Thursday, March 28, 2024
HomeSTORIESഏട്ടൻ... (കഥ)

ഏട്ടൻ… (കഥ)

ഏട്ടൻ... (കഥ)

ഹരി.(Street Light fb group)
രണ്ടു വയസ്സ് മുതിർന്നവനെങ്കിലും ഞാൻ എടാ എന്നേ വിളിച്ചിട്ടുള്ളു. പേരെടുത്ത് വിളിയ്ക്കുവാൻ തക്ക സൌഹൃദമുണ്ടായിരുന്ന എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ കൂടിയായിരുന്നു അവൻ.
ഞങ്ങൾക്ക് വീടിനോട് ചേർന്ന് ഒരു ക്ഷേത്രമുണ്ടായിരുന്നു. കുടുംബദേവതയെ കുടിയിരുത്തിയ ചെറിയൊരു കോവിൽ.
തറവാട്ട് വക സ്വത്ത് ഭാഗം വച്ചപ്പോൾ ക്ഷേത്രം അച്ഛന്റെ ഓഹരിയിലായി. അതുവരെ ക്ഷേത്രകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്ന അപ്പുപ്പന്റെ സഹോദരിയുടെ മക്കൾ കലിപ്പിലായി.
കുടുംബവഴക്കും കേസും ആയപ്പോൾ ക്ഷേത്രത്തില് പൂജ മുടങ്ങി . പൂജാരി സ്ഥലം വിട്ടു. അച്ഛന് വാശിയായി.
ബ്രാഹ്മണകുലമല്ലെങ്കിലും ഏട്ടനെ ഒരു മഠത്തിൽ പറഞ്ഞയച്ച് താന്ത്രികവിധികൾ പഠിപ്പിച്ചു. അന്ന് അവൻ പത്താംക്ലാസ്സിലാണ്. ഞാൻ എട്ടിലും. വീട്ടിൽ അന്നൊക്കെ വലിയ ചിട്ടയും വൃത്തിയുമായിരുന്നു. മത്സ്യമാംസ ആഹാരങ്ങൾ നിഷിധം. ഏട്ടനാണെങ്കിൽ നോൺവെജ് കണ്ടാൽ അവിടെ കമിഴ്ന്ന് വീഴുന്ന പ്രകൃതവും. അമ്പലത്തിൽ ദിവസവും രാവിലെയും വൈകുന്നേരവും പൂജ. ഏട്ടൻ പ്രധാന തന്ത്രി. ഞാൻ സഹായി. പകൽ മുഴുവൻ സ്കൂൾ.. പഠിത്തം.
പോരാത്തതിന് പശുവിന് തീറ്റ കൊടുക്കുന്നത് പോലെ കുറേ പച്ചക്കറി മാത്രം . ഞങ്ങൾ ശരിക്കും മടുത്തു . പക്ഷേ ഉഗ്രപ്രതാപിയായ അച്ഛനോട് ഒന്നും എതിർത്ത് പറയാൻ വയ്യ. പിന്നെ ആകെയുള്ള മനസുഖം സന്ധ്യക്ക് തൊഴാൻ വരുന്ന തുളസിക്കതിര് പോലുള്ള പെമ്പിള്ളേരെ ഒരു റിസ്ക്കുമില്ലാതെ വായ് നോക്കാം എന്നത് മാത്രം .
ഏട്ടന് താഴത്ത് വീട്ടിലെ രാജിയോട് ഒടുക്കത്തെ പ്രേമം . അവളാണെങ്കിൽ പറ്റുന്ന ദിവസമെല്ലാം ദീപാരാധന തൊഴാൻ വരും. ഏട്ടന്റെ പ്രണയസന്ദേശങ്ങൾ അവളുടെ കയ്യിലെത്തിയ്ക്കുന്ന മഹത്തായ കർമ്മം നിർവ്വഹിച്ചിരുന്നത് ഞാനായിരുന്നു. പ്രത്യുപകാരമായി സ്കൂളിനടുത്തുള്ള കോയക്കയുടെ കടയിൽ നിന്ന് എനിക്ക് പലപ്പോഴും അവൻ ചിക്കൻ ബിരിയാണി വാങ്ങി തന്നു .
അതിനുള്ള പണം എവിടെനിന്നു കിട്ടിയിരുന്നു എന്ന് മാത്രം ചോദിയ്ക്കരുത്. ദീപാരാധനയ്ക്ക് നടയടക്കുമ്പോൾ തന്ത്രി തന്ത്രപരമായി കാണയ്ക്കപ്പെട്ടികൂടി അകത്തേക്ക് കൊണ്ടു പോകുന്നതിന് പിന്നിൽ ഇങ്ങനെ ചില നോൺവെജ് ചിന്തകൾ കൂടി ഉണ്ടായിരുന്നു എന്ന് അനുമാനിക്കുക :p
പക്ഷേ വീട്ടുകാർക്കൊക്കെ ഞങ്ങളെ ഭയങ്കര വിശ്വാസമായിരുന്നു.
ക്ഷേത്രഭരണം സംബന്ധിച്ച കേസ് നടക്കുമ്പോൾ തന്നെ ഉത്സവസമയമായി. ഉത്സവം നടത്താൻ അനുവദിയ്ക്കില്ലെന്ന് കുടുംബക്കാർ. ഒറ്റയ്ക്ക് നടത്തുമെന്ന് അച്ഛൻ.
അങ്ങനെ ഉത്സവദിവസമെത്തി.
പൊങ്കാലയിട്ട് സ്ത്രീകൾ നിവേദ്യത്തിന് കാത്തു നിന്നു .
മഞ്ഞപ്പൊങ്കാല തിളച്ചു മറിയുന്നു. പൂക്കുല തുള്ളി ദേവിയെ വെളിപ്പെടുത്തുന്ന ആളെ കാണാനില്ല ! പുള്ളിയെ ആരോ നൈസായി പൊക്കി എന്ന് മനസ്സിലായി. മുതിർന്നവർ ‘ഇനി എന്ത്?’ എന്ന ചിന്തയിൽ അന്തിച്ച് നിന്നു . ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല എന്ന മട്ടിൽ ഞാനും ഏട്ടനും അന്തസ്സായി വായ്നോക്കി നിൽക്കുകയാണ്. പെട്ടന്നാണ് കുറേപ്പേർ ക്ഷേത്രത്തിലേക്ക് ഇരച്ചു കയറി വന്നത് . കുടുംബക്കാർ തന്നെ . ക്ഷേത്രം കയ്യേറാനുള്ള വരവാണ്.
നോക്കി നിൽക്കേ തിരുമുറ്റം സംഘർഷഭരിതമായി.
പകച്ചു പോയ ഞാൻ ഏട്ടന്റെ കൈ പിടിച്ചു . ഓടണോ അടിയ്ക്കണോ? അതായിരുന്നു എന്റെ കണ്ണിലെ ചോദ്യം .
‘വാടാ!!’ അതൊരു അലർച്ചയായിരുന്നു.
എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായപ്പോൾ ഞാൻ കാണുന്ന കാഴ്ച ഒരുകൂട്ടം ആളുകൾക്കിടയിൽ ഒരു കുത്തുവിളക്കുമായി ഒറ്റയ്ക്ക് നിന്നടിക്കുന്ന ഏട്ടനെയാണ്.
അവന്റെ നെറ്റി പൊട്ടി ചോരയൊലിയ്ക്കുന്നുണ്ട്. ചിതറിയോടിയ വിശ്വാസികൾ ക്ഷേത്രം വളഞ്ഞു . അക്രമത്തിന് വന്നവർ പതിയെ ഓടി രക്ഷപ്പെട്ടു . അച്ഛനും ചേട്ടനുമൊക്കെ നന്നായി പരിക്ക് പറ്റിയിരുന്നു.
കോവിലിനുള്ളിലെ മണി കാറ്റിൽ മെല്ലെ ആടുന്നുണ്ട്. ഒന്ന് .. രണ്ട് ..മൂന്ന്.. തുടരെ തുടരെ മണിയടി. ഏട്ടൻ അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു. പൂക്കുല കയ്യിലെടുത്ത് തുള്ളാൻ തുടങ്ങി. തിളച്ച് മറിയുന്ന മഞ്ഞപ്പൊങ്കാലയിൽ പൂക്കുല മുക്കി കോരിയെറിഞ്ഞു. അത് വീണവർക്കെല്ലാം പൊള്ളി. ഏട്ടൻ സ്വന്തം ദേഹത്തേക്ക് പൂക്കുല മുക്കി അടിച്ചു . ഞാൻ ഭയന്ന് നിലവിളിച്ചു . ഇല്ല .. ഏട്ടന് പൊള്ളുന്നില്ല!
കുരവയും ആർപ്പുവിളിയും ഉയർന്നു. വലിയ ജനപങ്കാളിത്തത്തോടെ ഉത്സവം കൊണ്ടാടപ്പെട്ടു.
രാത്രി നെറ്റിയിൽ മരുന്ന് വച്ചുകെട്ടി മുറ്റത്തെ മണലിൽ മലർന്നു കിടക്കുന്ന ഏട്ടനരുകിൽ ഭയ ഭക്തിയോടെ ഞാനിരുന്നു.
‘സത്യത്തിൽ നിന്റെ ദേഹത്ത് ദേവി കയറിയോ?’ എന്റെ ചോദ്യം കേട്ട് അവൻ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു . ചിരിച്ചു ചിരിച്ചു ചുമച്ചു തളർന്നു. ചോദിക്കേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി .
എന്റെ ചോദ്യത്തിന് അവൻ ഒരിക്കലും മറുപടി തന്നില്ല. പക്ഷേ പിന്നീട് ക്ഷേത്ര കാര്യങ്ങളില് അവന് പതിവില്ലാത്ത ശ്രദ്ധ വന്നു .
വേദങ്ങളൊക്കെ വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്ന അവനെ നോക്കി ഞാൻ അന്തംവിട്ടിരുന്നു!
മാസങ്ങൾ കഴിഞ്ഞ് കേസ് ജയച്ച് കുടുംബക്കാർ ക്ഷേത്രം കൈവശപ്പെടുത്തി. പൂജാരി എന്ന സ്ഥാനം നഷ്ടപ്പെട്ടെങ്കിലും ഏട്ടൻ ആധ്യാത്മിക കാര്യങ്ങളിലുള്ള ശ്രദ്ധ കുറച്ചില്ല. യാത്രകളായി പിന്നെ ജീവിതം . ഡിഗ്രി പഠനം എങ്ങനെയോ പൂർത്തിയാക്കി. പിന്നെ ഒരവധൂദനെപ്പോലെ എങ്ങോട്ടോ പുറപ്പെട്ടു പോയി . കേസ് കളിച്ച് അച്ഛൻ എല്ലാം നഷ്ടപ്പെടുത്തി. മരിയ്ക്കുമ്പോൾ എന്നെ ഏൽപ്പിച്ചത് അമ്മയേയും വിവാഹപ്രായമെത്തിയ ചേച്ചിയേയും ഭീകരമായ കടബാധ്യതയും മാത്രം . അന്നുവരെ കുട്ടിയായിരുന്ന ഞാൻ ഒറ്റ രാത്രി കൊണ്ടു വളർന്നു.
പലപ്പോഴും ഓർത്തു, ഏട്ടാ ഈ നിമിഷങ്ങളില് നീ എന്റെയൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ..
ഓരോ വീഴ്ചയിൽ നിന്നും എന്നെ പൊക്കിയെടുക്കുന്നത് നീയെന്ന അദൃശ്യ സാന്നിദ്ധ്യമാണ് എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.
ഏട്ടാ.. നീയാണ് എന്റെ ഹീറോ.. അന്നും ഇന്നും … എന്നും…
ഓർക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നുന്നു എല്ലാം . ഇടയ്ക്കെപ്പോഴോ പൃഥ്വിരാജിന്റെ ഒരു സിനിമ കണ്ടപ്പോൾ അതിലെ വെളിച്ചപ്പാടും മക്കളും എന്നെ കരയിച്ചതെന്തെന്നോ.. അതിലും ഞാൻ കണ്ടത് നമ്മളെ തന്നെയാണ് ഏട്ടാ.
നീ എവിടെയാണെന്നോ എന്ത് ചെയ്യുന്നെന്നോ എനിയ്ക്കറിയില്ല.
ബന്ധങ്ങളുടെ ബന്ധമില്ലാതെ ദേശാന്തരങ്ങൾ താണ്ടണം എന്നാണല്ലോ അവസാനമായി നീ എന്നോട് പറഞ്ഞത് . ശിവനെ.. മഹാദേവനെ നെഞ്ചിൽ പതിപ്പിച്ച നിനക്ക് ലൌകിക ജീവിതത്തോട് വിരക്തി വന്നില്ലെങ്കിലേയുള്ളു അത്ഭുതം .
ഇന്ന് പഴയൊരു ആൽബം മറിച്ചു നോക്കുമ്പോള് നിന്റെ ചിത്രം കയ്യിൽ തടഞ്ഞു . ഡിഗ്രി ക്ക് ചേർന്ന സമയത്ത് ആദ്യ ദിവസം നീ പോകാനിറങ്ങുന്ന ചിത്രം . ഞാനെന്റെ പഴയ ആ കാമറയിലെടുത്തത്.
നോക്കിയിരിക്കുമ്പോൾ കണ്ണ് നിറയുന്നതെന്താടാ.. 

 

RELATED ARTICLES

Most Popular

Recent Comments