Thursday, April 25, 2024
HomeSTORIESപ്രീയ സഖാവിന്... (ചെറുകഥ)

പ്രീയ സഖാവിന്… (ചെറുകഥ)

പ്രീയ സഖാവിന്... (ചെറുകഥ)

അരുൺകുമാർ. (Street Light fb group)
“സഖാവിന് ഇതുവരെ ആരോടും പ്രണയം തോന്നീട്ടേയില്ലേ..,, “
തൊഴിലാളി വർഗ്ഗരാഷ്ട്രീയരംഗത്തെ ഭീഷ്മാചാര്യനായ ശ്രീ മേത്തൂർരാഘവൻ എന്ന സഖാവ് M R നോട് അഭിമുഖ സംഭാഷണത്തിനെത്തിയ ജേർണലിസ്റ്റ് പെൺകുട്ടിയുടെ കുസൃതിയും ജിജ്ഞാസയും കലർന്ന ചോദ്യമായിരുന്നു അത്.
മുഖത്ത് സ്ഥാനം മാറിയിരുന്ന കണ്ണട ഭാഗീഗമായിമായി ചലനശേഷി നഷ്ടപ്പെട ഇടത് കൈ കൊണ്ടെടുത്ത് മുണ്ടിൻറെ കോന്തല കൊണ്ട് തുടച്ച് മുഖത്ത് ഒരു ചെറുപുഞ്ചിരി വരുത്തി അയാൾ അവളോട് ചോദിച്ചു..
” മോള് രാവിലെ വല്ലതും കഴിച്ചതാണോ…? ഇല്ലെങ്കിൽ കാപ്പി കുടിയ്ക്കാം… അതിനുളള സമയായി… “
കഴിച്ചതാണ്, ന്നാലും സഖാവിൻറെയൊപ്പം ഒരു കപ്പ് കാപ്പി കുടിയ്ക്കാം…. അവൾ പറഞ്ഞു.
ആയിക്കോട്ടെ ..
സതീശേ ….
രണ്ടാമത്തെ അറ്റാക്ക് കഴിഞ്ഞപ്പോൾ പാർട്ടി മുൻകൈയെടുത്ത് ഏർപ്പെടുത്തിയതാണ് ഒരു സഹായിയെ… ഇതിപ്പോ നാലാമത്തെയാളാ….
വരുന്നവർക്ക് സ്ഥിര വരുമാനമുളള ഒരു തൊഴിലാണ് ആവശ്യം. എൻയെടുത്ത് നിന്നാൽ ആരെയെങ്കിലും പിടിച്ച് അത് സാധിച്ചെടുക്കാം … അതിനാണ് പലരും വരുന്നത് … പക്ഷേ ഇയാൾ അങ്ങനല്ല..
ഒരു മനസ്സുളളവനാ..
സതീശൻറെ തോളിൽ കൈ പിടിച്ച് സിറ്റൗട്ടിൽ നിന്നും ഡയനിംങ് ഹാളിലേക്ക് അയാൾ നടന്നു. പിന്നാലെ ആ പെൺകുട്ടിയും ….
” മേരീന്നല്ലേ മോളു പേര് പറഞ്ഞത്….?”
“ആ…ആൻ മരിയ..”
എവിടാരുന്നു പഠിച്ചതൊക്കെ..?
ജേർണ്ണലിസം MG യൂണിവേഴ്‌സിറ്റി ടെ കീഴിലായിരുന്നു … സ്കൂളൊക്കെ കുട്ടിക്കാനത്ത്… ഒരാശ്രമത്തിൽ..
ആ ..മോളിരിയ്ക്ക്… കഴിയ്ക്ക് ‘
തമാശകളൊക്കെപ്പറഞ്ഞ് കാപ്പി കുടിച്ച് അവളെ സഖാവ് യാത്രയാക്കി…
M R എന്നാൽ അങ്ങനാണ്.., അവിടെ വരുന്നവർക്ക് ഒരു കപ്പ് കാപ്പിയെങ്കിലും കൊടുക്കാതെ പറഞ്ഞയയ്ക്കാറില്ല അയാൾ…. നാടറിയുന്ന മേത്തൂർ രാഘവൻ എന്ന നേതാവിന് മുന്നെ വിശപ്പറിഞ്ഞു വളർന്ന ഒരു സാധാരണ രാഘവന്നുണ്ടായിരുന്നു. അല്ല ഇപ്പോഴുമുണ്ടയാളിൽ… അതാണതിന് കാരണം…
പ്രസ്ഥാനത്തിൻറെ പുതിയ ആശയങ്ങളും, പുത്തൻ പരീക്ഷണങ്ങളുമായി പൊരുത്തപ്പെടാനാവാതെ വന്നപ്പോൾ പാർട്ടി തന്നെ വീട്ടിലൊരു ലൈബ്രറിയും എഴുതാനുളള സജ്ജീകരണങ്ങളും ചെയ്തു തന്നു…..
വർഷങ്ങളായി ഇപ്പോ അതാണ് തൻറെ ലോകം… തടിച്ച പുസ്തകങ്ങൾ കാർന്നു കാർന്ന് തിന്നുന്ന ഒരു മനുഷ്യ ചിതൽ… എന്തെങ്കിലും എഴുതണമെന്ന് തോന്നുമ്പോൾ അല്ലെങ്കിൽ പാർട്ടി ആവശ്യപ്പെടുമ്പോൾ പറഞ്ഞു കൊടുത്താൽ മതി എഴുതിയെടുക്കാൻ ആളുകളുണ്ടാവും….
സുകോമൾ സെൻ എഴുതിയ ” ഇന്ത്യൻ തൊഴിലാളി വർഗ്ഗ ചരിത്രം ” എന്ന ബൃഹദ് ഗ്രന്ഥത്തെ ആധാരമാക്കി ഒരു ലേഖനം തയ്യാറാക്കുന്ന തിരക്കിലാണ് സഖാവിപ്പോൾ…
എന്തോ നല്ല സുഖം തോന്നാഞ്ഞതുകൊണ്ട് എഴുതിയെടുത്തിരുന്നയാളെ പറഞ്ഞയച്ച ശേഷം, വായിച്ചിരുന്ന പുസ്തകവും നെഞ്ചോട് ചേർത്ത് ചാരുകസേരയിൽ പിന്നിലേയ്ക്ക് ചാരിയങ്ങിരുന്നു. മിഴികൾ ചേർത്തു…..
രാവിലെ വന്ന പെൺകുട്ടിയുടെ മുഖവും അവൾ തൊടുത്തുവിട്ട ചോദ്യവും ശരവർഷം പോലെ അയാളിൽ വന്നു പതിച്ചു.
സഖാവിന് ഇതുവരെയും ആരോടും പ്രണയം തോന്നിയിട്ടില്ലേ… “
…………………………………………
വർഷങ്ങൾക്ക് പിന്നിലേയ്ക്കാണ് ആ ചോദ്യങ്ങൾ അയാളെ കൂട്ടിക്കൊണ്ടുപോയത്, ചുറുചുറുക്കിൻറെ… ചോരത്തിളപ്പിൻറെ യൗവ്വനത്തിലേയ്ക്ക്…
അടിച്ചമർത്തപ്പെട്ട സാധാരണക്കാരൻറെ തോളോട് തോൾ ചേർന്ന് മുന്നണിപ്പോരാളിയായി സമരമുഖങ്ങളിൽ നിറസാന്നിധ്യമായിരുന്ന കാലത്തേയ്ക്ക്…..
കർഷക സമരവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിൽ താമസിച്ച് പ്രവർത്തിയ്ക്കുന്ന സമയത്താണ്, മേരിയെ ആദ്യമായി കാണുന്നത് .. വെളുത്ത പുളളിയുളള പാവാടയും ബ്ലൗസുമണിഞ്ഞ് നെഞ്ചോട് ചേർത്ത വേദപുസ്തകവും കൈയിലൊരു കുടയും കഴുത്തിൽ വെന്തിങ്ങയുമണിഞ്ഞ്… തൻറെ മനസിൻറെ വാതിൽ തുറന്ന് വന്ന മേരിക്കുട്ടിയെ …
ഞായറാഴ്ചകളിലെ രണ്ടാം കുർബ്ബാനയ്ക്കായുളള കാത്തിരിപ്പുകൾ
….പരസ്പരം ഞങ്ങൾ അടുത്തു .എന്ത് സംഭവിച്ചാലും അവസാനം വരെയും ഒന്നിച്ച് എന്ന നിലപാടിൽ …
ഇടയ്ക്കിടെ കിട്ടുന്ന കത്തുകളാണ് ആകെയുളള ആശയ വിനിമയ സംവിധാനം. അതിന് ഞങ്ങൾക്കൊരു ഹംസവും…. പളളീലെ കദിനാ വെടിക്കാരൻ പത്രോസിൻറെ മകൻ കൊച്ചുബേബി … മേരിക്കുട്ടീടെ വീട്ടിലെ ഒരു ആശ്രീതനാണ് പത്രോസ്.അതുകൊണ്ട് കൊച്ചുബേബിയ്ക്ക് മേരിക്കുട്ടീടെ വീട്ടിൽ സ്വതന്ത്ര്യമുണ്ട്. എപ്പോൾ വേണമെങ്കിലും വരാം പോകാം… കുഞ്ഞല്ലേ…
ഞാൻ കാത്തിരിയ്ക്കും ഓരോ ആഴ്ചയും അവനെ ..
വളളി നിക്കർ ഇടം കൈയിൽ വലിച്ചു പിടിച്ച്, മൂക്കളയൊലിപ്പിച്ച്, കണ്ണിമാങ്ങയും കടിച്ച്തിന്ന് നടന്നു വരുന്ന കൊച്ചുബേബിയെ…
അവൻ കൊണ്ടുവരുന്ന എഴുത്തുകൾക്ക് അവൻറെ മണമുണ്ടായിരുന്നു… വെടിമരുന്നിൻറെ മണം. ‘ഉളളിൽ തീ പടർത്തുന്ന മേരിക്കുട്ടീടെ അക്ഷരങ്ങളും.
എല്ലായെഴുത്തിനും മുകളിലായ് അവളിങ്ങനെയെഴുതുമായിരുന്നു…
” പ്രീയ സഖാവിന്…
സഖാവ് എന്ന വാക്കു കൊണ്ട് അർത്ഥമാക്കുന്നത് തന്നെ ഒരേ ലക്ഷ്യത്തിനു വേണ്ടി ഒരേ മാർഗ്ഗത്തിൽ സഞ്ചരിയ്ക്കുന്നവർ പരസ്പരം അഭിസംബോധന ചെയ്യുന്ന പദമെന്നാണ്, മേരിക്കുട്ടീടെ കാര്യത്തിൽ അത് നൂറ് ശതമാനവും ശരിയാണ്. മറ്റാരേക്കാളും. അവൾക്ക് ഒരേ ലക്ഷ്യവും ഒരേ മാർഗ്ഗവും… ഞാനെന്ന ലക്ഷ്യവും എന്നിലേയ്ക്കുളള മാർഗ്ഗവും.
അങ്ങനെ ഞങ്ങൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായി…
നാട്ടിലെ അറിയപ്പെടുന്ന ക്രിസ്ത്യൻ കുടുംബത്തിലെയാണ് മേരി. കല്യാണ ആലോചനകൾ മുറയ്ക്ക് നടക്കുന്നുണ്ട്. മല്ലപ്പളളിക്കാരൻ ഒരുത്തന്നുമായി അവർ വാക്ക് പറഞ്ഞ് ഉറപ്പിച്ചു.വിവരങ്ങൾ അറിയുന്നുണ്ടായിരുന്നു. മേരിക്കുട്ടിനെ വീട്ടിൽ നിന്ന് ഇറക്കണം’ വരാൻ അവൾക്ക് സമ്മതാണ്.പെട്ടിയൊക്കെ തയ്യാറാക്കി കാത്തിരിയ്ക്കയാണ് എൻറെ വിളിയ്ക്കായി …
ഇടിത്തീ പോലാണ് ആ വാർത്ത വന്നത് , നാട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.!!
ഒളിവിൽ പോവാതെ നിവൃത്തിയില്ലെന്നായി… കൈയിൽ കിട്ടിയവരെയെല്ലാം പോലീസ് ഭേദ്യം ചെയ്ത് കൊല്ലാക്കൊല ചെയ്യുകയാണ്. തലവെട്ടം പുറത്തു കാണിയ്ക്കാൻ നിവൃത്തിയില്ല.
ഇതിന്നിടയിൽ കൊച്ചു ബേബീടെ കൈയിൽ കൊടുത്തുവിട്ട എഴുത്ത് അത് മേരീടെ ആങ്ങളമാർ കയ്യും കളവുമായ് പിടികൂടി…..
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അവര് മേരിക്കുട്ടീടെ മനസമ്മതം തീരുമാനിച്ചു…
എങ്ങനെയും മേരിക്കുട്ടിനെ വിളിച്ചിറക്കി കൊണ്ടു പോരണം…. എന്തിനുമേതിനും കൂടെയുണ്ടായിരുന്നു രണ്ട് സുഹൃത്തുക്കൾ ജോണിയും സുബൈറും.. അവരും കൂടി.
ജോണിയുടെ പെങ്ങൾ എൽസയും മേരിക്കുട്ടിയും കൂട്ടുകാരികളാണ്. അവൾ മുഖേന കാര്യങ്ങൾ മേരിയെ അറിയിച്ചു. മനസമ്മതത്തിൻറെ തലേന്ന് രാത്രി ഒരു മണിയ്ക്ക് അവൾ ഇറങ്ങി വരും…..
അവളുടെ വീടിന് ഒന്നര ഫർലോങ് മാറി ഞാനും സുബൈറും കാറുമായ് കാത്തു നിന്നു. എൽസയുടെ സഹായത്തോടെ വീട്ടിൽ നിന്നിറങ്ങിയ മേരിക്കുട്ടിയേയും കൂട്ടി ജോണി… വരുന്ന വഴിയിൽ,
ഒളിച്ചിരുന്ന് ചീട്ടുകളിച്ചിരുന്ന ആളുകൾ അവരെ കണ്ടു… ജോണിയും മേരിക്കുട്ടിയും ഓടി… ഓട്ടത്തിനിടയിൽ രണ്ടാളും കൂട്ടം തെറ്റി… ഒടുക്കം ജോണിയെ അവര് പിടിച്ച് കെട്ടി മേരിക്കുട്ടീടെ വീട്ടുകാർക്ക് മുന്നിലിട്ടു കൊടുത്തു…..
പച്ച മാംസത്തിൽ പച്ചിരുമ്പ് കുത്തിയിറക്കിയപ്പോൾ പോലും ജോണി ഞങ്ങളെ ഒറ്റിയില്ല.. അവരവനെ തല്ലി കൊന്ന് തലകീഴായി വേങ്ങ മരത്തിൽ കെട്ടിത്തൂക്കി …
പക്ഷേ…വിധി പോലീസിൻറെ രൂപത്തിലാണ് ഞങ്ങളെ പിന്തുടർന്നത്… അവർ എന്നെയും സുബൈറിനേയും പിടിച്ചു… പുറം ലോകവുമായ് യാതൊരു ബന്ധവുമില്ലാതെ ദിവസങ്ങൾ …. മേരിക്കുട്ടിയ്ക്ക് എന്തു സംഭവിച്ചെന്ന് പോലും അറിയില്ല. കണ്ണടച്ചാൽ അവളുടെ മുഖം തെളിയും.
ജയിൽ മോചിതനായ ശേഷമാണ് അറിയുന്നത്… അന്ന്ഇരുട്ടത്ത് വഴി തെറ്റി ഓടിയ മേരിക്കുട്ടി ഒരു പൊട്ടക്കിണറ്റിൽ വീണെന്നും….. നാറ്റം വന്ന് തുടങ്ങിയപ്പോഴാണ് ആളുകൾ കണ്ടതെന്നും, വിവരമറിഞ്ഞെത്തിയ അവളുടെ വീട്ടുകാര് ശവം എടുക്കാൻ പോലും സമ്മതിച്ചില്ലാത്ര.. അവര് ആ പൊട്ടക്കിണർ മണ്ണിട്ട് മൂടി അതിലൊരു തെങ്ങും നട്ടു.
എൽസി തന്ന കട്ടൻ ചായ കുടിച്ച് കൊണ്ട് ആ കഥകൾ കേട്ടപ്പോൾ ചങ്ക് തകരുകയായിരുന്നു ..
ജോണിയുടെ കുഴിമാടത്തിൽ ചെന്ന് അവനോട് മാപ്പു ചോദിച്ച് അവിട നിന്നും ഇറങ്ങി നടന്നു… എവിടേയ്ക്കെന്നറിയില്ല……. പാതി ചത്ത ശരീരവും മരവിച്ച മനസുമായി…
പക്ഷേ അകലും തോറും പ്രസ്ഥാനവുമായി കൂടുതൽ അടുക്കുകയാണ് ചെയ്തത്.. പുതിയ നാടുകൾ പുതിയ ഉത്തരവാദത്വങ്ങൾ…
ആലോചിക്കുമ്പോൾ പുനർജന്മങ്ങളിൽ വിശ്വാസമില്ലാത്ത തൻറെ ആശയങ്ങളോട് ചിലപ്പോൾ നീരസം തോന്നും…
‘ സഖാവേ നാലു മണിയ്ക്കാണ് ഫങ്ഷൻ വെച്ചിരിയ്ക്കുന്നത്….. ഇപ്പോ തിരിച്ചാലെ എത്തൂ…
സതീശൻറെ വിളി കേട്ടാണ് ഓർമ്മകളിൽ നിന്നുണർന്നത് …
പൊൻകുന്നത്ത് ഒരു വ്യദ്ധസദനത്തിൻറെ വാർഷികമുണ്ട്. ചെല്ലാമെന്നേറ്റതാണ്.
………………………..
ചടങ്ങുകൾ കഴിഞ്ഞ് സുഖമില്ലാതെ കിടക്കുന്ന അന്തേവാസികളെ കാണാൻ അവരുടെ വാർഡിലേക്ക് പോയി… ഓരോരുത്തരേയും അവരുടെ അടുത്ത് ചെന്ന് കണ്ടു…… പരാതികൾ .സങ്കടങ്ങൾ…. അടുത്ത ബെഡിലേയ്ക്ക് നോക്കിയപ്പോൾ ചരിചയമുളെളാരു മുഖം…..
എൻറെ മുഖത്തേയ്ക്ക് നോക്കിയ അവശയായ ആ വൃദ്ധ ചാടിയെണീറ്റ് എന്നെ ഇറുക്കി കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുകയാണ്…
” എന്നെ കൊല്ലും മക്കളെ…. അമ്മച്ചിയ്ക്ക് പേടിയാ…. അവരെന്നെ കൊല്ലും….” അവര് ഉറക്കെ പുലമ്പിക്കൊണ്ടിരുന്നു.
ഞാനവരുടെ മുഖം എൻറെ മുഖത്തിന് നേരെയുയർത്തി…..
അത് ചിന്നമ്മച്ചിയാണ്…
അന്നക്കുട്ടീടെ വീട്ടിലെ വേലക്കാരി.
അന്നക്കുട്ടി അവള് മരിച്ചിരുന്നില്ല.. എല്ലാം അവളുടെ വീട്ടുകാര് പറഞ്ഞുണ്ടാക്കിയ കെട്ടുകഥകളാണ്…
അന്ന് രാത്രിയിൽ പിടിക്കപ്പെട്ട അവൾ, അപ്പനോട് തീർത്തു പറഞ്ഞു…. നാളെ മനസമ്മതത്തിന് ഞാൻ പളളിൽ പറയും എനിക്കിഷ്ടമല്ല ഈ വിവാഹത്തിനെന്ന്…., എനിയ്ക്ക് മറ്റൊരാളെ ഇഷ്ടാന്ന്….
അപമാനം ഭയന്ന് അന്ന് രാത്രി തന്നെ അവര് അവളെ അവിടുന്ന് കടത്തിയതാണ്… വാഗമണ്ണിലുളള ഒരു ആശ്രമത്തിലേയ്ക്ക്…
അവിടെ വച്ചാണറിയുന്നത് മേരിക്കുട്ടി ഗർഭിണിയാണെന്ന്… അവൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു.. ചിന്നമ്മച്ചിയാണ് അവൾക്ക് സഹായത്തിന് കൂടെയുണ്ടായിരുന്നത്…
പോലീസ്കാര് എന്നെ കൊന്നു എന്നാണ് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്… പതിയെ അവളുടെ മനസിൻറെ താളം തെറ്റാൻ തുടങ്ങി….. ഒടുക്കം ഒരു മുഴുഭ്രാന്തിയായാണ് അവൾ മരണത്തിന് കീഴ്പ്പെട്ടത്..
ഇന്ന് ജീവിച്ചിരിക്കുന്ന സത്യമറിയുന്നവരിൽ ഒരാളാണ് ചിന്നമ്മച്ചി .അതുകൊണ്ട് തന്നെ അവർക്ക് പേടിയാണ്…. അവര് കൊന്നുകളയുമെന്ന പേടി.
അപ്പോ…. എൻറെ കുഞ്ഞോ…..?
ആധിയോടെ ഞാൻ ചോദിച്ചു.
അവള് വളർന്നു.., ഒത്തിരിയൊക്കെ പഠിച്ചു…. കല്യാണം കഴിഞ്ഞു…
ഭർത്താവിൻറെയൊപ്പം ഇപ്പോ എറണാകുളത്താ താമസിക്കുന്നേ…
ഏതോ പത്രത്തിലെഴുത്താ പണി…
ഇടയ്ക്ക് വരാറുണ്ട് എന്നെ കാണാൻ….
കഴിഞ്ഞ തവണ വന്നപ്പോൾ അവള് ചോദിച്ചു….. അവടെ അപ്പനാരാണെന്നറിയാമോന്ന്…
ശല്യപ്പെടുത്താനൊന്നുമല്ല…. ദൂരെ നിന്നൊന്ന് കാണാനാണത്രെ …
ഞാൻ പറഞ്ഞു കൊടുത്തു…
ഒരു പക്ഷേ അവളുടെ അടുത്ത വരവിന് ഞാനുണ്ടായില്ലെങ്കിലോ…?
ചിന്നമ്മച്ചി പറഞ്ഞ് മുഴുമിക്കും മുൻപേ സഖാവ് അവരെ ചേർത്ത് പിടിച്ച് ആ നിറുകയിൽ ചുംബിച്ചിരുന്നു…
എന്താ…. എന്താ അവളുടെ പേര്?
ആൻ മേരി………”
അയാളുടെ കണ്ണുകളിൽ നിന്നൊഴുകിയിറങ്ങിയ കണ്ണീർ ചാലിൽ ആ അമ്മയുടെ വിങ്ങലുകളും ഒഴുകിയൊലിച്ച് ഇല്ലാതാവുകയായിരുന്നു.
ഏതെങ്കിലും ഒരു രാഷ്ടീയ പാർട്ടിയേയോ വ്യക്തിയേയോ പുകഴ്ത്താനോ ഇകഴ്ത്താനോ ശ്രമിച്ചിട്ടില്ല.. കഥാപശ്ചാത്തലത്തിലൂടെ കടന്നു പോയി എന്നു മാത്രം.
നന്ദി.
RELATED ARTICLES

Most Popular

Recent Comments