പ്രവാസി മലയാളിയെ ഭാര്യയും, മകനും ചേര്‍ന്ന് കൊലപ്പെടുത്തി.

0
6172

ജോണ്‍സണ്‍ ചെറിയാന്‍.

മംഗലാപുരം: കഴിഞ്ഞ ദിവസം  ദുരൂഹ സാഹചര്യത്തില്‍ കാണാതായ സൗദി അറേബ്യയിലെ പ്രമുഖ പ്രവാസിയും,  ബിസിനസുകാരനുമായ ഭാസ്ക്കര്‍ ഷെട്ടിയെ (53)    ഭാര്യയും, മകനും ചേര്‍ന്ന്   കൊലപ്പെടുത്തിയതാണെന്ന്  വ്യക്തമായി.  ഷെട്ടിയെ കൊലപ്പെടുത്തിയ ശേഷം  മൃതദേഹം കത്തിച്ച്‌ ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കിയെന്ന് പൊലീസ് വ്യക്തമാക്കി. ഷെട്ടിയുടെ ഭാര്യയും മകനും അറസ്റ്റിലായിട്ടുണ്ട്.

 ഉഡുപ്പിയിലെ ഹോട്ടല്‍ ദുര്‍ഗ ഇന്റര്‍നാഷണലിന്‍റെ  ഉടമയും കൂടിയാണ് ഭാസ്കര്‍ ഷെട്ടി. കഴിഞ്ഞ ആഴ്ച്ചയാണ് ഭാസ്ക്കര്‍ ഷെട്ടിയെ കാണാനില്ലെന്ന പരാതിയുടെ  അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍  ഭാര്യയും, മകനുമാണെന്ന് ബോധ്യമായത്. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

 സൗദിയിലേക്ക് ഭാസ്കര്‍ ഷെട്ടി  തിരികെ പോകാനിരിക്കെയാണ് കൊലപാതകം നടന്നത്. ഹോട്ടല്‍ നടത്തിപ്പിന്‍റെ ചുമതല രാജേശ്വരിക്കായിരുന്നു. ഹോട്ടലിലെ ചില സാമ്പത്തിക തിരിമറികളെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഹോട്ടലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ ചൊല്ലിയായിരുന്നു വഴക്ക്നടന്നിരുന്നത്.

രാജേശ്വരി ഭര്‍ത്താവിനെ ഹോട്ടല്‍ നടത്തിപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനും നീക്കം തുടങ്ങിയിരുന്നു. ഇതിന്‍റെ പേരിലും  ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ രാജേശ്വരി തീരുമാനിച്ചത്.

ഭാസ്ക്കറിന്റെ മാതാവ് ഗുലാബി ഷെട്ടി മണിപ്പാല്‍ പൊലീസ് സ്റ്റേഷനില്‍ മകനെ കാണാനില്ലെന്ന് കാണിച്ച്  പരാതി നല്‍കിയിരുന്നു.  ജൂലൈ 28 മുതലാണ് ഭാസ്ക്കറിനെ കാണാതായത്. തുടര്‍ന്നുള്ള  അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളുകള്‍ അഴിയുന്നത്.

വീട്ടില്‍ വെച്ച് കൊല നടത്തിയത്തിനു ശേഷം മൃതദേഹം  ഒരു കുഗ്രാമത്തിലെത്തിച്ച്‌ കത്തിച്ച്‌ ചാമ്പലാക്കി ചാക്കില്‍ കെട്ടി പുഴയില്‍ ഒഴുക്കുകയായിരുന്നു ചെയ്തത്. ഇതിനുപയോഗിച്ച ചാക്കുകളും പൊലീസ് കണ്ടെടുത്തു.

മലയാളികള്‍ അടക്കം അനേക തൊഴിലാളികളാണ്   ഭാസ്ക്കര്‍ ഷെട്ടിക്ക് കീഴില്‍ സ്വദേശത്തും, വിദേശത്തുമായി ജോലി ചെയ്യുന്നത്. 

Share This:

Comments

comments