യു.എസ്.മലയാളി ഡോട്ട് കോം ഹൈക്കു മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കവിതകള്‍

1
2037

യു.എസ്.മലയാളി ഡോട്ട് കോം ഹൈക്കു മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കവിതകള്‍

******************************

cherian k cherian announcing winners

വാല്‍റിക്കോ ഫ്ളോറിഡയില്‍ കവി ചെറിയാന്‍ കെ. ചെറിയാന്‍ മുട്ടത്തുവര്‍ക്കി ജന്മ ശദാബ്ദിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ യു.എസ്.മലയാളി ഡോട്ട് കോം ഹൈക്കു കവിതാമത്സര വിജയികളെ പ്രഖ്യാപിക്കുന്നു.

അമ്മ – സോമി സോളമന്‍ (ഒന്നാം സ്ഥാനം)

**************************

നെടുവീര്‍പ്പും നെരിപ്പോടും
കനലും കണ്ണുനീരും
കിനാവും കാത്തിരിപ്പും
എന്റെ അമ്മ

കുടക്കീഴില്‍ – ബിജു നാരായണ്‍ (രണ്ടാം സ്ഥാനം)

*****************************
അമ്മയറിയാതെ,
കുഞ്ഞ്‌
മഴയുടെ കൈ പിടിച്ചു നടക്കുന്നു.

വിഷയം – ഏബ്രഹാം തെക്കേമുറി (മൂന്നാം സ്ഥാനം)

*****************************
പ്രായാധിക്യത്തില്‍ വിഷമമെന്നും
വിഷമെന്നും
വിഷയം
*** ഇവകൂടാതെ തിരഞ്ഞെടുക്കപ്പെട്ട മനോഹരമായ കവിതകള്‍ ***
******************************************************************

കുട – ഹുസൈന്‍ ആനന്ദ്‌

***********************
ഒരു കുട ആകാമെന്നവള്‍
ഒരു കുടയില്‍ ആകാമെന്നു ഞാന്‍
മഴമാത്രം പെയ്തില്ല.

തളിര്‍ച്ചില്ല – ഹുസൈന്‍ ആനന്ദ്‌

*************************
നനുത്തോരോര്‍മ്മയില്‍
തളിര്‍ത്തതാവണം
കടമ്പിന്റെ ചില്ല വീണ്ടും

മറവി – ഹുസൈന്‍ ആനന്ദ്‌

*********************
ഇലയെന്നോ മറന്നുകാണും
ഊര്‍ന്നുവീഴാന്‍
മടിച്ചോരു തുള്ളിയെ

പ്രവാസം – മൊഹമ്മദ്‌ ഹസ്സിനാര്‍

*****************************
ദിനാറിന്റെ ഗുണിതം
രൂപയായി.
പ്രവാസം നിഘണ്ടുവില്‍
ഒതുങ്ങാതായി.

പ്രണയം – സോമി സോളമന്‍

***************************
കരയോളം കടലും
കടലോളം കരയും
കാലത്തിനപ്പുറം
നമ്മുടെ പ്രണയവും

അപ്പൂപ്പന്താടി – സോമി സോളമന്‍

***************************
അങ്ങുമിങ്ങും
ഇന്നുമെന്നും
പാറിപ്പറക്കുന്നത്‌.

വരള്‍ച്ച – ഫസല്‍ ബെനാലി

************************
മഴ കരഞ്ഞതും
പുഴ പറഞ്ഞതും
വരള്‍ച്ചയെക്കുറിച്ചായിരുന്നു.

ഓര്‍മ്മയും ഓര്‍മ്മിക്കലും – ഫസല്‍ ബെനാലി

*********************************
ഓര്‍മ്മിക്കല്‍
ഒരു രാഷ്ട്രീയപ്രവര്‍ത്തനം
ഓര്‍മ്മ
ഒരായുധപ്പുരയും

ജീവിതചോദ്യം – ഫസല്‍ ബെനാലി

*****************************
ഇവിടെ ജീവിച്ചതിന്റെ തെളിവ്‌
ഒരു കല്ലറ മാത്രമെങ്കില്‍ ,
എന്തിനിവിടെ ജീവിച്ചു?

പിടയല്‍ – ഫസല്‍ ബെനാലി

***************************
പരല്‍മീനും പിടഞ്ഞുനില്‍ക്കും
ഒഴുക്കിനെതിരേ
ഒന്നു ജീവിതപ്പെടാന്‍ .

ഏകാകി – സോണി വേളുക്കാരന്‍

**************************************
എത്രയോ തിരകള്‍ വന്ന്‌
കാല്‍ നനയ്ക്കുന്നു!
തീരത്ത് ഒറ്റയ്ക്ക്‌ ഞാന്‍.

വിവാഹ വാര്‍ഷികം – സോണി വേളുക്കാരന്‍

*******************************
സമദൂരം താണ്ടിയ
സഹനസിദ്ധാന്തം.

എഴുത്താണി – സോണി വേളുക്കാരന്‍

***************************
കലമ്പലില്ലാ,
വാക്കില്ലാ,
തുരുമ്പിച്ചത്‌
എഴുത്താണി.

ദുഃഖം – ശിവപ്രസാദ്‌ പാലോട്‌

**********************
കൈവെള്ളയിലിരുന്നു തേങ്ങി
ആലിപ്പഴം

തപസ്‌ – ശിവപ്രസാദ്‌ പാലോട്‌

***********************
കടലാഴത്തില്‍
തപസിലാണ്ട്‌
ഒരു നങ്കൂരം

ആര്‍ട്ടിസ്റ്റ്‌ – ശിവപ്രസാദ്‌ പാലോട്‌

**************************
തോട്ടുവെള്ളത്തില്‍
ചിത്രം വരച്ച്‌
പുല്‍ത്തല

വെയില്‍ ചായും നേരം – ബിജു നാരായണ്‍

*************************
കുടിലിനു നേരേ
മരങ്ങളുടെ നിഴലാക്രമണം.

ചിതല്‍ – ബിജു നാരായണ്‍

**********************
ആളില്ലാവീട്ടിലേക്ക്‌
വിരുന്നു ചെന്നവര്‍

വരവ്‌ – ഷൈന ഷാജന്‍

********************
നനഞ്ഞൊലിച്ച നായ്ക്കുട്ടിക്കൊപ്പം
കേറിവന്നു മഴ.

കരിയിലക്കിളി ചികഞ്ഞപ്പോള്‍ – ഷൈന ഷാജന്‍

*********************************
മുറ്റത്തെ ചാമ്പച്ചുവട്ടില്‍
എന്റെ പഴയ കളിപ്പാട്ടക്കപ്പല്‍

പ്രതാപം – സോണി ഡിത്ത്

*******************************

മരമുറിവില്‍ ഒരിളംതളിര്‍
കല്‍വിളക്കില്‍ കരിന്തിരി,
മഴയില്‍ നനഞ്ഞുകുതിര്‍ന്ന്‌
ഒരു ദേവിയും.

സംഘര്‍ഷം – സോണി ഡിത്ത്

***************************
ഒറ്റക്കണ്ണിളക്കി ഒരന്തിത്തിരി,
ഭീമന്‍ നിഴലിനാല്‍
സമസ്തവുമളന്ന്‌
രാത്രി.

മഴ – അനില്‍ കെ.ജി (കോടക്കാട്ടില്‍ )

******************
ഇടവഴിയില്‍
കരിയിലക്കൊലുസ്സിട്ട
കുരുന്നുമഴ.

മരണവീട്‌ – അനില്‍ കെ.ജി (കോടക്കാട്ടില്‍ )

**********************
തെക്കേമാവിലെ കാക്ക
കൂടുമാറുന്നു.

ശവപ്പറമ്പ്‌ – അനില്‍ കെ.ജി (കോടക്കാട്ടില്‍ )

**************************
യജമാനനെ തേടി
നായ
മണ്ണുമാന്തുന്നു.

സ്വാതന്ത്ര്യദിനം – അനില്‍ കെ.ജി (കോടക്കാട്ടില്‍ )

*******************************
കൂട്ടിലെ തത്തമ്മയ്ക്ക്
പതാകനിറം.

കാട്ടരുവി – അനില്‍ കെ.ജി (കോടക്കാട്ടില്‍ )

*******************************
ഇമ വെട്ടാതെ
ഒരു പൂച്ച

കടിഞ്ഞാണ്‍ – സോജന്‍ ജോസഫ്‌

***************************
അകമുറിയിലെ
നിന്റെ കാല്‍പ്പെരുമാറ്റമാണ്‌,
ഉമ്മറത്തിരിക്കും വൃദ്ധന്റെ
ഹൃദയമിടിപ്പ്‌.

ഇരട്ടിമധുരം – സോജന്‍ ജോസഫ്‌

**************************
നിഷ്‌ക്കളങ്കതയ്ക്കു മുന്നില്‍
കൌശലം പരാജയപ്പെട്ടതാല്‍
തിരിച്ചറിഞ്ഞു
തോല്‍വിയുടെ ഇരട്ടിമധുരം.

അമ്മ വാത്‌സല്യം – ഗീത മുന്നൂര്‍കോട്‌

************************
അനാദിമന്ത്രരസം
മുലപ്പാല്‍ വാക്ക്‌.

എന്റെ ചോദ്യങ്ങള്‍ – റസ്‌ള സഹീര്‍

******************************

വെറും ആരായലുകള്‍
നിന്റെ ചോദ്യങ്ങള്‍
എനിക്ക്‌ ഉത്തരങ്ങള്‍
*********************************************************
വിജയികളെയും കവിതകളും തിരഞ്ഞെടുത്തത് പ്രശസ്ത കവി ചെറിയാന്‍ കെ. ചെറിയാന്‍ . എണ്‍പത്തൊന്നാം പിറന്നാള്‍ ഒക്ടോബര്‍ 24-ന് ആഘോഷിക്കുന്ന അദ്ദേഹത്തിന് ഇതൊരു ജന്മദിന സമ്മാനം കൂടിയാണ്. ജന്മദിനാശംസകള്‍ അദ്ദേഹത്തിനയയ്ക്കാന്‍ ആര്‍ക്കെങ്കിലും താല്‍പ്പര്യമുള്ളപക്ഷം ഈ ഇമെയില്‍ അയയ്ക്കുക. cheriyankutkad@aol.com
മത്സരത്തില്‍ ഇവരെക്കൂടാതെ മറ്റനേക കവികളും പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും യു.എസ്.മലയാളി.കോമിന്റെ സ്നേഹം അറിയിക്കുന്നു. എല്ലാവരും തുടര്‍ന്നും എഴുതുക. കടന്നുവരുന്ന നാളുകളില്‍ ഇതിനെക്കാള്‍ മഹത്തായ സമ്മാനങ്ങളുമായി യു.എസ്.മലയാളി.കോം കടന്നു വരുന്നതാണ്. വിജയികള്‍ക്കുള്ള പ്ളാക്കുകളും സര്‍ട്ടിഫിക്കേറ്റുകളും ഉടനെ അവരുടെ വിലാസത്തില്‍ അയയ്ക്കുന്നതാണ്.
********************************************
/// യു.എസ്.മലയാളി ///
********************************************

Share This:

Comments

comments

Comments are closed.