കന്യാസ്ത്രീക്കെതിരെ കള്ളക്കേസും വധഭീഷണിയും.

0
918
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം:  മാനസികപീഡനവും, അപവാദപ്രചാരണവും സഹിക്കാനാവാതെ സഭ വിടാനൊരുങ്ങുന്ന കന്യാസ്ത്രീക്കെതിരെ കള്ളക്കേസും വധഭീഷണിയും. ചേര്‍പ്പുങ്കല്‍ നസ്രത്തുഭവന്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയും പാലാ രൂപതയുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയുമായ സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ ആണ് സഭക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. ഇതോടെ തിരുവസ്ത്രം ഉപേക്ഷിച്ച്‌ സഭയ്ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.
 ബഹിര്‍വാസത്തിന് അപേക്ഷ നല്‍കിയപ്പോള്‍ മോഷണം ആരോപിച്ച്‌ മഠം പാലാ പൊലീസില്‍ കേസുകൊടുത്തതായി സിസ്റ്റര്‍ മേരി പറഞ്ഞു. സഭാവസ്ത്രം ഉപേക്ഷിക്കാന്‍ അനുമതി തേടിയപ്പോള്‍, ബാലികാസദനത്തിലെ കുട്ടികളെ ഉപദ്രവിച്ചെന്നുകാണിച്ച്‌ മഠം അധികാരികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കി.
പഠനകാലത്ത് വൈദീകനുമായി പ്രണയത്തിലായെന്ന തെറ്റിദ്ധാരണയാണ് തനിക്കെതിരെയുള്ള പ്രൊവിന്‍ഷ്യല്‍ നേതൃത്വത്തിന്റെ പ്രതികാര നടപടികള്‍ക്കു കാരണമെന്നും ഇക്കാര്യത്തില്‍ നിരപരാധിയായ തന്നെ മേലധികാരികള്‍ തന്ത്രപരമായി മാനസിക രോഗത്തിനുള്ള മരുന്നുകള്‍ കഴിപ്പിച്ചെന്നും സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ പറഞ്ഞു.
സഭാ അധികാരികളുടെ അവഹേളനവും, അവഗണനയും പീഡനവും മടുത്തെന്നും കള്ളത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും സിസ്റ്റര്‍ മേരി വ്യക്തമാക്കി.മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെയാണ് കഴിഞ്ഞ ജനവരി നാലാംതിയ്യതി ബഹിര്‍വാസത്തിന് അപേക്ഷ സമര്‍പ്പിച്ചത്. സഭാവസ്ത്രം ഉപേക്ഷിച്ച്‌ സന്ന്യസ്തജീവിതം നയിക്കാനുള്ള അനുമതിയാണ് ബഹിര്‍വാസം.  
അതോടെ പാലാ പ്രോവിന്‍ഷ്യല്‍ ഹൗസിലേക്ക് സ്ഥലംമാറ്റം നല്‍കി. മാനസികവും ശാരീരികവുമായ പീഡനം തുടരുമെന്നു മനസിലാക്കിയതിനാല്‍ അങ്ങോട്ടു മാറാന്‍ തയ്യാറായില്ല. തുടര്‍ന്നു നടത്തിയ ചര്‍ച്ചകളില്‍ സഭ വിടാന്‍ അപേക്ഷ സമര്‍പ്പിക്കാനും തുടര്‍ജീവിതത്തിനാവശ്യമായ പണം നല്‍കാമെന്നും പ്രൊവിന്‍ഷ്യാളും കൂട്ടരും ഉറപ്പു നല്‍കി.
 മെയ് 23ന് സഭയില്‍നിന്നു പുറത്തുപോകാന്‍ അനുവദിക്കണമെന്നു കാണിച്ച്‌ അപേക്ഷ നല്‍കി. 30 ലക്ഷം രൂപയാണ് സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മഠം അധികാരികളോട് ആവശ്യപ്പെട്ടത്. ശിഷ്ടജീവിതം സുരക്ഷിതമാക്കാനാണ് തുക ആവശ്യപ്പെട്ടത്. തുക നിരാകരിച്ചതോടെ ജീവനാംശം ആവശ്യപ്പെട്ട് മഠം അധികാരികള്‍ക്ക് വക്കീല്‍നോട്ടീസയച്ചു.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, മഠത്തില്‍ മോഷണം നടത്തിയെന്നാരോപിച്ച്‌ പൊലീസ് അന്വേഷിച്ചെത്തി. മഠം അധികാരികളുടെ സാന്നിധ്യത്തില്‍ പാലാ സി.ഐയും എസ്.ഐയും രണ്ടുമണിക്കൂര്‍ ചോദ്യം ചെയ്തെന്നും സിസ്റ്റര്‍ വിശദീകരിച്ചു. സിസ്റ്റര്‍ വാടകയ്ക്കെടുത്ത മേവടയിലെ ഫല്‍റ്റിലേക്ക് മഠത്തിലെ സാധനങ്ങള്‍ മാറ്റിയെന്നായിരുന്നു കേസ്.
നസ്രത്ത് ഭവന്‍ മഠത്തോടുചേര്‍ന്നുളള ബാലികാഭവനിലെ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച്‌ സിസ്റ്റര്‍െക്കതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു പരാതി നല്‍കി. കമ്മിറ്റിയില്‍നിന്നുളള മൂന്നംഗങ്ങള്‍ ബാലികാഭവനിലെത്തി തെളിവെടുത്തു.വെള്ളിയാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിമുമ്ബാകെ ഹാജരായി സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മൊഴി നല്‍കി. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച്‌ അവര്‍ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്.
ആത്മീയ ജീവിതത്തിന്‍റെ അന്തസത്ത നശിപ്പിക്കുന്ന സഭയ്ക്കുള്ളിലെ ക്ഷുദ്രശക്തികള്‍ക്ക് എതിരെയാണ് ഇനി എന്റെ പോരാട്ടം. ആരൊക്കെ കൈവിട്ടാലും ഇക്കാര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്ന ദൈവം എനിക്ക് കൂട്ടിനുണ്ടാവും തീര്‍ച്ച… സിസ്റ്റര്‍ മേരിയുടെ വാക്കുകളില്‍ ഉറച്ച  വിശ്വാസം.

 

Share This:

Comments

comments