മുന്നറിയിപ്പ് ഒരു തമാശ രൂപത്തില്‍. (അനുഭവ കഥ)

മുന്നറിയിപ്പ് ഒരു തമാശ രൂപത്തില്‍. (അനുഭവ കഥ)

0
603
മിലാല്‍ കൊല്ലം.
കഴിഞ്ഞ ദിവസം വന്ന മുന്നറിയിപ്പുകൾ. പോലീസിന്റെതാണു എന്നാണു മനസിലാക്കാൻ കഴിഞ്ഞത്‌.
ഒന്നാമതായി അയൽ വാസികളുടെ ഫോൺ നമ്പറുകൾ വാങ്ങി വയ്ക്കുക. എന്നിട്ട്‌ അത്‌ സ്പീഡ്‌ ഡയലിൽ ആക്കി വയ്ക്കുക. കാരണം രാത്രി കാലങ്ങളിൽ കള്ളന്മാരുടെ ശല്ല്യം ഉണ്ടായാൽ എത്രയും പെട്ടന്ന് അയൽക്കാരെ വിവരം അറിയിക്കാൻ.
ഇനി ഒന്ന് ചോദിച്ചു കൊള്ളട്ടേ? ഈ അയൽക്കാർ ഇപ്പോൾ ഉണ്ടോ? ഉണ്ടായിരിക്കും അല്ലെ? ഇങ്ങനെ ആവശ്യം വരുമ്പോൾ മാത്രം. അല്ലാതെ മറ്റുള്ള കാര്യങ്ങൾക്ക്‌ ഒന്നിനും ഇപ്പോൾ അയൽക്കാരെ ആവശ്യമില്ല.
ഇനി അധവ സ്പീഡ്‌ ഡയലിൽ വച്ചാലോ. അടുത്ത ദിവസം രാവിലെ പോലും അറിയില്ല. നേരേ മറിച്ച്‌ കിടന്ന് നിലവിളിച്ചാൽ സ്പീഡ്‌ ഡയലിൽ ഇല്ലാത്തവരോ ഫോൺ ഇല്ലാത്തവരോ എങ്കിലും ഓടി വരും.
ഈ അടുത്ത കാലത്ത്‌ ഒരു മരണം. മരണം രാത്രിയിൽ ആയിരുന്നു. രാത്രിയായ രാത്രി മൊത്തം ഫോൺ ചെയ്തിട്ടും ഫോണിൽ വിളിച്ച്‌ അറിയിക്കാൻ ശ്രമിച്ച അവർ മരണം അറിഞ്ഞത്‌ നേരം വെളുത്തിട്ടാണു. പിന്നെയാണു കള്ളന്മാർ വരുമ്പോൾ സ്പീഡ്‌ ഡയലിൽ വിളിക്കുന്നത്‌.
മുന്നറിയിപ്പ്‌ രണ്ട്‌ – ഭിക്ഷക്കാർ വന്നാൽ പൈസ കൊടുക്കരുത്‌.
ഈ ഭിക്ഷക്കാർക്ക്‌ ഇപ്പോൾ ആരാണു പൈസ കൊടുക്കാറു. ഞാൻ പല വീടുകളിലും കണ്ടിട്ടുണ്ട്‌. ഭിക്ഷക്കാർ വരുമ്പോൾ ആ വീട്ടിൽ എല്ലാവരും ഉണ്ടെങ്കിലും. ഒരാൾ ഇറങ്ങി വന്നിട്ട്‌ പറയും ഇവിടെ ആരുമില്ല പോയിട്ട്‌ പിന്നെ വാ എന്ന്.
ഇത്‌ കേട്ടിട്ട്‌ ഭിക്ഷക്കാർ പിറകിൽ കൂടി കയറി മോഷണം നടത്തുമ്പോൾ മാളത്തിൽ നിന്ന് എല്ലാവരും പുറത്ത്‌ ചാടും. അപ്പോൾ ആരും ഇല്ലാ എന്ന് പറഞ്ഞ കള്ളത്തരം പൊളിഞ്ഞേ. ഭിക്ഷക്കാർ വരുമ്പോൾ തന്നെ ചില ആൾക്കാർ അടുക്കളയിലിരുന്നു വിളിച്ചു പറയും ഇവിടെ ഒന്നുമില്ല പൊയ്ക്കോ പൊയ്ക്കോ. പിന്നെയാണു ഭിക്ഷക്കാർക്ക്‌ പൈസ കൊടുക്കുന്നത്‌.
മൂന്നാമതായി മുന്നറിയിപ്പ്‌ – രാത്രി കതക്‌ അടയ്ക്കുമ്പോൾ അതിനടുത്തായി സ്റ്റീൽ പാത്രങ്ങൾ വയ്ക്കുക. അധവ കള്ളന്മാർ കതക്‌ കുത്തി തുറന്ന് അകത്ത്‌ കടക്കാൻ ശ്രമിക്കുന്ന സമയം സ്റ്റീൽ പാത്രങ്ങൾ മറിഞ്ഞ്‌ വീണിട്ട്‌ ശബ്ദം കേട്ടിട്ട്‌ വീട്ടുകാർക്ക്‌ എഴുനേൽക്കാമല്ലോ. അതും കൊള്ളാം.
സ്റ്റീൽ പാത്രമല്ല സ്കൈലാബ്‌ കൊണ്ട്‌ വച്ച്‌ പൊട്ടിച്ചാൽ പോലും അറിയാത്ത അത്ര ശബ്ദത്തിലാണു ഓരോ വീട്ടിലെ ഫാൻ കറങ്ങുന്നതും എ സി പ്രവർത്തിക്കുന്നതും ഫ്രിഡ്ജ്‌ പ്രവർത്തിയ്ക്കുന്നതും മറ്റും. പിന്നെ ആണു സ്റ്റീൽ പാത്രം.
നാലാമത്തേ മുന്നറിയിപ്പ്‌ – ഏറ്റവും അടുത്തുള്ള പോലീസ്‌ സ്റ്റേഷന്റെ ഫോൺ നമ്പർ സൂക്ഷിക്കുക. അതും നല്ലതാണു.
പുരുഷന്മാർ ഇല്ലാത്ത വീടുകളിലെ സ്ത്രീകൾ പോലീസ്‌ സ്റ്റേഷനിലെ നമ്പർ മൊബെയിലിൽ സൂക്ഷിക്കും. അവിചാരിതമായി സംശയ രോഗികളായ ഭർത്താക്കന്മാർ കണ്ടാൽ മതി. പിന്നെ അതിനു ഇടി ആയി. അപ്പോൾ അത്‌ പോലീസ്‌ സ്റ്റേഷനിലെ നമ്പർ ആണു എന്ന് പറഞ്ഞാൽ. നിനക്ക്‌ എത്ര പോലീസുകാരുമായാടി കമ്പനി? പോലീസുകാരുമായി ആകുമ്പോൾ ഞാൻ ഒന്നും ചോദിക്കില്ലല്ലോ അല്ലെ? എന്ന് പറഞ്ഞാകും ഇടി.
എന്റെ വീടിന്റെ പടിഞ്ഞിറ്റതിൽ ഒരാൾ ഉണ്ടായിരുന്നു. അയാൾ വീടിനു വെളിയിൽ പോകുമ്പോൾ ഭര്യയേ മുറിയിൽ ഇട്ട്‌ പൂട്ടി കൊണ്ട്‌ പോകുമായിരുന്നു. എന്ന് മാത്രമല്ല ചൂലെടുത്ത്‌ മുറ്റം തൂത്ത്‌ ഇട്ടിട്ട്‌ പോകുമായിരുന്നു. തിരിച്ച്‌ വരുമ്പോൾ കാലടയാളം കണ്ടാൽ ഭാര്യയ്ക്ക്‌ ഇടി ആയിരുന്നു. റോഡിൽ കൂടി പോകുന്ന ആരെയെങ്കിലും അവർ ഒന്ന് നോക്കിയാൽ അപ്പോൾ ഇടി ആയിരുന്നു.
ഞാൻ കൊട്ടിയത്ത്‌ മെഡിക്കൽ സ്റ്റോറിൽ നിൽക്കുമ്പോൾ അവിടെ ഒരാൾ ഫോൺ ചെയ്യാൻ വരുമായിരുന്നു. അന്ന് അങ്ങനെ എങ്ങും ഫോണോന്നും ഇല്ല. പിന്നെ ഇദ്ദേഹം അവിടുന്നു സ്ഥിരം മരുന്ന് വാങ്ങുന്നത്‌ കൊണ്ട്‌. മുതലാളിയോട്‌ ചോദിക്കും ഞാൻ ഒന്ന് എന്റെ വീട്ടിലോട്ട്‌ വിളിച്ചോട്ടേ? മുതലാളി വിളിച്ചോളാൻ പറയും. ഈയാൾ ഫോൺ വിളിക്കും മറുതലയ്ക്ക്‌ ഈയാളുടെ ഭാര്യാ. ഇദ്ദേഹം ഫോണിൽ ഭാര്യയോട്‌ ചോദിക്കും നീ എന്തെടുക്കുന്നു. അവർ മറുപടി പറയും. അപ്പോൾ ഇദ്ദേഹം ഞാൻ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ താമസിച്ചത്‌ എന്ത്‌. ആരാടി അവിടെ ഉണ്ടായിരുന്നത്‌. എനിക്ക്‌ ഒന്നും അറിയില്ലന്ന് നീ വിചാരിക്കരുത്‌. എന്തെടി ഒന്നും മിണ്ടാത്തത്‌? ഓ അവൻ അടുത്ത്‌ ഉണ്ടാകും അതാ ഞാൻ ചോദിച്ചതിനു മറുപടി ഇല്ലാത്തത്‌. എന്നിങ്ങനെ തുടരും. ഒരിക്കൽ മുതലാളിയുടെ മകൻ കടയിൽ ഇരിക്കുന്ന സമയം. ഇദ്ദേഹം വന്നു ഫോൺ വിളിച്ചോട്ടേ എന്ന് ചോദിച്ചു. വിളിച്ചു കൊള്ളാൻ പറഞ്ഞു. അങ്ങനെ ഇദ്ദേഹം വിളി തുടങ്ങി. വിഷയം മാറി വരുന്നത്‌ കേട്ടിട്ട്‌ മുതലാളിയുടെ മകൻ റിസീവർ വാങ്ങി വച്ചിട്ട്‌ ഇങ്ങനെ പറഞ്ഞു. ഞാൻ ഇവിടെ ഇല്ലെങ്കിലും മേലാൽ ഇവിടെ വന്ന് ഫോൺ എടുത്ത്‌ സംസാരിച്ച്‌ പോകരുത്‌ എന്ന്. അങ്ങനെ പോയി. പിന്നെ വന്നിട്ടില്ല.
അപ്പോൾ ഫോൺ നമ്പർ സൂക്ഷിച്ചാൽ ഇങ്ങനെയും ഉണ്ട്‌ ഗുണങ്ങൾ.
അഞ്ചാമത്തേ മുന്നറിയിപ്പ്‌ – രാത്രി കാലങ്ങളിൽ കളിംഗ്‌ ബെല്ലടിച്ചാൽ പെട്ടന്ന് കതക്‌ തുറക്കരുത്‌. സംശയം ഉണ്ടെന്ന് തോന്നിയാൽ അയലത്തുകാരേ കൂടി വിളിച്ചിട്ടേ കതക്‌ തുറക്കാവു. അതും കൊള്ളാം.
കാളിംഗ്‌ ബല്ല്. രാത്രിയിൽ എന്നല്ല പകലും അടിക്കാറില്ല. ഒട്ടു മിയ്ക്ക വീടുകളിലും കാളിംഗ്‌ ബല്ലിന്റെ സ്വിച്ചേ ഒള്ളു. ബല്ല് പ്രവർത്തിക്കാറില്ല. പിന്നെ അല്ലെ? കാളിംഗ്‌ ബല്ല് അടിക്കുന്നത്‌.
ആറാമത്തേ മുന്നറിയിപ്പ്‌ – മാരകായുദ്ധങ്ങൾ പുറത്ത്‌ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. കള്ളന്മാർ മാരകായുദ്ധങ്ങൾ കൊണ്ട്‌ വരില്ല. വീടിനു പുറത്ത്‌ നിന്ന് കിട്ടുന്നത്‌ ആണു ഉപയോഗിക്കാറു. അതും നല്ലൊരു മുന്നറിയിപ്പാണു.
പിന്നെ മുൻ കാലങ്ങളിലെ പോലെ ഇപ്പോൾ എങ്ങും കോടാലിയും വെട്ടുകത്തിയും ഒന്നും ഇല്ല. ഇതോക്ക്‌ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് വീടുകളിൽ തെങ്ങും മാവും കമുങ്ങും മരങ്ങളും ഉണ്ടായിരുന്നു. അതൊക്കേ മുറിച്ചിട്ട്‌ കോടാലി കൊണ്ട്‌ വെട്ടിക്കീറി ഉണക്കി അടുപ്പിൽ വച്ച്‌ തീയെരിക്കുമായിരുന്നു. അതുപോലെ ഇറച്ചിയും മിനും വാങ്ങി വീട്ടിൽ കൊണ്ടുവന്ന് ആയിരുന്നു വെട്ടി അരിയുന്നത്‌. ഇന്ന് അതും ഇല്ല. പിന്നെ മാരകായുദ്ധങ്ങൾ എന്ന് പറയാൻ ആൺപിള്ളേർ ഉള്ള വീടുകളിൽ വല്ല ട്രിമ്മറും ഉണ്ടെങ്കിൽ ആയി. മുൻ കാലങ്ങളിൽ പുരയിടത്തിൽ സൂക്ഷിച്ച്‌ നോക്കിയാൽ പത്ത്‌ ബ്ലൈഡ്‌ എങ്കിലും കാണുമായിരുന്നു. ഇപ്പോൾ അതും ഇല്ലാതായി.
അതുകൊണ്ട്‌ മാരകായുദ്ധങ്ങൾ പുറത്ത്‌ ഇടും എന്ന് കരുതി പേടിക്കണ്ട.
ഏഴാമത്തേ മുന്നറിയിപ്പ്‌ – പൊതു താൽപ്പര്യത്തിനായി ഷയർ ചെയ്യുക.
എന്റെ നോട്ടത്തിൽ ഇതു മാത്രം എല്ലാവരും ചെയ്യും. ഞാനും എന്റെ അടുത്ത സുഹൃത്തുക്കൾക്കായി ഷയർ ചെയ്തിരുന്നു.
ഞാൻ ഈ മുന്നറിയിപ്പിനെ ഒരു തമാശ രൂപത്തിൽ അറിയിച്ചു എന്നേ ഒള്ളു. എല്ലാവരും പോലീസിന്റെ ഈ മുന്നറിയിപ്പ്‌ വിലവയ്ക്കണം. ഈ മുന്നറിയിപ്പ്‌ ഇന്നിന്റെ ആവശ്യം ആണു.

Share This:

Comments

comments