പദസ്വനത്തിനായ്. (കവിത)

പദസ്വനത്തിനായ്. (കവിത)

0
624
ബോബി ജേഴ്സൺ.  (Street Light fb group)
മറവിതൻ മണ്ണിൽ മറഞ്ഞോരോർമ്മകൾ
മനസ്സിൻ ഊഴിയിൽ തളിർക്കുമെങ്കിലോ…
നീറുന്നൊരോർമ്മയിൽ വിമൂകമാനസം
വിലോലചിന്തയിൽ വിഷാദമൂറുന്നു.
അകലെ മേഘത്തിൽ മറഞ്ഞൊരമ്പിളി
പടർത്തി കൂരിരുൾ മമ മനസ്സിലും …
തമസ്സിൻ ഗർത്തത്തിൽ ഉഴറുന്നേകയായ്
വിരഹനോവിതിൽ പിടഞ്ഞു തീരുന്നു.
വരണ്ട ഭൂമിയിൽ വിടർന്ന പൂവുപോൽ
വരില്ലേയെന്നിൽ നിന്നകന്ന സ്വപനങ്ങൾ
വിരിഞ്ഞ പൂക്കളാൽ നിറഞ്ഞ പൂമരം
കരിഞ്ഞ സ്വപ്നത്തിൽ പ്രതീക്ഷയേകുന്നു.
അറിഞ്ഞ നാളതിൽ പകർന്ന സ്നേഹമോ
പടർന്നുനിൽക്കുന്നു പകലിരവുകൾ ….
അനന്തസീമയിൽ മറഞ്ഞ സൂര്യനായ്
അകന്നതോഴനേ കാത്തിരിക്കയാണു ഞാൻ
കദന ഭാരത്താൽ തളർന്ന കണ്ണുകൾ
കരയും വേളയിൽ ഉതിരുമശ്രുക്കൾ
നിറഞ്ഞകണ്ണുകൾ തുടയ്ക്കുകില്ല ഞാൻ
നിറഞ്ഞ പുഞ്ചിരി തലോടലേൽക്കാതെ.
പൂവിനുള്ളിലെ പരാഗരേണുപോൽ
മാനസത്തിൽ നീ പകർന്നൊരോർമ്മകൾ
വരില്ലേ മൽപ്രിയാ … വിമൂകമീവഴി
വിടർത്തുകില്ലേ നീ വരണ്ട മോഹങ്ങൾ
നിൻ ശ്വാസനിശ്വാസ ചൂടേറ്റുണർന്നിടാൻ
കൊതിക്കയാണു ഞാൻ വരില്ലേയിന്നു നീ
പതിഞ്ഞൊരീണംപോൽ കടന്നു വന്നിടും
പദസ്വനത്തിനായ് കാതോർത്തിരിക്കയായ്.

 

Share This:

Comments

comments