ചിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യുദാശ്ശീഹായുടെ തിരുനാള്‍.

0
464
ജോയിച്ചന്‍ പുതുക്കുളം.
ചിക്കാഗോ: അത്ഭുത പ്രവര്‍ത്തകനും, ക്രിസ്തുശിഷ്യനുമായ വി. യുദാശ്ശീഹായുടെ തിരുനാള്‍ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ ശിമയോന്റെ തിരുനാള്‍, ജപമാല മാസത്തിന്റെ സമാപന ആഘോഷങ്ങള്‍ എന്നിവയും ഇതോടനുബന്ധിച്ച് നടന്നു.
ഒക്‌ടോബര്‍ 30-നു ഞായറാഴ്ച നടന്ന തിരുനാള്‍ പ്രാര്‍ത്ഥനകളിലും ദിവ്യബലിയിലും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ മാത്യു പന്തലാനിക്കല്‍ എന്നിവരും ദിവ്യബലിയില്‍ കാര്‍മികരായി പങ്കുചേര്‍ന്നു.
വിശുദ്ധരുടെ മാതൃകാ ജീവിതത്തില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സ്വജീവിതത്തില്‍ പകര്‍ത്താനുള്ള തീരുമാനം നല്ലൊരു ക്രിസ്തീയജീവിതം നയിക്കുവാനായി നമ്മെ സഹായിക്കുമെന്ന് സന്ദേശമധ്യേ പിതാവ് ഉത്‌ബോധിപ്പിച്ചു. മാതാവിന്റെ സംരക്ഷണത്തിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ജപമാല സമര്‍പ്പണം ജീവിതത്തിന്റെ ഭാഗമാക്കിത്തീര്‍ക്കണമെന്നും പിതാവ് പറയുകയുണ്ടായി.
ഒക്‌ടോബര്‍ 26-നു ജന്മദിനമാഘോഷിച്ച പിതാവിന് ഇടവകയുടെ നാമത്തില്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പ്രത്യേകം ആശംസകള്‍ അറിയിച്ചു. തീര്‍ത്ഥാടനത്തിലായിരുന്ന പിതാവും വികാരി അച്ചനും മരിയന്‍ തീര്‍ത്ഥാടന സ്ഥലങ്ങളിലെല്ലാം രൂപതയേയും ഇടവകയേയും പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയുണ്ടായെന്ന് പറഞ്ഞു.

Share This:

Comments

comments