Saturday, April 20, 2024
HomePoemsഅസ്ഥിവാരത്തിന്റെ അകം. (കവിത)

അസ്ഥിവാരത്തിന്റെ അകം. (കവിത)

 ടി.കെ.രഘുനാഥ്. (Street Light fb group)
എന്റെ വീടിന്റെ വേരുകളത്രയും
പുഞ്ചനെല്ലിന്റെ മേനിപ്പതങ്ങളെ,
കുന്നുപോലെ പെരുക്കിയ മണ്ണിന്റെ
നെഞ്ഞിലാണെന്നു ചിന്തിച്ചിരിപ്പു ഞാൻ..
പച്ചിളം മണ്ണു കുത്തിക്കുഴിയ്ക്കുമ്പോൾ
കൊച്ചു പല്ലുമായ് വിത്തുകൾ, വായ്മുള,
പൊട്ടിവീണതാണിന്നുമീ വീടിന്റെ
മച്ചകങ്ങൾ ചിലയ്ക്കുന്നു പല്ലികൾ …
എത്ര വേഗം! സിമൻറുമുരുക്കുമായ്
കൊത്തു വേലകൾ ചെയ്യും കരങ്ങളും,
ചുട്ടകട്ടകൾ കെട്ടിയുയർത്തവേ
ഒട്ടു തേങ്ങിയോ ഞാറ്റു താരാട്ടുകൾ ….
പുഞ്ചനെല്ലും വിളയുമിപ്പാടത്തി –
ലന്തിയോളവും വേലയും വീറുമായ്
കന്നുപൂട്ടിയുഴുതുമറിച്ചിട്ട മണ്ണി-
ലത്രേ വളർന്നു നാം നിന്നതും..
പണ്ടു നമ്മളീ മണ്ണിൽ കരളിലെ
കണ്ണുനീരും കിനാവും വിതച്ചിട്ടു ,
മുങ്ങിവീണതും കാലം ചുവപ്പിന്റെ
ശബ്ദമേന്തും കൊടിയുമായ് നിന്നതും..
കഞ്ഞിവേവുന്ന നേരവും കാത്തു നാം
അന്നു പാതിരാവോളവും നിന്നതും
ഇന്നുമോർമ്മയിൽ തേങ്ങുന്നചിത്രമാ-
ണിന്നുമീ വീട്ടിലാർത്തലയ്ക്കുന്നുവോ ….
മണ്ണിലേക്കു നഖമാഴ്തി മാന്തുന്ന,
പൊന്നു തേടുന്ന, യന്ത്രമാകുന്നു നാം !
രമ്യഹർമ്മ്യങ്ങളേറുമാടങ്ങൾ പോൽ
മണ്ണിലൂന്നി വളരുന്ന കാലമേ,
വണ്ടി മൂരികൾ! നമ്മളീ ഭ്രാന്തിന്റെ
തണ്ടു താങ്ങും ചുമലിൻ തഴമ്പുമായ്
മണ്ണുമാന്തിപ്പണിയുന്ന വീടുകൾ
പുണ്ണുപോലെ തുരക്കുന്നു ഭൂമിയെ….
എത്ര കാറ്റുകൾ പാടിയപാടമാ-
ണെത്രകാറുകൾ കോരിയൊഴിച്ചു പോയ്,
എത്രകാലം നിറഞ്ഞവയറുമായ്
പുഷ്പവാടികൾ തൊട്ടുനടന്നു പോയ്!
എത്ര കാലുകൾ നീട്ടിയളന്നതാ-
ണെത്ര നൂറ്റാണ്ടു വേർപ്പു സൂക്ഷിച്ചതാ-
ണെത്രമാത്ര മടിമകളായി നാമിത്ര
കാലമീ പാടം മുഴുവനും ….
എന്റെ വീടിന്റെ ഭിത്തിയിൽ ഭഗ്നയാം
പച്ചനെല്ലിന്റെ രക്തം പരക്കവേ,
ചിത്രമാക്കുന്നു, വർണ്ണങ്ങളായ്തീർത്തു
സ്വപ്നഗോപുരം സ്വഛം ചിരിക്കുന്നു
RELATED ARTICLES

Most Popular

Recent Comments