Thursday, April 25, 2024
HomeKeralaപുതിയ ജനാധിപത്യ ഭാവനകള്‍ കാമ്പസ് രാഷ്ട്രീയത്തെ പുതുക്കിപ്പണിയും: ജിനമിത്ര.

പുതിയ ജനാധിപത്യ ഭാവനകള്‍ കാമ്പസ് രാഷ്ട്രീയത്തെ പുതുക്കിപ്പണിയും: ജിനമിത്ര.

പുതിയ ജനാധിപത്യ ഭാവനകള്‍ കാമ്പസ് രാഷ്ട്രീയത്തെ പുതുക്കിപ്പണിയും: ജിനമിത്ര.

റബീ ഹുസൈന്‍.
എറണാകുളം: പുതിയ ജനാധിപത്യ ഭാവനകളും കൂട്ടായ്മകളും കാമ്പസ് രാഷ്ട്രീയത്തെ പുനരാവിഷ്‌കരിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര. ‘സാഹോദര്യത്തിന്റെ പുതിയ ആകാശങ്ങള്‍ പണിത് നീതിയുടെ കാവലാളാവുക’ എന്ന തലക്കെട്ടില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാമ്പസുകളില്‍ ഉയര്‍ന്നു വരുന്ന പുതുതലമുറയുടെ സംവാദ രാഷ്ട്രീയത്തെയും ജനാധിപത്യ ഉണര്‍വുകളെയും അടുത്തറിയുന്നതില്‍ പരമ്പരാഗത വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കേരളത്തിലെ കാമ്പസുകളില്‍ ജനാധിപത്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും നിഷേധിച്ചു കൊണ്ട് ഇടതുഫാസിസം അടക്കി ഭരിക്കുകയാണ്. സംഘ് പരിവാറിനെതിരില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിക്കുന്നു എന്നാണു എസ്.എഫ്.ഐ അവകാശപ്പെടുന്നത്. എന്നാല്‍ എറണാകുളം മഹാരാജാസിലും തലശ്ശേരി പാലയാട് കാമ്പസിലും ഇതര രാഷ്ട്രീയ ശബ്ദങ്ങളെ അവര്‍ ആക്രമിച്ചു ഇല്ലായ്മ ചെയ്യുവാനാണ് ശ്രമിക്കുന്നത്.
പരമ്പരാഗത രാഷ്ട്രീയ ശബ്ദങ്ങളില്‍ നിന്ന് വിഭിന്നമായ കൂട്ടായ്മകളും രാഷ്ട്രീയ പ്ലാറ്റ്‌ഫോമുകളും രാജ്യത്ത് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ കാല വിദ്യാര്‍ഥിപക്ഷ ഉണര്‍വ്വുകളെ അടുത്തറിയുന്നതിലും തിരിച്ചറിയുന്നതിലും എസ്.എഫ്.ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് ഫ്രറ്റേണിറ്റിയുടെ പരിപാടിക്കെതിരില്‍ നടന്ന എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍. നീതി നിഷേധിക്കപ്പെടുകയും അവകാശങ്ങള്‍ ഹനിക്കപ്പെടുകയും ചെയുന്ന വിവിധ സാമൂഹിക ജനവിഭാഗങ്ങളുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. സംഘ് പരിവാര്‍ ഫാസിസത്തിനെതിരിലും സവര്‍ണ്ണ അധീശ രാഷ്ട്രീയത്തിനെതിരിലും രൂപപ്പെടുന്ന രാഷ്ട്രീയ സാഹോദര്യത്തെയാണ് ഫ്രറ്റേണിറ്റി പ്രതിനിധീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മഹാരാജാസ് കാമ്പസില്‍ നടന്ന പരിപാടിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ഹം ഷാ ജിനമിത്രയില്‍ നിന്നും അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഫ്രറ്റേണിറ്റിയുടെ യൂണിറ്റ് ഭാരവാഹികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇന്നലെ (ജൂലൈ 18) ഉച്ച കഴിഞ്ഞ് 3 മണിയോടെ കോളേജിന്റെ പ്രധാന കവാടത്തില്‍ ഫ്രറ്റേണിറ്റിയുടെ ദേശീയ സംസ്ഥാന നേതാക്കളെ വിദ്യാര്‍ഥികള്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. തുടര്‍ന്ന് നേതാക്കളെയും ആനയിച്ചു പ്രകടനമായി നീങ്ങിയ വിദ്യാര്‍ഥികള്‍ കാമ്പസിനകത്തെ സെന്‍ട്രല്‍ സര്‍ക്കിളില്‍ ഒത്തു കൂടി. മെമ്പര്‍ഷിപ്പ് വിതരണ പരിപാടി പുരോഗമിക്കവേ മറു ഭാഗത്ത് എസ്.എഫ്.ഐ യൂണിറ്റ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. എന്തു വന്നാലും പരിപാടി നടത്തുമെന്ന് ഫ്രറ്റേണിറ്റി നേതാക്കള്‍ നിലപാടെടുത്തതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രശ്‌നം പരിഹരിക്കാന്‍ കോളേജ് അധ്യാപകര്‍ ഇരുവിഭാഗം നേതാക്കളോടും സംസാരിച്ചു. അതേ സമയം സംഘര്‍ഷം തടയാന്‍ കാമ്പസിനു പുറത്തു വന്‍ പോലീസ് സന്നാഹവും ഉണ്ടായിരുന്നു.
ചെറിയ രീതിയിലുള്ള സംഘര്‍ഷത്തിനൊടുവില്‍ അംഗത്വ വിതരണ പരിപാടി നടന്നു. പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റ് കെ.വി സഫീര്‍ ഷാ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം ഷെഫ്രിന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മീനു അഞ്ചാലും മൂട്, അഷ്‌റഫ് കെ.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫ്രറ്റേണിറ്റി യൂണിറ്റ് പ്രസിഡന്റ് ഫുആദ് സ്വാഗതവും സെക്രെട്ടറി ഇസ്ഹാഖ് നന്ദിയും പറഞ്ഞു. പരിപാടിക്ക് ശേഷം എസ്.എഫ്.ഐയുടെ ഗുണ്ടാ രാഷ്ട്രീയത്തിനെതിരില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മഹാരാജാസ് കാമ്പസില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ഫ്രറ്റേണിറ്റി ജില്ലാ കണ്‍വീനര്‍ അംജദ് എടത്തല, മഹാരാജാസ് യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ ഹരീഷ് കണ്ണന്‍, ദിവ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജില്‍ ദേശീയ വൈസ് പ്രസിഡന്റ് ജിനമിത്ര നിര്‍വ്വഹിക്കുന്നു.
RELATED ARTICLES

Most Popular

Recent Comments