500 ന്റെ കള്ളനോട്ടു നല്‍കി പറ്റിച്ചു, തെളിവ് സഹിതം പരാതി നല്‍കിയിട്ടും പ്രതികളുടെ പൊടിപോലും പോലീസ് കണ്ടെത്തിയില്ല.

500 ന്റെ കള്ളനോട്ടു നല്‍കി പറ്റിച്ചു, തെളിവ് സഹിതം പരാതി നല്‍കിയിട്ടും പ്രതികളുടെ പൊടിപോലും പോലീസ് കണ്ടെത്തിയില്ല.

0
699
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയായ നെടുംകുന്നത്തു വ്യാപാരികളെ കള്ളനോട്ടു നല്‍കി പറ്റിച്ച കേസില്‍ ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്തിയില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രതികള്‍ ഉപയോഗിച്ച വാഹനം പോലും പിടികൂടാന്‍ കഴിയാതിരുന്നതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഫെബ്രുവരി 15നു രാത്രി കാറിലെത്തിയ സ്ത്രീയും പുരുഷനും നെടുംകുന്നം പള്ളിപ്പടിയിലെ രണ്ടു കടകളില്‍ നിന്നും കാവുംനടയിലെ ഒരു കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയശേഷം പുതിയ അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകള്‍ നല്‍കി കടന്നുകളയുകയായിരുന്നു. അന്നു രാത്രി പള്ളിപ്പടിയിലെ വ്യാപാരികളിലൊരാള്‍ കറുകച്ചാല്‍ പൊലീസില്‍ വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി.
കള്ളനോട്ടുകള്‍ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പ്രതികളെ പിടികൂടാനാകുമായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.
പരാതി സ്വീകരിക്കാന്‍ കുറഞ്ഞത് അഞ്ചു കള്ളനോട്ടുകളെങ്കിലും വേണമെന്നും കേസെടുത്താല്‍ പരാതിക്കാരന്‍ ഡല്‍ഹിയിലും മറ്റും പോകേണ്ടിവരുമെന്നും പറഞ്ഞ് കേസ് റജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ കറുകച്ചാലിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെന്ന് ആക്ഷേപമുണ്ട്. ഇതു കേട്ടിട്ടും പരാതിക്കാരന്‍ പിന്‍മാറാന്‍ കൂട്ടാക്കാതിരുന്നതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്രേ.
എന്നാല്‍ കാര്യക്ഷമമായ അന്വേഷണം തുടര്‍ന്നുണ്ടായില്ല. ദിവസങ്ങള്‍ക്കുശേഷം പോലീസ് സംഘം വാഹനത്തിന്റെ ഉടമയായ കൊയിലാണ്ടി സ്വദേശിയെയും വാഹനം ഉപയോഗിച്ചിരുന്ന ഇയാളുടെ സുഹൃത്തിനെയും കറുകച്ചാലില്‍ കൊണ്ടുവന്നു. മുണ്ടക്കയത്തു ബിസിനസ് ചെയ്യുന്ന സുഹൃത്തുമായി അടുപ്പമുള്ളയാളാണ് വാഹനം കൊണ്ടുപോയതെന്നു പൊലീസ് പറയുന്നു. വാഹനവുമായി പോയയാളുടെ ഫോട്ടോ പരാതിക്കാരനെ കാണിച്ച് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് സംഘം പ്രതിക്കായി മൈസൂരുവിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒറ്റനോട്ടം കൊണ്ടു തിരിച്ചറിയാന്‍ കഴിയാത്ത കള്ളനോട്ടുകളാണ് പ്രതികള്‍ വ്യാപാരികള്‍ക്ക് നല്‍കിയത്.

Share This:

Comments

comments