‘കബാലി‘ പറയുന്നത്….തോക്കില്ലാത്ത ഒരു ഗുണ്ടയും മരിക്കരുത്….(സിനിമ നിരൂപണം: മുബ് നാസ് കൊടുവള്ളി).

0
9106
style="text-align: justify;">സോണി കെ ജോസഫ്‌.
ഉത്സവ പ്രതീതിയുമായി തിര അഴിഞ്ഞാട്ടം പോലെ കബാലി പറന്നിറങ്ങി. ലോകമെങ്ങുമായി പതിനായിരത്തോളം തിയേറ്ററിലാണ് കബാലി റിലീസ് ചെയ്തത്. പതിനായിരക്കണക്കിന് സ്‌ക്രീനുകളില്‍ ലക്ഷക്കണക്കിനാളുകള്‍ കബാലി കണ്ടപ്പോള്‍ അതില്‍ ഒരാളാകാന്‍ എനിക്കും അവസരം ലഭിച്ചു. അത് എന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആയിരുന്നില്ല, മറിച്ച് എന്റെ വിധിയായിരുന്നു.
ചിത്രത്തിലെ വൈറ്റ് ആന്‍ഡ് ബ്ലാക്ക് പോയന്റിനെ കുറിച്ചുള്ള ഒരു വിശകലനമാണ്‌ നിരൂപണം എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്.
വൈറ്റ് പോയ്ന്റ്സ്:-
രജനി എന്ന താരത്തിന് വേണ്ടി ഉണ്ടാക്കിയ ഒരു കഥയോ തിരക്കഥയോ ഈ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞില്ല. അഭിനയം അറിയുന്ന ഏതൊരു നടനും അനായാസം അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു കഥാപാത്രത്തെയാണ് രജനി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.
വളരെ മികച്ചു നില്‍ക്കുന്ന പശ്ചാത്തല സംഗീതം. ഡാധാരണയായി പല തമിഴ് സിനിമയിലും കാണാറുള്ളതുപോലെ അനാവശ്യത്തിന് തിരുകി വെച്ച പാട്ടുകളോ കുത്തി നിറച്ച കോമഡികളോ ഒന്നും ഇതില്‍ കണ്ടില്ല.
അഭിനയത്തില്‍ എല്ലാവരും അവരുടെ റോളുകള്‍ ഭംഗിയാക്കി. തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ അഭിനേതാക്കള്‍ നന്നേ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.
ഇനി ബ്ളാക് പോയ്ന്റ്സ്:-
പണ്ടൊരു രാജ്യത്ത്‌ നല്ലൊരു തയ്യല്‍ക്കാരനുണ്ടായിരുന്നു. അയാള്‍ നെയ്ത ഒരു ഷര്‍ട്ട് വളരെ നന്നായി. ആ നെയ്ത്തിലെ പുതുമ അയാളെ പ്രസിദ്ധനാക്കി. ആ ഷര്‍ട്ട് കണ്ട് രാജ്യത്തെ ഒരു പ്രമുഖ വ്യക്തി അദ്ദേഹത്തിനൊരു ഷര്‍ട്ട് തുന്നിക്കൊടുക്കാന്‍ പറഞ്ഞു. നെയ്ത്തുകാരന്‍ വളരെ സന്തോഷത്തോടെയും അല്‍പം ആകുലതയോടെയും കുറച്ച് ഭയത്തോടെയും തന്റെ അനുഭവവും പരിജ്ഞാനവും എല്ലാം ഉപയോഗിച്ച് ആ മഹാനായ വ്യക്തിക്ക് ഒരു ഷര്‍ട്ട് നെയ്തു കൊടുത്തു. എന്നാല്‍ ആ ഷര്‍ട്ടിന് തയ്യല്‍ക്കാരന്‍ തിരഞ്ഞെടുത്ത തുണി വളരെ മോശമായിരുന്നു. “പാ രഞ്ജിത്” എന്ന സംവിധായകന് പണിയറിയാം എന്ന് മനസ്സിലാക്കാന്‍ “മദ്രാസ്” എന്ന സിനിമ ഒറ്റ പ്രാവശ്യം കണ്ടാല്‍ മതി. എന്ന് വെച്ച് കഥയോ തിരക്കഥയോ നോക്കാതെ അദ്ദേഹത്തിന് രജനി ഡേറ്റ് കൊടുത്തത് മുകളില്‍ പറഞ്ഞ തയ്യല്‍ക്കാരന്‍ ചെയ്തത് പോലെയായിപ്പോയി. ഒരു സംവിധായകന്‍ നന്നായത് കൊണ്ട് സിനിമ വിജയിക്കുമെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല . “മങ്കാത്ത” എടുത്ത “വെങ്കട് പ്രഭു” തന്നെയാണ് “ബിരിയാണിയും മാസ്സും” എടുത്തത്ത് എന്ന് നമ്മള്‍ ഓര്‍ക്കണം. ഒരു പടം ഹിറ്റായാല്‍ ആ സിനിമയുടെ സംവിധായകന്റെ പിറകെ വീടിന്റെ ആധാരവും പെമ്പറന്നോത്തിയുടെ ആഭരണങ്ങളും മക്കളുടെ അരഞ്ഞാണവും എടുത്ത് നിര്‍മാതാക്കള്‍ വട്ടമിട്ടു പറക്കുന്ന കാഴ്ച പല ഇന്ഡസ്ട്രിയിലും നടക്കുന്നത് നമ്മള്‍ കേള്‍ക്കുന്നതാണ്, കാണുന്നതാണ്. അത് തന്നെയാണ് ഇവിടെയും പറ്റിയത്. മദ്രാസ് എന്ന ചിത്രത്തില്‍ ആകൃഷ്ടനായാണ് രജനി കബാലിക്ക് സമ്മതം മൂളിയത് എന്ന് കേട്ടിട്ടുണ്ട്, എങ്കില്‍ വേറൊരു മദ്രാസ് എടുക്കുന്നതായിരുന്നു ഇതിലും നല്ലത്. കഥാകൃത്തുക്കള്‍ക്കുണ്ടാകുന്ന “റൈറ്റേഴ്‌സ് ബ്ലോക്ക്” ആദ്യ പകുതിയില്‍ എഴുത്തുകാരന് ശരിക്കും ഉണ്ടായിട്ടുണ്ട് , എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന കഥാപാത്രങ്ങളേയും വഴിമുട്ടി നില്‍ക്കുന്ന കഥാ ഗതിയേയും ചിത്രത്തില്‍ അങ്ങോളമിങ്ങോളം കാണാന്‍ കഴിഞ്ഞു. പടർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു പട വൃക്ഷം , താരോദയം , നക്ഷത്രങ്ങളെ വരെ പിടിച്ച് നിർത്തുന്ന ആകാശം. ഇങ്ങനെയൊക്കെയാണ് രജനി കാന്ത് എന്ന താര ദൈവത്തെ ആരാധകർ കാണുന്നത് അല്ലെങ്കിൽ മനസ്സിൽ പ്രതിഷ്ഠിച്ച് വെച്ചിരിക്കുന്നത്. ആ ആകാശത്തെ എടുത്ത് തെക്കേൽ രാമൻ കുട്ടിയുടെ മകളുടെ കല്ല്യാണത്തിന് പന്തലിട്ടത് പോലെയായിപ്പോയി പാ രഞ്ജിത് കബാലി എടുത്തത് കണ്ടപ്പോൾ.
രജനിയെ മാസ്സ് ആയും ക്ലാസ് ആയും ഉപയോഗിക്കാന്‍ രഞ്ജിത്തിന് കഴിഞ്ഞിഞ്ഞിട്ടില്ല എന്നുള്ളതാണ് നേരായ വസ്തുത. ഒന്ന് രണ്ട് സീനുകളൊഴിച്ചല്‍ വേറെ പ്രത്യേകിച്ച് ഒരു മാസ്സ് സീനൊന്നും ചിത്രത്തിലില്ല. അത് പോലെ തന്നെ ഫാമിലി സീനോ ഇമോഷണല്‍ സീനോ ആണെങ്കിലും ഈ പറഞ്ഞത് പോലെ ഒന്നോ രണ്ടോ സീനില്‍ മാത്രം അതും ഒതുങ്ങുന്നു. പിന്നെന്തിനാണ് ഇത്രയും വലിയൊരു താരത്തെ ഇതിലേക്ക് വലിച്ചിഴച്ചത്? ഒരു പക്ഷെ രജനിയുടെ ഡേറ്റ് കിട്ടിയപ്പോള്‍ തന്നെ എന്ത് ചെയ്യണമെന്നറിയാതെ രഞ്ജിത് പതറിപ്പോയതായിരിക്കണം ഇങ്ങനൊരു തട്ടിക്കൂട്ട് സിനിമയെടുക്കാനുള്ള പ്രധാന നിദാനം. ഈ സിനിമക്ക് കൊടുത്തിട്ടുള്ള, അല്ലെങ്കില്‍ കിട്ടിയിട്ടുള്ള അനാവശ്യ ഹൈപ്പുകളും പബ്ലിസിറ്റികളും ഉപയോഗിച്ച് താരങ്ങളെ തങ്ങളുടെ ദൈവത്തെ പോലെ കാണുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ പ്രേക്ഷക ലക്ഷങ്ങളുടെ താരാരാധനയെ പച്ചക്ക് ചൂഷണം ചെയ്ത് അവരുടെ പോക്കറ്റിലുള്ള കോടികള്‍ ഞൊടിയിടയില്‍ തങ്ങളുടെ മേശയിലേക്ക് തട്ടാനായി ചില കോര്‍പറേറ്റ് ബൂര്‍ഷാ കാളസര്‍പ്പങ്ങള്‍ സ്വീകരിക്കുന്നതിലും വിചിത്രവും തരംതാഴ്ന്നതുമായ ഫാസിസ്റ്റ് കുതന്ത്ര സിദ്ധാന്തമാണ് സിനിമയുടെ നിര്‍മ്മാതാക്കളും മറ്റ് വിതരണക്കാരും
കൈകൊണ്ടിട്ടുള്ളത്. ഇങ്ങനൊരു ചിത്രമെടുത്ത ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നാണ് എന്റെ ഒരിത്.
ചിത്രത്തിന്റെ കഥ പറയാനോ സീന്‍ വിവരിക്കാനോ ഒന്നും ഞാന്‍ മുതിരുന്നില്ല. എന്നിരുന്നാലും ക്ളൈമാക്സിലെ ഫൈറ്റിനെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ ഈ നിരൂപണം ഒരിക്കലും പൂര്‍ണമാകില്ല. പത്തും ഇരുപതും പേരെ ഒറ്റക്കു നേരിടുന്ന നായകനെ നമ്മള്‍ ഒട്ടുമിക്ക പടങ്ങളിലും കണ്ടിട്ടുണ്ട് അത് ഇവിടെയും കാണാം. ഈ ചിത്രത്തിന് തുപ്പാക്കി (തോക്ക്) എന്ന പേരായിരുന്നു കുറച്ച് കൂടി യോചിച്ചത്. (തുപ്പാക്കി എന്ന പേരില്‍ വേറൊരു സിനിമ ഇറങ്ങിയത് കൊണ്ടായിരിക്കും ആ പേരിടാത്തത്). കാരണം ക്ളൈമാക്സ് സീനില്‍ തോക്കില്ലാത്ത ഒരാളും ഉണ്ടായിരുന്നില്ല. ഷൂട്ടിങ് കാണാന്‍ വന്നവര്‍ക്ക്‌ വരെ തോക്ക് കൊടുത്ത് സംവിധായകന്‍ മാതൃക കാണിച്ചിട്ടുണ്ട്. സംവിധായകന്റെ ഈ വിവേചനമില്ലായ്മയെ ഇക്വാളിറ്റിയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. .(എത്ര ഗുണ്ടകള്‍ മരിച്ചാലും തോക്കില്ലാതെ ഒരു ഗുണ്ട പോലും മരിക്കാന്‍ പാടില്ല എന്ന തത്വമായിരിക്കണം ഇതിന് പിന്നില്‍). തുടരെ തുടരെ വെടിയാണ് പിന്നെ. ആര് എങ്ങോട്ടാണ് വെടി വെക്കുന്നതെന്നൊന്നും ചോദിക്കരുത്. തലങ്ങും വിലങ്ങും വെടിയും പുകയും. ഗുണ്ടകള്‍ ഓരോന്നായി മരിച്ച് വീഴുന്നുണ്ട്, നായകന് പക്ഷെ വെടി കൊണ്ടെങ്കിലും ഒന്നും പറ്റുന്നില്ല .
(നായകനെ കൊല്ലാനുള്ള തോക്കൊന്നും ഇന്നേ വരെ കണ്ട് പിടിച്ചിട്ടില്ല, പ്രത്യേകിച്ച് രജനിയെ). അവസാനം നേരുപ്പ് ഡാ എന്നും പറഞ്ഞു ദേ പുള്ളി എഴുന്നേറ്റ് നടക്കുന്നു. കലിപ്പ് ഡാ എന്നും പറഞ്ഞു ഞാനും എഴുന്നേറ്റു. അല്ലാതെന്ത് ചെയ്യാനാണ്.
ഞാന്‍ ഒരുപാട് പ്രാവശ്യം കൂട്ടി നോക്കി എന്നിട്ടും നൂറില്‍ (100) അന്‍പത്തി മൂന്ന് (53) മാര്‍ക്ക് ആണ് എനിക്ക് കിട്ടുന്നത്. (നിങ്ങള്‍ ഒരു രജനി ഫാന്‍ ആണെങ്കില്‍ ഒരു രണ്ട് (2) മാര്‍ക്ക് കൂടി എക്സ്ട്രാ കൊടുക്കുന്നതില്‍ വിരോധമില്ല).
(മുബ് നാസ് കൊടുവള്ളി)

Share This:

Comments

comments