Thursday, April 25, 2024
HomeNewsഡോ. സഖറിയാസ് മാർ തെയോഫിലോസ് കാലം ചെയ്തു.

ഡോ. സഖറിയാസ് മാർ തെയോഫിലോസ് കാലം ചെയ്തു.

ഡോ. സഖറിയാസ് മാർ തെയോഫിലോസ് കാലം ചെയ്തു.

ജോൺസൺ പുഞ്ചക്കോണം.
മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ കാലം ചെയ്തു. കോഴിക്കോട് എം.വി.ആര്‍. ക്യാന്‍സര്‍ സെന്‍ററില്‍ ഇന്ന് വൈകുന്നേരം 3.45-നായിരുന്നു അന്ത്യം. ഭൗതീക ശരീരം ചാത്തമഗലത്തെ മൗണ്ട് ഹെർമോൻ അരമനയിലേക്ക് ഇന്ന് കൊണ്ടുപോകും. അഭി: തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30-ക്കു ശേഷം ഭദ്രാസന അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന് ശേഷം കോഴിക്കോട് കത്തീഡ്രൽ പള്ളിയിലേക്ക് ഭൗതീക ശരീരം കൊണ്ടു പോകും. ബുധനാഴ്ച 11 മണിക്കു ശേഷം കോയമ്പത്തൂർ തടാകം ആശ്രമത്തിലേക്ക് വിലാപയാത്ര ആരംഭിക്കും. തുടർന്ന് വ്യാഴാഴ്ച 10 മണിക്ക് കോയമ്പത്തൂരിലെ തടാകം ക്രിസ്തുശിഷ്യആശ്രമത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ കബറടക്കശുശ്രൂഷകൾ നടക്കും.
ചെങ്ങരൂര്‍ മഞ്ഞനാംകുഴിയില്‍ എം. പി. ചാണ്ടപ്പിള്ളയുടെ പുത്രനായി 16-9-1952 ല്‍ ജനിച്ചു. പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകന്‍, ധ്യാനഗുരു. വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥിപ്രസ്ഥാനം ഹോസ്റ്റലുകളുടെ വാര്‍ഡന്‍.
2005 മാര്‍ച്ച് 5-ന് മേല്പട്ടസ്ഥാനമേറ്റ മാർ തെയോഫിലോസ് ആദ്യം മലബാര്‍ ഭദ്രാസനത്തിന്‍റെ അസിസ്റ്റന്‍റ് ആയും 2006-ല്‍ പൂര്‍ണ്ണ ചുമതലയുള്ള മെത്രാപോലീത്തയായും നിയമിതനായി. ഓര്‍ത്തഡോക്സ് സ്റ്റഡി ബൈബിള്‍ പ്രൊജക്ടിന്‍റെ കണ്‍വീനര്‍, മികച്ച സംഘാടകന്‍ കൂടിയായ മാർ
തെയോഫിലോസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ കോട്ടയത്തെ കേന്ദ്ര ഓഫീസ് പുതുക്കിപ്പണിയിച്ചു. അതിനോടു സമീപമുള്ള സ്ഥലം വാങ്ങി കെയ്റോസ് എന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥി മന്ദിരവും ഫ്ളാറ്റ് സമുച്ചയവും പണിയിക്കുന്നതിന് നേതൃത്വം നല്‍കി.
ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സ്വന്ത നിലയ്ക്കും വിദ്യാര്‍ത്ഥിപ്രസ്ഥാനം മുഖാന്തിരവും നടത്തി. രക്തദാന പ്രസ്ഥാനത്തിന്‍റെ പ്രമുഖ നേതാവ്. മര്‍ത്തമറിയം സമാജത്തിന്‍റെ പ്രസിഡണ്ടും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡണ്ടുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. സഖറിയ മാർ അപ്രേം, ഓർത്തോഡോക്സ് ടിവിക്കുവേണ്ടി ചെയർമാൻ പുലിക്കോട്ടിൽ ഡോ.ഗീവർഗീസ് മാർ യുലിയോസ്, സി.ഇ.ഓ ഫാ. ജോൺസൺ പുഞ്ചക്കോണം എന്നിവർ അനുശോചനം അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments