ദുബായില്‍ എമിരേറ്റ്സ് വിമാനം തീപിടിച്ചു പൂര്‍ണ്ണമായി കത്തിനശിച്ചു.

0
1710

ജോണ്‍സണ്‍ ചെറിയാന്‍.

ദുബായ്: തിരുവനന്തപുരത്തു നിന്നും ദുബായില്‍ എത്തിയ എമിറേറ്റ്സ് വിമാനത്തിന് തീപിടിച്ചു. വിമാനം ദുബായ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുമ്പോളാണ്  തീപിടിത്തമുണ്ടായത്.

എഞ്ചിനില്‍ നിന്ന് തീപടരുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചു.

യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ എമര്‍ജന്‍സി വാതിലൂടെയാണ്  രക്ഷപെട്ടത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ക്ക് പരുക്കേറ്റു. ഇവരെ ആംബുലന്‍സ് എത്തി പ്രാഥമിക ചികിത്സ നല്‍കി വരികയാണ്.

ഏതാനും ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. റണ്‍വേയില്‍ കൂടി വിമാനം നീങ്ങുന്നതിനിടെ തന്നെ യാത്രക്കാര്‍ പുറത്തേക്ക് ചാടി. ഇതിനകം തന്നെ തീ പടര്‍ന്നുപിടിച്ചിരുന്നു. റണ്‍വേയില്‍ നിന്നും യാത്രക്കാര്‍ ഓടി വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.ദുരന്തത്തെ തുടര്‍ന്ന് ടെര്‍മിനല്‍ 3ലെ റണ്‍വേ അടച്ചു.

 ബോയിംഗ് 777 ഇ.കെ 521 വിമാനമാണ് ദുരന്തത്തില്‍ പെട്ടത്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനം ആദ്യം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം വീണ്ടും ലാന്‍ഡ് ചെയ്തതോടെ വലതുവശത്തെ എഞ്ചിന്‍ തെറിച്ചുപോയി. പെട്ടെന്ന് തന്നെ തീപിടിക്കുകയായിരുന്നു.

12.45 ഓടെയാണ് ദുരന്തമുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പുക വരുന്നത് കണ്ട് എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ശേഷം വീണ്ടും പറന്നുയര്‍ന്ന് നിലത്തുവന്നിടിക്കുകയായിരുന്നു. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഊരിയ ശേഷമാണ് പുക ഉയരുന്നത് കണ്ടത്.

എമിറേറ്റ്സിന്‍റെ മറ്റ് എല്ലാ സര്‍വീസുകള്‍ക്കും എട്ടു മണിക്കൂറിലധികം താമസമുണ്ടായേക്കും. അപകടവുമായി ബന്ധപ്പെട്ട  കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

യു.എ.ഇ: 00971 4 708 37 13 – 8002111

യു.കെ:  00442034508853.

യു.എസ്.എ:  0018113502081.

.

Share This:

Comments

comments