തണുപ്പിൻറെ നാട്ടിൽ. (യാത്രാവിവരണം-ഭാഗം 1)

തണുപ്പിൻറെ നാട്ടിൽ. (യാത്രാവിവരണം-ഭാഗം 1)

0
1893
വിനു കെ. കെ.
വയനാടിൻറെ അതിർത്തി ഗ്രാമമായ എരുമാട്ടിൽ നിന്നും മഞ്ഞിൻറെ മണമുള്ള നാട്ടിലേയ്ക്ക് ഞാനും പ്രിയസുഹൃത്തും അയൽവാസിയുമായ ഷൈജുവും(എൻറെ അനുജൻറെ(ചെറിയമ്മയുടെ മകൻ ആഷക്കിൻറെ(നന്ദുവിൻറെ) ക്ലാസ്മേറ്റാണ്) പണ്ട് ഇടവകപ്പള്ളിയിൽ കപ്യാരായിരുന്നു കൂട്ടമണിയടിക്കാൻ വിരുതൻ. ഇടവകയിലെ അമ്മച്ചി മരണപ്പെട്ടപ്പോൾ മരണമണിയ്ക്ക് പകരം കൂട്ടമണി അടിച്ച ആളാണ് കക്ഷി.)
കെ.എൽ 73 3015 രജിസ്ട്രേഷനുള്ള സ്ക്കൂട്ടിയിൽ യാത്രയാകുമ്പോൾ നേരം പുലർച്ചെ ആറുമണി ആയിട്ടില്ല. പഴയ മലബാറായിരുന്ന ഇവിടം ഇപ്പോൾ കുടിയേറ്റക്കാരുടെ സ്വപ്നഭൂമിയായിരിക്കുന്നു.തേയിലത്തോട്ടങ്ങൾ പച്ചവിരിയിച്ച മനോഹാരിതയാണ് എങ്ങും.രാവിലെ പുറപ്പെട്ടതിന് കാരണമുണ്ട് ഊട്ടിയിലേയ്ക്ക് പോകുന്ന വഴി ആനകൾ ഉണ്ട്.ആനച്ചൂരിൻറെ ഗന്ധം നാസികയിലേയ്ക്ക് ആഞ്ഞടിയ്ക്കുമ്പോൾ തൃശൂർ പൂരം ഓർമ്മവരും.
പെരിന്തൽമണ്ണയിൽ പ്രമുഖവാഹനവിൽപനകേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഷൈജുവിന് യാത്ര ഹരമാണ്. ഇപ്രാവശ്യം അവധി തരമാക്കിയത് അവൻറെ വല്യപ്പച്ഛൻ മരണപ്പെട്ടു എന്നും പറഞ്ഞാണ്. ചിരിക്കാതെ വയ്യ മരണപ്പെട്ട വല്യപ്പച്ഛൻറെ എത്ര ആണ്ട് ആഘോഷിച്ചു എന്നും പോലും അവനറിയില്ല.
ഇപ്പോൾ എൻറെ വണ്ടി ഏകദേശം ഒരു ലക്ഷം കിലോമീറ്റർ രണ്ട് വർഷം കൊണ്ട് ഓടിയിരിക്കുന്നു.എല്ലാവരും പറയും ആക്രി ആയെന്ന്.പക്ഷേ അവൻ പുലി ആണെന്ന് പറയുന്നവർക്ക് അറിയില്ല. ഷൈജുവിന് ഹീറോയുടെ ബൈക്ക് ഉണ്ടെങ്കിലും ഞങ്ങൾ ദൂരെ യാത്രയ്ക്ക് ഇവനെയാണ് ഉപയോഗിക്കാറ്. യാത്രയ്ക്ക് മുന്നേ മിനുക്കുപണിയൊക്കെ ചെയ്ത് ഇറക്കിയപ്പോൾ രൂപ അയ്യായിരം. അന്നാലെന്താ ബെൻസുകാരൻ പോലും രാത്രിയിൽ ഡിം അടിച്ച് തരും ഇവൻറെ വെട്ടത്തിൽ. രാവിലെ പച്ചവെള്ളത്തിൽ കുളിയും പാസാക്കി ഇറങ്ങിയപ്പോൾ അമ്മ മറക്കാതെ തന്നത് സെബോളിൻ ക്രീം ആയിരുന്നു. തണുപ്പ് ചുണ്ടെന്ന കാമുകനെത്തേടി ഓടിയെത്തുമ്പോൾ അനുഭൂതിയിൽ പൊട്ടുന്ന ചുണ്ടിൽ തേയ്ക്കാനുള്ള മരുന്ന്.
രാവിലത്തെ ഊട്ടി ബസ് ഞങ്ങളെക്കടന്ന് പോയിരിക്കുന്നു.
ചേരമ്പാടിയിൽ നിന്നും ഞങ്ങൾ വേഗതകൂട്ടി ഹെൽമറ്റും കൈയുറയും തണുപ്പിനെ തോൽപ്പിച്ചപ്പോൾ സ്ക്കൂട്ടർ കുതിരയെപ്പോലെ ഓടിയകലുകയായിരുന്നു.  ദേ…ആന നോക്കുമ്പോൾ വഴിയിൽ മൂന്ന് ആനകൾ ഏകദേശം പത്തടി അകലത്തിൽ വളവായതുകൊണ്ട് കാണാൻ വൈകി. തണുപ്പിലും വിയർപ്പുതുള്ളികൾ ഇറ്റുവീണുകൊണ്ടേയിരുന്നു. പുറകിലിരുന്ന് അവൻ പറയുന്നത് എനിയ്ക്ക് കേൾക്കാമായിരുന്നു. ആനേ ചവിട്ടി കൊല്ലല്ലേ ഈ മാസത്തെ ശമ്പളം പോലും കിട്ടിയിട്ടില്ലെന്ന്.
വണ്ടി ഓഫായത് ഒരുഞെട്ടലോടെയാണ് അറിഞ്ഞത്.എങ്കിലും പുതിയതായി വെച്ച എൽ ഇ ടി ലൈറ്റ് ഞങ്ങളെ രക്ഷിച്ചു എന്നുവേണേൽ പറയാം.ശക്തമായ വെളിച്ചം കൊണ്ടോ ഞങ്ങളുടെ വെപ്രാളം കൊണ്ടോ ആനകൾ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ട് വഴിയരുകിലേയ്ക്ക് മാറിത്തന്നു. സർവ്വേശരനു സ്തുതി. തൃശൂർ ബസ് ഞങ്ങളെ കടന്നുപോയി നാടുകാണിയിൽ നിന്നും ശക്തൻറെ നാട്ടിലേയ്ക്ക്. തലയ്ക്കു മുകളിലൂടെ ഷട്ടർപൊക്കി ഏതോ അമ്മച്ചി കവറിലാക്കി വലിച്ചെറിഞ്ഞ ശർദ്ദിച്ച കവർ പറന്നുപോയി.
ഗൂഢല്ലൂരിൽ നിന്നും അൻപത് കിലോമീറ്റർ ഊട്ടിയിലേയ്ക്ക്ഏത് വഴിപോകണം ചിന്ത അലട്ടി കല്ലട്ടി വഴി ഈ നേരം പോയാൽ ജീവിതം കല്ലറയിലാകും ഉറപ്പ്. ആനകൾ മാത്രം വിളയാട്ടം നടത്തുന്ന ഈനേരം പോകാതിരിക്കുന്നത് നല്ലതാണ്.ഞങ്ങൾ തിരഞ്ഞെടുത്തത് നടുവട്ടം വഴിയായിരുന്നു.കാട്ടുപോത്തുകളാണ് ഈ വഴി അധികം.
നേരം വെളുത്തുതുടങ്ങിയിരിക്കുന്നു.ബീഡിപ്പുകമാത്രം പുറത്ത് കാണാം കരിമ്പടം പുതച്ച അണ്ണാച്ചിമാർ കൈയിൽ കുപ്പിവെള്ളവുമായി ഓടുന്നു.
നിശാസുന്ദരിമാർ വാടിയ മുല്ലപ്പൂക്കൾ തേയിലത്തോട്ടത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് മയങ്ങുന്ന മിഴിയോടെ വീടുതേടുന്നു. നൊമ്പരമുണർത്തുന്ന കാഴ്ച.
യൂക്കാലിമരങ്ങൾ ഭീകരമായി നിഴൽ വിരിച്ച് മാറിൽ ഭൂഗർഭജലമൂറ്റി ചിരിച്ചു നിൽക്കുന്നു. ഇടയ്ക്കിടെ മരിച്ചുപോയ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മുഖമുള്ള ഫ്ലെക്സ് ബോർഡുകൾ റോഡുവക്കിൽ ചെളി പുരണ്ട് കിടക്കുന്നു.ഇതാണ് തമിഴ്നാട് ആരാണ് അവർക്ക് അന്നം കൊടുക്കുന്നത് അവർ ദൈവം.ഇപ്പോൾ ആ പഴയ ദൈവം ഇല്ലാതായിരിക്കുന്നു യവനികയ്ക്കുള്ളിൽ മൂടിപ്പോയിരിക്കുന്നു..
ഊട്ടിയിലേയ്ക്ക് അടുത്തതിൻറ സൂചനയായി വരിയുടച്ച കോവർക്കഴുത കാലുയർത്തി ഉറങ്ങുന്നു പൈൻമരങ്ങളുടെ നിഴലിൽ.
തുടരും.

Share This:

Comments

comments