മുത്തലാക്കും മുല്ലപ്പൂവും. (കഥ)

മുത്തലാക്കും മുല്ലപ്പൂവും. (കഥ)

0
1146
നൂറനാട് ജയപ്രകാശ്. (Street Light fb group)
ഞാൻ നവാസ്………….
തുണയായ പെണ്ണിനേയും,മണമുള്ള മണ്ണിനേയും.പണമില്ലാത്ത
മാതാപിതാക്കളെയും കളഞ്ഞിട്ട് ആഡംബരത്തിന്‍റെ പറുദീസയിൽ
ജീവിക്കുന്ന ഒരു പ്രവാസിയാണ്.
പണമാണ് ലോകത്തേ ഏറ്റവും വിലയുള്ള വികാരം എന്ന്
അന്ധമായി വിശ്വസിച്ച് ഒരു പണക്കുന്നിന്‍റെ മുകളിൽ ഇരുന്ന് കെട്ടറുത്ത ബന്ധങ്ങളുടെ ഭിക്ഷ യാചിക്കുന്നു.
എന്‍റെ കഥ കേൾക്കുമ്പോൾ ചിലർക്ക് ചിരി വരാം ചിലർക്ക്
ദേഷ്യം വരാം പക്ഷേ സഹതാപം ആരിലും ഉണ്ടാകില്ല എന്ന്
എനിക്കുറപ്പുണ്ട്. എങ്കിലും ഞാനത് പറയുന്നു.
നിനക്ക് അങ്ങനെതന്നെ വരണം എന്ന് ആരെങ്കിലും ഒരാൾ
പറഞ്ഞാലും അത് എനിക്ക് കിട്ടാവുന്ന കുറഞ്ഞ ശിക്ഷകളിൽ
ഒന്നായി ഞാൻ അതിനെ വിലയിരുത്തും.
ദൈവത്തിന് നിരക്കാത്തത് ഒന്നും ചെയ്യാത്ത ഒരു ബാപ്പയുടെ
മകനായി ജനിച്ച ഞാൻ പക്ഷേ ദൈവത്തിന് നിരക്കാത്തത്
പലതും ചെയ്തു.ഉമ്മയും ഉപ്പയും അനുജത്തിയും അടങ്ങിയ
ഒരു ചെറിയ കുടുംബം.
ബാപ്പ ഇസ്മായേൽ ദൈവവിശ്വാസങ്ങളെ എന്നും അഞ്ച് നേരം
നെറ്റിയിലേറ്റുന്ന ഒരു വിശ്വാസിയാണ്.ചെറുതായി
മരക്കച്ചവടത്തിന്‍റെ ഇടപാടും ഉണ്ട്.
എന്നേ പഠിപ്പിച്ച് സിവിൽ എഞ്ചിനീയർ ആക്കി. ഇളയവൾ
ഡിഗ്രിക്ക് പഠിക്കുന്നു.തൊഴിൽ പരിചയത്തിനായി ഞാൻ
ഒരു നിർമ്മാണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കാലം .
ഞാൻ യാത്ര ചെയ്യുന്ന ബസ്സിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള
മുല്ലപ്പൂമണം പരത്തി എന്നും ഒപ്പം യാത്ര ചെയ്യുന്ന ഒരു
സഹയാത്രിക ഉണ്ടായിരുന്നു എനിക്ക്.
തുണയേ കണ്ടെത്തുന്നത് മതമല്ല മനസ്സാണ് എന്ന് തോന്നിത്തുടങ്ങിയപ്പോൾ ജീവിതത്തിലും അവളേ സഹയാത്രിക
ആക്കാൻ തീരുമാനിച്ചു.തട്ടമിട്ടവൾ മാത്രമേ തനിക്ക്
തുണയാകാവു എന്ന് ബാപ്പയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു.
എനിക്ക് ആ ധാരണ ഒട്ടും ഇല്ലായിരുന്നു.
മനസ്സിലെ മോഹം മുല്ലപ്പൂമണത്തിന്‍റെ ഉടമയെ അറിയിച്ചു.
മറുപിടി ഒരു ചിരിയിലൊതുക്കി.എന്നേപ്പറ്റി എല്ലാം അറിഞ്ഞപ്പോൾ
ആ ചിരിയിൽ ഒരു പേടിയും നിഴലിച്ചോ..? എന്നെനിക്ക് തോന്നി.
വായിച്ചറിവുള്ള “ലൗ ജിഹാദിന്” ഇരയാകേണ്ടിവരുമോ എന്ന
പേടിയാണ് അതെന്ന് അവൾ തുറന്നു പറഞ്ഞു.
ഒരിക്കലുമില്ലെന്ന് ഉറപ്പുപറഞ്ഞപ്പോൾ അവൾ അവളേപ്പറ്റി
പറഞ്ഞു.”തൃപ്തി” എന്നാണ് പേര് ബാങ്കിൽ ഒരു ചെറിയ ജോലി
ഉണ്ട് സ്ഥിരം അല്ല ഒരു വർഷം കഴിയുമ്പോൾ സ്ഥിരം ആകും.
ഒരു കാരണവശാലും എന്‍റെ വീട്ടുകാർ അംഗീകരിക്കില്ല
ഈ ബന്ധം എന്ന് എനിക്ക് പൂർണ്ണമായും അറിയാം.എന്നിട്ടും
ഞാൻ നിങ്ങളോടൊപ്പം ജീവിക്കാൻ തയ്യാറായാൽ ഒരു
കാര്യത്തിൽ എനിക്കൊരു ഉറപ്പ് തരണം.
ജീവിത അവസാനം വരെ എന്‍റെ വിശ്വാസങ്ങള്‍ ചോദ്യം
ചെയ്യപ്പെടരുത് .അത് എനിക്കായി വിട്ടുതരണം .ആ
വിശ്വാസങ്ങൾ നിങ്ങളുടേതാക്കാൻ ശ്രമിക്കരുത്.ആ ഉറപ്പ്
തന്നാൽ നമുക്കൊന്നിച്ചു ജീവിക്കാം.
ഞാൻ സമ്മതിച്ചു. ഉപ്പ എതിർക്കും എന്നറിഞ്ഞിട്ടും ഞാൻ
ഉപ്പയോട് കാര്യം പറഞ്ഞു. കാര്യം കേട്ടപ്പോൾ ഉപ്പ എന്‍റെ
മുഖത്തുനോക്കി ഒന്ന് ചരിച്ചു പറഞ്ഞു.
“യ്യ് …..ഇവിടെ നിക്ക് മ്മള് നിസ്‌ക്കരിച്ചിട്ട് ബരാം “
നിസ്‌ക്കരിച്ചിറങ്ങിയ ബാപ്പയുടെ മുഖത്തു കണ്ട വികാരം
എന്തെന്ന് വായിച്ചെടുക്കാൻ എനിക്കായില്ല.
“നവാസേ …അനക്ക് തോന്നുന്നുണ്ടോ യ്യ് ..അന്യ സമുദായത്തിലെ
ഒരു കുട്ടീനേ നിക്കാഹ് കഴിച്ചാൽ മ്മടെ …സമുദായം അത്
അംഗീകരിക്കും എന്ന് …?”
സമുദായം അംഗീകരിക്കാത്ത ഒന്നിനും മ്മള് ..കൂട്ട് നിക്കൂല ..
യ്യ് …ഇപ്പൊ ആരേ നിക്കാഹ് കഴിക്കുന്നേനും മ്മക്ക് ഒരു
ഇടംകേറും ഇല്ല അത് അന്‍റെ ഉമ്മാക്കും ഉണ്ടാകില്ല .
പിന്നെ അനക്ക് ആ കുട്ടീനേ പെരുത്ത ഇഷ്ടാണെങ്കില് യ്യ് …
കേട്ടെടോ …പക്ഷേങ്കില് പരസ്യമായി മ്മൾ ..എതിർക്കും അത്
ഈ സമൂഹത്തിന് മുന്നിൽ മാത്രം.രഹസ്യമായി അന്നേ ..മ്മള്
സഹായിക്കും അത് ..യ്യ് ..മ്മടെ ചോരയായൊണ്ട് ….
മ്മടെ …നാദിറയുടെ ഭാവീം കൂടി മ്മക്ക് നോക്കേണ്ടേ നവാസേ ..?
യ്യ് ..അന്യ സമുദായത്തിൽ നിന്നും ഒരു പെങ്കുട്ടീനേ വിളിച്ചോണ്ട്
വന്നാൽ ഓൾക്ക് നല്ല ഒരു ബന്ധം കിട്ടൂന്ന് അനക്ക് തോന്നുന്നുണ്ടോ..?
ഇല്ല അപ്പൊ …ഓളുടെ കാര്യം മ്മക്ക് നോക്കാണ്ടിരിക്കാനൊക്കുമോ.?
അന്‍റെ കുട്ടി ..ഓള് ..ഒട്ട് മ്മടെ സമുദായത്തിൽ ആവുകേം ഇല്ല.
പിന്നേ …യ്യ് എടുക്കുന്ന തീരുമാനം വളരെ ഉശാറായി ആലോചിച്ചു
വേണം .അത് മാത്രമേ മ്മക്ക് പറയാനുള്ളു .”
വാപ്പ തന്‍റെ തീരുമാനം തുറന്നു പറഞ്ഞു എങ്കിലും ആ മനസ്സ്
ഞാൻ കണ്ടു അത് എനിക്കൊപ്പമായിരുന്നു.
അങ്ങനെ രണ്ട് സമുദായങ്ങളെ വെറുപ്പിച്ച് ആ മുല്ലപ്പൂമണം ഞാൻ
സ്വന്തമാക്കി.അവൾ ജനിച്ചു വളർന്ന വീട്ടിൽ നിന്നും കൂടെ
കൂട്ടിയത് നിറയെ പൂക്കളുള്ള ഒരു കുറ്റിമുല്ലച്ചെടി മാത്രം.
അന്നുമുതൽ ഞാനും അവളേ മുല്ലയെന്ന് വിളിച്ചു.
ഒരു വാടകവീട് സ്വർഗ്ഗമാക്കി ഞങ്ങൾ അതിൽ നിറഞ്ഞാടി ഞാൻ
സുൽത്താനായും അവൾ രാജകമാരിയായും.നാല് മാസം പിന്നിട്ട
ഒരു വെളുപ്പാൻ കാലം കോരിച്ചൊരിയുന്ന മഴയും.
അവളുടെ കുറ്റിമുല്ലയിലെ
പഴയ ഇലകൾ കൊഴിഞ്ഞുപോയി പുതിയ ഇലകൾക്കിടയിൽ
മൊട്ടിട്ടു നിൽക്കുന്ന ഒരു മുല്ലമുട്ടിൽ മഴത്തുള്ളികൾ വീഴുന്നത്
കൗതുകത്തോട് ഞാൻ നോക്കി നിൽക്കുമ്പോൾ പിറകിലൂടെ
എത്തിയ എന്‍റെ മുല്ല എന്‍റെ കാതിൽ ആ വാക്ക് വിരിയിച്ചു.
ഈ ചെടിയിലും ഒരു മുട്ട് കുരുത്തു എന്ന്. ലോകത്തിൽ ഏറ്റവും
കൂടുതൽ ഭാഗ്യവാൻ ഞാനാണ് എന്ന് എനിക്ക് തോന്നിയ
നിമിഷങ്ങൾ ആയിരുന്നു അത്.
ഇരുകൈകളാൽ വാരിയെടുത്തു ഞാൻ എന്‍റെ മുല്ലയെ
കോരിച്ചൊരിയുന്ന ആ മഴ ഞങ്ങൾക്ക് മേൽ തകർത്ത് പെയ്തു.
അങ്ങനെ ഒരു ദിവസം വൈകിട്ട് ആ വാർത്ത വന്നു നേരത്തേ
പറഞ്ഞുവച്ചിരുന്ന ഒരു ജോലി എനിക്ക് ഖത്തറിൽ ശെരിയായി
എന്ന് കൂട്ടുകാരൻ വിളിച്ചു പറയുമ്പോൾ വല്ലാതെ ആഹ്ലാദിച്ചു
എന്നാൽ എന്‍റെ മുല്ലയെ പിരിയണം എന്നകാര്യം ഓർത്തപ്പോൾ
അതിലേറെ ദുഃഖിച്ചു.
അവളാണ് സമാധാനിപ്പിച്ചത് എല്ലാവരുടെയും മുന്നിൽ അന്തസ്സായി
ജീവിക്കേണ്ടേ നമുക്ക്..? പോയ് വരൂ എന്ന്.
വിമാനത്താവളത്തിലെ ഗേറ്റിനരികിൽ വച്ച് ഞാൻ അവൾക്ക്
നൽകിയ ആ ചുംബനം അതവൾക്ക് ഞാൻ നൽകുന്ന അവസാനത്തേ
ചൂട് ആകും എന്ന് അവളും കരുതിയില്ല ഞാനും കരുതിയില്ല.
ബിഹാറിലെ ഏതോ ഒരു വമ്പൻ നടത്തുന്ന ഒരു കൺസ്ട്രക്ഷൻ
കമ്പനിയിൽ ആയിരുന്നു എനിക്ക് ജോലി ശെരിയായത്.
കുടുംബമായി ഖത്തറിൽ തന്നെ ജീവിക്കുന്ന അയാൾ അവിടെ
ഒരു ബിസിനസ്സ് സാമ്രാജ്യം തന്നെ പടുത്തുയർത്തിയിരുന്നു.
ആദ്യ ശമ്പളം അയച്ചുകൊടുത്തിട്ട് ഞാൻ മുല്ലയോട് പറഞ്ഞു
ഇനിമുതൽ ജോലിക്ക് പോകേണ്ടാ എന്ന് .അവൾ വാശിപിടിച്ചു
ഞാൻ സമ്മതിച്ചില്ല ആറുമാസം കൂടി പോയാൽ സ്ഥിരം ആകും
ജോലി എന്ന് അവൾ കരഞ്ഞു പറഞ്ഞിട്ടും ഞാൻ സമ്മതിച്ചില്ല.
അവസാനം ഞാൻ വിജയിച്ചു അവൾ ജോലി കളഞ്ഞു.
കമ്പനിയുടെ തലപ്പത്ത് വരെയുള്ള ഓരോ പടവുകൾ ഞാൻ
ചവിട്ടിക്കയറിയത് എന്‍റെ മുല്ലയിൽ ഒരു ആൺപൂവ്‌
വിരിഞ്ഞതിന് ശേഷം ആയിരുന്നു.
കമ്പനിയുടെ ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയ ദിവസം
ആയിരുന്നു ഞാൻ ആദ്യമായി ആമിനയെ കാണുന്നത്.
ചെയർമാന്‍റെ അടുത്തിരിക്കുന്ന ആ പെൺകുട്ടി ആരാണ് എന്ന്
ഞാൻ തിരക്കിയപ്പോൾ കൂട്ടുകാർ ആണ് പറഞ്ഞത് ഈ
കാണുന്നതിന്‍റെ എല്ലാം ഒരേയൊരു അവകാശിയാണ് എന്നും
എന്തോ ചെറിയ അപാകതയുള്ള കുട്ടിയാണെന്നും.
മനസ്സിൽ ഞാൻ അപ്പോൾ ഓർത്തത് പടച്ചോനേ ഇവളെ കെട്ടുന്നവൻ
ആണ് ഭാഗ്യവാൻ .അവനാണ് ബംബർ അടിക്കുന്നത് എന്നായിരുന്നു.
മീറ്റിങ്ങുകഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ നവാസിനെ
ചെയർമാൻ വിളിക്കുന്നു എന്നൊരാൾ വന്നു പറഞ്ഞപ്പോൾ
കരുതിയത് ചുരുങ്ങിയ കാലംകൊണ്ട് കമ്പനിയുടെ തലപ്പത്ത്
വരെ എത്തിയതിൽ എന്‍റെ കഴിവിനെ അംഗീകരിക്കാൻ
ആയിരിക്കും എന്നായിരുന്നു.
എന്നാൽ ഞാൻ എടുക്കാത്ത ഒരു ലോട്ടറി എനിക്കടിച്ചെന്ന്
പറയാനായിരുന്നു എന്ന് കാര്യം കേട്ടപ്പോൾ ആണ്
മനസ്സിലായത്.കമ്പനിയിൽ വന്നപ്പോൾ പൂരിപ്പിച്ച് കൊടുക്കേണ്ട
ഒരു ഫോമിൽ അൺമാരീഡ് എന്ന കോളത്തിൽ ഒരു ടിക്ക് ഇട്ടതാണ്
ഞാൻ എടുത്ത ലോട്ടറി.
“ഇത് ആമിന എന്‍റെ ഏക മകൾ. ആമിനാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഏക അവകാശി. നവാസ് ഇവൾക്ക് സ്വന്തമായാൽ ഞാൻ
ഇരിക്കുന്ന ഈ കസേര നവാസിന് സ്വന്തം വിലയ്ക്ക് വാങ്ങുകയാണ്
എന്ന് കരുതരുത് തന്‍റെ കഴിവിൽ എനിക്കുള്ള വിശ്വാസം ആണ്
ഞാൻ ഈ തീരുമാനം എടുക്കാൻ കാരണം.”ചെയര്‍മാന്‍ ആ
വമ്പന്‍ ഓഫര്‍ എനിക്ക് മുന്‍പില്‍ തുറന്നു.
അതുവരെ മുല്ലപ്പൂ മണം മാത്രം ഇഷ്ടപ്പെട്ടിരുന്ന എന്‍റെ മൂക്കിന്
അപ്പോൾ ആ മുറിയിൽ കറങ്ങി നടന്ന ആമിനയുടെ വിലകൂടിയ
“ഊദി” ന്‍റെ മണം അരോചകമായി തോന്നിയില്ല.
ചുമക്കാനാകാത്ത ഈന്തപ്പഴത്തിന്‍റെ ഭാരവുമായി നിൽക്കുന്ന
ആ ഈന്തപ്പന കണ്ടപ്പോൾ എന്‍റെ മനസ്സിൽ ഞാൻ മാത്രം
നട്ടുനായ്ക്കാനുള്ള… എനിക്കായി പൂത്തുലഞ്ഞ ആ കുറ്റിമുല്ല
ഉണങ്ങിക്കരിഞ്ഞിരുന്നു.
ആ കുറ്റിമുല്ല വേരോട് എന്‍റെ മനസ്സിൽ നിന്നും പിഴുതെറിയാൻ
ഞാൻ തീരുമാനിക്കുകയായിരുന്നു.അതിനുള്ള വഴിയും
തിരഞ്ഞെടുത്തു.തൃപ്തിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യം
പറയുക.
ഒരിക്കൽ വിളിച്ചപ്പോൾ ഞാൻ അത് പറഞ്ഞു തൃപ്തി മതംമാറണം
അവൾ പൊട്ടിത്തെറിച്ചു ആവർത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞു
ഞാൻ എന്ത് പറഞ്ഞിട്ടും അവളുടെ തീരുമാനത്തിൽ അവൾ
ഉറച്ചു നിന്നു.
ഫോണിൽ കൂടി “മുത്തലാക്ക്” ചൊല്ലി ഞാൻ മുല്ലയെ സ്വതന്ത്രയാക്കി
ആമിനയുടെ കിടപ്പറയിലെ “ഊദിന്‍റെ” മണം ഞാൻ ഒരുപാടിഷ്ടപ്പെട്ടു മുല്ലപ്പൂമണത്തെക്കാളേറെ.ഒരുവർഷക്കാലം മനസ്സിൽ ആമിനയുടെ
ഊദുമണവും ആ വലിയ കറങ്ങുന്ന കസേരയും മാത്രം.
കമ്പനിയുടെ ആവശ്യത്തിനായി ഒരിക്കൽ മുംബൈയിൽ പോകാൻ
ഇടയായി ജോലി പൂർത്തിയാക്കി മടങ്ങാൻ തുടങ്ങിയപ്പോൾ
ഒരു മുല്ലപ്പൂമണം മൂക്കിനെ തഴുകിയെത്തി.
അന്ന് തീരുമാനിച്ചു ഉമ്മായെയും ഉപ്പായേയും ഒന്ന് കാണണം
ജീവിച്ചിരിപ്പുണ്ടെങ്കിൽ മുല്ലയെയും കുഞ്ഞിനേയും.
ഒരു സന്ധ്യയ്ക്ക് ആരും കാണാതെ പതുങ്ങിയെത്തി മുൻപ്
പടിയിറങ്ങിയ എന്‍റെ വീടിന്‍റെ പടികടന്ന്. വാതിലിൽ മുട്ടി
കതക് തുറന്നത് മുല്ലയും എളിയിൽ ഒരു രണ്ടുവയസ്സുകാരനും
ആയിരുന്നു.
മുഖത്ത് യാതൊരു ഭാവഭേദവുമില്ലാതെ അവൾ അകത്തേയ്ക്ക്
നോക്കി ഉറക്കെ വിളിച്ചു “ഉപ്പാ ……ദേ …ആരോ വിളിക്കണ്..”
തിരികെ അകത്തേയ്ക്ക് പോകുകയും ചെയ്തു.
വാതിലിൽ എത്തിയ ഉപ്പ എന്നേ കണ്ടപ്പോൾ അകത്തേയ്ക്ക്
നോക്കി മുല്ലയോട് പറഞ്ഞു “മോളേ …ബാതിലടച്ചോളിൻ …യ്യ്
ബാ ..നവാസേ മ്മക്ക് മുറ്റത്തുനിന്ന് സംസാരിക്കാം.”
“നവാസേ ഫോണിൽക്കൂടി യ്യ് ..ഓളെ തലാക്ക് ചൊല്ലിയ നാളിൽ
ഇതുപോലെ ഒരു സന്ധ്യക്ക് ഈ ഉമ്മറത്ത് ഒരു കുട്ടീന്‍റെ
കരച്ചിൽ കേട്ട് മ്മള് നോക്കീപ്പോ ..ദേ ..അവിടെ യ്യ് ..ഇരുന്ന്
കരയണ്…ഓടിപ്പോയി മ്മള് ബാരിയെടുത്തു ഓനെ ….
ദിവസോം… ഒരുവട്ടമെങ്കിലും ഓനെ ദൂരെ നിന്നെങ്കിലും മ്മള്
കണ്ടിരുന്നതുകൊണ്ട് മ്മക്ക് ..മനസ്സിലായി ഓനും മ്മടെ
ചോരതന്നെയാണ് എന്ന് . കുട്ടീനേം എടുത്ത് മ്മളും അന്‍റെ
ഉമ്മയും കൂടി ഇങ്ങള് താമസിച്ചിരുന്ന പൊരേൽ ചെന്നു.
ചോരയിൽ കുളിച്ചു കിടന്ന അന്‍റെ പെണ്ണിനേ കണ്ടപ്പോൾ
മ്മടെ ..ചോരയ്ക്കും തറേൽ ..ഒഴുകികിടന്ന ഓളുടെ ചോരയ്ക്കും
ഒരേ …നിറമാരുന്നകൊണ്ട് മ്മള് ഓളെ എടുത്ത് ആശൂത്രീലെത്തിച്ചു.
കൈയീന്‍റെ നരമ്പ് മുറിച്ചതാരുന്നു ഓള് …..
ഓൾക്ക് ബോധം വന്നപ്പോൾ കാര്യം എല്ലാം ഓള് മ്മളോട്
പറഞ്ഞു ആശൂത്രീന്ന് മ്മള് ഓളെ കൂട്ടിയത് ഇങ്ങോട്ടേക്കാ …
അന്നുമുതൽ ഓള് ഈ വീടിന്‍റെ മോളാ …ന്‍റെ …നാദിറ
പോയപ്പോൾ പകരം മ്മക്ക് കിട്ടിയ മോള്..
അനക്ക് തരേണ്ടത് എല്ലാം മ്മള് അന്‍റെ ചോരയ്ക്ക് എഴുതിക്കൊടുത്തു സമുദായം ഇത്തിരി ഇടംകേറ് …ഒക്കെ
കാട്ടി എങ്കിലും ഒരു നല്ലകാര്യം ആണെന്ന് അവർക്കും തോന്നി
പിന്നെ എല്ലാരും മ്മക്ക് പിന്തുണയായി…
നാദിറേനേ ..മ്മള് നിക്കാഹ് കഴിപ്പിച്ച് വിട്ടു ആ കുറവ് ഇപ്പൊ
ഓള് നികത്തുന്നുണ്ട് അന്‍റെ കുറവ് അന്‍റെ മോനും.
ഓളിപ്പോഴും ..മുല്ലതന്നെയാ ഓളോട് ആരും പറഞ്ഞില്ല
മുംതാസ് ആകാൻ പറയുകേം ഇല്ല ..യ്യ് . അറാംപിറപ്പ് കാണിച്ചു
എന്നുംപറഞ്ഞ് മ്മക്ക് അത് കാട്ടാൻ പറ്റുമോ ..?
ഈ ..നെറ്റീല് കാണുന്ന കറപ്പ്.. യ്യ് ..കണ്ടോ ..?ഇത് പടച്ചോന്‍റെ
മുന്നിൽ ദിവസം അഞ്ച്നേരം തലതല്ലി തഴമ്പിച്ചതാ …അല്ലാണ്ട്
കള്ള് കുടിച്ചിട്ട് മറിഞ്ഞു വീണപ്പം നെറ്റി പൊട്ടിയതല്ല.
യ്യ് …ഇഷ്ടപ്പെട്ട കുട്ടീനേ വിളിച്ച് കൂടെ താമസിപ്പിച്ചപ്പം മ്മള്
അന്നേ ..ഓർത്ത് അഭിമാനിച്ചു..യ്യ് ..ആൺകുട്ടിയാണെന്നും
ഉശിരുള്ളോൻ ആണെന്നും കരുതിയ മ്മക്ക് പിഴച്ചു …
കുറച്ചു കായ് കണ്ടപ്പോൾ യ്യ് …എല്ലാം മറന്നു മണ്ണിനേം പെണ്ണിനേം
ഉമ്മയേം ബാപ്പയെം എന്തിന് …സ്വന്തം ചോര പോലും …
അന്‍റെ വിവരങ്ങൾ ഒക്കെ മ്മള് അറിയുന്നുണ്ടായിരുന്നു
യ്യ് …ഇപ്പോൾ പെരുത്ത കായ്കാരനല്ലേ ..ബല്യ മൊതലാളി
നവാസേ …കായ് കൊണ്ട് നേടാൻ പറ്റാത്തത് ഈ ദുനിയാവിൽ
പലതുമുണ്ട് അത് യ്യ് ..മറന്നു പോയി …അത് അനക്ക് മനസ്സിലാകും
കുറച്ചു കഴുയുമ്പം …യ്യ് …പൊയ്ക്കോ അന്നെയും കാത്ത് അവിടെ
പൂത്ത പണമുണ്ട് .
മ്മക്ക് വയസുകാലത്ത് ഇറ്റു വെള്ളം തരാൻ ന്‍റെ മോനും മോളും
ന്‍റെ.. കൂടെയുണ്ട് ..പിന്നെ പടച്ചോനും. മ്മക്ക് നിസ്‌ക്കാരത്തിന്
സമയമായി …..സലാം അലൈക്കും ……..
ഇരുട്ടിനേ കീറിമുറിച്ച് ഞാൻ നടന്നകലുമ്പോൾ മുല്ലപ്പൂമണം
ക്രമേണ ഇരുട്ടിൽ അലിയുകയായിരുന്നു.ഒരിക്കലും പൂക്കാത്ത
എന്‍റെ ആ ഊദിനെ ഓർത്തു ഞാൻ കരയുകയായിരുന്നു …..

Share This:

Comments

comments