ഷൈന കുഞ്ചൻ.
ഓണത്തിന് പൂക്കളമൊരുക്കാൻ കുമ്പളപ്പൂക്കൾ പറിച്ചെടുക്കുക ചേച്ചിയാണ്. സൂക്ഷ്മതയോടെ നിലത്തു പടർന്നു കിടക്കുന്ന കുമ്പള വളളികൾ ചവിട്ടാതെ അതിൽ കൊച്ചു കുമ്പളം തൂങ്ങുന്ന പെൺപൂക്കളെയൊഴിച്ചു വെച്ച് ചേച്ചി കൈപ്പത്തിയോളം വലുപ്പമുളള മഞ്ഞ പൂക്കളെ കുമ്പളത്തിലയിൽ നിറയെ ശേഖരിക്കും. പുറത്ത് കാത്തുനിൽക്കുന്ന ഞാൻ ഓടിച്ചെന്ന് കുമ്പള പൂക്കളുടെ ഹൃദയഹാരിയായ നേർത്ത ആ ഗന്ധം ഉളളിലേക്കാവാഹിക്കും. കൈയ്യിലൊളിച്ചു വച്ച ഒരു ഇതൾ ഇടക്കിടെ മണത്തു നോക്കിക്കൊണ്ട് ഞാൻ മുറ്റത്തു കൂടെ നടക്കും.
ഈ കുമ്പള വളളികൾക്കിടയിൽ നിന്നെല്ലാം ഇടക്കിടെ ഓരോ വലിയ കുമ്പളങ്ങ പറിച്ചെടുത്ത് അമ്മ അത് ഭദ്രമായി അച്ഛന്റെ കട്ടിലിനടിയിൽ കൊണ്ടു വയ്ക്കുന്നത് കാണാം. എന്നിട്ട് ചാക്കു കൊണ്ട് അത് പൊത്തി വെക്കും.ഈ ഇലകൾക്കിടയിൽ അതെവിടെയാണാവോ ഒളിച്ചിരുന്നത് എന്ന് ഞാൻ അതിശയപ്പെടും. അമ്മ പോയാലുടനെ ഞാൻ കട്ടിലിനുളളിലേക്ക് നൂണു കയറി ചാക്ക് നീക്കി കുമ്പളത്തിന്റെ പുറമെയുള്ള വെളത്ത കൊച്ചു രോമം പോലെയുള്ള ദേഹത്തെ തൊട്ടും തടവിയും ഭംഗി ആസ്വദിക്കും.
വേണ്ട … വേണ്ട .. അമർത്തല്ലേ…. അത് കെട്ട് പോകും…
അമ്മ എന്നെ വഴക്കുപറയും.
പിറ്റേന്ന് അച്ഛൻ രാവിലെ ജോ ലിക്കു പോകുമ്പോൾ കുമ്പളങ്ങ സഞ്ചിയിലാക്കി സഹദേവൻ ചേട്ടന്റെ ചായപ്പീടികയിൽ കറിവെക്കാൻ കൊണ്ടു പോകും. കുമ്പളങ്ങ തീർന്നു എന്നു വിചാരിച്ച് എന്തോ ഓർത്ത് ഞാൻ കോലായിലിരിക്കുമ്പോൾ പിന്നെയും ഉണ്ടാകും അമ്മ ഒരു വലിയ കുമ്പളങ്ങ താങ്ങിയെടുത്ത് കട്ടിലിനടിയിൽ വെക്കുന്നു.ഞാൻ പിന്നെയും ഓടും കട്ടിലിനുളളിലേക്ക്.
Comments
comments