പി. പി. ചെറിയാന്‍.
ന്യൂയോര്‍ക്ക് : ജനനത്തിനുശേഷം പതിമൂന്ന് മാസം തലയോട്ടികള്‍ ഒട്ടിച്ചേര്‍ന്ന നിലയില്‍ കഴിയേണ്ടിവന്ന സയാമീസ് ഇരട്ടകളെ വിജയകരമായ ശസ്ത്രക്രിയയിലൂടെ പരസ്പരം വേര്‍പ്പെടുത്തിയതിനുശേഷം ആദ്യമായി ഇരുവരും മുഖാമുഖം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കളും ആശുപത്രി ജീവനക്കാരും.
ആറാഴ്ച മുമ്പ് 16 മണിക്കൂര്‍ നീണ്ടുനിന്ന അതിസൂക്ഷ്മമായ ശസ്ത്രക്രിയിലൂടെ മോണ്ടിഫിയോര്‍ മെഡിക്കല്‍ സെന്ററില്‍ ലോകോത്തര ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജെയിംസ് ഗുഡ്‌റിച്ചാണ് അനിയാസ്, ജാര്‍ഡന്‍ എന്നീ ഇരട്ടകളെ തമ്മില്‍ വേര്‍പിരിച്ചത്.
ആറാഴ്ചയ്ക്കുശേഷം ഇരുവരേയും റിഹാബില്‍ പ്രവേശിപ്പിക്കുവാനൊരുങ്ങുകയാണ്. ഇപ്പോള്‍ ഇരുവര്‍ക്കും സ്വയമായി തലയുയര്‍ത്തി പരസ്പരം കാണാന്‍ കഴിയുന്നതായി മാതാപിതാക്കള്‍ പറയുന്നു. എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാനാകുമെന്നാണ് പ്രതീക്ഷ. തലച്ചോറിലെ രക്ത ധമിനികളും കോശങ്ങളും പരസ്പരം ബന്ധപ്പെട്ട് ജനിക്കുന്ന കുട്ടികള്‍ 10 മില്യണില്‍ ഓരാളാണെന്നു ഡോ. ഗുഡ്‌റിച്ച് പറഞ്ഞു.
അനിയസിന്റേയും ജാര്‍ഡിന്റേയും പുനര്‍ജന്മം ശാസ്ത്ര പുരോഗതിയുടെ വിജയകരമായ പ്രതിഫലനമാണെന്നും ഡോക്ടര്‍ കൂട്ടി ചേര്‍ത്തു. ഈ വര്‍ഷത്തെ താങ്ക്‌സ് ഗിവിങ്ങ് ജീവിതത്തിലെ അസുലഭ സന്ദര്‍ഭങ്ങളില്‍ ഒന്നാണ്. ഇതുവരെ മക്കളുടെ ചികിത്സയ്ക്കായി 289,000 ഡോളര്‍ ‘Go Found Me’ യിലൂടെ നല്‍കിയ എല്ലാവരോടും മാതാപിതാക്കള്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി