പിയര്‍ലാന്‍ഡില്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്യപ്പെട്ടു.

0
608
എ.സി. ജോര്‍ജ്ജ്
ഹ്യൂസ്റ്റന്‍  : ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ പിയര്‍ലാന്‍ഡിലും പ്രാന്തപ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരമായ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയം ആയിരങ്ങളെ സാക്ഷിയാക്കി മെയ് 29ന് ഞായറാഴ്ച പവിത്രമായി കൂദാശ ചെയ്യപ്പെട്ടു. അമേരിക്കയില്‍ ചിക്കാഗൊ കേന്ദ്രമായ സെന്റ് തോമസ് കത്തോലിക്കാ രൂപതയുടെ 38-ാമത്തെ ഇടവക ദേവാലയമാണിത്. ഹ്യൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്റെ പരിധിയിലാണ് കൂദാശ ചെയ്യപ്പെട്ട സെന്റ് മേരീസ് ഇടവകയും ദേവാലയവും.
പുതിയ ദേവാലയ അങ്കണത്തിലെത്തിയ ചിക്കാഗൊ രൂപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട്, ഇടവക വികാരി ഫാദര്‍ കുര്യന്‍ നെടുവേലിചാലുങ്കല്‍, രൂപതാ ചാന്‍സിലര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത്, സഹവികാരി ഫാദര്‍ സ്റ്റീഫന്‍ കണിപ്പിള്ളില്‍, മുന്‍ വികാരിമാരായിരുന്ന ഫാദര്‍ ക്രിസ്റ്റി പറമ്പുകാട്ടില്‍, ഫാദര്‍ വില്‍സന്‍ ആന്റണി, മറ്റ് വിവിധ ദേവാലയങ്ങളില്‍ നിന്നെത്തിയ വൈദികര്‍, കോണ്‍വെന്റുകളില്‍ നിന്നും എത്തിയ സിസ്റ്റേഴ്‌സ്, മറ്റ് പൗരപ്രമുഖരെയെല്ലാം താലപ്പൊലി, ചെണ്ടമേളം, മറ്റ് വാദ്യോപകരണങ്ങള്‍ മുത്തുകുടകളുമായി ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.
ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ എല്ലാ വിശ്വാസികളേയും അതിഥികളേയും ദേവാലയത്തിലേക്ക് സ്വാഗതം ചെയ്ത് സംസാരിച്ചു. പിയര്‍ലാന്‍ഡ് സിറ്റി മേയര്‍ ടോം റീഡ് പുതിയ ദേവാലയത്തേയും ദേവാലയ അംഗങ്ങളേയും പിയര്‍ലാന്‍ഡ് സിറ്റിയിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് പിയര്‍ലാന്‍ഡ് സിറ്റിയുടെ ഔദ്യോഗിക പ്രൊക്ലമേഷന്‍ ദേവാലയത്തിന് സമര്‍പ്പിച്ചുകൊണ്ട് വായിച്ചു. മുഖ്യാതിഥികളും പാരിഷ് കൗണ്‍സിലിലെ പ്രമുഖരും നിലവിളക്കിന് തിരികൊളുത്തി. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും, അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ടിന്റെയും കാര്‍മ്മികത്വത്തിലും മറ്റ് സന്നിഹിതരായ നിരവധി വൈദികരുടെ സഹകാര്‍മ്മികത്വത്തിലും ആഘോഷമായ ദിവ്യബലിക്കും കൂദാശ തിരുക്കര്‍മ്മങ്ങള്‍ക്കും തുടക്കമായി. മാര്‍ ജോയി ആലപ്പാട്ട് കുര്‍ബാന മദ്ധ്യേയുള്ള സന്ദേശം നല്‍കി. രൂപതാ ചാന്‍സിലര്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് ദേവാലയ കൂദാശയിലെ ഭക്തിനിര്‍ഭരമായ ഓരോ ചടങ്ങുകളേയും പറ്റി ഹ്രസ്വമായ വിവരണം നല്‍കുകയുണ്ടായി. ഇടവക ക്വയര്‍ സംഘത്തിന്റെ ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ വിശുദ്ധ ബലിയേയും ആശീര്‍വാദ തിരുക്കര്‍മ്മങ്ങളേയും അതിമനോഹരമാക്കി.
ഏപ്രില്‍ 11, 2015 ല്‍ തറക്കല്ലിട്ട ഈ ദേവാലയം 9 മാസം കൊണ്ട് പൂര്‍ത്തിയാക്കി കൂദാശ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ സാധിച്ചത് ഇടവക ജനങ്ങളുടെ കൂട്ടായ പ്രാര്‍ത്ഥനയും, ആത്മാര്‍ത്ഥമായ സഹകരണവും, ശ്രമവും ദൈവത്തിന്റെ അപരിമേയമായ ഇടപെടലും കൊണ്ടാണെന്ന് ഇടവക വികാരി ഫാദര്‍ നെടുവേലിചാലുങ്കല്‍ പറഞ്ഞു. കൂദാശ തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അദ്ധ്യക്ഷതയില്‍ അനുമോദന പൊതുയോഗം നടത്തി. ദേവാലയത്തിന്റെ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ ജേക്കബ് തോമസ് സ്വാഗത പ്രസംഗം നടത്തി. മുന്‍ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ക്രിസ്റ്റി പറമ്പുകാട്ടില്‍, പിയര്‍ലാന്‍ഡ് മേയര്‍ ടോം റീഡ്, സ്ടാഫോള്‍ഡ് സിറ്റി കൗണ്‍സില്‍ അംഗം കെന്‍ മാത്യു തുടങ്ങിയവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ സിബി ജേക്കബ് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
എല്ലാ ആഘോഷകര്‍മ്മങ്ങളും വിജയപ്രദമാക്കുവാന്‍ പാരീഷ്‌കൗണ്‍സില്‍, ബില്‍ഡിംഗ് കമ്മിറ്റി, വിമന്‍സ് ഫോറം, യൂത്ത് ഫോറം, റിസപ്ഷന്‍ കമ്മിറ്റി, പാര്‍ക്കിംഗ് കമ്മിറ്റി, ലിറ്റര്‍ജി കമ്മിറ്റി, മീഡിയ കമ്മിറ്റി, ഡെക്കറേഷന്‍ കമ്മിറ്റി, ഫുഡ് കമ്മിറ്റി, ഷാലോം മീഡിയ എന്നിവയെ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയു മുണ്ടായി. പൊതുയോഗത്തിനുശേഷം ഇടവകയിലെ യുവജനങ്ങളും കലാകാരികളും കലാകാരന്മാരും ഒരുക്കിയ സംഗീതവിരുന്ന് അതീവ ഹൃദ്യമായിരുന്നു. തുടര്‍ന്ന് വിഭവ സമൃദ്ധമായ സ്‌നേഹസദ്യയോടെ കൂദാശ തിരുക്കര്‍മ്മങ്ങളും ആഘോഷങ്ങളും പര്യവസാനിച്ചു.

9 10 11 12 13 14 15

Share This:

Comments

comments