
ഹൃദ്യ രാകേഷ്. (Street Light fb group)
“അല്ല മാഷേ… പോവാന്‍ ഭാവൊന്നുമില്ലേ… ” ഉണര്‍ന്നിട്ടും പുതപ്പിനടിയില്‍ ചുരുളാന്‍ ശ്രമിച്ച വിവേകിനെ പിടിച്ചെഴുനേല്പ്പിക്കുന്നതിനിടെ അവള്
പറഞ്ഞു.
“എല്ലാം ഒരുക്കി വെച്ചേക്കുവാ… ഇന്നെങ്കിലും പോയാലെ നാളെ ഓഫീസില്‍ പോകാന്‍ പറ്റൂ… ” അവള് ഒരുക്കം തുടങ്ങിയിരുന്നു…
“ങാ… ഒരു പത്തു മിനിറ്റ്… ഇപ്പൊ ഇറങ്ങാം…
ഉറക്കം വിട്ടുമാറിയിട്ടില്ലെങ്കിലും ഡ്യൂട്ടിയും രോഗിയുമെല്ലാം മനസിലേക്കെത്തിയതോടെ വിവേകും പോകുവാനുള്ള ഒരുക്കത്തില്‍ മുഴുകി.
“അച്ഛാ… ഞങ്ങള്‍ ഇറങ്ങാണ്” ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്നച്ചനോടവള് പറഞ്ഞു.
മുഖം മറച്ചിരുന്ന പത്രം മാറ്റി അവരെ നോക്കിയൊന്നു മൂളാന്‍ മാത്രേ ആ മനുഷ്യന് കഴിഞ്ഞുള്ളു..
“കുറെ നാളായി ലീവെടുത്തിട്ട്… നാളെയെങ്കിലും… അവന്റെ വാക്കുകളെ മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ ആ വൃദ്ധന് ശബ്ദമുയര്‍ത്തിതന്നെ പറഞ്ഞു
“ആ അങ്ങനെയാകട്ടെ… സമയം കിട്ടുമ്പോ വരൂ ” ചിരിയ്ക്കാന്‍ ശ്രമിച്ചെങ്കിലും മുഖത്ത് സങ്കടം പ്രകടമായിരുന്നു.
“പറ്റുമ്പോഴോക്കെ വാ.. നീയ് മാത്രല്ല ഇവനും” പതിവുപോലെ അടുക്കളയില്‍ നിന്നുമായിരുന്നു അമ്മയുടെ വരവ്.
ഇരുവരും അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി യാത്ര തിരിച്ചു.. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിട്ടാതെ പോയൊരാ സൗഭാഗ്യവും
വാങ്ങിച്ചുകൊണ്ട്…
നീണ്ടയാത്ര അവസാനിക്കപെട്ടു.. സ്നേഹര്ദ്രമെന്നവരുടെ ഭവനത്തിനു മുന്നില്‍.
***************************************
കുറച്ചു നാളുകള്‍ക്ക് ശേഷം ….
“ഏയ്.. പേടിക്കാനൊന്നും ഇല്ല.. ഇതൊക്കെത്തന്നെയല്ലേ ലക്ഷണങ്ങള്‍… ” ആകെ ടെന്‍ഷനടിച്ചിരുന്ന വിവേകിനെ നോക്കി ഡോക്ടര്‍ പറഞ്ഞു.
“സൊ വിവേക് കണ്ഗ്രാട്സ്.. നീയൊരച്ചനാകാന് പോകുന്നു.. ദേവിക ഡോക്ടര്‍ അവനു നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു.
തന്റെ സീനിയറും കൂട്ടുക്കാരിയുമായ ദേവിക ഡോക്ടര്‍ക്ക് സന്തോഷത്തോടെ ഹസ്തദാനം നല്കുമ്പോഴും അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..
എത്രയും പെട്ടന്ന് ദിയയെ കാണാന്‍ അവന്റെ മനസ് വെമ്പി…
ചെക്കിങ്ങിനു ശേഷം അവള് അവന്റെ മുന്നിലേക്കെത്തി… അവളുടെ മുഖത്ത് ഒരായിരം പൂത്തിരികള്‍ കത്തുന്ന പ്രകാശമവന് കണ്ടു. അതെ തങ്ങള്‍
ഒരുപോലെ കാത്തിരുന്ന ആ ഭാഗ്യം.. ഈ മേടചൂടിലും മനസിനെ തണുപ്പിചൊരാ വാര്‍ത്ത.. ഞാന്‍ ഒരച്ചനാകാന്‍ പോകുന്നു.. എന്റെ ദിയ ..
അവളൊരമ്മയും.. അതെ ഞങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകാന്‍ പോകുന്നു..
“പോണ്ടേ… ” വിവേകിനെ സ്വപ്നലോകത്ത് നിന്നവള്‍ ഉണര്‍ത്തി… ചേര്‍ത്തു നിര്‍ത്തി നെറ്റിയിലൊന്നു ചുംബിക്കാനെ അവനപ്പോള്‍
തോന്നിയതുള്ളൂ.. ആ ചേര്‍ത്തു നിര്‍ത്തലിലും നെറ്റിയില്‍ തന്ന ഉമ്മയിലും അവന്റെ സ്നേഹം ആവോളമുണ്ടെന്നവള് അറിഞ്ഞു..
സന്തോഷത്തിന്റെ നാളുകള്‍.. അത്യാവശ്യം കേസുകള്‍ മാത്രം ഏറ്റെടുത്ത് ദിയ വിശ്രമത്തിലായിരുന്നു… വിവേകിന്റെ നിര്‍ബന്ധം മൂലം.. തന്റെ
കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്ന എല്ലാമെല്ലാമായ ദിയയെ അവന് നോക്കി പൊന്നുപോലെ അല്ലെങ്കില്‍ അതിനെക്കാളേറെ …
“ഏട്ടാ.. നമ്മളെന്ത് പേരാ കുഞ്ഞിനു ഇടാ?? ” അവന്റെ നെഞ്ചോട് ചേര്‍ന്ന് കിടന്നോരോ രാത്രിയിലുമവള് ചോദിച്ചു… പല പല പേരുകള്‍
മനസിലേക്കെത്തിയെങ്കിലും എന്തോ ഉറപ്പിചെന്നോണം അവന് പറഞ്ഞു.
“ആഷി…ആശീഷ് ദേവ്”
“അല്ല.. അത്.. അ….. അവളുടെ വാക്കുകള്‍ മുഴുമിപ്പിക്കാതെ അവന് തുടര്‍ന്നു..
“അതെ നിന്റെ വല്യേട്ടന്റെ പേര്.. ഞാന്‍ അളിയനോടവസാനമായി സംസാരിച്ചപ്പോഴും പറഞ്ഞിരുന്നു… കുഞ്ഞിന് പേരിടാനുള്ള അവകാശം
തനിക്കാണെന്ന്.. പക്ഷെ.. വിധി മറിചായിരുന്നല്ലോ… ആ പേര് തന്നെ മതി.. നമ്മുടെ കുഞ്ഞിനും..”
അവളുടെ കണ്ണുകള്‍ നിറഞ്ഞതവനറിഞ്ഞു…ചേര്ത്തൊന്നാശ്വസിപ്പിക്കാന് മാത്രേ കഴിഞ്ഞുള്ളൂ അവന്…
***************************************************
ദിയയുടെ ഉദരത്തില്‍ ചെവിചേര്ത്ത് വെച്ചവന് തന്റെ കുഞ്ഞിന്റെ അനക്കമറിഞ്ഞു.. ദിവസങ്ങള്‍ ആഴ്ചകള്‍ക്കും ആഴ്ചകള്‍ മാസങ്ങള്‍ക്കും
വഴിമാറിയപ്പോള്‍… ഒടുവില്‍ ആ ദിനമെത്തി… ഡിസംബര്‍ പതിനെഴ്.. ദിയയുടെയും വിവേകിന്റെയും കുഞ്ഞീഭൂമിയിലേക്കെത്താന്
വൈദ്യശാസ്ത്രം കുറിച്ച നാള്… രാവിലെ തന്നെ ഹോസ്പിറ്റലില്‍ എത്തി.. ഹോം നേഴ്സിനെ കൂട്ടിനിരുത്തി അവന് റൌണ്ടിന് പോയതേ ഉള്ളൂ..
അവളില്‍ വേദന തുടങ്ങുകയായിരുന്നു…. നേഴ്സ് പറഞ്ഞതനുസരിച്ച് മുറിയിലെത്തിയപ്പോഴേക്കും ദിയയെ പ്രസവമുറിയിലേക്ക്
കൊണ്ടുപോയിരുന്നു….
വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലായതോണ്ടും ഡോക്ടറായാതോണ്ടും അവളോടൊപ്പം നില്ക്കാന് അനുവാദം കിട്ടി.. ഭര്ത്താക്കന്മാരെ വഴക്ക്
പറഞ്ഞും ഉറക്കെ നിലവിളിച്ചും ഊഴം കാത്ത് കിടന്നിരുന്ന ഗര്ഭിണികള്ക്കിടയിലൂടെ അങ്ങറ്റത്ത് തന്റെ ബിയ അവശയായി കിടക്കുന്നത്തവന്
കണ്ടു… ശരീരത്തേക്കാള്‍ വേഗത്തില്‍ മനസവളുടെ അടുത്തെത്തി.. വേദനയില്‍ നീറുമ്പോളും അവളുടെ കണ്ണുകളില്‍ അവനോട് സ്നേഹം
മാത്രമായിരുന്നു..
സിസേറിയനെക്കാള് നല്ലത് സുഖപ്രസവമാണെന്നും പരമാവധി പേഷ്യന്സിനെ പറഞ്ഞ് മനസിലാക്കിപ്പിക്കണമെന്നും പഠിച്ച മെഡിസിന് പാഠങ്ങള്‍ അവന് മറന്നു.. തന്റെ പ്രിയയുടെ വേദനയ്ക്കുമുന്നില്‍. .. തന്റെ കയ്യൊന്നു മുറിഞ്ഞു കണ്ടാല്‍ തലക്കറങ്ങി വീഴുന്ന അവള്‍ക്ക് അസംഖ്യം അസ്ഥികള്‍ മുറിയുന്നൊരാ വേദന സഹിക്കുമോ എന്നുറപ്പില്ലായിരുന്നു… അവളുടെ കയ്യില്‍പ്പിടിച്ച് ധൈര്യം പകരുന്നതിനിടെ അവന് പറഞ്ഞു..
“മോളേ.. സിസേറിയന് വേണോ…” മറുപടി നല്കാന് ശബ്ദമുയര്‍ത്താന്‍ പോലും അവള്‍ക്ക് കഴിഞ്ഞില്ലെങ്കിലും വേണ്ടെന്ന മറുപടി അവളുടെ കണ്ണുകളിലുണ്ടായിരുന്നു..
ആകുലതള്ക്ക് വിരാമമിട്ട് ആ നിമിഷമെത്തി… ദിയ..എ അവള് വിവേകിന്റെ കൈകളില്‍ മുറുകെ പിടിച്ചു…പ്രസവവേദനയുടെ ഓരോ മൂര്‍ധന്യത്തിലും… അവന് സ്വയം ഉരുകുകയായിരുന്നു ആ ഓരോ നിമിഷങ്ങളിലും… ദിയയുടെ കൈകള്‍ക്ക് ശക്തി നഷ്ടപ്പെട്ട അടുത്ത നിമിഷത്തില്‍ അവന് കേട്ടു… ഒരു കുഞ്ഞിന്റെ കരച്ചില്
*************************************************
“ആണ്‍കുഞ്ഞാണ് … രണ്ടാളും സുഖായിട്ടിരിക്കുന്നു.. ദിയയെ കുറച്ചു കഴിയുമ്പോള്‍ മുറിയിലേക്ക് മാറ്റാം..” കുഞ്ഞിനെ കൈകളിലേക്ക് വെച്ച് തരുമ്പോള്‍ ദേവിക പറഞ്ഞ വാക്കുകള്‍ അവനിത്തിരി ആശ്വാസമായിരുന്നു… കുഞ്ഞിനേയും കൊണ്ട് ലേബര്‍ റൂമിന് പുറത്തെത്തിയപ്പോ അനൂപും അര്‍ച്ചനയും കാത്തിരിപ്പായിരുന്നു..
വിവേകിനെ കണ്ടതോടെ കുഞ്ഞിനെ വാങ്ങുവാന്‍ അര്‍ച്ചന കൈകള്‍ നീട്ടി.. കുഞ്ഞിനെ അവള്‍ക്ക് നല്കി.. അനൂപിനടുത്തെത്തി നിന്നു…
അനൂപ് വിവേകിനെ കെട്ടിപിടിച്ചപ്പോള്‍ ദിയയുടെ മുഖവും അവളനുഭവിച്ച വേദനയും നേരിട്ട് കണ്ട് കടിച്ചു പിടിച്ചു നിര്‍ത്തിയ കണ്ണുനീര് അണപൊട്ടിയൊഴുകുകയായിരുന്നു…
**********************************************
“ഡാ നീയെവിടാ… അവളെ മുറിയിലേക്ക് മാറ്റി.. വാ..” മധുരം വിതരണം ചെയ്യാന്‍ പുറത്തുപോയിരുന്ന വിവേകിനെ അനൂപ് ഫോണില്‍ വിളിച്ചു…
കേട്ടപാടെ ഓടിയെത്തുകയായിരുന്നു വിവേക്..
ഇനി നിങ്ങള്‍ സംസാരിക്ക്.. പുറത്തെക്കിറങ്ങുന്നതിനിടെ അര്‍ച്ചന പറഞ്ഞു..
മുറിയിലെ കട്ടിലില്‍ ചുവരിനോട് ചേര്‍ന്ന് ദിയയും അവളുടെ വലതു ഭാഗത്ത്.. എന്റെ അല്ല.. ഞങ്ങളുടെ മോനും… അവള് വിവേകിനെ കണ്ടെഴുനേല്ക്കാന് ഭാവിച്ചു…
“വേണ്ട കിടന്നോ.. അവളുടെ അടുത്തിരുന്നുകൊണ്ടവന് പറഞ്ഞു..
ആഷീ… അവന് കുഞ്ഞിനെ എടുത്തുകൊണ്ട് പതിയെ വിളിച്ചു… അച്ഛന്റെ ശബ്ദം കേട്ടിട്ടെന്നോണം അവന് പതുക്കെ കാലൊന്നനക്കി പിന്നെയും ഉറക്കം തന്നെ..
“ഏട്ടാ ഇപ്പൊ നമ്മുടെ ജീവിതം പൂര്‍ണമായി .. അല്ലേ…” അവശതവിട്ടുമാറിയിട്ടില്ലാത്ത ശബ്ദത്തോടെയവള്‍ ചോദിച്ചു…
മറുപടിയായി രണ്ടുപേര്ക്കുംസ്നേഹം ചാലിച്ച ചുംബനം മാത്രമായിരുന്നു അവന്റെ പക്കല്‍… അത് തന്നെയായിരുന്നു ദിയയുടെ ആഗ്രഹവും….
************************************
ഇനി അവര്‍ക്ക് പുതിയൊരു ജീവിതമാണ്.. നഷ്ടമായെന്നു കരുതിയ ബന്ധങ്ങളെ ചേര്‍ത്ത് പിടിച്ച് ആഷിയോടൊപ്പം സ്നേഹാര്‍ദ്രമെന്ന ആര്‍ദ്രമായ സ്നേഹം തുളുമ്പുന്ന വീട്ടില്‍… സ്നേഹാര്‍ദ്രമായ ആ ജീവിതയാത്ര ഇവിടെ തുടങ്ങുന്നു.. 🙂
******************************************** (അവസാനിച്ചു)
Comments
comments