
ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം; പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ 102 പേര്‍ മരിച്ചു. ഇതില്‍ പോലീസുകാരും സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 350 ല്‍ അധികം ആളുകളാണ് ചികിത്സയ്‌ക്കായി എത്തിയിരിക്കുന്നത്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രാവിലെ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
പുലര്‍ച്ചേ 3.30 നാണ് കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടം ഉണ്ടായത്. കമ്പപ്പുരയ്‌ക്ക് തീപിടിച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് കമ്പപ്പുരയും അടുത്തുള്ള ദേവസ്വം ബോര്‍ഡിന്റെ കെട്ടിടവും പൂര്‍ണ്ണമായും തകര്‍ന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിപ്പോയിരിക്കുകയാണ്. സ്‌ഫോടനത്തിന്റെ പ്രകമ്പനം ഒന്നര കിലോമീറ്ററോളം ചുറ്റളവില്‍ അനുഭവപ്പെട്ടു.
കെട്ടിട അവശിഷ്‌ടങ്ങള്‍ക്ക് ഇടയില്‍ നിരവധിയാളുകളാണ് കുടുങ്ങിയത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ടവരെ കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വെടിക്കെട്ട് അവസാനിക്കാറായപ്പോഴാണ് അപകടം ക്ഷേത്ത്രിലെ ഉത്സവത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ അര്‍ദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ടിന്റെ അവസാന സമയത്തായിരുന്നു അപകടം ഉണ്ടായത്.
വെടിക്കെട്ടിന്റെ അവസാന സമയത്ത് പൊട്ടിയ അമിട്ടിന്റെ ഭാഗം കമ്പപ്പുരയിലേക്ക് വീണതാണ് അപകടത്തിന് കാരണം. സ്‌ഫോടനത്തില്‍ ക്ഷേത്രത്തിന്റെയും ഉപദേവതാ ക്ഷേത്രത്തിന്റെയും സമീപത്തുള്ള വീടുകളുടെയും മേല്‍ക്കൂരകള്‍ തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ താകര്‍ന്ന നിലയിലാണ്.
ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയതെന്ന് ജില്ലാ കളക്‌ടര്‍ ഷൈന പറഞ്ഞു. അപകടസ്‌ഥിതി വിലയിരുത്തുന്നതിനായി ഡി.ജി.പിയും കലക്‌ടറും ഉള്‍പ്പെട്ട ഉന്നത തല യോഗം ചേര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു
Comments
comments