ഓര്‍മ്മക്കുറിപ്പ് – നമ്മുടെ കുട്ടികള്‍ സുരക്ഷിതരോ ?

0
2416

രഞ്ജിനി സുകുമാരന്‍.

താമരത്തണ്ടു പോലെ മെലിഞ്ഞു നീണ്ട താമരയണ്ണന്‍ കറപിടിച്ചതാണെങ്കിലും പുഴു തിന്നു പോയ കുറച്ച് അരിപ്പല്ലുകളുണ്ടായിരുന്നു. ഞാന്‍ പോകുന്ന വഴിയില് വെച്ച് വില്ലു പോലെ വളഞ്ഞ് നിന്ന്
”ഗുഡ് മോണിങ്ങ് ടീച്ചര്‍ ” എന്ന് തേനൊലിപ്പിച്ച് പറയുമ്പോള്‍ അണ്ണന്‍റെ ഉണ്ടക്കണ്ണുകള്‍ മുഴുത്തു മുഴുത്തു വരുമായിരുന്നു.  മറ്റാരും കാണുന്നില്ലെന്നുറപ്പു വരുത്തി ഉസ്കൂളിന്‍റെ ഏതെങ്കിലും മൂലയില്‍ പതുങ്ങി നിന്ന് ടീച്ചറുമാരുടെ അംഗലാവണ്യം ആസ്വദിയിക്കുന്ന താമരയണ്ണന്‍ അങ്ങനെ നിര്‍ഭയം നിരന്തരം സ്കൂള്‍ ബസിലെ ക്ളിനര്‍ വേഷത്തിലും പിന്നെ നാലു മണിവരെ മെസ് ഹാളിലെ സെര്‍വന്‍റായുമങ്ങനെ വിലസിക്കൊണ്ടിരുന്നു.
അങ്ങനെയിരിയ്ക്കേ ഉസ്കൂളീന്നൂ ടൂറു പോയപ്പോള്‍ താമരയണ്ണനു കുസൃതി തോന്നി വല്യ ക്ളാസിലെ പെണ്‍കുട്ട്യോളെയെല്ലാം അടുപ്പിച്ച് നിര്‍ത്തി കൊറെ ഫോട്ടം പിടിച്ചു. നമ്മുടെ കുട്ടൂകാരി ടീച്ചര്‍ അത് കയ്യോടെ പിടി കൂടി മായ്ച്ചു കളഞ്ഞെങ്കിലും പരാതിം പരിഭവോം ആര്‍ക്കും ഇല്ലാഞ്ഞതു കൊണ്ട് അണ്ണന്‍ ഒരു നല്ല കുഞ്ഞാടായി തുടര്‍ന്നു.
അക്കാലങ്ങളില്‍ രാത്രീല് നുമ്മ ടീച്ചര്‍മാരെല്ലാം കൂടിയിരുന്നു സംഭവങ്ങള്‍ പറയുമ്പോള്‍ താമരയണ്ണനും ഒരു പ്രധാന കഥാപാത്രമായിട്ട് നിറഞ്ഞാടുമായിരുന്നു
രാവിലെ പാലു കുടിയ്ക്കാനും വൈകുന്നേരം സ്നാക്സ് കഴിയ്ക്കാനും ഉച്ചയ്ക്ക് മെസ് ഹാളില്‍ ലഞ്ജിനു പോകുമ്പോഴുമെല്ലാം ഒന്നിലേം രണ്ടിലേം കുഞ്ഞിക്കുട്ടികളെ ചേര്‍ത്തു നിര്‍ത്തി പുഴുതിന്ന പല്ലുകള്‍ സിഗററ്റ് കറ പുരണ്ട ചുണ്ടു കൊണ്ടു മറച്ച് സ്നേഹചുംബനങ്ങള്‍ കൊണ്ടു മൂടുന്ന താമരയണ്ണന്‍…..പരാതിപ്പെടാന്‍ ആര്‍ക്കും സമയമില്ലായിരുന്നു.
അങ്ങനെ ഒരു ഉച്ചയ്ക്ക് ലഞ്ചു കഴിച്ചു കൊണ്ട് ഞാന്‍ കുട്ടികളുടെയിടയില്‍ മെസ് ഹാളില്‍ ഇരിയ്ക്കുന്ന സമയം. ഇടം കണ്ണുകള്‍ കൊണ്ട് അണ്ണനെ നോക്കുന്നുമുണ്ട്. ലഞ്ചു കഴിച്ചിട്ട് കുറച്ചകലെ വരിവരിയായി തറയിലിരിക്കുന്ന കുഞ്ഞിക്കുട്ടികളുടെയിടയില്‍ പൂണ്ടു വിളയാടുന്ന താമരയണ്ണനെ ഒറ്റ നോട്ടത്തില്‍ ശ്രദ്ധിച്ചു. കഴിപ്പു നിര്‍ത്തി പുള്ളിയെത്തന്നെ നോക്കിയിരുന്നു. കുട്ടികളെ ഓരോത്തരെയായി ചേര്‍ത്ത് പിടിച്ച് ദേഹത്ത് തലോടിയിട്ട് മുഖം നിറയെ ചുംബനപ്പൂക്കള്‍ വര്‍ഷിയ്ക്കുന്നതിനിടയില്‍ ആരെങ്കിലും ശ്രദ്ധിയ്ക്കുന്നുണ്ടോയെന്ന് ചുറ്റുംനോക്കുന്നുമുണ്ട്. പാവം ടീച്ചര്‍മാരെല്ലാം ജോലി ചെയ്തു ക്ഷീണിച്ച് ലഞ്ചു കഴിയ്ക്കയാണ്. ഇൗ രംഗം കണ്ടിട്ട് ഇനി പ്രതികരിയ്ക്കാതിരിയ്ക്കാന്‍ വയ്യ.
പണ്ട് ചെറുപ്പത്തില്‍ ഒരു കടയില്‍ ചോക്ളേറ്റ് വാങ്ങാന്‍ ചെന്നപ്പോള്‍ കൈവിരലുകള്‍ മുഴുവനായി തഴുകി ചോക്ളേറ്റ് തന്ന കടക്കാരന്‍ ചേട്ടനോട് പ്രതികരിച്ചിട്ടില്ല. ഭയത്തൊടെ അകന്നു മാറിയതേയുള്ളൂ.
അടുത്ത വീട്ടില്‍ ടി.വി. കണ്ടിരുന്നപ്പോള്‍ അയല്‍പക്കത്തെ ചേട്ടന്‍ കാലിന്‍റെ പെരുവിരലുകൊണ്ട് ഇടയ്ക്കൊന്നു തോണ്ടിയപ്പോള്‍ പ്രതികരിയ്ക്കാതെ അകന്നുമാറി ഇരുന്നതേയുള്ളൂ. സ്ഥിരമായി കയറിയിരുന്ന ബസ്സിലെ കണ്ടക്ടറു ചേട്ടന്‍ അറിയാത്ത ഭാവത്തില്‍ ഇടയ്ക്കിടെ തട്ടും മുട്ടും തന്നപ്പോള്‍ പ്രതികരിയ്ക്കാതെ അകന്നു മാറി നിന്നിട്ടേയുള്ളൂ. പിന്നൊരിയ്ക്കല്‍ തൊട്ടടുത്തു നിന്ന യൂണിഫോമിട്ട പെണ്‍കുട്ടിയ്ക്ക് ടിക്കറ്റ് കൊടുത്തിട്ട് അവളുടെ നെഞ്ചില്‍ അമര്‍ത്തിപ്പിടിച്ചിട്ട് പ്രതികരിയ്ക്കാതെ നിന്ന അവളെ കണ്ടിട്ട് കാണാത്ത ഭാവത്തില്‍ അകലേയ്ക്ക് നോക്കി നിന്നതേയുള്ളൂ ഞാന്‍.
പിന്നൊരിയ്ക്കല്‍ കൗമാരത്തില്‍ ബസ് സ്റ്റോപ്പില്‍ വച്ച് അശ്ളീല സംസാരത്തോടെ പിറകേ കൂടിയ കുഴീലേയ്ക്ക് കാലും നീട്ടിയിരിക്കാറായ വൃദ്ധനെ പേടിയോടെ നോക്കി കാലു നീട്ടി വലിച്ചു നടന്ന് രക്ഷപെട്ടിട്ടേയുള്ളൂ ഞാന്‍.
പ്രതികരണശേഷിയില്ലാതിരുന്ന പെണ്‍കുട്ടിയല്ല ഞാനിന്ന്. എന്‍റെ കുഞ്ഞുങ്ങള്‍ ചൂക്ഷണം ചെയ്യപ്പെടരുത്. എന്‍റെ മക്കളാണവര്‍.
താമരയണ്ണനപ്പോഴും ഒളിഞ്ഞിരുന്നുള്ള കാമകേളികള്‍ തുടര്‍ന്നു കൊണ്ടിരുന്നു.
ഭക്ഷണം കഴിപ്പ് നിര്‍ത്തി ചാടിയെഴുന്നേറ്റ് കൈകഴുകി കുറച്ചപ്പുറത്ത് നിന്ന പി.റ്റി. സാറിനോട് സീരിയസ് ആയി കാര്യം പറഞ്ഞപ്പോള്‍ പുള്ളീ പറയുവാണ് – ”അയാള്‍ക്ക് വട്ടാണ് ….”
വട്ടുള്ളവരെ സ്കൂളില്‍ വേലയ്ക്കു ഫുള്‍ടൈം നിര്‍ത്തണോ ? സത്യത്തില്‍ എനിയ്ക്കാണോ വട്ട് അയാള്‍ക്ക് ആണോ വട്ട് അതോ മാനേജ്മെന്‍റിനോ ? പറഞ്ഞിട്ടു കാര്യമില്ല.
എന്തായാലും നേരെ പോയി മാനേജ്മെന്‍റിനെ കാര്യം അറിയിച്ചു. പിറ്റേന്ന് മുതല്‍ താമരയണ്ണനെ സ്കൂളില് കാണാനില്ല. പിരിച്ചു വിട്ടു. പിന്നെ നടന്ന ഒരു മീറ്റിംഗില് ലൈംഗികവൈകൃതമുള്ള ജീവനക്കാരനില്‍ നിന്ന് കുട്ടികളെ രക്ഷിച്ച ടീച്ചറെ ചെയര്‍മാന്‍ അഭിനന്ദിച്ചപ്പോ ള്‍ ഞാന്‍ അഭിമാന പുളകിതയായി.
*********മാസങ്ങള്‍ കടന്നു പോയി******
നമ്മുടെ സ്കൂള്‍ മാനേജ്മെന്‍റിനു വേറൊരു സ്കൂളുകൂടി ഉണ്ട്. നുമ്മ ടീച്ചേഴ്സിനെയെല്ലാം അവിടെ വാര്‍ഷിക ആഘോഷപ്പരിപാടിയ്ക്ക് കൊണ്ടുപോയി. കുറേ കലാപരിപാടികളൊക്കെയുണ്ട്. അതിനിടയില്‍ ഇങ്ങനെ നിന്നപ്പോഴാണ് ”ടീച്ചര്‍……..” എന്നുള്ള അഹ്ളാദഭരിതമായ നീട്ടി വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് താമര വള്ളി പോലെ വളഞ്ഞ് ഉണ്ടക്കണ്ണുരുട്ടി പുഴുപ്പല്ലു പിടിച്ച പല്ലുകാട്ടി യൂണിഫോമിട്ട്  ചിരിയ്ക്കുന്ന താമരയണ്ണന്‍ !!!!!!
മാനേജ്മെന്‍റിന്‍റെ നടപടി കൊള്ളാം. നമ്മുടെ കണ്ണില്‍ പൊടിയിടാന്‍ ജോലിക്കാരനെ പിരിച്ചു വിട്ടെന്ന് വരുത്തി തീര്‍ത്തിട്ട് അവരുടെ തന്നെ മറ്റൊരു സ്കൂളില് അയാളെ കുടിയിരുത്തി. ഗോവിന്ദച്ചാമിയുടെ മറ്റൊരു വകഭേതമായി അയാള്‍ ഇപ്പോഴും അവിടെ എവിടെയെങ്കിലും കാണും. ഗോവിന്ദച്ചാമിമാര്‍ക്കും വെള്ളവും വളവും നല്‍കി തഴച്ചു വളര്‍ത്തുന്നത് നമ്മുടെ സമൂഹം തന്നെയാണ്. അതുകൊണ്ട് മക്കള്‍ സ്കൂളില്‍ സുരക്ഷിതരായി ഇരിയ്ക്കുന്നുവെന്ന് അമ്മമാര്‍ അഹങ്കരിയ്ക്കണ്ട. ടീച്ചര്‍മാരു പോലും സ്കൂളില്‍ സുരക്ഷിതരല്ല.
പട്ടാപ്പകല്‍ എന്നോട് അപമര്യാദയായി ഒരു സ്കൂള്‍ ജീവനക്കാരന്‍ പെരുമാറിയിട്ടും മൗനമായി കണ്ണടച്ചിരുന്ന പലരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഒരു സ്കൂളില് വെച്ച് ഉടനെ രാജിക്കത്ത് എഴുതി പുറത്തിറങ്ങിയത്. അന്ന് എന്നെ ആശ്വസിപ്പിയ്ക്കാന് അടുത്ത സുഹൃത്തുക്കള്‍ പോലുമുണ്ടായിരുന്നില്ല. പട്ടാപ്പകല്‍ സ്കൂളില്‍ വെച്ച് ഒരു ടീച്ചര്‍ക്കു ഇങ്ങനെയുള്ള സംഭവങ്ങള്‍ നേരിടേണ്ടി വന്നെങ്കില്‍ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും ? പ്രതികരിയ്ക്കാന്‍ നമ്മുക്കെല്ലാം പേടിയാണ്.
ഇപ്പോഴും അയാള്‍ അവിടെ സസുഖം വാഴുന്നുണ്ടാവും…
ഫേസ്ബുക്കിലൂടെ ഗോവിന്ദച്ചാമിയെ തല്ലും കൊല്ലും എന്നു പറയാന്‍ ആയിരം പേര്‍ കാണും. എന്നാല്‍ റിയല്‍ ലൈഫില്‍ ഇതിനെയൊക്കെ നേരിടാന്‍ നമ്മള്‍ മാത്രേയുണ്ടാകൂ….അതുകൊണ്ട് നിങ്ങളുടെ സ്പനങ്ങളുടെയും ദുരഭിമാനങ്ങളുടെയും ഭാരം നല്‍കി മിണ്ടാപ്പൂച്ചകളായ പാവങ്ങളായി കുട്ടികളെ വളര്‍ത്താതെ മനസ്സില്‍ ഒളിപ്പിച്ചു വെയ്ക്കാതെ സത്യങ്ങള്‍ തുറന്നു പറയുന്ന പ്രതികരണ ശേഷിയുള്ളവരായി വളര്‍ത്തുക നമ്മുടെ കുഞ്ഞുങ്ങളെ….അടുത്ത തലമുറയെങ്കിലും സ്വാതന്ത്രത്തോടെ ഭയമില്ലാതെ സഞ്ചരിക്കട്ടെ…..

 

 

Share This:

Comments

comments