സ്വന്തം കുഴിമാടമൊരുക്കുന്നവര്‍ – ഉമ്മന്‍ ചാണ്ടി (മുഖ്യമന്ത്രി).

0
457
style="text-align: justify;">ജോണ്‍സണ്‍ ചെറിയാന്‍
ഒരു കുഴിമാടമൊരുക്കി അതിന്റെ മുകളില്‍ മണ്ണുകൂട്ടിയിരിക്കുന്നു. അതി•ല്‍ റീത്തുവച്ചിരിക്കുന്നു. പൂക്കള്‍ വാരിവിതറിയിട്ടുണ്ട്. അവിടെയൊരു കുറിപ്പുണ്ട്. “നിങ്ങളുടെ മഹദ് സേവനങ്ങള്‍ക്കു പെരുത്ത നന്ദി. 26 വര്‍ഷത്തെ പഴമ്പുരാണത്തിനു വിരാമം. ഞങ്ങളെ വിട്ടൊഴിഞ്ഞു പോകുന്നു.”
സാധാരണഗതിയില്‍ സെമിത്തേരികളിലാണ് ഇത്തരം കാഴ്ചകള്‍ കാണുന്നത്. പക്ഷേ, ഇത് 125 വര്‍ഷത്തിലേറെ പഴക്കമുള്ള കേരളത്തിന്റെ അഭിമാനമായ പാലക്കാട് വിക്ടോറിയ കോളജിലാണ്. പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസു വിരമിച്ച കഴിഞ്ഞ മാര്‍ച്ച് 31ന് അവിടത്തെ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ നല്കിയ സമ്മാനമാണിത്. 28 വര്‍ഷം സുവോളജി അധ്യാപകയായിരുന്ന ഡോ. സരസു കഴിഞ്ഞ അക്കാദമിക് വര്‍ഷമാണ് ഈ കോളജില്‍ പ്രിന്‍സിപ്പലായത്.
“കോളജിനും ഇവിടത്തെ കുട്ടികള്‍ക്കും ഞാന്‍ ഹൃദയം നല്കി. രാപകല്‍ എന്നപോലെ അധ്വാനിച്ചു. ഞാനേറെ സ്നേഹിച്ച കോളജാണിത്. പത്തുമുപ്പതു വര്‍ഷം അധ്യാപികയായി ജീവിതം ഉഴിഞ്ഞുവച്ചിട്ട് അവസാനം കിട്ടിയത് കുഴിമാടമാണ്.” ഒരു ടീച്ചര്‍ വേദനയോടെ പറയുമ്പോള്‍ വിദ്യാഭ്യാസത്തിലും സംസ്കാരത്തിലുമൊക്കെ ഏറെ മുന്നില്‍ നില്ക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിന് എന്താണ് അഭിമാനിക്കാനുള്ളത്?
മാതാപിതാ ഗുരു ദൈവം എന്നാണല്ലോ നമ്മള്‍ കേട്ടുപഠിച്ചിട്ടുള്ളത്. മാതാപിതാക്കളും ഗുരുവും ദൈവമാണെന്ന മനോഹര സങ്കല്പം. ചെറുപ്പം മുതല്‍ കണ്ടും കേട്ടും പഠിച്ചിട്ടുള്ള ഈ സങ്കല്പങ്ങളൊക്കെ എവിടെ വച്ചാണ് കൈമോശം വന്നത്? കോളജില്‍ അച്ചടക്കം കൊണ്ടുവന്നതും അവശ്യമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് ടീച്ചര്‍ ചെയ്ത തെറ്റ്. കോളജില്‍ ചുമതലയേല്ക്കാന്‍ ചെന്ന അന്നുമുതല്‍ തിക്താനുഭവങ്ങല്‍ ആരംഭിച്ചെന്നു ടീച്ചര്‍ പറയുന്നു. ” സത്യസന്ധമായും നിയമപ്രകാരവും കോളജ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കാനാണു ശ്രമിച്ചത്. അല്പം അച്ചടക്കമൊക്കെ ഇല്ലാതെ കോളജ് നടത്താന്‍ കഴിയുമോ? അച്ചടക്കമില്ലാതെ സര്‍ക്കാര്‍ കലാശാലകളൊക്കെ നശിച്ചുപോകണമെന്നാണോ ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ ആഗ്രഹിക്കുന്നത്?” ടീച്ചര്‍ ഉയര്‍ത്തുന്ന ഈ ചോദ്യങ്ങള്‍ കേരളീയ സമൂഹത്തോടാണ്.
അതിനു സിപിഎം നല്കിയ മറുപടി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിച്ചു. പ്രിന്‍സിപ്പലിന് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയത് കുഴിമാടമല്ലെന്നും അത് ആര്‍ട് ഇന്‍സ്റ്റലേഷന്‍ ആണെന്നുമാണ് പോളിറ്റ്ബ്യൂറോ അംഗവും മുന്‍ വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രിയുമായ എം.എ. ബേബിയുടെ ഭാഷ്യം. ഒരു അധ്യാപികയുടെ നെഞ്ചത്താണോ ഇങ്ങനെയൊരു കലാവിന്യാസം നടത്തേണ്ടതെന്നു സാമാന്യ ബുദ്ധിയുള്ളവര്‍ ചോദിക്കും. ഏറ്റവും മിതമായ ഭാഷയില്‍ പറഞ്ഞാല്‍, വളരെ ക്രൂരമായ ഒരു വിശകലനമായിപ്പോയി അത്. രൂപത എന്നു പറഞ്ഞാല്‍ രൂപാ താ എന്നു മുമ്പു നിര്‍വചിച്ചതിനേക്കാള്‍ ഒരുപടി കൂടി താഴെ.
തികച്ചും നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് പാലക്കാട് വിക്ടോറിയ കോളജില്‍ നടന്നത്. ടീച്ചര്‍ പോലീസിനു നല്കിയ പരാതിയില്‍ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. നിയമം അതിന്റെ വഴിക്കു നീങ്ങുക തന്നെ ചെയ്യും. അറസ്റ്റിലായവര്‍ എസ്എഫ്ഐക്കാര്‍ ആയതിനാല്‍ എസ്എഫ്ഐയ്ക്കും അതിന്റെ മാതൃസംഘടനയ്ക്കും ഇക്കാര്യത്തിലുള്ള സമീപനം വ്യക്തമാക്കണം. അവര്‍ക്കിനി ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. ടീച്ചര്‍ക്കു തൊട്ടുമുമ്പുണ്ടായിരുന്ന പ്രിന്‍സപ്പല്‍ സ്വയംഭരണ കോളജിനെതിരേയുള്ള പ്രക്ഷോഭവുമായി ബന്ധപ്പെട്ടും വിദ്യാര്‍ത്ഥി അധ്യാപക സംഘടനാ നേതാക്കളുടെ പ്രക്ഷോഭവുമായി ബന്ധപ്പെട്ടും അവധിയെടുത്ത് സ്ഥലംവിട്ടിരുന്നു.
സ്വയംഭരണ കോളജുകള്‍ക്കെതിരേ
സ്വയംഭരണ കോളജുകള്‍ക്കെതിരേയാണ് ഇപ്പോള്‍ എസ്എഫ്ഐക്കാരുടെ പ്രക്ഷോഭം. യുഡിഎഫ് സര്‍ക്കാര്‍ 11 സ്വയംഭരണ കോളജുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം സര്‍ക്കാര്‍ മേഖലയിലും ഒന്‍പതെണ്ണം സ്വകാര്യമേഖലയിലും. സര്‍ക്കാര്‍ കോളജുകളില്‍ അനുവദിച്ചത് മുടന്തുമ്പോള്‍, സ്വകാര്യമേഖല ഏറെ മുന്നേറി. അവര്‍ വെറും 15ഉം 30ഉം ദിവസത്തിനുള്ളിലാണ് ഇരട്ട വാല്യവേഷന്‍ നടത്തി പരീക്ഷയുടെ റിസള്‍ട്ട് പ്രഖ്യാപിക്കുന്നത്. കാലനുസൃതമായ കോഴ്സകുളും മറ്റും യഥേഷ്ടം ആരംഭിക്കാന്‍ അവര്‍ക്കു കഴിയുന്നു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലോ, പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ കേരളം ഇതുവരെ ഇടംപിടിച്ചിട്ടില്ല. മികച്ച വിദ്യാഭ്യാസത്തിനു മലയാളി കുട്ടികള്‍ ഇപ്പോഴും കേരളത്തിനു വെളിയിലോ വിദേശത്തോ ആണു പോകുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ രാജ്യത്തെ 500ലധികം സ്വയംഭരണ കോളജുകള്‍ക്കു സാധിച്ചിട്ടുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ഇതു നടപ്പാക്കിയത്.
കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഡോ. സരസുവിനെ സന്ദര്‍ശിച്ചതിനെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്. പക്ഷേ, അതിനുമുമ്പ് അദ്ദേഹം ഹൈദരാബാദ് സര്‍വകലാശാല സന്ദര്‍ശിക്കേണ്ടതായിരുന്നു. ദളിത് വിഭാഗക്കാരിയായ അധ്യാപകയാണ് ഇവിടെ അപമാനിക്കപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. അവിടെ ദളിത് വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്നു രോഹിത് എന്ന 26 വയസുകാരന്‍. ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിതര്‍ക്കുവേണ്ടി സിപിഎമ്മും ഒരുപാട് മുതലക്കണ്ണീര്‍ ഒഴുക്കി. പാലക്കാട്ട് എത്തിയപ്പോള്‍ കണ്ണീരു വറ്റുകയും ചെയ്തു. പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന ജില്ല കൂടിയാണ് പാലക്കാട്. അദ്ദേഹത്തിനെങ്കിലും ഇക്കാര്യത്തിലൊരു നിലപാട് എടുക്കാമായിരുന്നു.
ടി.പി. ശ്രീനിവാസനെ അടിച്ചുവീഴ്ത്തി
തിരുവനന്തപുരത്ത് ഉന്നതവിഭ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്എഫ്ഐ നേതാവ് അടിച്ചുവീഴ്ത്തിയതും സമാനമായ സംഭവമാണ്. ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ കോവളത്ത് എത്തിയതായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സംഗമത്തിനെതിരേ എസ്എഫ്ഐ പ്രതിഷേധ സമരം നടത്തുന്നുണ്ടായിരുന്നു. അതിനിടയില്‍ കോവളം ലീല ഹോട്ടലിലേക്കു വന്ന അദ്ദേഹത്തെ എസ്എഫ്ഐക്കാര്‍ തടഞ്ഞു. തിരിച്ചുപോകാന്‍ കാറിനടുത്തേക്കു നടക്കുമ്പോഴാണ് എസ്എഫ്ഐ നേതാവ് പിറകില്‍ നിന്നടിച്ചത്. അടികൊണ്ട അദ്ദേഹം നിലത്തുവീണു. പോലീസും ഇതു നോക്കിനിന്നു. അവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടിയെടുത്തു.
ടിപി ശ്രീനിവാസനെ മര്‍ദിച്ച സംഭവം കേരളത്തിനു തന്നെ നാണക്കേടായിപ്പോയി. ആഗോളതലത്തില്‍ കേരളത്തിനു ലജ്ജിച്ചു തലതാഴ്ത്തേണ്ടി വന്നു. മുന്‍ അംബാസിഡര്‍, യുഎന്നിലും അന്താരാഷ്ട്ര ആണവോര്‍ജ സമിതിയിലും ഇന്ത്യയുടെ സ്ഥിരംപ്രതിനിധി തുടങ്ങിയ നിലകളിലെല്ലാം ആഗോളതലത്തില്‍ അറിയപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. സ്വയംഭരണ കോളജുകള്‍ ഉള്‍പ്പെടെയുള്ള നിരവധി പരിഷ്കാരങ്ങളാണ് അദ്ദേഹം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്നത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ അനന്തസാധ്യതകളാണ് നമുക്കുള്ളത്. നിശ്ചലമായികിടന്ന ഈ മേഖലയെ ചലനാത്മകമാക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു സാധിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആഗോള ഹബ്ബായി മാറാന്‍ കേരളത്തിനു സാധിക്കും. ഇത്തരം ആശയങ്ങളുടെ മൂര്‍ത്തീകരണത്തിനായി നടന്ന പരിപാടിയാണ് എസ്എഫ്ഐക്കാര്‍ അലങ്കോലമാക്കിയത്. വിദേശത്തുനിന്നും രാജ്യത്തിന്റെ പല ഭാഗത്തുനിന്നും വിദ്യാഭ്യാസ വിചക്ഷണ•ാര്‍ പങ്കെടുത്ത പരിപാടിയായിരുന്നു അത്. അവര്‍ക്കൊക്കെ എന്തു സന്ദേശമാണു നമുക്കു നല്കാന്‍ കഴിഞ്ഞത്?
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ എക്കാലവും പ്രക്ഷുബ്ധമാക്കുന്നത് എസ്എഫ്ഐ ആണ്. പതിനായിക്കണക്കിനു കുട്ടികള്‍ കേരളത്തിനു പുറത്തുപോയി പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് കേരളത്തില്‍ സ്വാശ്രയ കോളജ് എന്ന ആശയം യുഡിഎഫ് അവതരിപ്പിച്ചത്. സ്വാശ്രയ കോളജുകളേ പാടില്ലെന്നു പറഞ്ഞുകൊണ്ട് അവര്‍ സമരത്തിന്റെ കെട്ടഴിച്ചുവിട്ടു. ഇതിന്റെ കലാശക്കൊട്ടായിരുന്നു കൂത്തുപറമ്പ് വെടിവയ്പ്. സ്വയംഭരണ കോളജുകള്‍ എന്ന ആശയം അവതരിപ്പിച്ചപ്പോഴും അതിനെ സര്‍വശക്തിയും എടുത്ത് എതിര്‍ത്തു. കേരളത്തില്‍ നശിപ്പിക്കപ്പെട്ട പൊതുസ്വത്തിന് കയ്യും കണക്കുമില്ല. പൊതുസ്വത്ത് നശിപ്പിക്കപ്പെട്ടാല്‍ ബന്ധപ്പെട്ടവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നു ഹൈക്കോടതി വിധി വന്നശേഷമാണ് ഇതിനു ശമനം ഉണ്ടായത്. എന്തായാലും സ്വാശ്രയരംഗം കഴിഞ്ഞ അഞ്ചു വര്‍ഷവും ശാന്തമായിരുന്നു. സ്വാശ്രയ കോളജ് ഒരു യാഥാര്‍ത്ഥ്യമാണെന്ന് അതു തുടങ്ങി 20 വര്‍ഷം കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് തിരിച്ചറിയാനായത്. സിപിഎം എന്നും കാല്‍നൂറ്റാണ്ടും അരനൂറ്റാണ്ടും പിറകിലാണ്.
തിരുവന്തപുരം സിഇടി കോളജില്‍ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന അതിരുവിട്ട ഓണഘോഷ പരിപാടിയില്‍ തസ്നി ബഷീര്‍ എന്ന കുട്ടിയുടെ ജീവന്‍ പൊലിഞ്ഞത് കേരളത്തെ ഞെട്ടിച്ച മറ്റൊരു സംഭവം. ചെകുത്താനെന്നു പേരെഴുതിയ ലോറിയും കോടാലിയെന്ന് അറിയപ്പെടുന്ന ജീപ്പുമൊക്കെയായി നൂറോളം ബൈക്കുകളില്‍ അവര്‍ നടത്തിയ ഭ്രാന്തന്‍ പരിപാടി എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു. സിപിഎം നേതാവ് എം.എം മാണിയെ ഈ ജീപ്പില്‍ കോളജില്‍ ആനയിക്കുകയും ചെയ്തു. മരണത്തിനു കീഴടങ്ങിയ തസ്നിയുടെ മൃതദേഹം മലപ്പുറം ജില്ലയിലെ വഴിക്കടവ് ഗ്രാമം കണ്ണീരോടെയാണ് ഏറ്റുവാങ്ങി സംസ്കരിച്ചത്.
ഇത്തരം നിരവധി സംഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെന്നാണ് പാലക്കാട് സംഭവം തെളിയിച്ചത്. താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും എന്നല്ലേ ചൊല്ല്. എസ്എഫ്ഐ തോണ്ടിയ കുഴിമാടത്തില്‍ സിപിഎം വീണിരിക്കുന്നു. പക്ഷേ, കേരളം വീഴില്ല.

Share This:

Comments

comments