അണിഞ്ഞൊരുങ്ങി വയലില്‍ നില്‍ക്കുന്നവര്‍ (വാല്‍ക്ക­ണ്ണാ­ടി-കോരസണ്‍) .

  0
  959
   വര്‍ഗീസ് കോരസണ്‍
  ഈയിടെയായി കുറെയധികം എഴുതുന്നതു കാണുന്നുണ്ടല്ലോ നല്ല സമയം ചിലവഴിക്കുന്നുണ്ടല്ലോ, എന്തെങ്കിലും കിടയ്ക്കുമോ? ഒരു സുഹൃത്തിന്റെ നിഷ്­കളങ്കമായ ആശങ്കക്കു മുന്‍പില്‍ മറുപടി പറയാതെ തെല്ലൊന്നു പരുങ്ങാതിരുന്നില്ല. എന്തിനു വേണ്ടി എഴുതണം? ആര്‍ക്കു വേണ്ടി എഴുതണം? ആര്‍ക്കാണു ഇതുകൊണ്ട് പ്രയോജനം?
  കാവി സുഹൃത്തിനെ കണ്ടപ്പോള്‍, കവിതകള്‍ ഒന്നും ഈയിടെയായി എവിടെയും കാണുന്നില്ലല്ലോ സംഭവിച്ചു എന്നു ചോദിച്ചു. നാടകാന്ത്യം കവിത്വം എന്നാണല്ലോ പറയാറ്. കവിത്വം സംഭവിച്ചുകഴിഞ്ഞാല്‍ എങ്ങനെ നിശബ്ദനാകാന്‍ സാധിക്കും? കവി സുഹൃത്തിന്റെ മറുപടി അത്ഭുതപ്പെടുത്തി. അദ്ദേഹം കവിതകള്‍ നിരന്തരം എഴുതാറുണ്ട് ഒന്നും ആനുകാലികങ്ങളില്‍ കൊടുക്കാറില്ലത്രേ. ഒക്കെ ഫയല്‍ ചെയ്തു വയ്ക്കും, ഒന്നു രണ്ടു ബുക്കുകള്‍ അച്ചടിച്ചു വിതരണക്കാരെ ഏല്‍പ്പിച്ചു, അങ്ങനെ കവിതാ ലോകത്ത് തന്റെ സാന്നിദ്ധ്യം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും വാങ്ങി വായിക്കുന്നുണ്ടോ എന്നറിയില്ല ചില സായാഹ്നങ്ങളില്‍ താന്‍ തന്നെ ചൊല്ലി റിക്കാര്‍ഡു ചെയ്ത കവിതകള്‍ കേട്ടു കിടന്നുറങ്ങും. കവിത വന്നാല്‍ കുറിക്കാതിരിക്കാന്‍ പറ്റില്ലല്ലോ.
  പശു പാലു ചുരത്തുന്നതുപോലെയാണ് ഒരു കവിത ജനിക്കുന്നത്, കിടാവിനുവേണ്ടിയാണ് ചുരുത്തുന്നതെങ്കിലും, ആരു കുടിക്കുന്നു എന്നു പശു ശ്രദ്ധിക്കാറില്ല. സ്വയമായി കറന്നു കൊടുക്കാന്‍ സാധിക്കാത്ത വീര്‍പ്പുമുട്ടല്‍ പശുവിനേ അറിയൂ. എല്ലാ മുട്ടയും വിരിയും എന്നു ചിന്തിച്ച് കോഴി ഇടുന്ന മുട്ടകള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണമാകുകയാണെന്ന് കോഴി അറിയാറില്ലല്ലോ, അറിഞ്ഞിരുന്നെങ്കില്‍ പശുവും കോഴിയും പണിമുടക്കിയേനേ. എഴുത്തുകാരന്റെ സര്‍ഗശേഷി പ്രകൃതിദത്തമാണെങ്കിലും സൃഷ്ടി പൂര്‍ണമാകണമെങ്കില്‍ ശ്രദ്ധിക്കപ്പെടണം, അല്ലാത്തവ അതിന്റെ ഭാവി സ്വന്തമായി കണ്ടെത്തിക്കൊള്ളും. പുഴയ്ക്കറിയില്ലല്ലോ കടലിലേക്കാണ് യാത്രയെന്ന്!
  കാപ്പി കുടിക്കണമെങ്കില്‍ വെള്ളം ചൂടാവണം, അതിനു തീ വേണം, തിളക്കണം, അളവിനു കാപ്പിപ്പൊടി വേണം പാല്, പഞ്ചസാര ഒക്കെ പാകത്തിനു ചേര്‍ത്താലേ കാപ്പികുടി ഒരു അനുഭവമാകൂ. ഒരു ആശയം നല്ലപോലെ തിളച്ചാല്‍ മാത്രം പോരാ, ചേരുവകള്‍ അളവിനും പാകത്തിനും ചേര്‍ന്നെങ്കിലേ അത് സൃഷ്ടിയാകയുള്ളൂ, ഓരോ സൃഷ്ടിയും ഓരോ സാധ്യതയാണ്.
  ഒരു മില്ലിലിറ്റര്‍ പുരുഷബീജത്തില്‍ 20 മുതല്‍ 40 മില്യണ്‍ ശുക്ലാണുക്കളാണ് സാധാരണ ഉണ്ടാവുക. അതില്‍ ഒരു ശുക്ലാണുവിനാണ് പൂര്‍ണ്ണതയിലെത്താനുള്ള സാധ്യത. പ്രകൃതിക്കുതന്നെ സാധ്യതകളുടെ പരിമിതിയെപ്പറ്റി ബോധ്യമുള്ളതിനാലാവാം ഇത്രയും അധികോല്‍പ്പാദന പ്രവണത. ഒരു പക്ഷേ ഈ ചെറിയ ലോകത്തിനു വേണ്ടിയായിരിക്കില്ല ഈ അധികോല്‍പ്പാദനം.
  ‘വയലിലെ താമരകളെ നോക്കൂ, ശലോമോന്‍ പോലും തന്റെ സര്‍വ്വമഹത്വത്തിലും ഇവ ഒന്നിനോടൊപ്പം ചമഞ്ഞിരുന്നില്ല’ എന്നു ക്രിസ്തു പറഞ്ഞു. ആര്‍ക്കുവേണ്ടിയാണ് ആരും കടന്നു വരാത്ത കാടുകളിലും ആരും ശ്രദ്ധിക്കാത്ത വയലുകളിലും ഇവ അണിഞ്ഞൊരുങ്ങി ചമഞ്ഞു നില്‍ക്കുന്നത്? പക്ഷേ അവയെ ക്രിസ്തു ശ്രദ്ധിച്ചിരുന്നു എന്നു വ്യക്തം.
  വായന, അച്ചടിയില്‍ നിന്നും ഡിജിറ്റല്‍ യുഗത്തിലൂടെ അതിവേഗം പരിണാമപ്പെടുകയാണല്ലോ. ഓരോരുത്തര്‍ക്കും അവരവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ സ്വകാര്യ വിതരണവും പ്രകാശനവും ഇന്നു സാധ്യമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ വന്നു നിറയുന്ന നിറംപിടിച്ച വായനഘടകങ്ങള്‍, ഏതാനും നിമിഷം മുമ്പു വന്നു നിന്ന സൃഷ്ടികള്‍ പോലും, അപ്രസ്­ക്തമായി വിസ്മൃതിയില്‍ ലയിക്കുകയാണ്.
  സ്വസ്ഥമായി വായിക്കാനോ, വായനയില്‍ അഭിരമിക്കാനോ സാധിക്കാത്ത രീതിയിലുള്ള അതികോല്‍പ്പാദന പ്രവണതയില്‍, അഭിപ്രായങ്ങളും, ലൈക്കുകളും, ഷേയറിങ്ങുകളുമാണ് അത്യാവശ്യ ഘടകങ്ങള്‍. എത്ര നന്മ കണ്ടാലും അഭിനന്ദിക്കാനോ, അഭിപ്രായം പറയാനോ പിശുക്കുകാട്ടുന്ന പ്രവണത, ഒളിഞ്ഞു നോക്കി നിസ്സംഗം അരസികമായി കടന്നു പോകുന്ന ഡിജിറ്റല്‍ മലയാളി സ്വഭാവം നിലനില്‍ക്കുമ്പോള്‍, വയലില്‍ ചമഞ്ഞു നില്‍ക്കുക, അത്രതന്നെ!

  Share This:

  Comments

  comments