ശബ്ദം പുറപ്പെടുവിച്ചു… വൃത്തിഹീനമായ കാലിത്തൊഴുത്ത്, അതിന്‍റെ കോണിലായ് ദര്‍ഭപുല്ലുക്കൊണ്ടു ജോസഫ് ഒരു മെത്തയുണ്ടാക്കി മറിയത്തെ കിടത്തി, ആ കൂരാക്കൂരിരുട്ടില്‍, അവര്‍ക്കു പ്രകാശം ചൊരിഞ്ഞുകൊണ്ടു ഒരായിരം പൂര്‍ണ്ണചന്ദ്രന്‍മാരെപ്പോലെ മാനത്ത് നക്ഷതങ്ങള്‍ മിന്നിത്തിളങ്ങി….
വേദനകൊണ്ടു പുളയുന്ന മറിയം, ആ മരം കോച്ചുന്ന തണുപ്പിലും, വേദനയുടെ ആധിക്യത്താല്‍ അവളുടെ ശരീരം വെട്ടിവിയര്‍ത്തു, ആ വിയര്‍പ്പുകണങ്ങള്‍ സ്വന്തം കൈകൊണ്ടു ജോസഫ് ഒപ്പിയെടുത്തു, തന്‍റെ പ്രിയപ്പെട്ടവള്‍ അനുഭവിക്കുന്ന വേദനകണ്ട് ആ ഭത്തൃഹൃദയമൊന്നുലഞ്ഞു, ഒരുപക്ഷേ ആ വേദന സ്വന്തം ശരീരത്തിലേക്കേറ്റുവാങ്ങുവാന്‍ ആ സ്നേഹസ്വരൂപന്‍ ആഗ്രഹിച്ച നിമിഷങ്ങളായിരിക്കാമത്…
വേദനയുടെ മൂര്‍ദ്ധന്യത്തിലുയര്‍ന്ന ആര്‍ത്തനാദത്തോടൊപ്പം ഒരു കുട്ടിയുടെ കരച്ചില്‍…. മാനവരക്ഷക്കായ് ഉദയം കൊണ്ട ലോകരക്ഷകന്‍ പിറന്നിരിക്കുന്നു, ‘’കന്യകയുടെ പുത്രനായി ലോകരക്ഷകന്‍ പിറക്കുമെന്നു യുഗയുഗാന്തിരമായി പ്രവാചകന്‍മാര്‍ മുഖേന ദൈവം അരുളിച്ചെയ്തതു ഇവിടെ പൂര്‍ത്തിയായിരിക്കുന്നു’’ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു, സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ നിരനിരയായി ആകാശത്തിലണിനിരന്നു, സന്തോഷത്താല്‍ അവര്‍ ആനന്ദഗീതമാലപിച്ചു. ‘’അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം’’ അതുകേട്ടു പക്ഷിമൃഗാതികളും, വൃക്ഷലതാതികളും ഏറ്റുച്ചൊല്ലി, ‘’അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി…
മനുഷ്യനായി പിറന്ന ദൈവകുമാരനെ ആദ്യമായി. കൈയിലെടുത്ത നിമിഷം… ആ വളര്‍ത്തു പിതാവിന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞു, തന്‍റെ പുത്രന്‍റെ നെറ്റിയില്‍ ആദ്യത്തെ സ്നേഹചുമ്പനമര്‍പ്പിച്ചുകൊണ്ട്, മകനെ ‘ഇമ്മാനുവേല്‍’’ എന്നു പേരുച്ചൊല്ലി വിളിച്ചു….
അപ്പോള്‍ അടുത്ത വയലില്‍ കൊടും തണുപ്പില്‍നിന്നു രക്ഷനേടുവാന്‍ വേണ്ടി തീകാഞ്ഞുകൊണ്ടിരുന്ന ആട്ടിടയന്‍മാരുടെ അടുത്തേക്ക്‌ സ്വര്‍ഗ്ഗീയദൂതന്‍ യാത്രയായി, ലോകരക്ഷകനായ ശിശു പിറന്നിരിക്കുന്നു എന്ന സദ്‌വാര്‍ത്ത അവരെയറിയിച്ചു….. ആ മംഗളവാര്‍ത്ത ആദ്യമായി കേള്‍ക്കുവാന്‍ ഭാഗ്യം ലഭിച്ച ആ പാവം ആട്ടിടയന്‍മാര്‍ സന്തോഷത്താല്‍ ആനന്ദനൃത്തമാടി, പിന്നെ പുല്‍കൂട്ടിലെത്തി ശിശുവിനെയും അവന്‍റെ അമ്മയേയും വണങ്ങി കുമ്പിട്ടാരാടിച്ചു…അപ്പോള്‍ കിഴക്കുനിന്നുമെത്തുന്ന രാജാക്കന്‍മാര്‍ക്ക് വഴികാട്ടുവാനെന്നോണം ആകാശത്ത് വെള്ളിനക്ഷത്രം ഉദയം ചെയ്തു…
ഭൂമിയിയിലെ സര്‍വ്വസമ്പത്തിന്‍റെയും അധിപനായ ആ സ്വര്‍ഗ്ഗീയ രാജകുമാരന്‍, ഭൂമിയിലെ തന്‍റെ മാതാപിതാക്കളായി, രാജകുമാരന്‍മാരെയോ, രാജകുമാരിമാരെയോ, മറ്റുശ്രേഷ്ഠവ്യക്തികളെയോ തിരഞ്ഞെടുത്തില്ല, പകരം സാധാരണക്കാരില്‍ സാധാരണക്കാരായ, മറിയത്തിനെയും, ജോസഫിനെയും തന്‍റെ മാതാപിതാക്കളായി തിരഞ്ഞെടുത്തുകൊണ്ടു അവര്‍ക്കു ശ്രേഷ്ഠസ്ഥാനം നല്കി… തനിക്കു പിറന്നുവീഴുവാന്‍ രാജകൊട്ടാരമോ, പട്ടുമെത്തയോ, മറ്റു മണിമാളികളോ തിരഞ്ഞെടുത്തില്ല, കൊട്ടാരം വൈദ്യന്‍മാരുടെ പരിചരണമോ, പരിചാരകരുടെ അകമ്പടിയോ ഇല്ലാതെ, പൈക്കളുറങ്ങുന്ന കാലിത്തൊഴുത്താണു തന്‍റെ തിരുപ്പിറവിക്കായ് തിരഞ്ഞെടുത്തത്…..ആദ്യമായി ദര്‍ശനം നല്കിയതും സാധുക്കളായ ആട്ടിടയന്‍മാര്‍ക്ക്… തന്‍റെ തിരുപ്പിറവിയിലൂടെ ‘’എളിമയുടെ മാതൃക ലോകത്തെ പഠിപ്പിച്ച യേശുദേവന്‍റെ എളിമയെ നമ്മുക്കും മനസ്സിലേറ്റാം…..എന്‍റെ ഹൃദയം നിറഞ്ഞ തിരുപ്പിറവി…..ആശംസകള്‍
.

 

Share This:

Comments

comments