മാതാപിതാഗുരുർ ദൈവം. (ലേഖനം)

0
1006
ഇന്ദു അരുൺ.  (Street Light fb group)
ഇന്നത്തെ ഈ മാറി വരുന്ന സാഹചര്യത്തിൽ ചില പത്രവാർത്തകൾ കണ്ടപ്പോൾ ഇങ്ങനെയൊരു ലേഖനം അനിവാര്യമാണെന്ന് എനിക്ക് തോന്നി.
‘ആരാണ് ഗുരു?’ പൊക്കിൾക്കൊടിയിലൂടെ ചിന്തകൾ പകർന്നു നൽകുന്ന അമ്മയാകുന്നു ഒരു വ്യക്തിയുടെ ആദ്യഗുരു. പിന്നെ ജനിച്ചു വീഴുന്ന നാൾ കൗതുകം തേടുന്ന എന്തൊന്നിലും അവനുള്ള ഉത്തരങ്ങളും ഒളിഞ്ഞു കിടപ്പുണ്ടാകും. അപ്പോൾ ഈ പ്രപഞ്ചവും ഇതിലെ സൃഷ്ടികളും അവനു ഗുരുക്കൻമാർ തന്നെയാണ്. പക്ഷേ ഇവയ്കെല്ലാം അവനെ അക്ഷരങ്ങളുടെയും അറിവുകളുടെയും ലോകത്തേയ്ക് കൈ പിടിച്ച് കൂട്ടി കൊണ്ടു പോകുന്ന ‘ഗുരുനാഥർ’ എന്ന സ്ഥാനം നാമെല്ലാം ബഹുമാനിക്കുന്ന ഒരു പറ്റം ആളുകളുണ്ട്. അവരാണ് നമ്മുടെ മനസ്സിൽ ‘ഗുരുക്കൻമാർ’ എന്ന പദം കേൾക്കുന്പോൾ ആദ്യം ഓടിയെത്തുക.
പൂർവ്വികരുടെ കാലത്ത് ഗുരുകുല വിദ്യാഭ്യാസ സംന്പ്രദായങ്ങളാരുന്നു നിലനിന്നിരുന്നത്. സ്വന്തം ഗുരുകുലത്തിൽ കുടുംബത്തിനൊപ്പം ശിഷ്യഗണങ്ങളേയും കൂടെ താമസിപ്പിച്ചാണ് വിദ്യ അഭ്യസിപ്പിച്ചു പോന്നിരുന്നത്. ഗുരുവും ശിഷ്യരും തമ്മിൽ മാനസികമായ ഒരു ബന്ധവും രൂപപ്പെട്ടു വന്നിരുന്നു. അതുകൊണ്ടു ആര് ഏതിൽ സമർത്ഥൻ എന്നും ഏതിൽ പിന്നോക്കം എന്നും തിരിച്ചറിഞ്ഞു അതിനനുസരിച്ച് അവരെ രൂപപ്പെടുത്തുവാനും കഴിഞ്ഞിരുന്നു.
ഗുരുകുലസന്പ്രദായത്തിനു ശേഷവും വളരെയധികം കാലഘട്ടങ്ങൾ കടന്നു പോയെങ്കിലും ശിഷ്യരെ സ്നേഹിക്കുന്ന വാത്സല്യനിധികളായ ധാരാളം അദ്ധ്യാപകർ വന്നു. ഗുരുനാഥൻമാർ എന്ന സ്ഥാനത്തിന് യാതൊരു വിധ ബഹുമാനക്കുറവോ കോട്ടമോ സംഭവിച്ചില്ല. ഇന്നും എനിക്കറിയാവുന്ന എത്രയോ അദ്ധ്യാപകർ ഉണ്ട് ആന്മാർത്ഥതയും വാത്സല്യവും നിറഞ്ഞവർ. എന്റെ മക്കൾ പഠിക്കുന്ന വിദ്യാലയം അവിടുത്തെ പ്രധാന അദ്ധ്യാപകൻ, എടുത്തു പറയേണ്ട വ്യക്തിത്വം തന്നെയാണ് സാറിന്രേത്. അവിടുത്തെ ഓരോ അദ്ധ്യാപകരും അദ്ദേഹം തെരെഞ്ഞെടുത്തു വെച്ചിരിക്കുന്ന രത്നങ്ങൾ തന്നെയെന്നു പറയേണ്ടി വരും. എന്രെ കുഞ്ഞുങ്ങൾ സുരക്ഷിതകരങ്ങളിൽ തന്നെയെന്നുള്ളതിൽ എനിക്ക് സംശയമില്ല.
എന്നാൽ ഇന്നു മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന ചില വാർത്തകൾ വേദനാജനകങ്ങളാണ്. എന്താണ് ചില അദ്ധ്യാപകർക്ക് പറ്റുന്നത്? മുൻപിൽ ഇരിക്കുന്ന കുഞ്ഞുങ്ങളെ എന്തായിട്ടാണ് കാണുന്നത്? നിലത്തു വീണ പുസ്തകം എടുക്കാൻ തുനിഞ്ഞ കുഞ്ഞിന്റെ കൈമുട്ടിൽ സ്വന്തം കാൽമുട്ട് കൊണ്ട് ഞെരിച്ച് ആളാകുന്ന അദ്ധ്യാപിക. ‘ഗുരുനാഥ’ എന്ന സ്ഥാനത്തിനു അവർ അർഹയാണോ? മറ്റൊരു വിദ്യാലയത്തിൽ കനമുള്ള പുസ്തകം കൊണ്ട് കൊച്ചിന്റെ തലയ്കിട്ട് പ്രഹരിക്കുന്നു. ഇവരൊക്കെ എന്താണ് കാണിക്കുന്നത്? മറ്റൊരിടത്ത് പത്താം ക്ലാസ്സുകാരനെ വിവാഹം കഴിച്ച് മാതൃക ആയി വേറൊരു അദ്ധ്യാപിക.
ആയിരം തേൻതുള്ളിയിൽ ഒരു മീൻതുള്ളി വീണാൽ കഴിഞ്ഞില്ലേ? ഇത്തരക്കാർ കാരണം കാലങ്ങളായി ഗുരുനാഥൻ എന്ന സ്ഥാനത്തിന് നൽകി വന്നിരുന്ന ബഹുമാനത്തിനാണ് കോട്ടം തട്ടുന്നത്. എന്റെ മനസ്സിൽ ഞാൻ ആരാധിക്കുന്ന ഒത്തിരി നല്ല അദ്ധ്യാപകരുണ്ട്. അവരുടെ ഒക്കെ പേരിനു കളങ്കം വരുത്തുന്ന ഇവരെ എങ്ങിനെയാണ് അദ്ധ്യാപകരായി അംഗീകരിക്കാൻ കഴിയുക.
നാളത്തെ തലമുറ വളർന്നു വരേണ്ടത് ഇന്നത്തെ ഗുരുക്കൻമാരുടെ കൈകളിലൂടെയാണ്. വിദ്യാഭ്യാസം കച്ചവടമാക്കിയവർ ദയവു ചെയ്തു നിയമനം നടത്തുന്പോൾ വിദ്യാഭ്യാസവും വിവരവും മാത്രമല്ല മനസ്സാക്ഷിയും കൂടെ ഉള്ളവരാണോന്നു പരിശോധിക്കണ്ടതാണ്. അല്ലെങ്കിൽ ഇന്നത്തെ മുകുളങ്ങളെ നാളെ വിടരും മുന്പേ അവർ തല്ലികൊഴിച്ചേക്കാം.

 

Share This:

Comments

comments