Thursday, April 18, 2024
HomeLiteratureപിറന്നാൾ. (ചെറുകഥ)

പിറന്നാൾ. (ചെറുകഥ)

പിറന്നാൾ. (ചെറുകഥ)

പ്രതീഷ്. (Street Light fb group)
അമ്പലത്തിൽ നിന്നു തിരികേ വന്നു നോക്കുമ്പോഴും പിറന്നാളുകാരൻ
നല്ല ഉറക്കത്തിലായിരുന്നു…..,
നിദ്രയെന്ന സ്വർഗ്ഗത്തെ പുൽകി കിടക്കുന്ന അപ്പുവിന്റെ കുഞ്ഞുമുഖത്തേക്ക്
അവൾ കണ്ടു മതിവരാത്ത കൊതിയോടെ ഒന്നു കൂടി നോക്കി നിന്നു……
നേരമായിട്ടും ഉണർത്താനൊരു മടി
കുറച്ചു നേരം ആ കിടപ്പ് നോക്കി അവനടുത്തിരുന്നു…..
ഉണർത്താതെ ആ കവിളിൽ ചുംബിക്കുമ്പോൾ ഉണ്ടാകുന്ന അനിർവചനീയമായ ആത്മ നിർവ്യതി അമ്മയോളം മറ്റാരിലുണ്ടാവാന്നാ…….,
ഇന്ന് അപ്പൂന്റെ നാലാം പിറന്നാളാണ്…
പായസം ഒഴികെ മറ്റു സദ്യവട്ടങ്ങളെല്ലാം അമ്പലത്തിൽ പോകും മുന്നേ തയ്യാറായി കഴിഞ്ഞിരുന്നു……
ഇനി അപ്പൂനെ ഉണർത്തി കുളിപ്പിച്ച് പുതിയ ഉടുപ്പെല്ലാം ഉടുപ്പിച്ച് ചോറുക്കൊടുത്ത് അപ്പൂന്റെ അച്ഛമ്മയെ ഏൽപ്പിച്ചു വേണം തനിക്ക് ജോലിക്കു പോവാൻ അതോർത്തപ്പോൾ…….,
അവൾ അപ്പൂനെ പതിയെ തട്ടിയുണർത്തി അമ്മയിലെക്ക് മിഴിതുറന്നതു കൊണ്ട് മാത്രം അപ്പു കരഞ്ഞില്ല……….
അവനുണർന്നതും അവൾ അവനെ വാരിയെടുത്ത് ചുംബനങ്ങൾ കൊണ്ടവനെ പൊതിഞ്ഞൂ……,
അപ്പുവിനെയും കൊണ്ട് നേരെ അടുക്കളയിലെക്കാണവൾ പോയത്
എന്നിട്ട് ഒാരോ പാത്രത്തിന്റെയും മൂടി തുറന്ന് അവനു വേണ്ടി ഉണ്ടാക്കി വെച്ചിരുന്നതെല്ലാം ഒന്നൊന്നായ് അവനു കാണിച്ചു കൊടുത്തു………,
പിന്നെ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ടവൾ അവനോടു പറഞ്ഞു
” കുളിച്ചു വന്നിട്ട് മാമ്മുണ്ണാട്ടൊ “……….യെന്ന്……
അവൾ അപ്പൂനെ കുളിപ്പിച്ച് പുതിയ ഉടുപ്പെല്ലാം ഇടീച്ച് പുതിയതായി വാങ്ങിയ കളിപ്പാട്ടങ്ങളെല്ലാം എടുത്ത് കൊടുത്ത്
അടുക്കളയിൽ തന്റെ കൺവെട്ടത്ത് നിലത്ത് ഒരു പുൽപ്പായ വിരിച്ച് അപ്പുവിനെ അതിലിരുത്തി……,
എന്നിട്ടവൾ പായസം ഉണ്ടാക്കാൻ തുടങ്ങി
ഉരുളിയിൽ നിന്നു പായസം വെന്തു വരുന്നതിന്റെ മണമടിച്ചതും അവൾ ഒരു സ്പൂണിൽ ഒരു നുള്ള് കോരി ചെറുതായൊന്ന് ഊതി കൈവെള്ളയിലിട്ട്
വീണ്ടും നല്ലതു പോലെ ഊതി ആറിയെന്നു ഉറപ്പു വരുത്തിയ ശേഷം അത് ഒരു വിരൽകൊണ്ട് കോരിയെടുത്ത് നിലത്ത് കളിച്ചു കൊണ്ടിരിക്കുന്ന അപ്പുവിന്റെ വായിലെക്ക്
തിരുകി വെച്ചു കൊടുത്തു
നാവു നീട്ടി പായസം വിരൽ ചേർത്തു നുണയുമ്പോൾ അപ്പുവിന്റെ കണ്ണുകളിൽ അതിന്റെ മധുരവും രുചിയും ഒന്നിച്ചവൾ കണ്ടു…….
അതോടെ എല്ലാം തയ്യാറായി……..
അവൾ തുടർന്ന് ഒാരോരോ പാത്രങ്ങളായ് ഡൈനിങ്ങ് ടേബിളിൽ കൊണ്ടു വെച്ചു മുറിച്ചുവെച്ച നാക്കിലയിൽ ഒാരോന്നായ് വിളമ്പി……
പിന്നെ അപ്പുനെ എടുത്ത് ടേബിളിനു മുകളിലിരുത്തി വിളമ്പിയ ഇല അവനു മുന്നിലെക്ക് നീക്കി വെച്ച് ഒരു കൈലി ചോറുകൂടി ഇലയിലെ ചൊരിഞ്ഞ് അവൾ ഒാരോരോ കറികളിൽ നിന്നായി കുറെശെയെടുത്തു കുഴച്ച്
ചെറിയ ഉരുളകളാക്കി അപ്പുവിന്റെ വായിൽ വെച്ചു കൊടുത്തു
പതിവിനു വിവരീതമായി ഒരു വിരോധവും പ്രകടിപ്പിക്കാതെ അന്ന് അപ്പു വയറു നിറയെ കഴിച്ചു അവൾക്കും തൃപ്തിയായ്
വയറു നിറഞ്ഞപ്പോൾ അപ്പുവിന്റെ കണ്ണുകൾ വീണ്ടും ഉറക്കം തൂങ്ങാൻ തുടങ്ങി
അവൾ അപ്പുവിനെ എടുത്ത് കട്ടിലിൽ കൊണ്ടു പോയി കിടത്തി ഉറക്കി
തുടർന്ന് തനിക്കു പകരം ഒരു വശത്ത് തലയിണ വെച്ച് അവൾ എഴുന്നേറ്റു….
ജോലിക്കു പോകാൻ സമയം വൈകിയിരിക്കുന്നു ഇനി അപ്പൂനെ അച്ഛമ്മ നോക്കിക്കൊളളും
അവൾ ബാഗെടുത്ത് വാതിലടച്ചു പുറത്തേക്കിറങ്ങുമ്പോൾ
അറിയാതെ പുറത്തെ ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ഫോട്ടോയിലെക്ക് അവളുടെ
ദൃഷ്ടി പതിഞ്ഞതും
ആ നിമിഷം നന്നെ നോട്ടം പിൻവലിച്ചവൾ പുറത്തേക്കിറങ്ങി നടന്നു……
ആ ഫോട്ടോക്കടിയിൽ ഇങ്ങനെ എഴുതിയിരുന്നു
അപ്പു
ജനനം 14-6-2013
മരണം 25-2-2017
അപ്പോഴും
അകത്ത് അവൾ വിളമ്പി വെച്ച ഇലയിൽ ചോറും കറികളും
അപ്പുവിന്റെ
ആത്മാവിന്റെ വരവും കാത്ത് നിശ്ചലമായി കിടന്നു……
RELATED ARTICLES

Most Popular

Recent Comments