ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം) – ഭാഗം 4.

0
498
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
 കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച.
എന്റെ സഞ്ചാരം തുടരുകയാണ്. ഇന്നും നേർച്ച പോലെ ഒരു മാളിൽ കയറി. ലക്തക്കടുത്തുള്ള ലൂലൂ മാൾ. അവിടെയും നാട്ടുകാരിൽ പലരെയും കണ്ടു. അവരിൽ നിന്നൊരു കാര്യം മനസ്സിലാക്കി. അവരിൽ മിക്കവരുടേയും വീട്ടിൽ അടുപ്പിൽ തീ പുകയുന്നത് (അതൊരു നാടൻ ഭാഷയാണ്.. ഇപ്പോൾ ഗ്യാസ് ആണല്ലോ) യൂസുഫലിയുടെ പുണ്യപ്രവർത്തികൊണ്ടാണെന്ന്. ഫ്രോസൻ ഭാഗത്ത് കുറച്ചു നേരം ഞാൻ നിന്നപ്പോൾ വലിയ തണുപ്പ്. അപ്പോൾ മണിക്കൂറുകൾ അവിടെ നിൽക്കുന്നവരുടെ കാര്യമോർത്ത് എനിക്ക് സങ്കടം തോന്നി. സാരമില്ല പണ്ടൊക്കെ ഈ ഞാനും എന്നെപ്പോലെ പലരും വളരെയധികം മാനസീക, ശാരീരിക, സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. അത് കൊണ്ടാണല്ലോ ഇന്ന് ഞങ്ങളൊക്കെ പട്ടിണി കൂടാതെ ജീവിക്കുന്നത്. അവിടെയുള്ള മലയാളികളെല്ലാം ആൽമാർഥമായി ഞങ്ങളെ സഹായിച്ചു. എന്നാൽ ഫിലിപ്പിനികളുടെ കാര്യം വളരെ മോശമായിരുന്നു. ഞാൻ വാങ്ങിയ ഒരു കാർ ക്ലീനിംഗ് മെഷീന് എത്ര വാറന്റി ഉണ്ടെന്ന് ഒരു ഫിലിപ്പിനിയോട് ചോദിച്ചപ്പോഴത്തെ മറുപടി ഇങ്ങിനെ..’I think may be six months’. പിന്നീട് അവൻ ആരോടോ ഫോണ്‍ ചെയ്തു ശെരിയായ മറുപടി തന്നു.
അവിടെ നിന്ന് ഞങ്ങൾ പഴയ എയർപോർട്ടിലേക്ക് പോയി. കുറച്ചു നേരം ഞാനത് നോക്കി നിന്നു. എന്റെ സ്മരണകളെ ഞാൻ റിവേർഴ്സ് ഗീറിലിട്ടു. എത്രയോ പ്രാവശ്യം ഞാൻ വന്നിറങ്ങിയ എയർപോർട്ട്. എന്റെ പാസ്സ്പോർട്ടിൽ വളരെ പ്രാവശ്യം സുൽത്താൻ അഹമദ് അൽ സുവൈദിയുടെ ഗസ്റ്റ് എന്നടിച്ചു തന്ന എയർപോർട്ട്. ഫ്രാൻസിൽ നിന്ന് ഞാൻ ഷൈഖിനൊടൊപ്പം തിരിച്ചു വരുമ്പോൾ ഹൈഡ്രോളിക് ബ്രേക്ക്‌ ഡൌണ്‍ ആയത് കൊണ്ട് എയർ ഫ്രാൻസ് ടേക്ക്ഓഫ്‌ ചെയ്യാതെ ഗൾഫ്‌ എയറിൽ മാറിക്കേറി അബുദാബിക്ക് പോകേണ്ടി വന്ന എയർപോർട്ട്.
ഇന്ന് എന്‍റെ ബന്ധുവിന്‍റെ വീട്ടിലാണ് ഉച്ചഭക്ഷണം. അപ്പോഴാണ്‌ ഫോണിലൂടെ ഒരു അന്വേഷണം. ‘ഷെരീഫുക്ക ഇപ്പോളെവിടെയാണ്? ഒന്ന് കാണാനാണ്.’ അദ്ദേഹം അസിഫ് വയനാട് എന്ന ഫേസ്ബുക്ക്‌ സുഹൃത്ത് ആണ്. ഖത്തറിലെ ഒരു പാട് സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യം. വഴിമദ്ധ്യേ അദ്ധേഹത്തെ ചെന്ന് കണ്ടു. ഒരു കാര്‍ഷീക കൂട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്ന ആസിഫ് ഞങ്ങൾ കാത്തു നിൽക്കുന്നിടത്തേക്ക് വന്നു. ആ അസുലഭനിമിഷം മനസ്സിൽ നിന്നും മായുന്നില്ല. ആസിഫേ, നിങ്ങളുടെ കാർഷീകകാര്യങ്ങളിൽ എല്ലാ സഹായവും ചെയ്യുന്ന, കൃഷി ജീവവായുവായി കരുതുന്ന നിങ്ങളുടെ ഖത്തറിയായ അൽ ദോസരിയോടു ഒരു കാര്യം പറയണം. അദ്ധേഹത്തിന്റെ അൽ ദോസരി പാർക്ക് സന്ദർശിക്കാനുള്ള ഒരു ഭാഗ്യം (അതോ നിർഭാഗ്യമോ) ഞങ്ങൾക്കുണ്ടായി. മഴ പെയ്തത് കൊണ്ടോ എന്തോ ആ പാർക്കിലെ ടോയിലേറ്റ് അടക്കം എല്ലായിടവും വൃത്തികേടായിരിക്കുന്നു.
എന്റെ ബന്ധുവായ നൂര്‍ജഹാനും ഭര്‍ത്താവ് ജമാലുദ്ധീനും ഒരുക്കിയ ഉച്ചഭക്ഷണവും അവരുടെ ഹൃദ്യമായ സ്വീകരണവും ഏറ്റുവാങ്ങിയപ്പോള്‍ ഇതിനൊക്കെ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തതെന്ന് തോന്നി. അവരുടെ മകന്‍ അഹമദിന്‍റെ എന്നോടുള്ള പെരുമാറ്റത്തില്‍ ഒരായിരം തേനും വയമ്പും.
പിന്നെ ഞങ്ങൾ പോയത് ഖത്തറ വില്ലെജിലെക്കാണ്. ഖത്തറിന്റെ നാടകവേദിയും ഖത്തറിന്റെയും മറ്റു ഗൾഫ്‌ നാടുകളുടെയും പൊസ്റ്റൽ സ്റ്റാമ്പ് കളക്ഷനും കാണാൻ കഴിഞ്ഞു. സമയക്കുറവ് കാരണം ഒരു ഓട്ടപ്രദക്ഷിണം നടത്താനേ കഴിഞ്ഞുള്ളു. എന്നിട്ട് പോലും അവിടെത്തെ വിസിറ്റെർഴ്സ് ബുക്കിൽ ഞാനെഴുതി… അള്ളാഹു ത്വവീലുമ്രുക്കു യാ അമീറുൽ ദൗലത്തുൽ ഖത്തർ ഷൈഖ് തമീം ബിൻ ഹമദ് അൽതാനി എന്ന്.
പിന്നെ ഞങ്ങൾക്ക് അത്താഴവിരുന്ന് ദുഖാൻ ഖത്തർ പെട്രോളിയം കമ്പനിയിൽ ജോലി ചെയ്യുന്ന എന്റെ ബന്ധുവായ സിദ്ധീക്കിന്റെ കോർട്ടേഷ്സിലായിരുന്നു. ഖത്തറിൽ ആദ്യമായി കുഴിച്ച പെട്രോൾകിണർ കാണാൻ കഴിഞ്ഞു. 1938ൽ കുഴിച്ചു തുടങ്ങി 1940ൽ പെട്രോൾ (ശെരിക്കു പറഞ്ഞാൽ ക്രൂഡ് ഓയിൽ) കിട്ടിയ ആ കിണർ കണ്ടപ്പോൾ അന്നത്തെ അറബികളുടെ സന്തോഷം ഞാൻ മനസ്സിലോർത്തു. 5600 അടിയോളം താഴ്ച്ചയുള്ള ആ കിണറിൽ നിന്നും പെട്രോൾ കിട്ടിയത് (അതിനു ശേഷം എത്രയോ ഒഫ്ഷോർ ഒണ്‍ഷോർ ഡ്രില്ലിംഗ് വെൽ) എത്രയോ നാനാ ജാതി മതസ്ഥർക്ക് വിവിധരാജ്യക്കാർക്ക് ജീവിതം മാറ്റിമറിക്കാൻ കാരണമായത്തിന് ദൈവത്തോടും അറബികളോടും എത്രമാത്രം നന്ദി പറയണമെന്ന് ആലോചിക്കുക. ഞങ്ങൾ സിദ്ധീക്കിന്റെ വീട്ടിൽ ചെന്നതിന് അവർക്കും ഞങ്ങൾക്ക് അവർണനാധീതമായ ആഹ്ലാദമുണ്ടായി. ആ ഭാഗങ്ങളിൽ ഫോട്ടോ എടുക്കാൻ പാടില്ല. പക്ഷെ സിദ്ധീക്ക് ഞങ്ങൾക്ക് കാണിച്ചു തന്ന, വിശദീകരിച്ചു തന്ന അവിടെത്തെ ജുമാ പള്ളിയും കോർണീഷും പെട്രോൾ സംബന്ധമായ കാര്യങ്ങളും ആ കുന്നുകളും ഫോട്ടോവിലില്ലെങ്കിലും എന്റെ മനസ്സിൽ എന്നുമുണ്ടാവും.
അങ്ങിനെ നേർച്ച മുടക്കാൻ പാടില്ലാത്തത് കൊണ്ട് ഒരു മാളിൽ കയറി. ഡ്രാഗൻ മാൾ. ജപ്പാനിൽ ഞാൻ കണ്ട ഡ്രാഗൻ മാൾ പോലെ ആയിരിക്കുമെന്ന് കരുതിയാണ് കയറിയത്. ഞങ്ങൾ സാധാരണ മാളുകളിൽ കയറുമ്പോൾ മൂന്ന് കാര്യം നടത്താറാണ് പതിവ്. പർചെയ്സിങ്ങ്, കാഴ്ച്ചകൾ, കൊച്ചുമക്കളുടെ കൂടെയുള്ള കളി. പക്ഷെ….. അതൊരു വലിയ പക്ഷേയാണ്.. അതെന്താണെന്ന് വായനക്കാർ ആലോചിക്കുക.. നിങ്ങൾ ആലോചിച്ചു വരുമ്പോഴേക്കും അടുത്ത ഭാഗം ഞാൻ എഴുതാം.
 ഈ യാത്രാവിവരണത്തിന്റെ അവസാനഭാഗം അടുത്ത പോസ്റ്റിൽ.

13

Share This:

Comments

comments