ജോയിച്ചന്‍ പുതുക്കുളം
ലോസ്ആഞ്ചലസ് : കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളിയില്‍ അത്ഭുതപ്രവര്‍ത്തകനായ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ജനുവരി 24-നു ഞായറാഴ്ച ആഘോഷിക്കുന്നു.
ഞായറാഴ്ച രാവിലെ 11 മണിക്കുള്ള തിരുനാള്‍ കുര്‍ബാനയില്‍ സുപ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ റവ.ഫാ. ജോണസ് ചെറുനിലത്ത് വി.സി ഷിക്കാഗോ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധന്റെ രൂപംവെഞ്ചരിക്കല്‍, ലദീഞ്ഞ്, നേര്‍ച്ചകാഴ്ച സമര്‍പ്പിക്കല്‍, നഗരികാണിക്കല്‍ പ്രദക്ഷിണം എന്നിവയുണ്ടായിരിക്കും.
തിരുനാള്‍ ദിവസം രാവിലെ 9.30 മുതല്‍ പരമ്പരാഗത രീതിയിലുള്ള കഴുന്ന് നേര്‍ച്ച പള്ളിയില്‍ നിന്നും മരിയന്‍ ഗ്രോട്ടോയിലേക്ക് നടക്കും.
വിശുദ്ധന്റെ തിരുനാളിനൊരുക്കമായി 17,18 തീയതികളില്‍ (ഞായര്‍, തിങ്കള്‍) നടത്തപ്പെട്ട ജറിക്കോ പ്രാര്‍ത്ഥനയും, അഖണ്ഡ ജപമാല സൗഖ്യ ആരാധനയും വി. കുര്‍ബാനയും രാവിലെ 11 മുതല്‍ രാത്രി 10 മണി വരെ നീണ്ടുനിന്നു. ജോണസ് അച്ചന്‍ നയിച്ച പ്രാര്‍ത്ഥനയില്‍ ധാരാളം ഇടവകാംഗങ്ങള്‍ പങ്കെടുക്കുകയും ആത്മീയ ഉണര്‍വ്വും സൗഖ്യവും അനുഭവിച്ചറിയുകയും ചെയ്തു.
വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ ലഭിക്കുവാന്‍ ഫാ. ജോണസ് ചെറുനിലത്തും, ട്രസ്റ്റിമാരായ ബൈജു വിതയത്തിലും, ബിജു ആലുംമൂട്ടിലും എല്ലാവരേയും കുടുംബ സമേതം സ്‌നേഹാദരവുകളോടെ ക്ഷണിക്കുന്നു. തിരുനാളിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് സെബസ്ത്യാനോസിന്റെ നാമധേയരും മറ്റ് ഏതാനും കുടുംബങ്ങളും ചേര്‍ന്നാണ്. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.