യുദ്ധവും സമാധാനവും.

0
1516

രഞ്ജിനി സുകുമാരന്‍.

സഡാക്കോ സസാക്കിയെന്ന ജപ്പാനിസ് പെണ്‍കുട്ടിയെക്കുറിച്ച് കേട്ടിട്ടില്ലേ ? ഒരിയ്ക്കല്‍ സ്കൂളില്‍ വെച്ചവള്‍ തളര്‍ന്നു വീണു. ആശുപത്രിയില്‍ വെച്ചാണറിഞ്ഞത് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിയ്ക്കപ്പെട്ടതിന്‍റെ ഫലമായി അവള്‍ക്കു രക്താര്‍ബുദം ബാധിച്ചിട്ടുണ്ടെന്ന്.
1945 ല്‍ അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചതിന്‍റെ ഫലം ഇന്നത്തെ തലമുറയും അനുഭവിക്കുന്നു. സഡാക്കോയെ കാണാന്‍ ആശുപത്രിയിലെത്തിയ കൂട്ടുകാരിയാണ് അവളോടു പറഞ്ഞത് പേപ്പറുകള്‍ കൊണ്ട് 1000 കൊറ്റികളെയുണ്ടാക്കിയാല്‍ അവള്‍ക്കു ജീവിതം നീട്ടിക്കിട്ടുമെന്ന്. ജീവിയ്ക്കാനുള്ള അതിയായ ആഗ്രഹത്തില്‍ ആ കൊച്ചുപെണ്‍കുട്ടി ആശുപത്രിക്കിടക്കയില്‍ കിടന്ന് കടലാസ് കൊറ്റികളെയുണ്ടാക്കാന്‍ തുടങ്ങി.
മരുന്നു കുപ്പിയിലെ പേപ്പറുകള്‍ കൊണ്ടു പോലും കൊറ്റികളെ ഉണ്ടാക്കി കൊണ്ടിരുന്നു. വേദനയില്‍ പുളയുമ്പോഴും അവള്‍ കൊറ്റികളെയുണ്ടാക്കി കൊണ്ടിരുന്നു. പക്ഷേ 644 കൊറ്റികളായപ്പോഴേയ്ക്കും അവള്‍ മരണത്തിന് കീഴടങ്ങി. അവളുടെ കൂട്ടുകാര്‍ ചേര്‍ന്ന് 1000 എണ്ണം പൂര്‍ത്തിയാക്കി. സമാധാനത്തിന്‍റെ പ്രതീകമായി അവളിന്നും ലോകമെങ്ങും അറിയപ്പെടുന്നു.
ഐക്യരാഷ്ട്രസംഘടന രൂപം കൊണ്ടതും ഇനിയൊരിക്കലും ഒരു യുദ്ധമുണ്ടാകാതിരിയ്ക്കാനാണ്. പാകിസ്ഥാനെതിരെ ഇന്‍ഡ്യ തിരിച്ചടിയ്ക്കണമെന്നും ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചേനേ എന്നുള്ള വാഗ്വാദങ്ങള്‍ …. ഇന്ത്യ ഉറങ്ങിക്കിടക്കുന്നു എന്ന കുറ്റപ്പെടുത്തലുകള്‍….
ഒരു നിമിഷം ചിന്തിച്ച് നോക്കൂ. പാകിസ്ഥാനു നഷ്ടപ്പെടാന്‍ എന്താണുള്ളത്…? ഇന്ത്യയ്ക്കോ …ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യം , പൈതൃകം ,മതേതരത്വം ….ഏകത്വം …!!!
ഇനിയൊരു യുദ്ധമുണ്ടായാല്‍…ദുര്‍ബലരായ പാകിസ്ഥാന്‍ അവസാനത്തെ വഴിയായി അണുബോംബ് പ്രയോഗിച്ചാല്‍ ഇന്ത്യയുടെ എത്ര തലമുറകളാണ് ഇല്ലാതാകുന്നത് എന്നാലോചിയ്ക്കു…
സഡാക്കോയെപ്പോലെ ജീവിയ്ക്കാന്‍ കൊതിച്ച , മരണത്തില്‍ നിന്ന് രക്ഷപെടാന്‍ കൊതിയ്ക്കുന്ന എത്ര തലമുറകള്‍ ഇന്ത്യയിലുണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ…???
മോഹന്‍ലാല്‍ കേണല്‍ യൂണിഫോമിട്ട് ശമ്പളം വാങ്ങി വെറുതെയിരുന്ന് ബ്ളോഗിലെഴുതുമ്പോള്‍ അതിര്‍ത്തിയില്‍ ജീവന്‍ പൊലിയുന്ന എത്ര പട്ടാളക്കാരുണ്ടാകുമെന്നറിയുമോ ….?
ഇന്ത്യയ്ക്ക് നഷ്ടപ്പെടാന്‍ ഒരുപാടുണ്ട്…കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള 100 കോടി ഭാരതീയരുടെ പൈതൃകമുണ്ട്. ഇനി വരുന്ന തലമുറയും ഇവിടെ വളരണം. സഡോക്ക എന്ന പെണ്‍കുട്ടി ഇന്‍ഡ്യയില്‍ പുനര്‍ജ്ജനിക്കരുത്. ഇനിയൊരു യുദ്ധമുണ്ടാകരുത്…
ഇന്ന് നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു നിമിഷം അതിര്‍ത്തിയില്‍ നമുക്കായ് കാവല്‍ നില്‍ക്കുന്നവരെയോര്‍ക്കുക…അവരുടെ കുടുംബങ്ങളെയോര്‍ക്കുക….ഇന്‍ഡ്യയിലെ 100 കോടി ജനങ്ങളെയോര്‍ക്കുക…ഇനി ജനിയ്ക്കേണ്ട തലമുറയെ ഓര്‍ക്കുക ….ഒരു നിമിഷം അവര്‍ക്കായ് നമ്മുക്കായ് ആത്മര്‍ത്ഥമായ് പ്രാര്‍ത്ഥിയ്ക്കുക….കുടുംബത്തിലെ എല്ലാവരുടെയും ഒപ്പമിരുന്ന് തന്നെ നിങ്ങള്‍ വിശ്വസിയ്ക്കുന്ന മതാചാരങ്ങളോടെ തന്നെ പ്രാര്‍ത്ഥിക്കാം …
ഇനിയൊരു യുദ്ധമുണ്ടാകാതിരിയ്ക്കട്ടെ….

Share This:

Comments

comments