Sunday, December 7, 2025
HomeKeralaപിണറായിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല.

പിണറായിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല.

പിണറായിലെ പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കില്ല.

ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയുടെ മൂന്നാം ദിനത്തിലെ യാത്രയില്‍ നിന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറി. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ഷാ പിന്‍മാറിയതെന്നാണ് ഔദ്യോഗിക വിശദീകരണം. കുമ്മനം രാജശേഖരനാണ് അമിത് ഷാ പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത്.
ജാഥയുടെ മൂന്നാം ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തംനാടായ പിണറായിയിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. പിണറായിയിലൂടെ കടന്നുപോകുന്ന യാത്രയില്‍ ഷാ പങ്കെടുക്കുമെന്നും വൈകിട്ട് നടക്കുന്ന സമാപന യോഗത്തില്‍ പ്രസംഗിക്കുമെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടിലും ഷാ പങ്കെടുക്കുന്നില്ല. ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ഷായുടെ പിന്‍മാറ്റം.
പിണറായിയിലെ യാത്രയില്‍ ഷായുടെ സാന്നിധ്യം വലിയ ആവേശത്തോടെയായിരുന്നു ബിജെപി അണികള്‍ കണ്ടിരുന്നത്. വന്‍വാര്‍ത്താ പ്രാധാന്യവും ഇത് നേടിയിരുന്നു. ജാഥയുടെ ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഷാ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ആദ്യദിനത്തിലെ യാത്രയ്ക്ക് ശേഷം മംഗളുരുവിലെ പരിപാടി റദ്ദാക്കിയാണ് ഷാ ദില്ലിക്ക് മടങ്ങിയത്. ഇന്നത്തെ യാത്രയ്ക്ക് തിരിച്ചെത്തുമെന്നായിരുന്നു സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ പൊടുന്നനെ ഷാ യാത്രയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട അടിയന്തര യോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തെന്നും അതില്‍ പങ്കെടുക്കുന്നതിനാലാണ് ഷാ പിന്‍മാറിയതെന്നുമാണ് സംസ്ഥാന നേതൃത്വം നല്‍കുന്ന വിശദീകരണം.
RELATED ARTICLES

Most Popular

Recent Comments