പ്രവാസി മലയാളിയെ സ്വന്തം വീട്ടില്‍ നിന്നും ഭാര്യയും മക്കളും ചവിട്ടിപുറത്താക്കി.

0
3619

ജോണ്‍സണ്‍ ചെറിയാന്‍.

കൊല്ലം: പ്രവാസി മലയാളികള്‍ക്ക് നേരിടുന്ന ദുരവസ്ഥക്ക് മറ്റൊരു ഉദാഹരണം കൂടി. സ്വന്തം വീട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ട  പ്രവാസിമലയാളിയുടെ സത്യാഗ്രഹ സമരം. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടുങ്ങോലം വടക്കേമുക്ക് ജെ.പി.വിലാസത്തില്‍ ജയപ്രസാദാണ്(53) സമരവുമായി സ്വന്തം വീട്ടുപടിക്കല്‍. തന്റെ സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  ഇന്നലെ രാവിലെ മുതല്‍ വീടിനുമുന്നിലാണ് ഇദ്ദേഹം സമരം തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷങ്ങളായി മരുഭൂമിയില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം മുഴുവന്‍ ഭാര്യയുടെ പേരില്‍ അയച്ചുകൊടുത്ത ഹതഭാഗ്യന്‍.  ജയപ്രസാദിനു രണ്ടു പ്രാവശ്യം ഹൃദ്രോഗ ബാധയുണ്ടായതാണ്.ഹൃദ്രോഗബാധയെ തുടര്‍ന്ന് ചികിത്സയ്ക്കായി കുറച്ചു മാസങ്ങളായി നാട്ടില്‍ തന്നെയുണ്ട്. കഴിഞ്ഞ വര്‍ഷം ഭാര്യയുടെയും, മക്കളുടെയും ആഗ്രഹപ്രകാരം നാല് ലക്ഷം രൂപാ മുടക്കി ഭാര്യയുടെ പേരില്‍ ഒരു കാറ് വാങ്ങി കൊടുത്തതാണ്.
തിരുവനന്തപുരം ശ്രീചിത്രയില്‍ രണ്ട് ശസ്ത്രക്രിയയും കഴിഞ്ഞതാണ്. രോഗിയായ ഭര്‍ത്താവില്‍ നിന്നും വരുമാനമൊന്നും ലഭിക്കാതായതോടെ ഇയാളുടെ ഉടമസ്ഥതയിലുളള വീട്ടില്‍ നിന്നും പുറത്താക്കുകയും ബന്ധം പിരിയാന്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നുമാണ് ജയപ്രസാദ് പറയുന്നത്.
എന്നാല്‍ ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലാതെ വിഷമിക്കുന്ന ജയപ്രസാദ് തന്റെ സ്വന്തം വീട്ടില്‍ തല ചായ്ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഭാര്യയ്ക്കും മക്കള്‍ക്കും മുന്‍പില്‍ സത്യഗ്രഹ സമരം നടത്തുന്നത്. സത്യഗ്രഹം തുടങ്ങിയതോടെ തനിയ്ക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുകയാണെന്നും ജയപ്രസാദ് പറഞ്ഞു.
സമരം നടക്കുന്നതറിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ ദേശീയ മനുഷ്യാവകാശ സംരക്ഷണ മിഷന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പരവൂര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസ് എത്തിയില്ലെന്നും ആക്ഷേപമുണ്ട്.ഇപ്പോള്‍ സഹോദരങ്ങളുടെ സഹായത്തിലാണ് ജയപ്രസാദ് കഴിയുന്നത്‌.

 

Share This:

Comments

comments