പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യത . ആന്റി സ്‌മോക്കിംഗ് സൊസൈറ്റി.

0
2159
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ദോഹ : പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും സാമൂഹ്യ ബാധ്യതയാണെന്നും കുട്ടികളും മുതിര്‍ന്നവരും ഈ ബാധ്യത തിരിച്ചറിയണമെന്നും ആഹ്വാനം ചെയ്ത് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി. ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച ലോകപരിസ്ഥിതി ദിനാചരണ പരിപാടികള്‍ക്ക് ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉജ്വലതുടക്കം. വാരാന്ത്യ അവധിയുടെ ആലസ്യങ്ങളില്ലാതെ നൂറ് കണക്കിന് രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളും പരിസ്ഥി പ്രവര്‍ത്തകരും നിറഞ്ഞ സദസ്സില്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകരയും ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞിയും ചേര്‍ന്നാണ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്.
പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളും ചിന്തകളും ഏതെങ്കിലും ദിനങ്ങളില്‍ പരിമിതപ്പെടുത്താതെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ ഇരുവരും സൂചിപ്പിച്ചു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി മാനവരാശിക്കും ജീവജാലങ്ങള്‍ക്കുമെല്ലാം നിലനില്‍ക്കാന്‍ കഴിയുന്ന പരിസ്ഥിതി നിലനിര്‍ത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്. നമ്മുടെ തെറ്റായ നിലപാടുകളും നടപടികളും കാരണം പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുന്നുവെന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. ഇതിന് എന്ത് പരിഹാരമാണ് ചെയ്യാന്‍ കഴിയുകയെന്ന് ചിന്തിക്കുകയും പ്രായോഗിക സമീപനങ്ങള്‍ സ്വീകരിക്കുകയും വേണം. ഗവണ്‍മെന്റ് തലത്തിലും സ്വകാര്യമേഖലയിലുമുള്ള കൂട്ടായ പങ്കാളിത്തത്തിലൂടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി നേരിടുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അവര്‍ ആഹ്വാനം ചെയ്തു.
അന്തരീക്ഷതാപനിലയിലെ വര്‍ദ്ധനവ്, മാലിന്യപ്പെരുപ്പം, ജലാശയങ്ങളുടെ നാശവും മലിനീകരണവും വനനശീകരണം, വ്യവസായവല്‍ക്കരണം തുടങ്ങി ഗൗരവമേറിയ പല പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്കും ഹരിത സമ്പദ് വ്യവസ്ഥക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും ഈ രംഗത്ത് പ്രായോഗികമായ നടപടികളുടെ തുടക്കമാണ് പരിസ്ഥിതി ദിനാചരണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സി.ഇ.ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. പരിസ്ഥിതി സംരക്ഷണ രംഗത്ത് ഖത്തര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ മാതൃകാപരമാണ്. കരയും കടലും സസ്യലതാദികളും പച്ചപ്പുമൊക്കെ സംരംക്ഷിക്കുന്നതോടൊപ്പം കാര്‍ബണ്‍ വികിരണം, ഊര്‍ജസ്രോതസ്സുകളുടെ കാര്യക്ഷമമായ ഉപയോഗം, വെളളം, ഭക്ഷണം മുതലായവ പാഴാക്കാതിരിക്കുക തുടങ്ങി ഖത്തര്‍ നടപ്പാക്കുന്ന വിവിധ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരും ഒരു പോലെ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയും പ്രകൃതിയുടെ ജൈവാവസ്ഥയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ചെടികളും മരങ്ങളും നട്ടുവളര്‍ത്തിയും പരിസ്ഥിതി സംരക്ഷിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഉയര്‍ത്തുന്ന ഭീഷണിയെ നേരിടുവാന്‍ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. മാനവരാശിയുടെ ക്ഷേമൈശ്വര്യ പൂര്‍ണമായ ജീവിതം ഉറപ്പുവരുത്തുവാന്‍ പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെും ഈ രംഗത്ത് ഓരോരുത്തര്‍ക്കും എന്ത് ചെയ്യുവാന്‍ കഴിയുമെന്നതാണ് കാതലായ പ്രശ്‌നമമെന്നും അദ്ദേഹം പറഞ്ഞു. ലോക സമ്പദ് വ്യവസ്ഥ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരോഗതിയില്‍ നിന്നും ലോകത്തെ പിറകോട്ടു വലിക്കാതെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയാണ് പ്രധാനം. നമ്മുടെ പ്രകൃതിയുടെ വരദാനങ്ങളെ നശിപ്പിക്കാതെയും ജൈവാവസ്ഥക്ക് കോട്ടം തട്ടാതെയും പുരോഗതി സാധ്യമാണെന്ന് പ്രായോഗികമായി തെളിയിക്കുകയും വികസനത്തില്‍ നിന്നും പുറം തിരിഞ്ഞ് നില്‍ക്കാതെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയുടെ വേഗത കുറക്കാതെയും മുന്നേറാനുള്ള മാര്‍ഗങ്ങളാണ് പരിസ്ഥിതി ദിനത്തില്‍ പ്രസക്തമാകുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറച്ചും മലിനീകരണം പരമാവധി ഒഴിവാക്കിയും വ്യവസായങ്ങളും നിര്‍മാണങ്ങളുമെല്ലാം പ്രകൃതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ സംവിധാനിച്ചും പ്രകൃതി വിഭവങ്ങളെ കാര്യക്ഷമമായും വിവേകപൂര്‍വമായും പ്രയോജനപ്പെടുത്തിയും ഓരോരുത്തരും ഹരിത സമ്പദ് വ്യവസ്ഥയുടെ ഭാഗമായാല്‍ പാരിസ്ഥിക പ്രശ്‌നങ്ങള്‍ കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. നല്ല വ്യക്തികള്‍ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. നല്ല സമൂഹം നല്ല രാഷ്ട്രം നിര്‍മിക്കുന്നു. നല്ല രാഷ്ട്രം നല്ല ഭൂമിയെ സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റ് തലത്തിലും സന്നദ്ധ സംഘങ്ങളുടെ ഭാഗത്തുനിന്നുമൊക്കെയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറം ഓരോരുത്തരും പരിസ്ഥിതി സംരക്ഷണം ഗൗരവമായി എടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ ഉദ്‌ബോധിപ്പിച്ചപ്പോള്‍ കുരുന്നു പ്രതിഭകള്‍ പരിസ്ഥിതി ദിന സന്ദേശങ്ങളുള്‍ക്കൊള്ളുന്ന പഌക്കാര്‍ഡുകളും പെയിന്റിംഗുകളും ഉയര്‍ത്തിപ്പിടിച്ചാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള തങ്ങളുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും ചേര്‍ന്ന് നടത്തിയ പരിസ്ഥിതി സംരക്ഷണ മാര്‍ച്ച് സന്ദേശ പ്രധാനമായിരുന്നു.
നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുകയും പരിസ്ഥിതിയുടെ കാവലാളുകളാവുകയും ചെയ്യുവാന്‍ ഓരോ വ്യക്തിയും കുടുംബവും മുന്നോട്ടുവന്നാല്‍ മാത്രമേ ഭാവി തലമുറക്കും നമുക്കും പരിസ്ഥിതിയെ സംരക്ഷിക്കാനാവുകയുള്ളൂവെന്ന് കുരുന്നുകള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ സംഘാടകരും പ്രായോജകരും സായൂജ്യരായി.
എന്റെ പരിസ്ഥിതിയെ മലിനപ്പെടുത്തരുത്, വൃത്തിയുളളതും സുരക്ഷിതവുമായ പരിസ്ഥിതി സംബന്ധിച്ച എന്റെ സ്വപ്‌നം എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന പെയിന്റിംഗ് മല്‍സരത്തില്‍ ഖത്തറിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നുള്ള നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പരിസ്ഥിതി സംബന്ധിച്ച കുരുന്നു പ്രതിഭകളുടെ കാഴ്ചപ്പാടുകളും സങ്കല്‍പങ്ങളും ഏറെ നിലവാരമുള്ളതും കാര്യമാത്ര പ്രസക്തവുമണെന്ന് അവരുടെ രചനകള്‍ ഉദ്‌ഘോഷിച്ചു. മല്‍സര വിജയികളെ നാളെ (ഞായര്‍) വൈകുന്നേരം 6 മണിക്ക് ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലോക പരിസ്ഥിതി ദിനാചരണണ ചടങ്ങില്‍ ആദരിക്കുമെന്നും കുരുന്നു പ്രതിഭകളുടെ സമ്മാനാര്‍ഹമായ പെയിന്റിംഗുകളുടെ പ്രദര്‍ശനം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
ആന്റി സ്‌മോക്കിംഗ് സൊസൈറ്റി നിര്‍വാഹക സമിതി അംഗങ്ങളായ ജൗഹറലി, അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, അഫ്‌സല്‍ കിളയില്‍, ഷറഫുദ്ധീന്‍ തങ്കയത്തില്‍, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, ഷബീറലി കൂട്ടില്‍, സിയാഹുറഹ്മാന്‍, സൈദലവി അണ്ടേക്കാട്, ജോജിന്‍ മാത്യു, നിഥിന്‍ തോമസ്, മാത്യൂ തോമസ്, കാജാ ഹുസ്സന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
 
ഫോട്ടോ. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഐക്യ രാഷ്ട്ര സംഘടനയുടെ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ മാര്‍ച്ചില്‍ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികളും അണി നിരന്നപ്പോള്‍.

Share This:

Comments

comments