ജോണ്‍സണ്‍ ചെറിയാന്‍.
മണര്‍കാട്: തിരുവനന്തപുരം വിമാനത്താവളത്തില്‍ യുവാവിനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്ന ബന്ധുക്കള്‍ക്ക് ലഭിച്ചത് മൃതദേഹം. പത്തനംതിട്ട കിടങ്ങന്നൂര്‍ പുല്ലാട്ടുത്തറയില്‍ അലക്സാണ്ടര്‍ റോബര്‍ട്ട് – ലിനി ദമ്പതികളുടെ മകന്‍ അശ്വിന്‍ ചാണ്ടി (24) ആണ് വിമാനത്തില്‍ വെച്ച് മരണമടഞ്ഞത്.ദുബായിലുള്ള ജോമോന്‍ ചെറിയാന്‍റെ സഹോദരീ പുത്രനാണ് അശ്വിന്‍.
അശ്വിന്‍ ഒന്നര വര്‍ഷം മുന്‍പാണ് ദുബായില്‍ ജോലിക്ക് വേണ്ടി പോയത്. ഹോട്ടല്‍ ജീവനക്കാരനായിട്ടാണ് ദുബായില്‍ ജോലി ചെയ്തുകൊണ്ടിരുന്നത്. ആദ്യമായാണ് അവധിക്ക് നാട്ടിലേക്ക് വന്നത്. ഇന്നലെ രാത്രിയില്‍ ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യഎക്സ്പ്രസ്സ് വിമാനത്തില്‍ കയറിയതാണ്.
തിരുവന്തപുരത്ത് വെളുപ്പിന് വിമാനം ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പ് സീറ്റ്ബെല്‍റ്റ് ഇടാന്‍ എയര്‍ഹോസ്സ്റ്റസ്സ് ആവശ്യപ്പെട്ടപ്പോള്‍ അശ്വിന്‍ നിശ്ചലനായിരിക്കുന്നതു കണ്ടു. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ശേഷം വിമാനത്താവളത്തില്‍ ഡോക്ട്ടര്‍ വിശദ പരിശോധന നടത്തുകയും ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണം സ്ഥിതീകരിക്കുകയുമാണുണ്ടായത്. ഹൃദയാഘാദമായിരുന്നു. പിന്നീട് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നതാണ്.
അശ്വിനെ സ്വീകരിക്കാന്‍ സഹോദരന്‍ എബ്രഹാമും, ബന്ധുക്കളും, സുഹൃത്തുക്കളുമാണ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്.
സംസ്കാരം നാളെ മൂന്നു മണിക്ക് ഐപിസി കിടങ്ങന്നൂര്‍ ടൌണ്‍ ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്ക് ശേഷം സഭാ സെമിത്തേരിയില്‍ നടത്തപ്പെടുന്നതാണ്.