ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം) – ഭാഗം 3 .

0
514
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച.
തണുപ്പ് കുറഞ്ഞെങ്കിലും മുഴുവനായി വിട്ടു മാറിയിട്ടില്ല. കൊച്ചു മക്കൾ കളിയും ചിരിയും കിടപ്പും എന്റേയും ഭാര്യയുടെയും കൂടെ തന്നെ. അവർക്കെന്തൊ ചെറിയ പെരുന്നാളും വലിയ പെരുന്നാളും ഒന്നിച്ചു വന്നാലത്തെ സന്തോഷം.
പതിവ് പോലെ വീണ്ടും പുറത്തേക്ക് ….കാഴ്ചകൾ കാണാൻ. എല്ലാ ദിവസവും രാത്രി ഉറങ്ങാൻ മാത്രമാണ് വീട്ടിലേക്ക്‌ പോകുന്നത്. കണ്ടത് തന്നെയാണ് വീണ്ടും കാണുന്നത്. ദീവാനുൽ അമീരി 48 പ്രാവശ്യം മൂന്നു ദിവസം കൊണ്ട് കണ്ടു. ഇതിന് മുമ്പ് ഗൾഫ്‌ കാണാത്ത ആളായിരുന്നു ഞാനെങ്കിൽ ഇങ്ങിനെ ചോദിച്ചേനെ.. ഈ കൊച്ചു രാജ്യത്ത് 48 ദീവാനുൽ അമീരികളോ എന്ന്.
എനിക്കെന്റെ പഴയ ഒരറബിയെ കാണാൻ മോഹം. ഇരുപത് വർഷങ്ങൾക്കു മുമ്പ് അബൂദാബിയിൽ ഞാൻ ഷൈഖ് ഹമദ് ബിൻ ഹംദാൻ അൽ നഹിയാന്റെ ഓഫീസിൽ ജോലി ചെയ്യുമ്പോൾ ഷൈക്കിന്റെ ഗസ്റ്റ് ആയിരുന്ന, അന്ന് ഖത്തർ പർച്ചെയ്സിങ്ങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ആയിരുന്ന സുൽത്താൻ അഹമദ് അൽ സുവൈദിയാണ് ഞാൻ കാണാൻ ആഗ്രഹിച്ച വ്യക്തി. മകന് അദ്ധേഹത്തെയും താമസിക്കുന്ന സ്ഥലവും അറിയാം. സ്വതവേ ഖത്തറിനേക്കാൾ കൂടുതൽ സമയം വിദേശങ്ങളിലുള്ള അദ്ധേഹം ഖത്തറിലുണ്ടാവുമോ ഇനി ഇല്ലെങ്കിൽ തന്നെ ഇപ്രാവശ്യത്തെ ഖത്തറിലേ ഒരാഴ്ച്ചയിലെ താമസത്തിന്നിടക്ക് അദ്ധേഹത്തെ കാണാനാവുമോ എന്ന് കരുതിയാണ് ഞങ്ങൾ അദ്ധേഹത്തിന്റെ മജ്‌ലിസിൽ പോയത്. ഞങ്ങൾ ചെല്ലുമ്പോൾ കാറുകളുടെ ഒരു നീണ്ട നിര. സത്യത്തിൽ ഞങ്ങൾ കണ്ടപ്പോൾ പരസ്പരം രണ്ടാൾക്കും മനസ്സിലായില്ല. എന്റെ പേര് പറഞ്ഞപ്പോൾ അദ്ധേഹത്തിന് എന്നെ മനസ്സിലായി. അദ്ധേഹമിപ്പോൾ ഖത്തർ വിദേശകാര്യമാന്ത്രിയുടെ അഡ്വൈസർ ആണ്. തലേന്ന് അദ്ദേഹം റഷ്യയിൽ നിന്ന് ഒഫീഷ്യൽ ടൂർ കഴിഞ്ഞു വന്നതേയുള്ളൂ. എന്റെ ഭാഗ്യം. ഞാൻ അബുദാബിയിലുള്ളപ്പോൾ പലവട്ടം എനിക്കും ഫാമിലിക്കും ഖത്തർ വിസ ശെരിയാക്കിയത് അദ്ദേഹം ആയിരുന്നു. അത് മാത്രമല്ല, മറ്റൊരു പ്രധാന സഹായം അദ്ധേഹം എനിക്ക് നൽകിയിട്ടുണ്ട്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത സംഭവം.
1990 ഓഗസ്റ്റ്‌ 2ന്ന് പുലർച്ചെയാണ് കുവൈറ്റിനെ ഇറാക്ക് ആക്രമിച്ചത്. കുവൈറ്റ്‌ അമീർ അടക്കം ഭൂരിപക്ഷം പേരും സൗദിയയിലെക്കും മറ്റു ഗൾഫ്‌ നാടുകളിലേക്കും പാലായനം ചെയ്തു. കെമിക്കൽ വാർ ഉണ്ടാവുമെന്ന് കരുതി അബുദാബിയിലുള്ള ഞങ്ങൾ വരെ വിന്റോകൾ മാസ്കിങ്ങ് ടൈപ്പ് വെച്ച് ഒട്ടിക്കുക. മിനെറൽ വാട്ടർ കൂടുതൽ സൂക്ഷിക്കുക ഒക്കെ ചെയ്തിരുന്ന കാലം. അത് പോലെ ചില മലയാളികൾ ചെറിയ ഷോപ്പുകൾ വിൽക്കുക, ഫാമിലിയെ നാട്ടിലേക്ക് അയക്കുക തുടങ്ങിയവ. 1991 ഫെബ്രുവരി 26ന്നാണ് കുവൈറ്റിൽ നിന്ന് ഇറാക്കിനെ ഉന്മൂലനം ചെയ്തു – കുവൈറ്റ്‌ സ്വതന്ത്രയായത്. ഇതിന്നിടയിൽ യുദ്ധം പുറപ്പെട്ടത് 1991 ജനുവരി 17ന്നാണ്. അതോടെ ദോഹ എയർപോർട്ട് അടച്ചു. എന്റെ ഒരു ബന്ധു കുടുംബമായി ദോഹയിലാണ്, അവർ ഗർഭിണിയുമാണ്‌. എന്റെ കഴിവിന്റെ പരമാവധി നോക്കിയിട്ടും അവരെ അബൂദാബിയിലേക്ക്‌ കൊണ്ട് വരാൻ കഴിയുന്നില്ല. ഷൈഖിന്റെ കയ്യിൽ നിന്നും വിസ കിട്ടാൻ പ്രയാസമില്ല. അബൂദാബിയിൽ അവർ എത്തിയാൽ നാട്ടിലേക്ക് വിടാമല്ലോ?
അന്ന് UAEയുടെ ബോർഡർ സിലയാണ്. ഖത്തറിന്റെ ബോർഡർ സൌദാനത്തിലും. അന്നൊക്കെ UAEയിൽ നിന്ന് സൗദിയിലൂടെ കടന്ന് ഖത്തറിൽ കടക്കണം. അന്നത്തെ കാലത്ത് റോഡ്‌ മാർഗം UAEയിൽ നിന്ന് ഹജ്ജിനോ ഉമ്രക്കോ പോകണമെങ്കിൽ ഖത്തറിന്റെ സ്ഥലത്ത് കൂടെ പോകണം.  ആ ഒരു മണിക്കൂർ യാത്രക്ക് അങ്ങിനെ പോകുന്നതിന് 30 റിയാലിന്റെ സ്റ്റാമ്പ്‌ ഒട്ടിച്ച ട്രാൻസിറ്റ് വിസ എംബസി വഴി ശെരിയാക്കണം. എന്നാൽ മാസങ്ങൾ താമസിക്കുന്ന ഹജ്ജിന് സൗദിവിസ ഫ്രീയാണ്. പിന്നീട് സൌദിയും ഖത്തറും തമ്മിൽ സ്ഥലം മ്യുച്ചൽ എക്സ്ചേഞ്ച് ചെയ്തു. അന്ന് റോഡ്‌ മാർഗം ഖത്തറിലെത്താൻ അഞ്ച് മണിക്കൂർ വേണം. ഇന്ന് സൽവ വഴി വളഞ്ഞു ഖത്തറിൽ പോകണം. അതിന് ഒരു മണിക്കൂർ കൂടുതൽ ഡ്രൈവ് ചെയ്യണം. രണ്ടു രൂപത്തിലും ഞങ്ങൾ ഒരു പാട് പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്.
അങ്ങിനെ ഞാൻ വിഷമിച്ചിരിക്കുമ്പൊഴാണ് സുൽത്താൻ അഹമദ് അൽ സുവൈദിയുടെ മുഖം എന്റെ മനസ്സിൽ വന്നത്. ഞാൻ അദ്ധേഹത്തെ ഫോണ്‍ ചെയ്തു. സിലയിൽ വന്ന് വിസ പേപ്പർ വാങ്ങി കൊണ്ടുപോകാൻ അദ്ദേഹം തയ്യാറായി. ഈ നിർദേശം വെച്ചതും അദ്ദേഹമായിരുന്നു. കാരണം ഖത്തറിൽ നിന്നും സിലയിലേക്ക് വരാൻ അവർക്ക് വിസ വേണ്ടല്ലോ? ഒരു ഖത്തറി അതും ഉന്നതമായ പോസ്റ്റിലുള്ള ആൾ ആവശ്യപ്പെടാതെ തന്നെ ഇങ്ങോട്ട് പറഞ്ഞത് ഇന്നും ഞാൻ നന്ദിയോടെ ഓർക്കുന്നു. ഇപ്രാവശ്യത്തെ കണ്ടുമുട്ടലിൽ ഞാൻ ചോദിക്കാതെ തന്നെ അദ്ധേഹത്തിന്റെ പ്രൈവറ്റ് ഫോണ്‍ നമ്പറും ഈ-മെയിൽ അഡ്രസ്സും തന്നിട്ട് എന്നോട് പറയാതെ പറഞ്ഞത് ഇങ്ങിനെയാണ്‌… എന്ത് സഹായവും ഷെരീഫിനും മകനും എന്നോട് ചോദിക്കാം എന്നായിരുന്നു. കാരണം ഒരു കാര്യം അദ്ദേഹത്തിന് എന്നെ പറ്റി അറിയാം.. ഞാൻ ആരെയും മിസ്‌യൂസ് ചെയ്യില്ല എന്ന്.
പിന്നെ ഞങ്ങൾ പോയത് ഖത്തറിന്റെ പൌരാണികം തുടിക്കുന്ന ഇറാനി മാർക്കറ്റിലേക്കാണ്. പണ്ടൊക്കെ ഞാൻ ഖത്തറിൽ ചെല്ലുമ്പോൾ കൂടുതൽ മലയാളികളെ കാണുന്നത് അവിടെയായിരുന്നു. രാത്രിയിലായിട്ടും തണുപ്പുണ്ടായിട്ടും തിരക്കിനു ഒട്ടും കുറവില്ല. വർഷങ്ങൽ പഴക്കമുള്ള മലയാളികളുടെ ബിസ്മില്ല ഹോട്ടൽ കണ്ടു. അവിടേയും എന്റെ ചില നാട്ടുകാരെ കണ്ടു. അവിടെ മറ്റൊരു സംഭവമുണ്ടായി. മലയാളിയുടെ മറ്റൊരു മുഖം ഞങ്ങളവിടെ കണ്ടു. എന്നെ കണ്ടപ്പോൾ ആദ്യമായി ഗൾഫിൽ വരുന്ന ആളാണ്‌ ഭാഷയൊന്നും അറിയില്ലെന്ന് അവന് തോന്നിക്കാണും. ഒടുവിൽ എന്റെ സംസാരം കേട്ടപ്പോൾ അവൻ പത്തിമടക്കി. അത് കൊണ്ട് എന്നോടും എല്ലാവരോടും എനിക്കൊന്നേ പറയാനുള്ളൂ.. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് ഇടരുത്.
തിരിച്ചു വരുമ്പോൾ എനിക്കൊരു ഫോണ്‍ കാൾ. അങ്ങേതലക്കൽ എന്റെ മറ്റൊരു ഫേസ്ബുക്ക്‌ ഫ്രണ്ട്. രാത്രിയായിട്ടും ഞാൻ എവിടെയാണെന്ന് അന്വേഷിച്ചു അദ്ദേഹം വന്നു. പണ്ടൊക്കെ ഫേസ്ബുക്കിൽ തീവ്രമായിരുന്ന അദ്ദേഹം സുക്കർമോനോട് പിണങ്ങിയിട്ടോ അതോ ജോലി കൂടുതൽ കൊണ്ടോ എന്താണെന്നറിയില്ല കുറെ നാളായി തീവ്രത കുറച്ചിരിക്കുന്നു. എന്നാലും ഞങ്ങൾ തമ്മിൽ ഫേസ്ബുക്ക്‌ ബന്ധം കൂടുകയും നാട്ടിൽ വരുമ്പോൾ കാണുകയും ചെയ്യുന്ന ആ സ്നേഹിതനാണ്.. റഫീക്ക് പൊക്കാക്കി. ഒരു നല്ല സ്ഥാപനത്തിൽ നല്ലൊരു ജോലിയിലാണെന്ന് അറിഞ്ഞു. ഇനിയും റഫീക്ക് ഉന്നതങ്ങളിലേക്ക് എത്തട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു. ഇത് പോക്കാക്കിയെ പൊക്കിയതല്ല എന്നദ്ദേഹത്തിന്നറിയാം. അതിന്റെ ആവശ്യം എനിക്കില്ല.
പണ്ടൊക്കെ ഞാൻ താമസിച്ചിരുന്ന മുന്തസ്സ, മൻസൂറയോടെയൊക്കെ മുഖച്ഛായ മാറിയിരിക്കുന്നു. എങ്കിലും ചില സ്ഥലങ്ങളിലുള്ള ഒറ്റ നിലയുള്ള കെട്ടിടങ്ങളും ചെറിയ വീടുകളും കാണുമ്പോൾ സൌദിയുടെ ഉൾനാടുകളിലൂടെ പോകുന്ന പോലെ തോന്നി. പിന്നെ ഖത്തറിലുള്ള മഹാഭൂരിഭാഗം പള്ളികളിലും യാത്രാക്കാരയവരും അല്ലാത്തവരുമായ സ്ത്രീകൾക്ക് നിസ്കരിക്കാനുള്ള സൗകര്യം ഞാൻ കണ്ടു. ജാറങ്ങൾ ഒരെണ്ണം പോലും കണ്ടില്ല. നബി ദിനത്തിന്നാണ് ഞാൻ ഖത്തറിൽ എത്തിയത്. എന്റെ ഒരു കൂട്ടുകാരന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ മൌലൂദ് നടക്കുന്നു. അത് എനിക്കിഷ്ടമായി. രണ്ടു ദിവസത്തിന്ന് ശേഷം ഞാൻ എന്റെ നാട്ടുകാരനും സുഹൃത്തുമായ ഒരാളുടെ റൂമിൽ ചെന്നപ്പോൾ അവിടെ ചീട്ടു കളിക്കുന്നു. നിങ്ങളെന്താ വാതിൽ അടച്ചിട്ട് ചീട്ടുകളിക്കുന്നത്, വല്ല പാർക്കിലും പോയി കളിച്ചൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ അവരുടെ മറുപടി ഇങ്ങിനെ.. ഇവിടെ ഇസ്ലാമിന്നെതിരായ ഒന്നും ചെയ്യാൻ പാടില്ല. നാട്ടിലൊക്കെ ഞങ്ങൾ പറമ്പിലും മറ്റും ചീട്ട് കളിക്കാറുണ്ട് എന്നായിരുന്നു.
മെട്രോ പ്രൊജക്റ്റ്‌ തുടങ്ങുന്ന പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്. ഒരു പാടൊരുപാട് ക്രൈനുകൾ ദോഹയുടെ മുക്കിലും മൂലയിലും കണ്ടു. ഒരെണ്ണമെങ്കിലും വർക്ക്‌ ചെയ്യുന്നത് കാണണമെന്നുണ്ടായിരുന്നു. അബൂദാബിയിൽ അനേക വർഷങ്ങൾ ഒരു പാട് ക്രൈനുകൾ വർക്ക് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഖത്തറിൽ ഒരാഴ്ച്ച താമസിച്ചു വ്യത്യസ്ഥ സമയങ്ങളിൽ, വ്യതസ്ഥ സ്ഥലങ്ങളിൽ പോയിട്ടും അത് വർക്ക് ചെയ്യുന്നത് കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയി.
ഉറക്കം വരുന്നത് കൊണ്ടല്ല, പ്രത്യുത കൊച്ചു മക്കളുടെ കൂടെ ഇൻഡോർ കളിക്ക് മകന്റെ വീട്ടിലേക്ക് – ലക്തയിലേക്ക് പോകുന്നു.
   >>>>> ഇതിന്റെ ബാക്കി അടുത്ത ഭാഗത്തിൽ തുടരും….

9

Share This:

Comments

comments