Sunday, September 29, 2024
HomeLiteratureഅമ്മയും കുട്ടിയും ചുവന്നമീനും..... (കഥ)

അമ്മയും കുട്ടിയും ചുവന്നമീനും….. (കഥ)

അമ്മയും കുട്ടിയും ചുവന്നമീനും..... (കഥ)

കാർത്തിക മോഹൻ.  (Street Light fb group)
നേരം പുലർന്നു തുടങ്ങിയിരുന്നു. കുട്ടി തന്റെ കണ്ണുകൾ ബലമായിത്തുറന്ന് ചുറ്റിനും നോക്കി.. അവനു ഭയം തോന്നി, ആ ഭയത്തിൽ തലചുറ്റുന്നതുപോലെ തോന്നി.. വളരെ ഉയരത്തിൽ, വളരെ വളരെ ഉയരത്തിൽ, സാവധാനം പറന്നുനടക്കുന്ന പതുപതുത്ത ഒരു മേഘത്തിന് മുകളിലായിരുന്നു അവനപ്പോൾ. ആ മേഘത്തിനു ചുറ്റും അനേകം മേഘങ്ങൾ വേറെയുമുണ്ടായിരുന്നു.. വെളുത്ത; പഞ്ഞിക്കെട്ടുപോലുള്ള; പുകച്ചുരുളുകൾ തെന്നിനീങ്ങാതെ അടുക്കടുക്കായി ചേർത്തു വെച്ചെന്ന പോലെ കുറേയധികം മേഘങ്ങൾ. കുട്ടിയ്‌ക്കൊന്നും മനസ്സിലായില്ല, അവൻ മേഘങ്ങൾക്കിടയിൽ തന്റെ ഓടിട്ട വീട് കണ്ടെത്താനൊരു ശ്രമം നടത്തി.. അത് പാഴായപ്പോൾ പതിയേ താഴേയ്ക്ക് നോക്കി, നോക്കുംതോറും കുട്ടിയ്ക്ക് ഭയമേറി.. നൊക്കെത്തും ദൂരമെങ്ങും പരിചയമുള്ള ഒന്നിനെയും അവന്റെ കണ്ണുകൾ കണ്ടില്ല, എങ്ങും മേഘങ്ങൾ മാത്രം.. കുറേദൂരം അങ്കലാപ്പിൽ അലഞ്ഞുനടന്ന് ഒടുവിൽ ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. നിമിഷങ്ങൾക്കകം അവൻ വാവിട്ടു കരയാൻ തുടങ്ങി.
ഇന്നലെ ഇതേ സമയം കുട്ടി വീട്ടിൽക്കിടന്നു സുഖമായുറങ്ങുകയായിരുന്നു. അതിന്റെ തലേരാത്രി ഉറങ്ങുന്നതിനുമുൻപ് അമ്മ അവന് നെയ്യിട്ട് കുഴച്ച ചോറ് ഉരുളകളാക്കി വായിൽവെച്ചു കൊടുത്തിരുന്നു. ഇടയ്ക്ക് ദാഹിച്ചപ്പോൾ അവനു കുടിക്കാൻ തുളസിയിലയിട്ടു തിളപ്പിച്ച് ആറിയ വെള്ളം പാത്രത്തിലാക്കിക്കൊടുത്തിരുന്നു. അതിനും മുൻപേ അമ്മ അവന്റെ ദേഹത്തു മുഴുവൻ എണ്ണതേച്ച്, വെള്ളത്തിന് ചൂട് പാകമാണോയെന്നറിയാൻ അത് കൈകൊണ്ടൊന്നു തൊട്ടുനോക്കി, ഇളം ചൂടെന്നുറപ്പിച്ച്, ആ വെള്ളത്തിൽ അവനെ കുളിപ്പിച്ച് മിടുക്കനാക്കിയിരുന്നു. അന്നുരാവിലെയും അമ്മ തന്റെ വിരലിൽ ഉമിക്കരിയെടുത്ത് അവന്റെ കുഞ്ഞരിപ്പല്ലുകൾ തേച്ചുമിനുക്കിയിരുന്നു. അതിനും മുൻപേ, അവൻ തഴപ്പായയിൽക്കിടന്ന് ഉറക്കമുണർന്ന് ചിണുങ്ങിക്കരഞ്ഞപ്പോൾ അവന്റെയടുത്തുപോയിരുന്ന് അവനെ മടിയിലേയ്‌ക്കെടുത്തിരുത്തി പുന്നാരിപ്പിച്ചിരുന്നു.
ആ രാത്രി അവനുറങ്ങാൻ തുടങ്ങുന്നതിനുമുൻപ് അമ്മ അവനെച്ചേർത്തുപിടിച്ച് പതിഞ്ഞ താളത്തിൽ പാട്ടുപാടിയിരുന്നു, അവനിഷ്ടമുള്ള കഥകൾ പറഞ്ഞുകൊടുത്തിരുന്നു.. ആ കഥകളിലെല്ലാം കുട്ടി രാജകുമാരനായിരുന്നു.. അമ്മയാവട്ടെ രാജകുമാരന്റെ അമ്മയും. അമ്മയുടെ രാജകുമാരനെ തോൽപ്പിക്കാൻ പുഴ നീന്തിയും കാടു കടന്നും മല കയറിയും പലരും വന്നു, പക്ഷേ ജയിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല, അതിനവർക്ക് അമ്മയുടെ സമ്മതം വേണമായിരുന്നു. ഒരിക്കൽപ്പോലും അമ്മയതിനു വഴങ്ങാത്തതിനാൽ വന്നവരിൽ ചിലരെല്ലാം അവന്റെ മുന്നിൽ കീഴടങ്ങുകയും ബാക്കിയായവർ അവരവർ വന്ന വഴിയേ ജീവനും കൊണ്ടോടുകയും ചെയ്തു. അമ്മ അന്നത്തെ കഥ മുഴുമിക്കുംമുൻപേ കുട്ടി ഉറക്കം പിടിച്ചിരുന്നു. ഉറക്കത്തിൽ അവനൊന്നും അറിഞ്ഞില്ല.. അമ്മ അവന്റെ നിറുകയിൽ തഴുകുന്നതും ക്ഷീണിച്ച ആ കണ്ണുകൾ തുളുമ്പുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഒന്നും അവനറിഞ്ഞില്ല.. അവൻ സുഖമായുറങ്ങി. ഇന്നലെ പുലരുംവരെ കുട്ടി സുഖമായുറങ്ങി.
പതിവുപോലെ പൊട്ടിയ ഓടിനിടയിലൂടെ ഇരുട്ടിനെതുളച്ച് വീടിനുള്ളിലേയ്ക്കുവന്ന വെളിച്ചം കണ്ട് ഉറക്കമുണർന്ന് തഴപ്പായിൽക്കിടന്ന് കുട്ടി ചിണുങ്ങിക്കരഞ്ഞു. ഒന്നല്ല,രണ്ടല്ല.. പലവട്ടം കരഞ്ഞു.. എന്നിട്ടും അവനെയെടുത്ത് മടിയിൽ വെയ്ക്കാൻ അമ്മ ഓടിവന്നില്ല. പരിഭവത്തിൽ കരച്ചിൽ ഉച്ചത്തിലാക്കി കണ്ണു തിരുമ്മി ചുറ്റും നോക്കുമ്പോൾ അമ്മ അവന്റെയരികിൽത്തന്നെ കിടപ്പുണ്ടായിരുന്നു, അവൻ അമ്മ കേൾക്കാനായി വീണ്ടും ഉച്ചത്തിൽ കരഞ്ഞു.. പക്ഷേ അമ്മയൊരിക്കൽപ്പോലുമത് കേട്ടില്ല, എഴുന്നേറ്റതുമില്ല. അവന്റെ കരച്ചിൽ കേട്ട് അപ്പുറത്തെ വീട്ടിലെ പ്രായമായ സ്ത്രീ ഓടിവന്നു. വന്നപാടെ അവർ കുട്ടിയുടെ അമ്മയെ കുലുക്കിവിളിച്ച് ഉണർത്താൻ ശ്രമിച്ചു.. അമ്മ ഉണർന്നില്ല, എന്തിന്.. അവരെയോ അവനെയോ ഒന്നു നോക്കിയതുപോലുമില്ല. അവനെയൊക്കത്തെടുത്തുവെച്ച് അവർ പുറത്തേക്കോടി. അല്പസമയത്തിനകം ഓടിട്ട വീടിനുള്ളിലും പുറത്തും ധാരാളം ആളുകളായി.. ആരോ ഒരാൾ അമ്മയും കുട്ടിയും എന്നും കിടന്നുറങ്ങാറുള്ള തഴപ്പായ ഉമ്മറത്ത് കൊണ്ടുപോയി നീർത്തിയിട്ടു, ക്ലാവു പിടിച്ച നിലവിളക്ക് നിറയെ എണ്ണയൊഴിച്ച്; തിരിയിട്ട് പായിന്റെ അങ്ങേത്തലപ്പത്തു കത്തിച്ചുവെച്ചു. ആരൊക്കെയോ ചേർന്ന് അമ്മയെ എടുത്തുകൊണ്ടുവന്നു പായിൽ കിടത്തി. മറ്റാരോ അമ്മയെ വെള്ളത്തുണി കൊണ്ട് പുതപ്പിച്ചു. അയൽപക്കത്തെ സ്ത്രീ കുട്ടിയേയും കൊണ്ട് അമ്മയ്ക്കടുത്തിരുന്നു. അവർ സങ്കടത്തിൽ വിതുമ്പുകയും ചിലപ്പോഴെല്ലാം എങ്ങലടിക്കുകയും ചെയ്തു. കുട്ടി അവരുടെ മടിയിലിരുന്ന് അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.. അമ്മയുടെ വായിൽ നിന്നും ചോര വലതുവശത്തേക്കൊഴുകി പിന്നെയെപ്പോഴോ ഒഴുകാനാവത്തെ കട്ടപിടിച്ചിരിപ്പുണ്ടായിരുന്നു. കുട്ടിയോർത്തിട്ടുണ്ടാവാം.. തലേന്ന് താനുറങ്ങാൻ തുടങ്ങുമ്പോൾ അമ്മയുടെ ചിറിയിൽ ചോരയുണ്ടായിരുന്നില്ല, വായിൽ പാട്ടും കഥകളുമായിരുന്നു. അതുമാത്രമല്ല, അമ്മ കണ്ണടച്ചിട്ടുണ്ടായില്ല, കണ്ണിൽ താനായിരുന്നു.. ഇപ്പോൾ, ഉറക്കമുണർന്ന് ഇത്ര നേരമായിട്ടും അമ്മ എഴുന്നേറ്റില്ല, തന്നെ ഒരിക്കൽപ്പോലും നോക്കിയില്ല, ചേർത്തുപിടിച്ചതുമില്ല. കുട്ടിയുടെ കുഞ്ഞുതൊണ്ടയിൽ ഉച്ഛത്തിലുള്ള കരച്ചിൽ പരിഭവത്തിലും അമ്പരപ്പിലും കുരുങ്ങി നിന്നു.
അമ്മയുടെ മറുവശത്തു നിന്നും ഒരു സ്ത്രീശബ്ദം അടക്കം പറഞ്ഞു.
“ഉറക്കത്തില് പോയത് ഒരുകണക്കിന് നന്നായി, വേദനയറിഞ്ഞില്ല്യാല്ലോ.. ഈ കുഞ്ഞിന്റെ കാര്യമോർക്കുമ്പോഴാ ദെണ്ണം..”
അടക്കം പറച്ചിലിൽ മറ്റൊരു സ്ത്രീയുടെ മറുപടിയും ഉണ്ടായി..
“അതിന്റെ തന്ത അത് ജനിച്ചപ്പോൾ ഇതുങ്ങളെ ഇട്ടേച്ചു പോയതല്ലിയോ, രണ്ടു മൂന്നു വർഷമായില്ലേ, ജീവിച്ചിരിപ്പുണ്ടോ എന്തോ..”
ശേഷം മുതിർന്ന ഒരു പുരുഷശബ്ദം അവിടെ ഉയർന്നുകേട്ടു.. “എത്രാന്നു വെച്ചാ ഇതിങ്ങനെ കാത്തുവെയ്ക്കുന്നെ, കുളിപ്പിക്കാനെടുക്കാം”
ആ ശബ്ദം ഓടിട്ട വീടിനെ ആകമാനം നിശ്ശബ്ദമാക്കി. മുഴക്കമുള്ള ശബ്ദത്തിനുപിന്നാലെ ആരൊക്കെയോ വന്ന് അമ്മയെ എടുത്തുകൊണ്ടുപോയി. അവർ അമ്മയെ കുളിപ്പിച്ചു, അമ്മയോടൊപ്പം കുട്ടിയേയും കുളിപ്പിച്ചു. അമ്മയ്ക്ക് സ്വന്തമായാരും ഉണ്ടായിരുന്നില്ല, അതുകൊണ്ടുതന്നെ വല്ല്യ ചടങ്ങുകളും ഉണ്ടായില്ല. അടുക്കിവെച്ച വിറകുകൊള്ളികൾക്കുള്ളിലെ അമ്മയുടെ ദേഹത്തിന് കുട്ടിയെക്കൊണ്ട് തീ കൊളുത്തിക്കുമ്പോൾ അവിടെക്കൂടിയിരുന്ന ആളുകൾക്കൊപ്പം ആകാശവും നടുങ്ങിവിറച്ചു.. ഇടിവെട്ടി മഴ ആർത്തുപെയ്തു. അമ്മയെ പിരിഞ്ഞ കുട്ടിയുടെ കരച്ചിൽ പ്രകൃതിയുടെയാ രോദനത്തിൽ സാവധാനം അലിഞ്ഞില്ലാതായി.
പ്രായമായ സ്ത്രീയുടെ മടിയിൽക്കിടന്നാണ് അന്ന് രാത്രി കുട്ടിയുറങ്ങിയത്. അവൻ ഒന്നും കഴിച്ചിരുന്നില്ല, അവന് വിശന്നിരുന്നില്ല.. അമ്മയെച്ചോദിച്ച് കരഞ്ഞു തളർന്ന് കണ്ണുകളും കവിളുകളും വീങ്ങി അവൻ ഉറങ്ങി. ഇന്ന് രാവിലെ ഉണർന്നപ്പോൾ എന്തുകൊണ്ടോ അവൻ കരഞ്ഞില്ല. പകരം എഴുന്നേറ്റ് തനിയെ മുറ്റത്തേക്കിറങ്ങി. മുറ്റത്ത് അവന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ.. ചുവന്ന നിറമുള്ള കൂട്ടുകാരൻ.. ഒരു ചെറിയ മീൻ, അനക്കമറ്റു കിടപ്പുണ്ടായിരുന്നു. അതുവരെ അത് ഓടിക്കളിച്ചിരുന്ന സ്ഫടികക്കുപ്പി അടുത്തായി പൊട്ടിക്കിടന്നിരുന്നു. കുട്ടി ചുവന്ന മീനിനെ കൈയിലെടുത്തു.. തൊട്ടു നോക്കി, തലോടി നോക്കി.. അത് അനങ്ങിയതേയില്ല. കുട്ടിയ്ക്ക് അമ്മ പറഞ്ഞതോർമ്മ വന്നു.. അവൻ അതിനെയുംകൊണ്ട് വീടിനു പിറകിലെ കുളത്തിനരികിലേയ്ക്ക് നടന്നു. ആദ്യമായാണ് അവൻ ഒറ്റയ്ക്ക് ആ പടവുകളിറങ്ങുന്നത്, പക്ഷേ പേടി തീരെയും തോന്നിയില്ല.. താഴേയ്ക്കിറങ്ങിച്ചെന്ന് കൈയിലെ മീനിനെ അവൻ മുന്നിലെ വെള്ളത്തിലേയ്ക്കിട്ടു.. കുറച്ചു നേരം നോക്കിനിന്നിട്ടും അത് അനങ്ങിയില്ല, പകരം കുളത്തിൽ പൊങ്ങിക്കിടന്നു.. കുട്ടി സംശയിക്കാതെ അതിനൊപ്പം വെള്ളത്തിലേയ്ക്കിറങ്ങി.. കുട്ടിയുടെ കാലുകൾ നനഞ്ഞു, ഒട്ടിയ വയറും എല്ലുപൊന്തിയ നെഞ്ചും നനഞ്ഞു.. മൂക്കും കണ്ണും മുടിയും നനഞ്ഞു.. കുട്ടി വെള്ളത്തിൽ പതിയേ മുങ്ങിത്താണു..
കുട്ടി തന്റെ കണ്ണുകൾ ബലമായിത്തുറന്ന് ചുറ്റിനും നോക്കി.. മേഘങ്ങൾ അവനെയുംകൊണ്ട് കുറേയേറെ ദൂരം സഞ്ചരിച്ചുകഴിഞ്ഞിരുന്നു. അവൻ പിന്നെയും ഭയപ്പെട്ട് വാവിട്ടു കരയാൻ തുടങ്ങി. കരയുന്ന കുട്ടിയേയും കൊണ്ട് മേഘങ്ങൾ പിന്നെയും മുന്നോട്ട് നീങ്ങി. അല്പനേരത്തിനുള്ളിൽ വെളുത്ത മേഘങ്ങളെല്ലാം കാറണിഞ്ഞു, ഇരുണ്ട മേഘങ്ങളിൽനിന്നും മഴ ആദ്യം മെലിഞ്ഞും പിന്നെപ്പിന്നെ ശക്തിയിലും പെയ്യാൻ തുടങ്ങി. ചന്നം പിന്നം വീഴുന്ന മഴത്തുള്ളികൾക്കിടയിൽ കുട്ടി എപ്പോഴോ അമ്മയുടെ മുഖം അവ്യക്തമായി കണ്ടു.. അമ്മ പറന്ന് അവനടുത്തേയ്ക്ക് വന്നു.. നനഞ്ഞുകുതിർന്നിരുന്ന ശോഷിച്ച കൈകൾ അവനെ വാരിപ്പുണർന്നു.. അമ്മ തന്റെ നിറുകയിൽ ഉമ്മ വെയ്ക്കുമ്പോൾ കുട്ടി വ്യക്തമായിക്കണ്ടു, അമ്മയുടെ ചിറിയിൽ തലേന്ന് കട്ടപിടിച്ചുകിടന്നിരുന്ന ചോര മാഞ്ഞുപോയിരിക്കുന്നു.. അമ്മ ചിരിക്കുന്നു.. ആ ചിരിക്കിടയിലും കണ്ണുകൾ നിറഞ്ഞിരിക്കുന്നു…
RELATED ARTICLES

Most Popular

Recent Comments