രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, ഹൃദ്‌രോഗം, ഡയബറ്റിസ് എന്നിവയെ ചെറുക്കാന്‍ പെപ്പിനോ.

0
854
ജോണ്‍സണ്‍ ചെറിയാന്‍
നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത ഒരു ചെടിയാണ് പെപ്പിനോ. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഇത് ധാരാളമായി കൃഷി ചെയ്ത് വരുന്നു. അമേരിക്ക, ചൈന, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇസ്രായേല്‍, കൊളംബിയ, ഇക്വഡോര്‍, ബൊളീവിയ, പെറു, ചിലി, കെനിയ തുടങ്ങി വിവിധ ലോകരാജ്യങ്ങള്‍ ധാരാളമായി പെപ്പിനോ കൃഷി ചെയ്ത് വരുന്നു.
ഇടുക്കി ജില്ലയിലെ സംസ്ഥാന കൃഷി വകുപ്പിന്റെ വണ്ടിപ്പെരിയാര്‍ സംസ്ഥാന പച്ചക്കറി ഫാമില്‍ ധാരാളമായി പെപ്പിനോ കൃഷി വ്യാപിച്ചിട്ടുണ്ട്. തക്കാളി, വഴുതന, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്ന സൊളനേസിയേ കുടുംബത്തില്‍പ്പെട്ട ഒരു വിളയാണ് പെപ്പിനോ. സൊളാനം മുന്‍സേറ്റം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പെപ്പിനോയുടെ ജന്മദേശം തെക്കേ അമേരിക്കയാണ്. വിറ്റാമിന്‍ എ, സി, കെ പ്രോട്ടീനുകളുടെ കലവറയാണ് പെപ്പിനോ പഴം. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ജീവിതശൈലി രോഗങ്ങളായ രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍, ഹൃദ്‌രോഗം, ഡയബറ്റിസ് എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു. പൂര്‍ണ്ണമായും സോഡിയം വിമുക്തമായ പെപ്പിനോ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയപേശികളുടെ പ്രവര്‍ത്തനം സുഗമമാക്കാനും സഹായിക്കുന്നു. ധാരാളമായി നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനപ്രക്രിയ സുഗമമാക്കാന്‍ ഉത്തമമാണ്.
പെപ്പിനോ ചെടിയുടെ പഴത്തിന് കുറഞ്ഞ തോതില്‍ കലോറിക മൂല്യം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും, ശരീര ക്ഷീണം അകറ്റുന്നതിനും, വേദനകള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കായ് ഉണ്ടാകാന്‍ പരാഗണം ആവശ്യമില്ലാത്ത ചെടിയാണ് പെപ്പിനോ എന്നതിനാല്‍ ഗ്രീന്‍ഹൗസ് കൃഷിക്ക് അനുയോജ്യമാണ്. പഴുത്ത പെപ്പിനോ കായ്കള്‍ മഞ്ഞനിറത്തിലാണ് കാണപ്പെടുന്നത്. വാഴപ്പഴത്തിന്റെയും വെള്ളരിയുടെയും തേനിന്റെയും രുചിയോടൊപ്പം പുളിരസം കൂടി ചേര്‍ന്നതാണ് ഇതിന്റെ സ്വാദ്.
ചെടിച്ചട്ടികളിലും വീട്ടുമുറ്റത്തും ആലങ്കാരിക സസ്യമായി പെപ്പിനോ കൃഷിചെയ്യാന്‍ സാധിക്കുമെന്ന് വണ്ടിപ്പെരിയാര്‍ സംസ്ഥാന വെജിറ്റബിള്‍ ഫാം സൂപ്രണ്ട് എന്‍.എസ്. ജോഷ് പറഞ്ഞു. രോഗകീട ബാധകള്‍ കുറവായതിനാലും തണ്ടുകള്‍ മുറിച്ച് നട്ട തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാലും വീടുകളില്‍ പ്രത്യേക പരിചരണം കൂടാതെ സ്വന്തമായി പെപ്പിനോ ഉല്‍പ്പാദിപ്പിക്കുവാന്‍ സാധിക്കും. ആരോഗ്യ പോഷകങ്ങളുടെ കലവറയായ പെപ്പിനോ ജീവിതശൈലി രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന മലയാളിയുടെ തീന്‍മേശയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒരു ഫലമാണ്. വണ്ടിപ്പെരിയാറിലുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ പച്ചക്കറിത്തോട്ടത്തില്‍ നിന്നും പെപ്പിനോ ചെടികള്‍ ലഭിക്കും.

Share This:

Comments

comments