സഹോദരി ക്ഷമിക്കുക…

0
2300
ജോജോ കോട്ടയ്ക്കല്‍.
തന്റെ ശരീരത്തിന്റെ നിറം കറുത്തതായി എന്ന ഒറ്റ കാരണത്താൽ അവളുടെ വിവാഹ ഫോട്ടോ ഉപയോഗിച്ച് വാട്സപ്പിലൂടെ കുറച്ചു  വിവരദോഷികളുടെ പരിഹാസത്തിന് ഇരയായ ഒരു മലയാളി സഹോദരിയോട് ഞാൻ എന്റെ സ്നേഹവും ആദരവും അറിയിക്കുന്നു. അതു മൂലം ആ പെണ്‍കുട്ടിയും, കുടുംബാംഗങ്ങളും എത്ര മാത്രം മനോവേദനയുടെ തീചൂളയിലൂടെയാണ് കടന്നു പോകുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അവളോടൊന്ന് പറഞ്ഞോട്ടെ.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ എത്തിയിട്ടും വെളുത്ത നിറത്തിലാണ് വ്യക്തിത്വം എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം വാട്സപ്പ് ശുംബൻമാരായ മലയാളികൾ നിന്റെ വിവാഹ ഫോട്ടോ വരെ അവരുടെ മാനസീക വൈകല്യങ്ങൾക്ക് സംതൃപ്തി കിട്ടാൻ ഉപയോഗിച്ചു.

വാട്‌സപ്പ്‌ ഗ്രുപ്പുകളിലെ ഫോർവേഡിംഗ്‌ മെസ്സെജുകളിൽ നിറഞ്ഞു നിന്നത് നിങ്ങളുടെ വിവാഹ ഫോട്ടോ ആയിരുന്നില്ല.മറിച്ച് അമ്മയുടെയും പെങ്ങളുടെയും തൊലിയുടെ നിറം നോക്കി അവർക്ക് മാർക്കിടുകയും വില കൽപ്പിക്കുകയും ചെയ്യുന്ന മാനസിക വൈകൃതകങ്ങളുള്ള ഒരുകൂട്ടം ജാരസന്തതികളുടെ പേകൂത്തായിരുന്നു അത്.അവർ അവരുടെ വെളുത്ത അമ്മയുടെ വില കാലണ കൂടുതൽ നിശ്ചയിച്ചു.കറുത്ത അമ്മയുടെ വില കാലണ കുറവെന്ന് നിശ്ചയിച്ചു. എന്നിട്ടവർ അമ്മയെയും പെങ്ങളെയും വാട്സപ്പിലൂടെ വിറ്റു.അവർക്ക് മനസ്സിലാകില്ല നീയും നിന്റെ ഭർത്താവും നിങ്ങളുടെ കുടുംബവും അനുഭവിച്ച വേദന.
അവർക്കു വേണ്ടി ഞങ്ങൾ നിന്നോടും നിന്റെ കുടുംബത്തോടും മാപ്പ്‌ ചോദിക്കുന്നു….
വെളുപ്പ്‌ സൗന്ദര്യമെന്നു വിശ്വസിക്കുന്ന ചില മലയാളിക്ക് നീയും, അതുപോലെ വെളുപ്പില്ലാത്ത അവരുടെ അമ്മയും വെളുപ്പില്ലാത്ത അവരുടെ പെങ്ങളും സുന്ദരിയായിരിക്കില്ല.മനസ്സിന്റെ സൗന്ദര്യവും സ്വഭാവത്തിന്റെ പരിശുദ്ധിയും തൊലിയുടെ നിറത്തിന് മുൻമ്പിൽ ഒന്നുമല്ല എന്ന് ചിന്തിക്കുന്ന അവരാണ് വെളുത്ത വേശ്യക്കും വെളുത്ത അമ്മക്കും കൂടുതൽ വില നൽകുന്നത്.
ക്ഷമിക്കുക സഹോദരി.
നിനക്കും നിന്റെ ഭർത്താവിനും ഞങ്ങൾ നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു.
വിവാഹ മംഗളങ്ങൾ ആശംസിക്കുന്നു.

 

Share This:

Comments

comments