ഖത്തറിന്‍റെ പുതിയ മുഖം (യാത്രാവിവരണം) – ഭാഗം 2

0
901
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
        <<<< കഴിഞ്ഞ ഭാഗത്തിൽ നിന്ന് തുടർച്ച 
പിറ്റേന്ന് മുതൽ ഞാനും ഭാര്യയും മകനും കുടുംബവും കൂടി കോർണിഷിലേക്ക്. ഇരുപതിൽ കൂടുതൽ വർഷം മുമ്പ് ഞാൻ ഖത്തറിൽ വരുമ്പോൾ കൊർണീഷിൽ രണ്ടേ രണ്ടു ആകർഷണീയമായ കെട്ടിടങ്ങൾ അന്നത്തെ കോർണീഷിന്റെ കുറച്ച് അകലെയായി ഉണ്ടായിരുന്നു. ഷെറാട്ടൻ ഹോട്ടെലും പോസ്റ്റ്‌ ഓഫീസും. അബൂദാബിയിൽ നിന്ന് വന്ന ഞങ്ങൾക്ക് പോലും അത് നയനാമമായിരുന്നു. ഇന്ന് അതെ സ്ഥാനത്ത് ഒരു പാട് കെട്ടിടങ്ങൾ. ശെരിക്കും അധൂനിക ഖത്തറിന്റെ ഒരു സാമ്പിൾ ആയി എനിക്ക് തോന്നി. അവിടെ കുറച്ചധികം ലാഞ്ചികളും ബോട്ടുകളും. അവയിൽ ചിലത്  മീൻപിടിക്കാൻ പോകുന്നതും ചിലത് സവാരിക്കുമാണെന്നു മനസ്സിലായി. എന്റെ മനസ്സ് 1969ലേക്ക് പോയി. ഞാൻ ഇത്തരം ലാഞ്ചിയിലാണ് ആദ്യമായി പേർഷ്യയിലേക്ക് പോയത്. ഒരു ഡ്രൈവർ ആയി, ഗൈഡ് ആയി, ഗാർഡായി, നിഴൽ പോലെ എന്റെ കൂടെയുള്ള മകൻ എന്റെ മനസ്സറിഞ്ഞു. ആ ലാഞ്ചിയിൽ ഞാൻ കയറിയ ഫോട്ടോ എടുത്തു. ഇപ്പോൾ എല്ലാ സൌകര്യത്തോടെ ലാഞ്ചിയിൽ ഖത്തറിന്റെ കുറച്ചു കടലിലേക്ക്‌ പോകാൻ തന്നെ അവന് ഭയമുണ്ടാവാം. അഥവാ കുറച്ച് കൂടെ ഉള്ളിലേക്ക് പോയാൽ ബഹ്‌റൈൻ നേവി പിടിച്ചു ജയിലിലിടാം. അപ്പോൾ ഇതൊന്നുമില്ലാത്ത കാലത്ത് പപ്പ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവം എന്നവൻ ആ ഫോട്ടോ എടുക്കുമ്പോൾ ചിന്തിച്ചിട്ടുണ്ടാവാം.
ഞങ്ങൾ വീണ്ടും പേൾ ഖത്തറിലേക്ക് പോയി. അന്നൊരു മഴ പെയ്തത് കൊണ്ട് കാലാവസ്ഥക്ക് നല്ല തണുപ്പുണ്ട്. എന്റെ ഭാര്യ സുഹറാക്ക് തണുപ്പ് അത്ര പിടിക്കുന്നില്ലെന്ന് മനസ്സിലായി. എങ്കിലും അത് പ്രകടിപ്പിച്ചില്ല. പിന്നെ സിറ്റി സെന്റെർ മാളിലേക്ക് പോയി. സത്യത്തിൽ രാത്രിയായത്‌ കൊണ്ടും HAROLD SHOPPING MALL പോലെയുള്ള ഇതിനേക്കാൾ വലിയ മാളുകൾ ലണ്ടനിൽ കണ്ടിട്ടുള്ളത് കൊണ്ടും എനിക്ക് വീട്ടിൽ പോയാൽ മതി കൊച്ചു മക്കളായി ആന കളിക്കാം… പാമ്പും കോണിയും കളിക്കാം എന്ന് കരുതി. പക്ഷെ, ആനക്ക് പൂരം നന്നാവണമെന്നില്ലല്ലൊ? മകന് എന്നെ എല്ലാം കാണിക്കണമെന്ന് ആഗ്രഹം. പക്ഷെ, അവനോട് ഞാനൊന്നും പറഞ്ഞില്ല. പക്ഷെ, അവൻ എന്നെ ആ സിറ്റി സെന്റെറിൽ ഇറക്കിയത് നന്നായി. കാരണം ഇതാണ്….
എന്റെ പിന്നിൽ നിന്നൊരു ശബ്ദം..’ഷെരീഫുക്കയല്ലെ?’. ആ ചോദ്യത്തിൽ ഞങ്ങൾ മുജ്ജന്മത്തിൽ സുഹൃത്തായിരുന്നവരെപ്പോലെ. ഞാൻ അതെ എന്ന് മറുപടി കൊടുത്തു. അപ്പോൾ വീണ്ടും ഒരു ചോദ്യം. ഇക്കാക്ക് എന്നെ മനസ്സിലായോ? ഞാനെന്റെ മെമ്മറി പവറിലൂടെ പരതി നോക്കി. ഒരു രക്ഷയുമില്ല. എന്നെ അധികം വിഷമിപ്പിക്കാതെ അദ്ദേഹം പറഞ്ഞു… ഞാനാണ് ഇക്കാടെ ഫേസ്ബുക്ക്‌ സുഹൃത്ത് രജീബ് ലാൽ. തളിക്കുളം സ്വദേശി. ഞാൻ ആദ്യം ദൈവത്തിനും പിന്നെ സുക്കർമോനും നന്ദി പറഞ്ഞു. ഓർമ്മക്കായി ഞങ്ങളൊരു ഫോട്ടോ എടുത്തു. മോനെ, രജീബ് ലാൽ, നമ്മളെടുത്ത ഫോട്ടോ ചിലപ്പോൾ കാലാന്തരത്തിൽ നശിച്ചെന്നു വരാം. പക്ഷെ ഈ ഇക്കാടെ മനസ്സിൽ നിന്നും നമ്മളവിടെ നിന്ന് ആലിംഗനം ചെയ്തത് ദൈവത്തിനല്ലാതെ ആർക്കും മായ്ച്ചു കളയാൻ പറ്റില്ല.
പിറ്റേന്ന് കാലത്ത് തന്നെ യാത്ര പുറപ്പെട്ടു. ദുഖാനിലേക്ക് പോകുന്ന വഴിയിലുള്ള ശഹാനിയ എന്ന സ്ഥലത്തെ ഷൈഖ് ഫൈസൽ ബിൻ ഖാസിം അൽ താനി മ്യൂസിയം കാണാൻ. ഖത്തറിൽ വർഷങ്ങൾ ആയിട്ട് പോലും ഇത് കാണാത്ത മലയാളികൾ ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി. അവരോടെനിക്ക് ഒന്നേ പറയാനുള്ളൂ. ഇതൊന്നും കാണണം. അത് ഒരു മുതൽ കൂട്ടായിരിക്കും. അവിടെ ആന്റിഖ്യു കാർ കലെക്ഷൻസ്, ഖത്തറിന്റെ പഴയ ജീവിതരീതികളുടെ ഡമ്മികൾ തുടങ്ങി എഴുതിയാൽ തീരാത്ത കാര്യങ്ങൾ കണ്ടു. അവിടെയുള്ള ഒരു കാർ കളക്ഷൻ റൂം തത്കാലം അടച്ചിരുന്ന സമയത്താണ് ഞങ്ങൾ ചെന്നത്. യാദൃശ്ചികമായി അവിടെ വന്ന മ്യൂസിയം മേനെജരായ അറബിയെ പരിചയപ്പെടുവാനും അത് വഴി കുറച്ചു മിനിട്ടുകൾ ആ മുറി ഞങ്ങൾക്ക് വേണ്ടി തുറന്ന് ആ കാറുകൾ കാണാനും കഴിഞ്ഞു. കാരണം ഞങ്ങൾ ളിയൂഫുൽ ഖത്തർ (ഖത്തറിന്റെ അതിഥി) ആണല്ലോ? ആതിഥേയത്തിന്റെ കാര്യത്തിൽ മറ്റു ഗൾഫ്‌ രാജ്യങ്ങളെ പോലെ ഖത്തർ മുന്നിലാണല്ലോ?  അത് പാട് പ്രാവശ്യം ഞാൻ അനുഭവിച്ചിട്ടുണ്ട്.
പിന്നെ, ഞങ്ങൾ പോയത് ഇസ്ലാമിക്‌ ആർട്ട് മ്യൂസിയത്തിലെക്കാണ്. ഞാൻ ഒരു പാട് മഴ കണ്ടിട്ടും കൊണ്ടിട്ടും ഉണ്ടെങ്കിലും ഖത്തറിൽ ചെന്നപ്പോളുണ്ടായ മഴ എനിക്ക് പെരുത്ത്‌ ഇഷ്ടപ്പെട്ടു. തണുക്കാതിരിക്കാൻ മകന്റെ ഭാര്യ നിർബന്ധിച്ചു എനിക്കൊരു സ്വെറ്ററും തൊപ്പിയും തന്നു. തണുപ്പൊക്കെ എനിക്ക് പ്രശ്നമല്ല എന്ന് ഭാവിച്ചെങ്കിലും ആ സ്വെറ്ററും തൊപ്പിയും വളരെ ഉപകാരമായി. ഖുറാന്റെ ചെറിയ പതിപ്പ് പണ്ട് ഇന്ത്യൻ ഇങ്കിൽ എഴുതിയ ഖുറാൻ തുടങ്ങി ഖുറാന്റെ സകല കാര്യങ്ങളും കാണാൻ കഴിഞ്ഞു. സൌദിയിൽ ഞാൻ കണ്ട ഇസ്ലാമിക്‌ മ്യൂസിയത്തിന്നടുത്തെത്തില്ലെങ്കിലും ഖത്തർകാർക്ക് ഇതൊരു മുതൽകൂട്ട് തന്നെ എന്നുറപ്പാണ്.
എല്ലാ ദിവസവും ചുരുങ്ങിയത് ഒരു മാളെങ്കിലും കയറണമെന്ന് നേർച്ചയുള്ള പോലെ അന്നും കയറി ഒരു മാളിൽ… വില്ലെജിയോ മാൾ. ആ മാളിന്ന് തൊട്ടടുത്തുള്ള ആസ്പൈർ പാർക്കിലെ കൃത്രിമതടാകത്തിൽ താറാവുകളെ കണ്ടു. ഭാര്യ കുറെ നേരം അത് നോക്കി നിന്നു എന്ന് പറയേണ്ടതില്ലല്ലോ?
    >>>>> ഇതിന്റെ ബാക്കി അടുത്ത ഭാഗത്തിൽ തുടരും….

Share This:

Comments

comments