ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റിന്റെ പ്രസക്തി.

0
618
style="text-align: justify;"> തോമസ് കൂവളളൂര്‍
 ന്യൂയോര്‍ക്ക് : 2016 മാര്‍ച്ച് 12 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്താനിരിക്കുന്ന നാഷണല്‍ ഡിബേറ്റിന്റെ വിഷയം എന്തുകൊണ്ടും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ആനുകാലിക പ്രസക്തിയുളള ഇത്തരത്തിലുളള ഒരു വിഷയം തിരഞ്ഞെടുക്കാന്‍ ഇന്ത്യാ പ്രസ് ക്ലബിന്റെ ഭാരവാഹികള്‍ ശ്രദ്ധ കാണിച്ചതിന് അതിന്റെ ഭാരവാഹികളെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. എല്ലാറ്റിനുമുപരി, പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിന് സമൂഹത്തിലെ അറിയപ്പെടുന്ന വിവിധ സാമൂഹ്യ– രാഷ്ട്രീയ– സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടുളളതായും അറിയാന്‍ കഴിയുന്നു. അതും ഒരു പുതിയ കാല്‍വയ്പായി കണക്കാക്കാവുന്നതാണ്.
‘നിത്യ ജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രസ്തുത ഡിബേറ്റ് നയിക്കുന്നതിന് ഐപിസി എന്‍എ ഭാരവാഹികള്‍ തിരഞ്ഞെടുത്തത് അമേരിക്കയില്‍ നിന്നും ജേര്‍ണലിസത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ പ്രഗത്ഭനായ ഒരു ജേര്‍ണലിസ്റ്റു കൂടിയായ പി. രാജേന്ദ്രനെ ആണെന്നുളളത് ഈ ഡിബേറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
മാധ്യമ രംഗത്ത് രണ്ടുപതിറ്റാണ്ടിലധികം പ്രവര്‍ത്തന പരിചയമുളള, മുംബൈയില്‍ ഫ്രീ പ്രസ് ജേര്‍ണല്‍, മിഡ് ഡേ, ടിവി ടുഡേ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച പി. രാജേന്ദ്രന്‍ ഇപ്പോള്‍ ഇന്ത്യാ എബ്രോഡ് റീസിഫ് ഡപ്യൂട്ടി മാനേജിങ് എഡിറ്ററായി ജോലി നോക്കുന്നു. അദ്ദേഹത്തെപ്പോലെ സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം ശരിക്കറിയാവുന്ന പരിചയ സമ്പന്നനായ ഒരാളാണ് ഈ ഡിബേറ്റ് നയിക്കുന്നത് എന്നുളള ഒറ്റക്കാരണത്താല്‍ ഈ ഡിബേറ്റ് പങ്കെടുക്കുന്നവര്‍ക്കു കൂടി വിജ്ഞാനപ്രദമായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.
ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയ എന്താണെന്നും ഇന്ന് അവയ്ക്ക് ജനങ്ങളിലുളള സ്വാധീനം എത്രമാത്രം വലുതാണെന്നും അല്‍പം വിചിന്തനം നടത്തുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. വാസ്തവത്തില്‍ സമൂഹവുമായി എളുപ്പത്തില്‍ ബന്ധപ്പെടാനുളള മാധ്യമങ്ങളാണ് സോഷ്യല്‍ മീഡിയ എന്നു പറയാം. ഇന്നു സോഷ്യല്‍ മീഡിയ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന മാധ്യമങ്ങളാണ് ഫേസ് ബുക്ക്, ട്വിസ്റ്റര്‍, മൈ സ്േപസ്, യു ട്യൂബ്, ഇ–മെയില്‍, ബ്ലോഗുകള്‍ മുതലായവ, സെല്‍ഫോണുകളുടെ കണ്ടുപിടിത്തത്തോടെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ അതേപടി തങ്ങളുമായി ബന്ധമുളളവര്‍ക്ക് അയച്ചുകൊടുക്കാന്‍ ഇന്റര്‍നെറ്റിലൂടെ ഇന്നു നമുക്ക് സാധിക്കുന്നു.
ഇന്നേയ്ക്ക് 25 വര്‍ഷങ്ങള്‍ക്കു മുന്‍പുളള മാധ്യമങ്ങളുടെ അവസ്ഥ നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കും അന്ന് ജനങ്ങളില്‍ വാര്‍ത്തകള്‍ എത്തിക്കാറുണ്ടായിരുന്നത് പത്ര–മാസികകളും പുസ്തകങ്ങളും, റേഡിയോ, ടെലിവിഷന്‍ എന്നിവയും ആയിരുന്നു എന്ന്. അവ ഇന്നത്തേതിലും വളരെ ചെലവേറിയത് ആയിരുന്നു. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ ഈമെയിലുകളിലൂടെയും ബ്ലോഗുകളിലൂടെയും വ്യക്തികളുടെ ആശയങ്ങളും ചിന്തകളും ചെലവ് കുറഞ്ഞ രീതിയില്‍ മറ്റുളളവര്‍ക്ക് വളരെ വേഗം എത്തിച്ചുകൊടുക്കാമെന്ന അവസ്ഥയിലെത്തി.
കുറെക്കൂടി പിറകോട്ടു നോക്കിയാല്‍ സോഷ്യല്‍ മീഡിയ വിവിധ കാലഘട്ടങ്ങളില്‍ രൂപാന്തരം പ്രാപിച്ചുണ്ടായ ഒന്നാണെന്നു കാണാന്‍ കഴിയും. സമൂഹവുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന പല മാധ്യമങ്ങളും പണ്ടു കാലത്ത് നിലനിന്നിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചക്രവര്‍ത്തിമാരും, രാജാക്കന്മാരും ഭരിച്ചിരുന്ന കാലത്ത് പ്രധാനപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ രാജസേവകന്മാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിട്ട് ചെണ്ടകൊട്ടി രാജാവിന്റെ സന്ദേശം അറിയിച്ചിരുന്നതായി കാണാം.
രാജഭരണം നിലനിന്നിരുന്ന കാലത്ത് അരമന രഹസ്യം അങ്ങാടിപ്പാട്ടായി മാറിയ ചരിത്രവും ചിലര്‍ കേട്ടിരിക്കും. അത് ഞാന്‍ കേട്ടിരിക്കുന്നത് ഏറെക്കുറെ ഇങ്ങിനെയാണ്. എതോ രാജാവിന്റെ മുടി വെട്ടാന്‍ രാജകൊട്ടാരത്തിലെത്തിയ ക്ഷുരകന്‍ രാജാവിന് കഴുതച്ചെവി ഉണ്ടന്നു മനസ്സിലാക്കി. പക്ഷേ പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ അയാളുടെ തലപോകുമെന്ന് ക്ഷുരകന്‍ നന്നായറിയാമായിരുന്നു. പക്ഷേ രഹസ്യം പുറത്തു പറയാത്തതിനാല്‍ അയാള്‍ക്ക് ഇരിക്കപ്പൊറുതിയും ഇല്ലാതായി. ഒടുവില്‍ അയാള്‍ ഒരു കാട്ടിനുളളില്‍ പോയി ഒരു കുഴി കുഴിച്ചു ആ കുഴിയില്‍ ഇരുന്ന് ആരും കാണുകയില്ലെന്ന വിശ്വാസത്തില്‍ ‘രാജാവിനു കഴുതച്ചെവിയാണേ’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ആ സമയം കാട്ടില്‍ വിറക് ശേഖരിച്ചുകൊണ്ടിരുന്ന ചിലര്‍ അതു കേട്ടു. അങ്ങിനെ അരമന രഹസ്യം അങ്ങാടിപ്പാട്ടായത്രേ.
എന്തിനേറെ, കുഞ്ചന്‍ നമ്പ്യാരുടെ കാലത്ത് പൂരപ്പറമ്പുകളില്‍ പോയി ഓട്ടന്‍ തുളളലിലൂടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ അറിയിച്ചിരുന്നതായി നമുക്ക് കാണാന്‍ കഴിയും.
”എമ്പ്രാനല്പം കട്ടം ഭുജിച്ചാല്‍ അമ്പല വാസികളൊക്കെ കക്കും.” എന്ന പദ്യ ശകലത്തില്‍ നിന്നും ഇതു നമുക്കു മനസ്സിലാക്കാം.
പണ്ടു കേരളത്തില്‍ സാമൂഹ്യ ചലനം ഉണ്ടാക്കാന്‍ നക്‌സലൈറ്റുകള്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം. ‘ലഘു ലേഖകള്‍’ സാധാരണക്കാരുടെ ഇടയില്‍ വിതരണം ചെയ്തു അവരെ വിപ്ലവ വീര്യമുളളവരാക്കുക എന്നുളളതായിരുന്നു എന്ന് പഴമക്കാരില്‍ ചിലരെങ്കിലും ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നു കരുതുന്നു.
ചുരുക്കത്തില്‍ സോഷ്യല്‍ മീഡിയ അതേതു രീതിയിലുമായിക്കൊളളട്ടെ. ജനങ്ങളില്‍ കോളിളക്കം സൃഷ്ടിക്കാന്‍ കഴിവുളള ഒന്നാണെന്നുളളതിന് സംശയമില്ല. ഫേസ് ബുക്കിലൂടെയും, ട്വിറ്ററിലൂടെയും യുട്യൂബിലൂടെയും ബ്ലോഗുകളിലൂടെയും ടെക്സ്റ്റിങ്ങിലൂടെയും ജനങ്ങള്‍ക്ക് അപ്പപ്പോള്‍ തങ്ങളുടെ മനസ്സിലുളള ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന എളുപ്പമാര്‍ഗ്ഗമാണ്.
2016 ലെ അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുളള മത്സരം നടന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം നമുക്കു വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി മുന്‍ നിരയില്‍ നില്‍ക്കുന്ന ട്രമ്പും ഹിലറിയുമെല്ലാം സന്ദേശം നല്‍കുന്നത് ട്വിറ്ററിലൂടെയും ഫേസ് ബുക്കിലൂടെയും യു ട്യൂബിലൂടെയുമാണെന്ന് ഓരോ ദിവസവും എന്തിനേറെ ചിലപ്പോള്‍ ഓരോ നിമിഷവും നമുക്കുകാണാന്‍ കഴിയും. പലപ്പോഴും എതിര്‍ സ്ഥാനാര്‍ത്ഥികളുടെയും എതിര്‍പാര്‍ട്ടികളുടെയും കുറ്റങ്ങളും കുറവുകളും പൊക്കിയെടുത്ത് അവരെ തേജോവധം ചെയ്യാനും സോഷ്യല്‍ മീഡിയ അമിതമായി ഉപയോഗിച്ചു വരുന്നതും നാം കാണാറുണ്ട്.
സോഷ്യല്‍ മീഡിയകള്‍ക്ക് ഗുണത്തേക്കാളേറെ ദോഷവും ഉണ്ടെന്നു കാണാം. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന സമര്‍ത്ഥരായ കുട്ടികളുടെ ഭാവി നശിപ്പിക്കാന്‍ വരെ സോഷ്യല്‍ മീഡിയ പലപ്പോഴും ഉപയോഗിക്കാറുളളതായും ചില കുട്ടികള്‍ മാനഹാനി ഭയന്ന് ആത്മഹത്യ വരെ ചെയ്തതായും നാം പലപ്പോഴും വാര്‍ത്തകളിലൂടെ കാണാറുണ്ട്. എന്തിനേറെ, ചാറ്റിങ്ങിലൂടെ കെണിയിലകപ്പെട്ട് ജയിലില്‍ കഴിയുന്ന നിരവധി ചെറുപ്പക്കാരുടെ കഥകളും നാം കേള്‍ക്കാറുണ്ടല്ലോ. സോഷ്യല്‍ മീഡിയയിലൂടെ ചാറ്റിങ്ങ് നടത്തി ന്യൂജഴ്‌സിയിലെ പസ്സായിക് കൗണ്ടി ജയിലില്‍ ഏറെക്കുറെ 2 വര്‍ഷത്തോള മായി വിധിയും കാത്തു കഴിയുന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ കാര്യം ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തു പോകുന്നു. ഈ മാസം 24 ന് രാവിലെ 9 മണിക്ക് ആ ചെറുപ്പക്കാരന്റെ വിധി ദിവസമാണ്. ആ ചെറുപ്പക്കാരന്റെ മേല്‍ കരുണയുണ്ടാകണമെന്ന് അപേക്ഷിച്ചു കൊണ്ട് പല മലയാളി നേതാക്കളും ഇതിനോടകം ജഡ്ജിക്ക് എഴുതുകയുമുണ്ടായി.
അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ തങ്ങളുടെ പ്രതിഷേധ റാലികള്‍ സംഘ ടിപ്പിക്കാറുളളത് സോഷ്യല്‍ മീഡിയ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയാണ്.മാര്‍ച്ച് 12 ന് നടക്കാനിരിക്കുന്ന ഡിബേറ്റില്‍ സോഷ്യല്‍ മീഡിയ സമൂഹത്തിനു പരമാവധി പ്രയോജനകരമായി എങ്ങിനെ വിനിയോഗിക്കാനാവും എന്നുകൂടി വിശദീകരിക്കാന്‍ ഡിബേറ്റിന്റെ ഭാരവാഹികള്‍ ശ്രദ്ധിച്ചാല്‍ ഡിബേറ്റ് പൂര്‍ണ്ണമാകുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യാപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തുന്ന സോഷ്യല്‍ മീഡിയയെപ്പറ്റിയുളള ഈ ഡിബേറ്റ് ഒരു വന്‍ വിജയമായിത്തീരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഡിബേറ്റിനെപ്പറ്റി കൂടുതല്‍ അറിയേണ്ടവര്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്. രാജു പളളത്ത് മധു കൊട്ടാരക്കര ജോസ് കാടാപുറം.

Share This:

Comments

comments