
സുരേഷ് തോമസ്.
മുപ്പത്തിനാലുവര്‍ഷമായി നോര്‍ത്ത് അമേരിക്കയിലെ എല്ലാവിഭാഗം മലയാളികളെയും ഉള്‍ക്കൊള്ളുന്ന സംഘടനയായിരുന്നു ഫൊക്കാന. എന്നാല്‍, ഇത്തവണത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് അച്ചായന്മാരുടെ സ്വന്തം ഫൊക്കാനയായി. നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയില്‍ 2016-2018 വര്‍ഷത്തെ ഭാരവാഹിപട്ടിക പരിശോധിച്ചാല്‍ അതുബോധ്യമാകും. പുതിയ ഭാരവാഹികള്വന്നപ്പോള് എല്ലാം അച്ചായന്മാര്. അതും ന്യൂയോര്‍ക്കിലെ ഒരുസമുദായത്തിലെ രണ്ടുപള്ളികളിലുള്ളവര് മാത്രം. മറ്റുമതസ്ഥരെയെല്ലാം സൂത്രത്തില്‍ ഭാരവാഹിത്വത്തില്‍നിന്നും ചവിട്ടിപുറത്താക്കി.
ഇത്തവണ പ്രസിഡന്റാക്കാമെന്ന മോഹനവാഗ്ദാനം നല്കി ഈ സംഘനയിലെ ചിലവ്യക്തികള്‍ ഇതില്‍ ഒരു പാനലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മാധവന്‍നായരെ കൂടെക്കൂട്ടിയിരുന്നു. ഇതിനായി നാളുകള്‍ക്കുമുമ്പേ പ്രവര്‍ത്തനം ആരംഭിക്കുകയും മാധവന്നായരുടെ നല്ലൊരുതുക ഈവകയില്‍ ചിലവഴിപ്പിക്കുകയും ചെയ്തു. കുറെയധികം ഡെലിഗേറ്റ്സിനെ സ്വന്തം ചെലവില്‍ ടൊറന്റോ കണ്‍വന്‍ഷനില്‍ പങ്കെടുപ്പിച്ചതില്‍ തന്നെ നല്ലൊരു തുക അദ്ദേഹത്തിന് ചിലവായിയെന്നുള്ളതാണ് അണിയറസംസാരം. മാധവന്‍നായരെ നാമത്തിന്റെ പേരിലാണ് ഫൊക്കാനയില്‍ മത്സരിക്കാന്‍ ശ്രമിച്ചത്. നാമം ഒരു മതസംഘടനയാണ്. ഇത്തരത്തിലുള്ള ഒരു മതസംഘടനയുടെ ഭാരവാഹിക്ക് ഫൊക്കാനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് മാധവന്‍നായരെ മത്സരരംഗത്തിറക്കിയവര്ക്ക് അറിയാത്തതൊന്നുമല്ലല്ലോ. പിന്നെ, എന്തിനാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി വിഢിവേഷം കെട്ടിച്ചത്. ഇത് അദ്ദേഹത്തെ തകര്‍ക്കാനുള്ള ചിലരുടെ ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നാണ് മാധവന്നായരോട് അടുത്തവൃത്തങ്ങള്‍ നല്കുന്ന സൂചന.
ഈ സംഘടനയെ കൈപ്പിടിയില്‍ ഒതുക്കിയിരുന്ന ചിലര്‍ രണ്ടുപാനലിലുമുള്ള ഒരേ സമുദായത്തില്പ്പെട്ടവരെമുഴുവനായി ഒഴിവാക്കി ഒരു ഗ്രൂപ്പില്പ്പെട്ടവരെമാത്രം സംഘടനയുടെ തലപ്പത്ത് കൊണ്ടുവരുകയാണ് ചെയ്തത്.
ഒരു നാഷ്ണല്‍ സംഘടനയില്‍ എല്ലാമതവിഭാഗത്തെയും ഉള്‍ക്കൊണ്ടുകൊണ്ടും യുവാക്കള്‍ക്ക് അവസരം കൊടുത്തുകൊണ്ടും സംഘടനയെ മുന്നോട്ടു കൊണ്ടുപോകുകയാണ് നല്ല ലീഡര്‍ഷിപ്പിന്റെ ലക്ഷണം. അല്ലാതെ, എന്ത് ഒത്തുതീര്‍പ്പിന്റെ പേരിലാണെങ്കിലും ഒരുമതവിഭാഗത്തില്പ്പെട്ടവരെ പൂര്‍ണമയും ഒഴിവാക്കുന്നത് ശരിയല്ല. സംഘടനയ്ക്കോ സമൂഹത്തിനോ ഒരു ഗുണവും ചെയ്യാത്ത കുറച്ച് ആളുകളെ കൂട്ടി ഈ സംഘടനയെ നശിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. മറ്റുമതസ്ഥര്‍ക്കോ യുവാക്കള്‍ക്കോ പേരിനു പോലും സ്ഥാനം കിട്ടിയതുമില്ല.
കുറച്ചുസ്ഥാപിത താല്‍പ്പര്യക്കാരെ മാത്രം കുത്തിനിറച്ച് തല്ലിക്കുട്ടിയ ഈ നേതൃത്വത്തിന് നോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന് ഒരുസംഭാവനയും നല്കാന് സാധിക്കുകയില്ലെന്നുള്ളത് അധികാരമോഹികളായ ഇവര്‍ക്ക് തന്നെ അറിയാവുന്നതാണ്. ടൊറന്റോയില്‍ നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ ശബ്ദമുയര്ത്തെിയവരെയെല്ലാം ഒഴിവാക്കിക്കൊണ്ടാണ് ഫൊക്കാനയുടെ പുതിയ കമ്മിറ്റി നിലവില്‍ വന്നിരിക്കുന്നത്. കുറച്ചുകാലങ്ങളായി തകര്‍ച്ചയുടെവക്കില്‍ എത്തിനിന്നിരുന്ന ഈ സംഘടന പൂര്‍ണമായും പ്രവര്‍ത്തന രഹിതമായികൊണ്ടിരിക്കുകയാണ്. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പലരും ഈ സംഘടനയില്‍ നിന്നും പുറത്തേക്കുള്ള പാതയിലാണ്. വരും കാലത്ത് ഈ സംഘടനയെ നയിക്കപ്പെടേണ്ട യുവാക്കളെ ഒഴിവാക്കി റിട്ടയര്‍മെന്റ് ആഘോഷിക്കേണ്ട ഒരുകൂട്ടം ആള്ക്കാര് ഈ സംഘടനയെ പിടിച്ചെടുത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഫൊക്കാനയ്ക്ക്് ഒരുവിധത്തിലും യുവതലമുറയെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ഈ സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ ചിന്തിക്കേണ്ടകാര്യമാണ്. ഫോമപോലുള്ള സംഘടനകള്‍ യുവതലമുറയെ കൂടെക്കൂട്ടി മുന്നോട്ടു കുതിക്കുമ്പോള്‍ സടകൊഴിഞ്ഞ സിംഹങ്ങള്‍ ഫോട്ടോ ഷൂട്ടിന് തയാറെടുത്ത് സ്റ്റേജിനു മുന്നില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഫൊക്കാന വീണ്ടും ഒരുപിളര്പ്പിനു കൂടി സാക്ഷ്യം വഹിക്കേണ്ടിവന്നാല്‍ ഒട്ടുതന്നെ അത്ഭുതപ്പെടേണ്ടതില്ല.
Comments
comments