
Home America ജനസേവന രംഗത്ത് വേറിട്ട മാതൃകയായി പ്രവാസി വ്യവസായി.
അമാനുല്ല വടക്കാങ്ങര
ദോഹ : ജനസേവന ജീവകാരുണ്യ മേഖലകളില്‍ മാതൃകാപരവും വേറിട്ടതുമായ പ്രവര്‍ത്തനങ്ങളുമായി പ്രവാസി വ്യവസായി ശ്രദ്ദേയനാകുന്നു. കഴിഞ്ഞ 38 വര്‍ഷത്തോളമായി ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളില്‍ ആതുരശ്രൂശൂഷ രംഗത്ത് സജീവ സാന്നിധ്യവും നേതൃത്വവും നല്‍കുന്ന ഷിഫ അല്‍ ജസീറ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.ടി റബീഉല്ലയാണ് സംരഭകര്‍ക്കും ജനസേവകര്‍ക്കും പുതിയ മാതൃക കാണിക്കുന്നത്.
മഴയുടെ ലഭ്യത കുറഞ്ഞത് കൊണ്ടും കാലാവസ്ഥ പ്രശ്‌നങ്ങള്‍ കൊണ്ടും കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. മഴക്കാലം ഔദ്യോഗികമായി അവസാനിച്ചില്ലെങ്കിലും ഇപ്പോള്‍തന്നെ കേരളത്തിന്റെ പല ഭാഗങ്ങളിലും കുടിക്കാനും കുളിക്കാനും വെള്ളത്തിന്റെ ഭൗര്‍ലഭ്യം നേരിടുകയാണ്. വരും മാസങ്ങളില്‍ ശുദ്ധജല ലഭ്യത വളരെ പ്രയാസം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തിലാണ് തന്റെ ഗ്രാമത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി കുടിവെള്ളം വീട്ടുപടിക്കലെത്തുന്ന മാതൃക പദ്ധതിക്ക് ഡോ. കെ.ടി റബീഉല്ല എന്ന പ്രവാസി വ്യവസായി തുടക്കം കുറിക്കുന്നത്.
കിണറുകളും കുഴല്‍കിണറുകളും വറ്റി വരണ്ട് വേനല്‍ ചൂടിനെ പേടിക്കുന്ന ഗ്രാമവാസികളുടെ മനസ്സിലേക്ക് കുളിര്‍മ്മ പകരുന്ന പ്രഖ്യാപനമാണ് ഡോ. കെ.ടി റബീഉല്ല ഇന്ന് നടത്തിയത്.
കേരളത്തില്‍ എവിടെയാണോ വെള്ളം ലഭ്യമായിട്ടുള്ളത് അവിടെ നിന്നും എല്ലാ സുരക്ഷിതത്വ മാനദണ്ഡങ്ങളും പാലിച്ച് ടാങ്കര്‍ ലോറികളിലാക്കി വെള്ളമെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഡോ. കെ.ടി റബീഉല്ല മാതൃക സൃഷ്ടിച്ചത് സ്വന്തം ഗ്രാമത്തെ പൂര്‍ണ്ണമായും ദത്തെടുത്ത് കൊണ്ടാണ്. തന്റെ ഗ്രാമത്തില്‍ തൊഴിലില്ലാത്തവരും അവശരുമായ മുഴുവന്‍ ആളുകള്‍ക്കും പ്രതിമാസം കൃത്യമായി ജീവിത ചിലവുകള്‍ നല്‍കുന്ന ബൃഹദ് പദ്ധതിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഈ പ്രവാസി വ്യവസായി നടപ്പിലാക്കിയത്.
കേവലം 600 റിയാല്‍ ശമ്പളത്തിന് 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ താന്‍ ഇന്ന് ഈ നിലയിലെത്തിയത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ടും എല്ലാ വിഭാഗം ആളുകളുടെ സഹകരണവും കൊണ്ടുമാണ്. ഈ അനുഗ്രഹങ്ങള്‍ക്ക് നന്ദിയും കടപ്പാടും കാണിക്കേണ്ടത് സഹജീവികളുടെ കണ്ണീരൊപ്പിക്കൊണ്ടാണ് എന്ന് ഞാന്‍ കരുതുന്നു. എന്റെ വരുമാനത്തിന്റെ ഇരുപത് ശതമാനമെങ്കിലും ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാനുദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ ജീവിതം ധന്യമാകുന്നത് സഹജീവികള്‍ക്ക് നമ്മളെക്കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടാകുകയും അവരുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങും തണലുമാകാന്‍ കഴിയുകയും ചെയ്യുമ്പോഴാണ്. ഞാനും എന്റെ കുടുംബവും ഈ അടിസ്ഥാനത്തിലാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആതുരശ്രുശൂഷ രംഗത്തെ അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസി ഭാരതീയ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ജനസേവന രംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ വേറെയും ലഭിച്ചിട്ടുണ്ട്.
ഇവിടെ നിന്ന് ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ക്കപ്പുറം ദുരിതങ്ങളും പ്രയാസങ്ങളും നീങ്ങിപ്പോകുമ്പോഴുണ്ടാകുന്ന സഹജീവികളുടെ സന്തോഷമാണ് ഞാന്‍ വിലമതിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സഊദി, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിരവധി സംരഭങ്ങള്‍ ഇദ്ദേഹത്തിനുണ്ട്.
ഡോ. കെ.ടി റബീഉല്ല ചെയ്യുന്നത് പോലെ മറ്റുള്ള പ്രവാസി വ്യവസായികളും സംരഭകരും അവരവരുടെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച്‌കൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ട് വന്നാല്‍ അത് കേരളീയ സമൂഹത്തിന് ആശ്വാസമായിരിക്കും
Comments
comments