യവനിക. (കഥ)

0
666
സന്ധ്യ ജലേഷ്.
അച്ഛാ…. ഞാനും വരട്ടേച്ഛാ…. രണ്ടു വയസ്സു മുതൽ തുടങ്ങിയ ചോദ്യമാണ്. പുതിയ ഡ്രസ്സുമിട്ടു കൊണ്ട് എവിടെ പോകാനിറങ്ങിയാലും അവൾ ചോദിക്കുന്ന ചോദ്യമാണ്… അച്ഛാ ഞാനും വരട്ടേച്ഛാ…” അപ്പോൾ അവളേ വാരിയെടുത്തു കൊണ്ട് പറയും: “മോളേ അച്ചനൊരു ഫ്രണ്ടിന്റെ വീട്ടിൽ പോവ്വാ… അങ്ങ് ദൂരെയാ… വേറേ എവിടെങ്കിലും പോവാണങ്കിൽ എന്റെ ചക്കരേ അച്ഛൻ കൊണ്ടുപോവാതിരിക്കുമോ…. അപ്പോൾ സൗന്ദര്യമുള്ള ഒരു ചിരി ആകുഞ്ഞുമുഖത്തു വിടരും. എന്നിട്ട് കൊഞ്ചലോടെ പറയും…” ന്നാ.. അച്ഛൻ പോയിട്ട് വാ… നേരത്തേ വരണേ….. എന്നിട്ട് തുള്ളിച്ചാടി ഓടും. അൽപം വൈകിയാണ് വിവാഹം കഴിച്ചത്.നാൽപത്തി രണ്ടാമത്തെ വയസ്സിൽ. ഇരുപത്തേഴാം വയസ്സു മുതൽ പെണ്ണുകാണാൻ തുടങ്ങി. വീട്ടുകാർക്കു മിഷ്ടമായി പെണ്ണിനും ചെറുക്കനും ഇഷ്ടമായി … രണ്ടു ദിവസം കഴിഞ്ഞ് പെണ്ണിന്റെ വീട്ടിൽ നിന്നും ഒരു ഫോൺ കാൾ വരും.” ക്ഷമിക്കണം.. ഞങ്ങൾക്കി ബന്ധത്തിന് താൽപ്പര്യമില്ല..
ജാതകത്തിൽ ചില പ്രശ്നങ്ങൾ കാണുന്നു.. രണ്ടു പേർക്കും കുഴപ്പമുണ്ടാകുമെന്നാ അറിയുന്നത്.അതുകൊണ്ട് ഞങ്ങൾ പിൻമാറുന്നു.. സോറി ” രണ്ടു മൂന്നിടത്തു നിന്ന് ഇതു തന്നെ മറുപടി വന്നപ്പോൾ ചേട്ടൻറേയും അമ്മയുടേയും നിർബന്ധത്തിനു വഴങ്ങി പ്രഗൽഭനായ ഒരു ജ്യോതിഷനെ കണ്ടു. രാശി പലകയിൽ കവടി നിരത്തി കുട്ടലും കിഴിക്കലും ഗുണിക്കലുമൊക്കെ നടത്തുന്ന ജ്യോത്സന്റെ മുഖത്തെ ഗൗരവം എല്ലാവരും ശ്രദ്ധിച്ചു. ഇടയ്ക്കിടെ നെറ്റി ചുളിക്കുന്നു.. അവസാനം പകുത്തു വെച്ച കവടിയിൽ നിന്നും കണ്ണെടുത്തിട്ട് അദ്ദേഹം പറഞ്ഞു. ” ചൊവ്വാദോഷമുണ്ട്… ഒരു വിവാഹം അപ്രാപ്യ മെന്നാണ് കാണുന്നത്. എല്ലാ മുഖങ്ങളിലും മ്ളാന തവ്യക്തമായി. അമ്മയെ കൊണ്ടുവരാഞ്ഞത് നന്നായി എന്ന് മനസ്സിലോർത്തപ്പോൾ ചേട്ടൻ ജ്യോത്സനോടു ചോദിക്കുന്നതു കേട്ടു.. “
ഇവന് ജീവിതത്തിൽ ഒരു വിവാഹമുണ്ടാവില്ലന്നാണോ പറയുന്നത്.. മുക്കിൻ തുമ്പിലേക്കിറങ്ങി വന്ന കട്ടി ഫ്രയിമുള്ള കണ്ണട ഇടതു കൈയ്യുടെ ചുണ്ടുവിരൽ കൊണ്ട് മുകളിലേക്ക് തള്ളിക്കയറ്റി ജ്യോത്സ്യൻ പറഞ്ഞു.. “അങ്ങനെ ഉറപ്പിച്ച് ഞാൻ പറഞ്ഞില്ലല്ലോ.. വിവാഹ മുണ്ടാകും… അതിന് സാക്ഷാൽ ഈശ്വരൻ തന്നെ തുനിഞ്ഞിറങ്ങണം. അതായത് ചൊവ്വാദോഷമുള്ള ആണിന് ചൊവ്വാദോഷമുള്ള പെണ്ണ് തന്നെ വേണം വധുവായി വരാൻ. അല്ലങ്കിൽ വിവാഹ ബന്ധം ശാശ്വതമാകില്ല.. ആർക്കെങ്കിലും ഒരാൾക്ക് മരണം പോലും സംഭവിക്കും. . … അന്ന് നിർത്തി പെണ്ണുകാണൽ എന്ന ചായ കുടിച്ചടങ്ങ്. വീട്ടുകാർപക്ഷേ അടങ്ങിയിരുന്നില്ല. അവർ പല വഴിക്ക് ആലോചന തുടങ്ങി.. കുറേയേറെ വർഷങ്ങൾ പിന്നിട്ടെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. പക്ഷേ..ജ്യോൽസ്യൻ പറഞ്ഞതു പോലെ ഈശ്വരൻ നേരിട്ട് അന്വേഷണം തുടങ്ങി.. ആ അന്വേഷണത്തിന്റെ പരിസമാപ്തിയാണ് ഇന്ന് കൂടെയുള്ള പെണ്ണ്.
സ്നേഹിക്കാൻ മാത്രമേ അവൾക്കറിയു.പലപ്പോഴും തോന്നിയിട്ടുണ്ട് ഇവൾക്കു വേണ്ടി ആയിരിക്കും ഇത്രയും നീണ്ട കാലയളവ് കാത്തിരിക്കേണ്ടി വന്നതെന്ന്. സംതൃപ്തമായ ജീവിതത്തിനിടയിൽ ” ചൊവ്വ” വീണ്ടും പ്രത്യക്ഷപ്പെട്ട് കളി തുടങ്ങി.വിവാഹം കഴിഞ്ഞ് രണ്ടര വർഷമായിട്ടും ആ വീട്ടിൽ താരാട്ടിന്റെ ഈരടികൾ മുഴങ്ങിയില്ല. ഒരു പാട് മരുന്നുകൾ കഴിച്ചു.. അതിലേറെ വഴിപാടുകൾ കഴിച്ചു. ഈശ്വരൻ അതൊന്നും കണ്ട ഭാവം പോലും നടിച്ചില്ല….. ” എല്ലാ ശനിയാഴ്ചയും തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ പോയി കൂവളമാല വഴിപാട് കഴിക്കുക…രണ്ടാളും ചേർന്ന് വേണം പോകാൻ.. ഒരു ശനിയാഴ്ച പോലും മുടക്കം വരുത്തരുത്.. ഫലം നിശ്ചയം ” ഊര് ചുറ്റി ക്ഷേത്രമായ ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തുന്ന അവിവാഹിതനായ അമ്മാവന്റെ ഉപദേശവും ഒടുവിൽ സ്വീകരിച്ചു. അങ്ങനെ ശിവക്ഷേത്ര ദർശനവും വഴിപാടുകളുമായി വീണ്ടും കുറേ നാളുകൾ….
ഒരു ദിവസം ഓഫീസിലിരിക്കുമ്പോൾ മുത്ത ചേച്ചി ഫോണിൽ വിളിച്ചു. “എടാ.. നിങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടു.. വൃന്ദ ഗർഭിണിയാണ്.. ഞങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിലാണ്.. മറ്റു യാതൊരു കുഴപ്പവുമില്ല. ഓഫീസ് കളഞ്ഞ് നീയിപ്പഴിങ്ങോട്ടു പോരണ്ട.. ഞങ്ങൾ വീട്ടിലേക്ക് പോകാൻ തുടങ്ങുവാണ് ” ……. വൈകിട്ട് നേരത്തെ വീട്ടിലെത്തി. ഡോർ ബൽ അമർത്തിയപ്പോൾ കാത്തിരുന്നതു പോലെ വൃന്ദ വാതിൽ തുറന്നു. അവളുടെ കണ്ണിൽ നക്ഷത്രങ്ങൾ പൂത്തിരിക്കുന്നു… എടുത്ത് വട്ടം കറക്കാനോ കെട്ടിപ്പിടിക്കാനോ ഒന്നും പോയില്ല. തോളിൽ കൈയ്യിട്ടു കൊണ്ട് പതുക്കെ സോഫയിലേക്ക് പിടിച്ചിരുത്തി… താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. കവിളുകൾ തുടുത്തിരിക്കുന്നു.രക്തയോട്ടം കൂടി ചുണ്ടുകൾ ചുവന്ന് തിണർത്ത് നനഞ്ഞിരിക്കുന്നു.. അമ്മയാവാൻ പോകുന്ന സ്ത്രീയിൽ അവൾ പോലുമറിയാതെയുണ്ടാകുന്ന രാസമാറ്റം…. രണ്ടു കൈ കൊണ്ടും ആ മുഖം കോരിയെടുത്ത് നെറ്റിയിൽ നനുത്ത ഒരുമ്മ…. അവളുടെ ഉടലൊന്നു വെട്ടി… ഒരേങ്ങലോടെ അയാളെ ചുറ്റിവരിഞ്ഞു കൊണ്ട് നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.
……. മോളുടെ പേരീടീൽ ചടങ്ങ് ഇന്നാണ്.. അയാളാണ് പേര് കണ്ടു പിടിച്ചത്.ശ്രീ പരമേശ്വരന്റെ ദയ ഒന്നു കൊണ്ടു മാത്രം കിട്ടിയ ഈ പെൺ മുത്തിന് അപൂർവ്വമായ ഒരു പേരിട്ടു….. ശിവദയ….. വീട്ടിൽ “ദയ ” എന്ന് വിളിക്കും. …….. ദയമോൾക്കിപ്പോൾ ആറ് വയസ്സ്.. കളിയും ചിരിയും കൊഞ്ചലും കള്ളപ്പിണക്കങ്ങളുമായി മൂന്നു പേരുള്ള ഒരു സ്വർഗ്ഗമാണ് ഇപ്പോഴാ വീട്….. ഇത്രയും മനോഹരമായ ഒരു ജീവിതം തരാനായിരുന്നു ഈശ്വരൻ ഇത്രയും താമസിപ്പിച്ചത് എന്നയാൾക്കു തോന്നി…. അയാൾ s B i യിൽ കാഷ്യറാണ്. ഒരു ദിവസം രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടയിൽ പോക്കറ്റിൽ കിടന്ന ഫോൺ റിംങ്ങ് ചെയ്തു. വണ്ടി സൈഡൊ തുക്കി നിർത്തി ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കി…. ഭാര്യയാണ്.. ഇവളെന്താ ഈ നേരത്ത്… താനിപ്പോഴിങ്ങോട്ടിറങ്ങിയതല്ലേ ഉള്ളു… ഇനിയെന്തെങ്കിലും മറന്നതാണോ….. അയാൾ കാൾ ബട്ടണിൽ വിരൽ കൊണ്ട് തോണ്ടി ഫോൺ കാതോട് ചേർത്തു .മറുതലയ്ക്കൽ ഭാര്യയുടെ പൊട്ടിക്കരച്ചിലാണ് ആദ്യം കേട്ടത്.. കരച്ചിലിനിടയിൽ കേട്ടു… “ചേട്ടാ.. ദയ മോളുടെ സ്കൂൾ ബസ്സ് ആക്സിഡൻറായി… ഇപ്പോൾ സ്കൂളിൽ നിന്നും വിളിച്ചു….
ഞാൻ ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് പോവ്വാ….. ചേട്ടൻ ഹോസ്പിറ്റലിലേക്ക് പെട്ടന്ന് വാ…… ,ഹോസ്പിറ്റലിന്റെ ക്വാഷാലിറ്റിയിൽ വലിയ ആൾക്കൂട്ടം. അപകടവാർത്തയറിഞ്ഞ് എത്തിയ നാട്ടുകാരും കൂട്ടി കളുടെ മാതാപിതാക്കളും സ്കൂൾ അധികൃതരും ഒക്കെയായി വലിയ ബഹളം. .. അമിത വേഗതയിൽ വന്ന സൂപ്പർ ഫാസ്റ്റ് സ്കൂൾ ബസ്റ്റിലിടിക്കയായിരുന്നെന്നും ബസ്റ്റ് നിശ്ശേഷം തകർന്നു എന്നും ആൾകൂട്ടത്തിലാരോ പറയുന്നു…. ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ ഇടതടവില്ലാതെ തുറക്കുകയും അടയുകയും ചെയ്യുന്നു.. വിവരമറിഞ്ഞ് ചാനലുകാരും പത്രപ്രവർത്തകരുമെത്തിയിട്ടുണ്ട്….. സമയം ഇഴഞ്ഞു നീങ്ങുന്നതേയുള്ളൂ… എവിടെ നിന്നൊക്കയോ അടക്കിപ്പിടിച്ച കരച്ചിലുകൾ കേൾക്കാം…..” സ്കൂളിന്റെ ഉത്തരവാദിത്വപ്പെട്ടവരാരെങ്കിലും ഈ കുട്ടത്തിലുണ്ടോ..” ഓപ്പറേഷൻ തീയറ്ററിന്റെ വാതിൽ തുറന്ന് ഒരു സിസ്റ്റർ കൂടി നിന്നവരോട് ചോദിച്ചു “ഞാനാണ് പ്രിൻസിപ്പൽ ” എന്ന് പറഞ്ഞു കൊണ്ട് 50 വയസ്സ് തോന്നിക്കുന്ന കുലീനയായ ഒരു സ്ത്രീ വാതിൽക്കലേക്ക് ചെന്നു.”
വരുമേഡം. ഡോക്ടർ വിളിക്കുന്നു.. ഗ്ലാസ് ഡോർ വീണ്ടുമടഞ്ഞു…. ഏകദേശം പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ തീയറ്ററിന്റെ വാതിൽ തുറന്ന് പ്രിൻസിപ്പൽ പുറത്തു വന്നു. എല്ലാവരും ആകാംക്ഷയോടെ അവരുടെ മുഖത്തേക്ക് നോക്കി. കർച്ചീഫ് കൊണ്ട് കണ്ണു തുടയ്ക്കുന്ന അവരുടെ മുഖം വിളറി വെളുത്തിരിക്കുന്നു.. അവരുടെ ഇടംകയ്യിൽ കുട്ടികൾ കഴുത്തിലണിയുന്ന മൂന്നാല് തിരിച്ചറിയൽ കാർഡ്…. വൃന്ദയും അയാളും ഇരിക്കുന്നിടത്ത് ചെന്ന് അവർ അയാളോട് പതുക്കെ പറഞ്ഞു… ” യാഥാർത്ഥ്യത്തെ ഉൾകൊള്ളുക ” മനസ്സിലാകാത്തതു പോലെ അയാൾ പ്രിൻസിപ്പലിന്റെ മുഖത്തേക്ക് നോക്കി…
അവർ കൈയ്യിലിരുന്ന ചരടിൽ കോർത്ത തിരിച്ചറിയൽ കാർഡിൽ നിന്നും ഒരു കാർഡ് അയാളെ ഏൽപ്പിച്ചു… വിറയ്ക്കുന്ന കൈകൾ കൊണ്ട് അയാൾ അകാർഡിലേക്ക് നോക്കി ” ശിവദയ ശ്രീജിത്ത് ” കാർഡിൽ നിന്ന് നോട്ടം മാറ്റി അയാൾ അവരുടെ മുഖത്തേക്കു നോക്കി… സംയമനം കൈവിടാതെ അവർ തന്റെ കയ്യിലിരിക്കുന്ന കുട്ടികളുടെ തിരിച്ചറിയൽ കാർഡ് കാണിച്ചു കൊണ്ട് പതുക്കെ പറഞ്ഞു. “ഇതെല്ലാം പോയവരാണ്…. കൂട്ടത്തിൽ ശിവദയയും……… …… ആശുപത്രി നടുങ്ങുന്ന ഒരലർച്ചകേട്ട് തിരിഞ്ഞു നോക്കിയവർ കണ്ടത് ബോധം മറഞ്ഞ് ടൈൽസിട്ട തറയിലേക്ക് മുഖമടിച്ചു വീഴാൻ പോകുന്ന ഒരു സ്ത്രീയേയാണ്.. ആരൊക്കയോ വീഴുന്നതിനു മുൻപ് വൃന്ദയെ കയറിപ്പിടിച്ചു……. ,,……… ദയമോൾ പോയിട്ടി ന്നൊരു വർഷം.
ശിവക്ഷേത്രത്തിൽ കൊടിയേറി പത്ത് ദിവസത്തെ ഉൽസവം തുടങ്ങി.. ക്ഷേത്രത്തിൽ രാവിലെ തന്നെ നല്ല തിരക്ക്.ശിവലിംഗത്തിനു മുൻപിൽ തൊഴുത് മടങ്ങി… നിറഞ്ഞ കണ്ണുകൾ നേര്യ തിന്റെ തുമ്പ് കൊണ്ട് ഒപ്പി വഴിപാട് പ്രസാദവും വാങ്ങി വൃന്ദ വെളിയിൽ വന്നു.. കാർ പാർക്ക് ചെയ്തിടത്ത് അയാൾ നിൽപ്പുണ്ടായിരുന്നു. റോഡിലും നല്ല തിരക്ക്.. ഫ്രണ്ട് ഡോർ തുറന്ന് അകത്തുകയറിയ വൃന്ദ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന അയാളുടെ നെറ്റിയിലേക്ക് കൈയ്യിലിരുന്ന ഇലച്ചീത്തിൽ നിന്നും അൽപം ചന്ദനമെടുത്ത് തൊടുവിച്ചു. കാർ സ്റ്റാർട്ട് ചെയ്ത അയാൾ കണ്ടു ഡോർവിന്റോയിലുടെ തന്റെ നേരേ നീളുന്ന കറുത്ത് മെല്ലിച്ച ഒരു കൈയ്യ്….. അയാൾ ആ രൂപത്തെയൊന്നു നോക്കി… എണ്ണമയമില്ലാതെ ചെമ്പിച്ചതാണങ്കിലും നല്ല നീളമുള്ള മുടി… പിഞ്ഞിക്കീറിയ ഒരു ചുവന്ന പാവാടയും ബ്ളൗസും.കഴുത്തിലും കാതിലും ഒരാഭരണവും ഇല്ല.. അൽപം മുൻപ് കരഞ്ഞതിന്റെ കണ്ണീർ കൈകൊണ്ട് തുടച്ചതിന്റെ പാടുകൾ കവിളിൽ കാണാം… കൈ നീട്ടി നിൽക്കുന്നതല്ലാതെ അവളൊന്നും മിണ്ടുന്നില്ല.
അയാൾ വൃന്ദയുടെ മുഖത്തേക്ക് നോക്കി. എന്തെങ്കിലും കൊടുക്കു….. എന്നവൾ കണ്ണുകൾ കൊണ്ടയാളോടു പറഞ്ഞു.പേഴ്സിൽ നിന്നൊരു നൂറിന്റെ നോട്ട് വലിച്ചെടുത്ത അയാൾ മനസ്സിലോർത്തു.. കഷ്ടം…. കുടിയാൽ ഏഴ് വയസ്സ് കാണും… തെണ്ടലാണങ്കിലും അവളുടെ മുഖത്തൊരാകർഷണമുണ്ട്… ദയമോളി ന്നുണ്ടായിരുന്നങ്കിൽ അവൾക്കും ഏഴ് വയസ്സ് കണ്ടേനേം. കയ്യിലെടുത്ത നൂറു രൂപാ നോട്ട് അവളുടെ മെല്ലിച്ച കൈയ്യിലേക്ക് വച്ചപ്പോൾ എന്തോ കണ്ട് ഞെട്ടിയതുപോലെ അവൾ പെട്ടന്ന് കൈ പിൻവലിച്ചു.അമ്പരന്നു പോയ അയാൾക്ക് ഒന്നും മനസ്സിലായില്ല.. ഇന്നോളം ഭിക്ഷ യാചിച്ചുകിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ തുക കണ്ട പകപ്പിലാണ് അവൾ… അതാണ് ഞെട്ടി കൈവലിച്ചത്…” വാങ്ങിക്കോളു കുട്ടി “.. കാറിലിരുന്ന വൃന്ദ പറഞ്ഞു.. അവൾ മടിച്ചു മടിച്ച് അത് വാങ്ങിയിട്ട് രണ്ടു കൈയ്യും കൂപ്പി തൊഴുതു..
 അവളുടെ ആ പ്രവൃത്തി അയാൾക്കൊരു നേരിയ വേദന തോന്നിച്ചു… വയറ് കാരണം മനുഷ്യൻ എന്തെല്ലാം വേഷങ്ങൾ കെട്ടുന്നു… ഇനിയും തിരക്ക് കൂടുന്നതിനു മുൻപ് പോകാനായി അയാൾ വണ്ടി മുന്നോട്ടെടുത്തു. മുന്നോട്ട് നീങ്ങിയ വണ്ടിപെട്ടന്ന് അയാൾ സഡൻ ബ്രേക്ക് ചെയ്തു.”അച്ഛാ…. ഞാനും വരട്ടേച്ചാ…” അതെ താൻ വ്യക്തമായി കേട്ടതാണ്… ശരീരമാസകലം ഒരു വിറയൽ പടരുന്നു… അയാൾഡോർ തുറന്ന് വെളിയിലിറങ്ങി.. അവളെ വിടെ….. അൽപം മുൻപ് കണ്ട ആ പെൺകുട്ടി ഇത്ര പെട്ടന്ന് എവിടെ പോയ് മറഞ്ഞു… ആരാണവൾ…… അയാളുടെ കണ്ണുകൾ അവളെ തിരഞ്ഞ് നാലു പാടും ഓടി…. ഇല്ല….. അവളില്ല……
കണ്ണിലൊരു നീർ തുള്ളി ഉരുണ്ടു കുടുന്നത് അയാളറിഞ്ഞു…. തിടുക്കത്തിൽ അടയ്ക്കാൻ മറന്ന ഡോറിന്റെ ഇടയിലൂടെ അയാൾ ഡ്രൈവിംഗ് സീറ്റിൽ കയറി… താലികെട്ടിയ നിമിഷം മുതൽ ഭർത്താവിന്റെ ഹൃദയമിടിപ്പിന്റെ താളം പോലും മനസ്സിലാക്കിയ… സ്നേഹിക്കാൻ മാത്രമറിയാവുന്ന ആ പാവം പെണ്ണ് ഭർത്താവിലുണ്ടായ മാറ്റം അറിഞ്ഞു….. അതിന്റെ കാരണവും… നേര്യതിന്റെ തുമ്പ് കുട്ടി കടിച്ച് തികട്ടിവന്ന തേങ്ങലടക്കി അവൾ അയാളുടെ തുടയിൽ അമർത്തിയൊന്നു പിടിച്ചു കൊണ്ട് പതിയെ പറഞ്ഞു… “പോകാം” ഷെഡ്ഡി ലേക്ക് കയറി നിന്ന കാറിൽ നിന്ന് വഴിപാട് പ്രസാദവുമായി വൃദ്ധയിറങ്ങി വീടിന്റെ ഫ്രണ്ട് ഡോർ തുറന്ന് ഹാളിലേക്ക് കയറി.. കാറിൽ തന്നെ എന്തൊക്കയോ ആലോചിച്ചു കൊണ്ടിരുന്ന അയാളും അൽപം കഴിഞ്ഞ് ഇറങ്ങി.. റിമോട്ട് ബട്ടൻ ഞെക്കിലോക്ക് ചെയ്തിട്ട് സിറ്റൗട്ടിലേക്ക് കയറാൻ തുടങ്ങിയിട്ട് പെട്ടന്നെന്തോ ഓർത്തതു പോലെ നിന്നു…
പിന്നെ സാവധാനം വീടിന്റെ തെക്ക് വശത്തേക്ക് നടന്നു.. അവിടെ ഒരു വയസ്സ് പ്രായമുള്ള ‘ഒരു തെങ്ങ്… അതിനടിയിലാണ് ദയമോൾ ഉറങ്ങുന്നത്.. പുലരി സുര്യന്റെ പൊൻപ്രഭ പതിക്കുന്ന അതിന്റെ കുഞ്ഞി ളമോലകൾ പ്രഭാതത്തിലെ മന്ദാനിലനിൽ തലയാട്ടി ചിരിക്കുന്നു.. മനസ്സിലൊരു വീർപ്പുമുട്ടൽ…നെഞ്ചിലെന്തോ വലിയ ഭാരം കയറ്റി വെച്ചിരിക്കുന്നതു പോലെ……. തല കുലുക്കിച്ചിരിച്ച് കാറ്റിലാടുന്നതെങ്ങോലകൾക്ക് തന്നോടെന്തോ പറയാനുണ്ടോ.. വിറയ്ക്കുന്ന കാലടികൾ പെറുക്കി വെച്ച് ആ ചെറുതെങ്ങിന്റെ ഒരോല പിടിച്ച് മുഖത്തോടു ചേർത്തു. എടുത്തെറിഞ്ഞതു പോലെ അയാൾ പിന്നോക്കം മാറി….. പൊട്ടിച്ചിരിച്ച് കുണുങ്ങി നിന്ന ആ തെങ്ങോലകൾ തലയാട്ടി കുസൃതിയോടെ അയോളോടു ചോദിച്ചു….. ” അച്ഛാ…. ഞാനും വരട്ടേച്ഛാ……….!

Share This:

Comments

comments