
Home News ഇ.ജെ. ലൂക്കോസ് എക്സ്.എം.എല്‍.എ.യുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സ്റ്റീഫന്‍.
ഉഴവൂര്‍ : യശശരീരനായ ഏറ്റുമാനൂരിന്റെ മുന്‍ എം.എല്‍.എ.യും, കേരളാ കോണ്‍ഗ്രസ് എം. സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ അതിരൂപതാ പ്രസിഡന്റും, റിട്ട. ഹെഡ്മാസ്റ്ററുമായിരുന്ന ഇ.ജെ. ലൂക്കോസ് എക്സ്.എം.എല്‍.എ.യുടെ അഞ്ചാം ചരമ വാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റേയും, ഉഴവൂര്‍ പൗരാവലിയുടേയും സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പൊതുസമ്മേളനത്തില്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപതാ പ്രസിഡന്റും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ സ്റ്റീഫന്‍ ജോര്‍ജ് എക്സ്.എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മുന്‍ ജലസേചന വകുപ്പുമന്ത്രി പി.ജെ. ജോസഫ്. എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. കരിങ്കുന്നം സ്കൂള്‍ ഹെഡ്മാസ്റ്ററായി ഇ.ജെ. ലൂക്കോസ്സാര്‍ സേവനം ചെയ്യുന്ന അവസരത്തിലാണ് തങ്ങള്‍ തമ്മലുള്ള ഊഷ്മളമായ അടുപ്പം ആരംഭിച്ചതെന്നും സ്കൂളിന്റെ വികസന കാര്യങ്ങളിലുള്ള സാറിന്റെ പ്രത്യേക താല്പര്യം അദേഹത്തിന്റെ ഉള്ളിലെ പൊതുപ്രവര്‍ത്തകനേയും വീക്ഷണശാലിയേയും അടുത്തറിയുന്നതിനും സഹായിച്ചു. പിന്നീട് 1982ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലൂക്കോസ് സാറിന് സീറ്റു ലഭ്യമാക്കുന്നതിനുവേണ്ടി ഏറ്റുമാനൂര്‍ സീറ്റില്‍ താന്‍ കടുംപിടുത്തം പിടിക്കുകയും അവസാനം ഡല്‍ഹിയില്‍ വരെ പോയി ഇന്ദിരാ ഗാന്ധിയുമായും ചര്‍ച്ച ചെയ്താണ് ആ സീറ്റ് ലൂക്കോസ് സാറിന് നല്കാന് സാധിച്ചത്. പിന്നീട് ഏറ്റുമാനൂര്‍ മണ്ഡലത്തിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. ലൂക്കോസ് സാറിന്റെ പ്രത്യേക താല്പര്യപ്രകാരം എം.ജി യൂണിവേഴ്സിറ്റി മണ്ഡലത്തിന് ലഭ്യമായതും, ഏറ്റുമാനൂരിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാകണമെന്ന ആഗ്രഹത്തില്‍ ലൂക്കോസ് സാര്‍ മുന്‍കൈയ്യെടുത്ത് തുടക്കം കുറിച്ച പട്ടര്‍മഠം കുടിവെള്ള പദ്ധതിയും ലൂക്കോസ് സാറിനേക്കുറിച്ചോര്ക്കുമ്പോള് തന്റെ സ്മരണയില്‍ തിളങ്ങി നില്ക്കുന്ന ഏടുകളാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പി.ജെ. ജോസഫ് അനുസ്മരിച്ചു.
ഭരണവിരുദ്ധ വികാരത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണാധികാരികള്‍ നിലംപൊത്തുമ്പോള്‍ താന്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളുടെ തുടിക്കുന്ന ഓര്‍മ്മകള്‍ ഇ.ജെ. ലൂക്കോസ് സാറിനെ ജനഹൃദയങ്ങളില്‍ നിലനിര്‍ത്തുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് മെത്രാപോലീത്താ തന്റെ അനുഹ്ര പ്രഭാഷണത്തില്‍ പറഞ്ഞു. ലൂക്കോസ് സാറിന്റെ ശിഷ്യനായി ഉഴവൂര്‍ ഒ.എല്‍.എല്‍. ഹൈസ്കൂളില്‍ പഠിച്ച തനിക്ക് പിന്നീട് അദേഹം ഹെഡ്മാസ്റ്ററായിരിക്കെ അദേഹത്തിനു കീഴില്‍ അധ്യാപകനായി ജോലിചെയ്യുന്നതിനുള്ള അവസരവും ലഭിക്കുകയുണ്ടായതും അദേഹം തന്റെ പ്രസംഗത്തില്‍ ഓര്‍മ്മിച്ചു.
കടുത്തുരുത്തി എം.എല്‍.എ. മോന്‍സ് ജോസഫ്, മുന്‍ ഇടുക്കി എം.പി. ഫ്രാന്‍സീസ് ജോര്‍ജ്, മുന്‍ ഏറ്റുമാനൂര്‍ എം.എല്‍.എ. തോമസ് ചാഴികാടന്, ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പി.എല്‍. അബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ്, ഉഴവൂര്‍ ഫൊറോനാ പള്ളി വികാരി റവ.ഫാ. തോമസ് പ്രാലേല്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രൊഫ. ബേബി കാനാട്ട്, ഗ്രാമപഞ്ചായത്തംഗം ഷേര്‍ളി രാജു, സി.പിഎം. ലോക്കല്‍ സെക്രട്ടറി ഷെറി മാത്യൂ, സി.പി.ഐ. ലോക്കല്‍ സെക്രട്ടറി വിനോദ് പുളിക്കനിരപേല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കന്നുംകുളമ്പില്‍, എന്‍.സി.പി. മണ്ഡലം പ്രസിഡന്റ് അനില്‍ ആറുകാക്കല്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സൈമണ്‍ ജോസഫ്, കെ.സി.സി. അതിരൂപതാ ജനറല്‍ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളില്‍, അതിരൂപതാ ട്രഷറാര്‍ സാബു മുണ്ടകപ്പറമ്പില്‍, അതിരൂപതാ ജോയിന്റ് സെക്രട്ടറി ജേക്കബ് വാണിയംപുരയിടത്തില്‍, എ.കെ.സി.സി. പ്രതിനിധി ജോസ് തൊട്ടിയില്‍, എ.ഐ.സി.യു. പ്രതിനിധി സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തില്‍, മുന്‍ അതിരൂപതാ പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍, സെനിത്ത് ലൂക്കോസ് എള്ളങ്കില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.
നേരത്തെ അനുസ്മരണത്തോടനുബന്ധിച്ച് നടത്തപെട്ട ദിവ്യബലിയില്‍ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. റവ.ഫാ. സ്റ്റീഫന്‍ പെയ്യാനിയില് ഒ.എഫ്.എം. കപ്യൂച്ചിന്‍ സഹകാര്‍മ്മികനായിരുന്നു. ശവകുടീരത്തില്‍ നടത്തിയ ഒപ്പീസ് പ്രാര്‍ത്ഥനയില്‍ കെ.സി.സി. ഉഴവൂര്‍ ഫൊറോന ചാപ്ലെയിന്‍ റവ.ഫാ. ജേക്കബ് വാലേല്‍ മുഖ്യകാര്‍മ്മികനായിരുന്നു. പാരീഷ് ഹാളില്‍ നടന്ന മന്ത്രായ്ക്ക് റവ.ഫാ. തോമസ് പ്രാലേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
പരിപാടികള്‍ക്ക് ഫാ. ജിബിന്‍ പാറടിയില്‍, പി.എം. മാത്യൂ, അബ്രാഹം വെളിയത്ത്, സണ്ണി വെട്ടുകല്ലേല്‍, മത്തച്ചന് വടക്കേക്കര, സണ്ണി തൊട്ടിയില്‍, സണ്ണി കുഴിപ്പിള്ളില്‍, ഷാജു അഞ്ചക്കുന്നത്ത്, ബേബി കിഴക്കേക്കര, റെജി പുതുപ്പറമ്പില്‍, ജോമി കൈപ്പാറേട്ട്, ജിയോ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments
comments