പെൺകുഞ്ഞ്. (കഥ)

0
612
കാർത്തിക മോഹൻ. (Street Light fb group)
പേടിപ്പെടുത്തുന്ന ഇരുട്ടിൽ സ്വന്തം നിഴലിനെപ്പോലും കാണാനാവാതെ പിഞ്ചു കുഞ്ഞിനേയും മാറിലടക്കിപ്പിടിച്ചുകൊണ്ടവളോടി. അടിയ്ക്കടി നിലയ്ക്കുന്ന ശ്വാസത്തിനിടെ ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയെങ്കിലും തന്റെയൊപ്പമെത്താൻ എത്ര പേർ മത്സരിച്ചോടുന്നുവെന്നു എണ്ണിത്തിട്ടപ്പെടുത്താനായില്ല. കാലുകൾ കുഴഞ്ഞിട്ടും ദേഹം തളർന്നിട്ടും അവളോടി. സിറ്റിയിലെ ഏറ്റവും വിജനമായ വിരളം പാതകളിലൊന്നിലൂടെ അലറിവിളിച്ചുകൊണ്ടോടി. മുഷിഞ്ഞ വിയർപ്പിൽ അവളുടെ ദേഹത്തോട് പതിവിലുമധികം ഒട്ടിയമർന്ന കുഞ്ഞ് ഭീതിയിൽ അവളെക്കാളുറക്കെക്കരഞ്ഞുകൊണ്ടിരുന്നു.
പിന്തുടർന്നവരിൽ ഏതോ ഒരുവൻ ഒരു ക്ഷണനേരത്തേക്ക് ഓട്ടം നിർത്തി മുന്നിൽക്കണ്ട മുഴുത്ത വടിയെടുത്ത് അവളുടെ കാലുകളെ ലക്ഷ്യമാക്കിയെറിഞ്ഞു. ആഞ്ഞടിച്ചു വന്ന ഒരു കൊടുങ്കാറ്റ് അതിവേഗം നിശ്ചലമായതുപോലെ അവൾ താഴേയ്ക്കൂർന്നു വീണു. ഏതൊരമ്മയെയും പോലെ ഒരു പോറൽ പോലുമേൽക്കാതെ കുഞ്ഞിനെ അവൾ ചേർത്തു പിടിച്ചിരുന്നു. മത്സരാർത്ഥികൾ ഓട്ടം മതിയാക്കി ആർത്തുചിരിച്ചുകൊണ്ട് അവൾക്കരികിലെത്തി. മുന്നേ ഉന്നം പിഴയ്ക്കാതെ വടിയെറിഞ്ഞവൻ മറ്റുള്ളവരേക്കാളുച്ഛത്തിൽ അലറിവിളിച്ചു.. – “നീയെവിടെ വരേയൊടുമെടീ വഴിപിഴച്ചവളേ..”. കൂട്ടത്തിൽ ഉന്നം കുറഞ്ഞ മറ്റൊരുവൻ അവളെ നോക്കി കണ്ണൊന്നു ചുളിച്ച് തന്റെ കാൽക്കീഴിൽ കിടന്നിരുന്ന കരിങ്കല്ല് ആയാസ്സപ്പെട്ട് പൊക്കിയെടുത്തു.
അവസാന വീഴ്ചയിൽ തളർന്ന തന്റെ ശരീരത്തേയും വാടിക്കുഴഞ്ഞ കുഞ്ഞിനേയും ഉയർത്താൻ ബദ്ധപ്പെടുന്നതിനിടെ തണുത്തു മരവിച്ചു തുടങ്ങിയ ശിരസ്സിൽ അവന്റെ കൈയിലിരുന്ന കല്ല് ആഞ്ഞുപതിച്ചു.. ഇടതടവില്ലാതെ വീണ്ടും വീണ്ടും ആഞ്ഞുപതിച്ചു. കുഞ്ഞിന്റെ മുഖത്തു തെറിച്ചുവീണ ചുടുചോര, അവളിൽ നിന്ന് അതിനെ വേർപെടുത്തിയെടുത്ത മൂന്നാമൻ ആർത്തിയോടെ നക്കിത്തുടച്ചു. അസഹ്യമായ വേദനയിൽ കണ്ണുകളടഞ്ഞപ്പോഴുണ്ടായ ഞരക്കം അവളുടെ അടിവയറ്റിലായുള്ള നാലാമന്റെ തൊഴിയോടെ അവസാനിച്ചു. മത്സരാർത്ഥികൾ ഓരോരുത്തരായി തിരിഞ്ഞു നടന്നു. കുഞ്ഞിനേയുമെടുത്ത് ആദ്യം നടന്നവൻ തന്നോട് തന്നെ പറഞ്ഞൂ..- “ഒന്നൊന്നര വയസ്സുണ്ടാവും ഇതിന്, ധാരാളം”..

 

Share This:

Comments

comments