സര്‍ക്കാര്‍ പണം ഉപയോഗിച്ച് സുഖചികിത്സ: രോഗം പുറത്തുപറയുകയുമില്ല.

0
931
കൊച്ചുമോന്‍ മണര്‍കാട്.
ആലപ്പുഴ: സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് ചികിത്സ. പക്ഷെ
സര്‍ക്കാര്‍ പണത്തിന്റെ ഉടമസ്ഥരോട് രോഗമെന്താണെന്ന് വെളിപ്പെടുത്താനുള്ള
സൗമനസ്യവും കാണിക്കില്ല. പറഞ്ഞുവരുന്നത് കേരളത്തിലെ ജനപ്രതിനിധികളുടെ
സുഖചികിത്സയെക്കുറിച്ചാണ്. ഇടതു-വലതു മുന്നണി വ്യത്യാസമില്ലാതെ
കേരളത്തിലെ  എംഎല്‍എമാര്‍ കഴിഞ്ഞ നാലര വര്‍ഷക്കാലയളവില്‍ ചികിത്സാ
ധനസഹായമായി കൈപ്പറ്റിയത് നാലരക്കോടിയിലധികം രൂപ.
പൊതുഖജനാവില്‍ നിന്ന്ചികിത്സക്കായി പണം കൈപ്പറ്റിയ ജനപ്രതിനിധികള്‍ പക്ഷേ രോഗവിവരം വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല. പതിമൂന്നാം കേരള നിയമസഭയുടെ കഴിഞ്ഞ
ഒക്‌ടോബര്‍ 31 വരെയുള്ള കാലയളവില്‍ 4,61,74,858 രൂപ എംഎല്‍എമാര്‍ക്ക്
ചികിത്സാചെലവിനായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
സര്‍ക്കാരാശുപത്രികളില്‍ ഡോക്ടര്‍മാരും മരുന്നുമില്ലാതെ സാധാരണക്കാര്‍
നട്ടം തിരിയുമ്പോള്‍ സൗജന്യ ചികിത്സ ലഭിക്കുന്ന സര്‍ക്കാരാശുപത്രിയെ
സമീപിക്കാതെ എംഎല്‍എമാര്‍ സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ
നടത്തുന്ന വിവരമാണ് ഇതോടെ പുറത്തുവന്നിട്ടുള്ളത്.
കോടികള്‍ ആസ്തിയുള്ള ഒരു നിയമസഭാംഗം രണ്ടുകോടിയോളം രൂപയാണ് ഇപ്രകാരം ചികിത്സാ ധനസഹായമായി കൈപ്പറ്റിയിട്ടുള്ളത്.
എന്നാല്‍ ഇവര്‍ ഏതുരോഗത്തിനാണ് ചികിത്സ നടത്തിയതെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ്
നിയമസഭാ സെക്രട്ടറി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ മറുപടി നല്‍കിയിട്ടുളളത്. 140 എംഎല്‍എമാരുള്ളതില്‍ 117 പേര്‍ പണം
കൈപ്പറ്റിയതിന്റെ വിവരങ്ങള്‍ മാത്രമാണ് നിയമസഭാ സെക്രട്ടറി
പുറത്തുവിട്ടിട്ടുള്ളത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍
കൈപ്പറ്റിയ പണത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
എന്‍സിപി നേതാവായ തോമസ് ചാണ്ടി എംഎല്‍എയാണ് പുറത്തുവന്ന കണക്കുകള്‍ പ്രകാരം ചികിത്സയ്ക്കായി ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയിട്ടുള്ളത്. 1.91 കോടി രൂപയാണ് ഇദ്ദേഹം പൊതുഖജനാവില്‍ നിന്നും വാങ്ങിയിട്ടുള്ളത്.
സിപിഐ നേതാവ് സി. ദിവാകരന്‍ 14.68 ലക്ഷവും കേരളാ കോണ്‍ഗ്രസ് മാണി
ഗ്രൂപ്പ് നേതാവ് സി.എഫ്. തോമസ് 11.28 ലക്ഷവും സിപിഎമ്മിലെ എം. ചന്ദ്രന്‍
10.70 ലക്ഷവും കൈപ്പറ്റിയിട്ടുണ്ട്. എംഎല്‍എമാരായ കെ. അച്യുതന്‍,
അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, ടി.എ. അഹമ്മദ് കബീര്‍, സി.കൃഷ്ണന്‍, പി.എ.
മാധവന്‍, കെ.എം. ഷാജി, എന്‍. ഷംസുദീന്‍ എന്നിവര്‍ ചികിത്സാ ധനസഹായം
കൈപ്പറ്റിയിട്ടില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 2.86 ലക്ഷവും
തേറമ്പില്‍ രാമകൃഷ്ണന്‍ 6.65 ലക്ഷവും കൈപ്പറ്റി. സിപിഎമ്മിലെ ഇ.പി.
ജയരാജന്‍ 7.68 ലക്ഷം, ഡോ. ടി.എം. തോമസ് ഐസക് 2.98 ലക്ഷം, ജി. സുധാകരന്‍
2.88 ലക്ഷം, വി. ശിവന്‍കുട്ടി 4.69 ലക്ഷം, കോടിയേരി ബാലകൃഷ്ണന്‍ 3.88
ലക്ഷം, എം.എ. ബേബി 3.40 ലക്ഷം, ജനതാദള്‍ എസിലെ ജമീല പ്രകാശം 8.04 ലക്ഷം,
ഡോ. കെ.ടി. ജലീല്‍ 6.13 ലക്ഷം എന്നിങ്ങനെയാണ് ധനസഹായം
കൈപ്പറ്റിയിട്ടുള്ളത്.
1994ലെ ചട്ടപ്രകാരമാണ് നിയമസഭാംഗങ്ങളുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍
വഹിക്കുന്നത്. ഇവരുടെ രോഗവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വ്യക്തിയുടെ
സ്വകാര്യതയെ ബാധിക്കുമെന്നും അതിനാല്‍ നല്‍കാനാവില്ലെന്നുമാണ്
പൊതുപ്രവര്‍ത്തകനായ കളത്തില്‍ വിജയനു നല്‍കിയ മറുപടിയില്‍ നിയമസഭാ
സെക്രട്ടറി വ്യക്തമാക്കുന്നത്. പൊതുജനത്തിന്റെ പണം ചികിത്സയ്ക്കായി
ഉപയോഗിക്കുന്നവര്‍ എന്തുരോഗത്തിനാണ് ചികിത്സിക്കുന്നതെന്ന്
വ്യക്തമാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍
കഴിയൂ. ജനപ്രതിനിധികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ
ലഭിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ പൊതുജനത്തിന്റെ പണമുപയോഗിച്ച് സ്വകാര്യ
ആശുപത്രികളെ ആശ്രയിക്കുന്നത് ധാര്‍മ്മികതയാണോയെന്ന ചോദ്യവുമുയരുന്നു.

Share This:

Comments

comments