Saturday, April 20, 2024
HomePoemsഎന്റെ അച്ഛൻ... (കവിത)

എന്റെ അച്ഛൻ… (കവിത)

എന്റെ അച്ഛൻ... (കവിത)

ഇന്ദു വിനീഷ്. (Street Light fb group)
സന്ധ്യക്ക്‌ പടികടന്നു
വരുന്നൊരു വിയർപ്പുമണം
കാത്തിരുന്നൊരു കാലം
ഉണ്ടായിരുന്നു …
നിലത്തുറക്കാത്ത കാലിലും
ഉടുമുണ്ടിടക്കിടെ
അഴിഞ്ഞു വീഴുമ്പോഴും
ചോരാതെ എത്തുന്ന
ഒരു പൊതിക്കായുള്ള
കാത്തിരിപ്പിന്റെ കാലം ..
അച്ഛന്റെ വിയർപ്പിന്റെ
പുളിയിൽ
അമ്മയൊരിക്കലും
കണ്ണീരുപ്പറിഞ്ഞിട്ടില്ല ..
നാലുനാൾ തോരാത്ത
മഴപെയ്ത രാത്രിയിൽ
അച്ഛന്റെ ചോറിൽ
കല്ല് വീണതെങ്ങനെ
അമ്മക്കറിയില്ലായിരുന്നു ഞങ്ങൾക്കും …
മുഴുവൻ കഴിക്കാൻ
‘അമ്മ പറഞ്ഞപ്പോൾ
കല്ലുള്ള ചോറ് നീ
തിന്നുകാണിക്കാൻ
പറഞ്ഞമ്മയെ വാശികേറ്റി
പാതിചോറൂട്ടിയപ്പോൾ
അടുക്കളയിലെ
വയറൊഴിഞ്ഞ
ചോറുപാത്രത്തിനെ
മനസിലായുള്ളു
അതു സ്നേഹകല്ലായിരുന്നെന്നു …
പെണ്ണുകാണാൻ വന്ന
ബാങ്കുകാരൻ പൊന്നിന്റെ കണക്കു
ചോദിച്ചപ്പോൾ
കൂലിപ്പണിക്കാരനെ കൊണ്ട് കല്യാണമുറപ്പിച്ചു ..
പിശുക്കനച്ചനെന്നു
ഉള്ളിൽ ശപിച്ചെന്നാൽ
പടിയിറക്കിയത്
ബാങ്കുകാരന്റെ ആവശ്യത്തേക്കാൾ
ഒരുപണത്തൂക്കം പൊന്നു കൂടുതലിട്ട്
മുരടശരീരത്തിലെ
കുട്ടിത്തം പുറത്തുവന്നത്
മുത്തശ്ശനായപ്പോളായിരുന്നു …
ആദ്യമായ് കുടിക്കാതെയാ
മിഴികൾ ചുവന്നതും
അതിലൊരു കണ്ണീർകടലിരമ്പിയതും ‘അമ്മ യാത്രയായപ്പോൾ
ഒടുവിൽഅച്ഛന്റെ സ്നേഹസാഗരത്തിന്നാഴം തെളിഞ്ഞത്
ആറടിമണ്ണിലായിരുന്നു .
മുലയൂട്ടി ‘അമ്മ വളർത്തി
ഞാൻ നടക്കും വരെ
ചോരയൂറ്റി അച്ഛൻ വളർത്തിയത്
അച്ഛന്റെ മരണം വരെ …
നിൻ രക്തത്തിലെൻ പിറവി
നിൻ വിയർപ്പാലെൻ വളർച്ച
നിൻ വിയോഗമതല്ലേ അച്ഛാ
ഇന്നെൻ ജീവിതത്തിലേറ്റം തളർച്ച …
RELATED ARTICLES

Most Popular

Recent Comments