Friday, April 19, 2024
HomeAmericaവിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഓഗസ്റ്റ് 3-ന് ഞായാറാഴ്ച.

വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഓഗസ്റ്റ് 3-ന് ഞായാറാഴ്ച.

വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ സോമർസെറ്റ് സെൻറ് തോമസ് ഫൊറോനാ ദേവാലയത്തിൽ ഓഗസ്റ്റ് 3-ന് ഞായാറാഴ്ച.

സെബാസ്റ്റ്യൻ ആൻ്റണി.
ന്യൂ ജേഴ്‌സി: സോമർസെറ്റ്‌ സെൻറ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ വരുന്ന ഞായാറാഴ്ച രാവിലെ 10:30-ന് ആഘോഷപൂർവ്വം കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ലിഗോറി ജോൺസൻ ഫിലിപ്സ് അറിയിച്ചു.
രാവിലെ 10:30-ന് ലതീഞ്ഞും തുടർന്ന് ആഘോഷപൂർണ്ണമായ വിശുദ്ധ ദിവ്യബലിയും നടക്കും.
കേരള സഭക്കും സമൂഹത്തിനും അഭിമാനമായി ഭാരതത്തിലെ ആദ്യ വിശുദ്ധ അൽഫോൻസാമ്മക്കു ശേഷം 1914 നവംബർ 23-നു ചാവറയച്ചനും, എവുപ്രാസ്യമ്മയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
കര്‍മലയുടെ പ്രാര്‍ഥനാപൈതൃകം സ്വന്തം ജീവിതത്തില്‍ ആവുന്നത്ര സ്വായത്തമാക്കി ഒരേ സമയം ദൈവോന്മുഖതയിലും, പരോന്മുഖതയിലും ജീവിച്ചു വിശുദ്ധിയുടെ ഉന്നത സോപാനത്തിലേയ്ക്കു പറന്നുയര്‍ന്ന വിനീത കന്യകയാണ് വിശുദ്ധ എവുപ്രാസ്യാമ്മ. അതുമല്ലെങ്കിൽ, സന്യാസത്തിലെ അതിഭൗതീക വാദത്തിനും അമിതമായ സങ്കീർണ്ണതകൾക്കും ലാളിത്യം എന്ന സുകൃതം കൊണ്ട് ദൈവം കൊടുക്കുന്ന ഉത്തരമാണ് ” എവുപ്രാസ്യാമ്മ “.
വിശുദ്ധി നിറഞ്ഞവർ ഇല്ലാതെ പോകുന്നല്ലോ എന്ന് നെടുവീർപ്പെട്ട ചാവറപിതാവിന്റെ കൂനൻമാവിലെ (തൃശൂർ) സ്വപ്ന വീട്ടിൽ ചേർന്ന റോസാ എന്ന പെൺകുട്ടി ആ പിതാവിനോടൊത്തു തന്നെ ദൈവത്തെ മഹത്വപ്പെടുത്തി.
വത്തിക്കാനിൽ നടന്ന ഒരു ഔപചാരിക ചടങ്ങിൽ, പെട്ടന്ന് അവർ വിശുദ്ധരായതൊന്നുമല്ല, മറിച്ച് വിശുദ്ധർ ആയി ജീവിച്ചത് കൊണ്ട് ലോകം അതിനെ അംഗീകരിച്ചു എന്ന് മാത്രം.
ദാരിദ്യ്രത്തെ ഏറെ സ്നേഹിച്ച എവുപ്രാസ്യാമ്മ അരികിലെത്തുന്നവരെ ഉപദേശിക്കുമായിരുന്നു. പണം കുറഞ്ഞാലും പുണ്യം കുറയരുത്. മരിച്ചാലും മറക്കില്യാട്ടോ… എന്നതായിരുന്നു എവുപ്രാസ്യാമ്മയുടെ സ്നേഹമസൃണമായ നന്ദിവാക്കുകളും യാത്രാമൊഴിയുമൊക്കെ. മുതിര്‍ന്നവരായാലും കുഞ്ഞുങ്ങളായാലും വാക്കുകള്‍ക്കു മാറ്റമില്ല.അനുഗ്രഹപ്പൂമഴ തൂകാന്‍ അമ്മ വിശുദ്ധ പദവിയിലേക്കെത്തുമ്പോള്‍ ആ വാക്കുകള്‍ അന്വര്‍ഥമാവുകയാണ്.
സോമർസെറ്റ് ദേവാലയം വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ കൊണ്ടാടുന്ന ഈ അവസരത്തിൽ തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവ്വം പങ്കുകൊണ്ട് വിശുദ്ധയുടെ മാധ്യസ്ഥം വഴി അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി വികാരി ഫാ. ലിഗോറി ജോൺസൻ ഫിലിപ്സ് അറിയിച്ചു. തിരുനാളിന്റെ പ്രസുദേന്തി തോമസ് ആൻഡ് ആനി വേങ്ങത്തടം കുടുംബാംഗങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്ക്: മിനിഷ് ജോസഫ്(ട്രസ്റ്റി) 201-978-9828, മേരിദാസൻ തോമസ്(ട്രസ്റ്റി) 201- 912-6451, ജസ്റ്റിൻ ജോസഫ്(ട്രസ്റ്റി) 732-762-6744, സാബിൻ മാത്യു(ട്രസ്റ്റി) 848-391-8461.
വിശുദ്ധ എവുപ്രാസ്യാമ്മയെ കൂടുതൽ അറിയാൻ:
ചാവറ അച്ചൻ സ്ഥാപിച്ച കർമല മഠത്തിലെ അംഗമാണ് ചാവറ അച്ചനോടൊപ്പം വിശുദ്ധയാക്കപ്പെട്ട എവുപ്രാസ്യാമ്മ. മരിക്കിന്നതിന് അഞ്ചു വർഷം മുമ്പ്1866- ലാണ് ഈ സന്യാസിനി സമൂഹത്തന് ചാവറ അച്ചൻ തുടക്കമിട്ടത്. ആദ്യ സന്യാസിനികളിൽ രണ്ടുപേർ വിധവകളായിരുന്നു. വൈധ്യവും തൊട്ടുകൂടായ്‌മയായി കരുതിയിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇത്. മഠം ആരംഭിച്ചു 31-വർഷത്തിന് ശേഷം കർമലമഠത്തിൽ അംഗമായി ചേർന്ന എവുപ്രാസ്യാമ്മ വിശുദ്ധയാക്കപ്പെടുമ്പോൾ ഇത്തരമൊരു അംഗീകാരം മറ്റൊരു സന്യാസ സഭക്കും അവകാശപ്പെടാനാവില്ല.
1877 ഒക്ടോബര്‍ 17ന് തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ എലുവത്തിങ്കല്‍ ചേര്‍പ്പുകാരന്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായി ജനിച്ചു. 1877 ഒക്ടോബര്‍ 25 ന് എടത്തിരുത്തി ദേവാലയത്തില്‍ മാമോദീസ നല്‍കി റോസ എന്നു പേരിട്ടു.ഒമ്പതാമത്തെ വയസ്സിൽ ദൈവത്തിനു സ്വയം സമർപ്പിച്ച ജീവിതം. പന്ത്രണ്ടാമത്തെ വയസ്സിൽ തിരു ക്കുടുംബത്തിൻറെ അത്ഭുത ദർശനം. അഞ്ചു ദശാബ്ദക്കാലം നീണ്ട സന്യാസ ജീവിതം.ആദ്ധ്യാൽമിക പ്രഭ നിറച്ചതായിരുന്നു. നിരന്തരമായ പ്രാർത്ഥനയായിരുന്നു എവുപ്രാസ്യാമ്മയുടെ ജീവിതം. പ്രാർത്ഥിക്കുന്ന അമ്മ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. സക്രാരിയുടെ മുന്നിലായിരുന്നു അവരുടെ ജീവിതം. രാത്രിയും, പകലും ജപമാലയർപ്പണത്തിൽ മുഴുകി. മധ്യസ്ഥ പ്രാർത്ഥനയിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റി.
രണ്ടു കാൻസർ രോഗികളുടെ അത്ഭുതകരമായ രോഗ ശാന്തിയാണ് എവുപ്രാസ്യാമ്മയെ വാഴ്‌ത്തപ്പെട്ടവളും, വിശുദ്ധയുമായി ഉയർത്താനുള്ള കാരണമായി സഭ കണ്ടെത്തിയത്.
പണത്തിൽ കുറഞ്ഞാലും, പുണ്യത്തിൽ കുറയരുത് എന്ന എവുപ്രാസ്യാമ്മയുടെ ആഹ്വാനം സമൂഹത്തെ സ്വാധീനിച്ചു. ലാളിത്യവും സ്നേഹവും നിറഞ്ഞതായിരുന്നു അമ്മയുടെ ജീവിതം.അത് കണ്ട് ധാരാളം പേർ അത് സ്വന്തം ജീവിതത്തൽ സ്വായത്തമാക്കി.
കുടുംബങ്ങളുടെ മധ്യസ്ഥയായാണ് എവുപ്രാസ്യാമ്മ അറിയപ്പെടുന്നത്. സ്വത്തു തർക്കം, കുടുംബങ്ങൾ തമ്മിലുള്ള ഭിന്നത, മക്കലില്ലായ്മ്മ, വിവാഹ തടസ്സം, സാമ്പത്തിക ബാധ്യതകൾ, രോഗങ്ങൾ, മനോ വൈകല്യങ്ങൾ തുടങ്ങിയ നിരവധി പ്രശ്നങ്ങളുമായി അവർ അമ്മയുടെ അടുത്തെത്തി സ്വാന്ത്വനം തേടി മടങ്ങി.
1963 ഓഗസ്റ് 29 നു ബിഷപ് മാര്‍ ജോര്‍ജ് ആലപ്പാട്ട് രോഗശാന്തിയും അദ്ഭുതപ്രവര്‍ത്തനങ്ങളും ലഭിക്കാനുള്ള പ്രാര്‍ഥന തയാറാക്കിയതോടെ എവുപ്രാസ്യാമ്മയുടെ മധ്യസ്ഥതയ്ക്കും നാമകരണ നടപടികള്‍ക്കും തുടക്കമായി. 1987 ഓഗസ്റ് 17 നു ബിഷപ് മാര്‍ ജോസഫ് കുണ്ടുകുളം ഫാ. ലൂക്കോസ് വിത്തുവട്ടിക്കല്‍ സിഎംഐയെ ആദ്യ പോസ്റുലേറ്ററായി നിയമിച്ചു. ഒക്ടോബര്‍ 22 നു രൂപതാതല നാമകരണ കോടതി സ്ഥാപിച്ചു. മാര്‍ ജോസഫ് കുണ്ടുകുളം പ്രസിഡന്റും മോണ്‍. ജോസഫ് വിളങ്ങാടന്‍ ജഡ്ജിയും അന്നു വൈദികനായിരുന്ന ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, റവ.ഡോ. ജോസ് ഇരിമ്പന്‍ തുടങ്ങിയവര്‍ അംഗവുമായ കോടതി 1991 ജൂണ്‍ 19നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
1992 മാര്‍ച്ച് നാലിനു സിസ്റര്‍ ക്ളിയോപാട്ര വൈസ് പോസ്റുലേറ്ററായി നിയമിതയായി. 1994 ഏപ്രില്‍ 20നു ദൈവദാസിയായി പ്രഖ്യാപിക്കാനുള്ള രേഖകള്‍ റോമിലേക്കു സമര്‍പ്പിച്ചു. 2002 ജൂലൈ അഞ്ചിനു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ധന്യയായി പ്രഖ്യാപിച്ചു. 2005 ഫെബ്രുവരിയില്‍ കാന്‍സര്‍ രോഗമുക്തി നേടിയതു സ്ഥിരീകരിച്ച് 2006 ഡിസംബര്‍ മൂന്നിനു ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. എട്ടുവര്‍ഷത്തിനകം 2014- നവംബര്‍ 23 –ന് വത്തിക്കാനില്‍ വച്ച് എവുപ്രാസ്യാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു.
RELATED ARTICLES

Most Popular

Recent Comments