ജോണ്‍സണ്‍ ചെറിയാന്‍.
അറ്റ്ലാന്‍റ: ഫോക്കാന, ഫോമാ കണ്‍വെന്‍ഷനുകളും, തിരഞ്ഞെടുപ്പുകളും കാനഡായിലും, മയാമിയിലുമായി തകര്‍ക്കുകയാണ്. സംഘടനകളെയും, പൊതുജനങ്ങളെയും സേവിക്കുവാന്‍ വേണ്ടി പ്രചരണങ്ങളും, വാഗ്ദാനങ്ങളുമായി ഭരണം മുന്നില്‍ കണ്ടു കൊണ്ട് ഒരു കൂട്ടര്‍ ഒരു വശത്ത്. കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് മുടക്കിയ മുതല്‍ തിരിച്ചു പിടിക്കുന്നതിന് തല പുകഞ്ഞാലോചിക്കുന്നവര്‍ മറുവശത്ത്.
ഇതിനിടയില്‍ പിശാചിനും കടലിനുമിടയില്‍ പെട്ടവരെ പോലെ കുറെ വോട്ടര്‍മാര്‍. പിന്നെ ഒരു ഗുണം മോഹന വാഗ്ദാനങ്ങളാണ് വോട്ടര്‍മാര്‍ക്കുള്ളത്. സൌജന്യമായ താമസം, ഭക്ഷണം, യാത്രക്കൂലി പിന്നെ സൂട്ടുറൂമുകളിലുള്ള കള്ളും കപ്പയും വേറെ. പാനല്‍ സമ്പ്രദായം മൂലം ആളുകളെ ചാക്കിട്ടു പിടിക്കുന്ന അവസ്ഥയാണ് കണ്ടു വരുന്നത്. ഓരോ പാനലും 2 ലക്ഷം ഡോളര്‍ വരെയാണ് ഇതിനായി മുടക്കുന്നത്.കണ്‍വെന്‍ഷന്‍ സമയത്ത് കഴിഞ്ഞ തവണ തങ്ങള്‍ മുടക്കിയ പണം എങ്ങനെയും തിരിച്ചു പിടിക്കുന്നതിലാണ് ഭാരവാഹികളുടെ നോട്ടം. ഫലമോ കൈയില്‍ നിന്നും പണം മുടക്കി പോകുന്നവര്‍ക്ക് വേണ്ടത്ര ഗുണനിലവാരമുള്ള ഭക്ഷണം പോലും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
ഏറ്റവും താഴെയുള്ള തസ്ഥികയായ ആര്‍.വി.പി. യുടെ മത്സരത്തിനു പോലും കൈക്കൂലി കൊടുത്ത് വോട്ടു മറിക്കുന്നു. കഴിഞ്ഞ പ്രാവശ്യം ഫ്ലോറിഡായില്‍ നിന്നുമുള്ള 5 വോട്ടുകളാണ് ഇലക്ഷന്‍റെ തലേ രാത്രിയില്‍ ഇപ്രകാരം മറിച്ചത്.മറുഭാഗത്തുള്ള സൂട്ടു റൂമില്‍ നിന്നും മദ്യസേവയില്‍ പങ്കെടുത്തവരാണ് ഇപ്പ്രകാരം തകിടം മറിഞ്ഞത്. പിന്നെ കള്ള വോട്ടുകള്‍. ഈ പ്രവണത മാറണം. പാനല്‍ സമ്പ്രദായം ഒരിക്കലും മാറില്ല. കാരണം അല്ലെങ്കില്‍ ഒരു കണ്‍വെന്‍ഷനും ആളുകള്‍ ഉണ്ടാവില്ല, വിജയിക്കില്ല.
തിരഞ്ഞെടുപ്പു സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങളൊന്നും തന്നെ പാലിക്കുന്നില്ല. ഒരു വര്‍ഷം കേരളത്തില്‍ ഒരു കണ്‍വെന്‍ഷന്‍. എയര്‍പോര്‍ട്ട് മുതല്‍ കണ്‍വെന്‍ഷന്‍ നഗരി വരെ നേതാക്കന്മാരുടെ ഫ്ലെക്സുകളും, പോസ്ടറുകളും. പൊതുജനത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി സ്പോണ്‍സര്‍ഷിപ്പു വഴിയായി ലഭിക്കുന്നതില്‍ നിന്നും ചെറിയ ഒരംശം ചാരിറ്റിയായി നല്‍കി മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. കുറെ സെലിബെര്‍ട്ടികളെ വന്‍ തുകകള്‍ കൊടുത്തു കൊണ്ടുവന്ന് അവരുടെ കോപ്രായങ്ങള്‍ രണ്ടു കണ്‍വെന്‍ഷനുകളിലും കാണാന്‍ കഴിയും.
ഇപ്രകാരം ധൂര്‍ത്തടിക്കുന്നതില്‍ നിന്നും കുറച്ചു പണം കൂടി നമ്മുടെ ജന്മനാട്ടിലുള്ള കുറെ പാവങ്ങളെ കൂടെ സഹായിച്ചു നന്മ നേടണം. സംഘടനകളും, പ്രസ്ഥാനങ്ങളും ഒക്കെ ആവശ്യമാണ്. പക്ഷെ ചക്കരക്കുടത്തില്‍ കൈഇടുന്നതിനുള്ള ഉദ്ധേശത്തോടു കൂടെയാവരുത്. സാരഥികള്‍ മലയാളികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ സമയവും, കഴിവും, മനസ്സും ഉള്ളവരായിരിക്കണം.അങ്ങനെയുള്ളവരെ മാത്രം കണ്ടുപിടിച്ച് നേത്രുത്വ നിരയിലേക്ക് കൊണ്ടുവരണം.
വോട്ടവകാശം ദുര്‍വിനിയോഗം ചെയ്യാതിരിക്കുക, അര്‍ഹതയുള്ളവരെ മാത്രം തിരഞ്ഞെടുക്കുവാന്‍ വോട്ടു ചെയ്യുക.പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക. ഇലക്ഷന്‍ ആവശ്യമാണ് പക്ഷെ പാനല്‍ സമ്പ്രദായം മാറണം. കൈക്കൂലിയും, അഴിമതിയും മാറണം.സംഘടനകളില്‍ എല്ലാക്കാലവും കടിച്ചു തൂങ്ങികിടക്കുന്ന പ്രവണത മാറണം.
എല്ലാവരെയും അടച്ചു പറയുന്നതല്ല. സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ച വെച്ച ചില നല്ല നേതാക്കന്മാരുടെ മുഖങ്ങള്‍ ഈ സമയം തെളിഞ്ഞു വരുന്നു.അവര്‍ക്ക് നന്ദിയുടെയും, അഭിനന്ദനങ്ങളുടെയും പൂച്ചെണ്ടുകള്‍. അമേരിക്കന്‍ മലയാളി സംഘടനകളിലും, സംഘടനകളുടെ സംഘടനകളിലും കണ്ടു വരുന്ന നേരിട്ടറിയാവുന്ന ചില കാര്യങ്ങള്‍ മാത്രം ലേഖകന്‍ ഇവിടെ പ്രതിപാദിക്കുന്നു. പ്രിയ മലയാളി സുഹൃത്തുക്കളേ ചിന്തിക്കൂ… പ്രതികരിക്കൂ… നല്ല മലയാളി സംഘടനകള്‍ അമേരിക്കയിലുടനീളം സ്വപ്നം കാണാം…